🥰 ഒരു ന്യൂജൻ ചങ്ക് 🥰
“ദൈവം ഭൂമിയിലേക്കയച്ച ഒരു മാലാഖ… വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റിസ്”
ദൈവത്തിന്റെ തീരുമാനവും തിരഞ്ഞെടുപ്പും മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും വലുതാണെന്നും… ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് നൽകുന്ന സഹനങ്ങൾ പോലും റോസാപൂക്കൾ ആണെന്നും തിരിച്ചറിഞ്ഞവർ ആണ് വിശുദ്ധർ. അവരെ ലോകം കൊള്ളില്ല എന്ന് പറഞ്ഞു പുച്ഛിച്ചാലും സ്വർഗം മാത്രം സ്വപനം കാണുന്ന അവരുടെ അധരങ്ങൾക്കും ഹൃദയങ്ങൾക്കും ഇതൊക്കെ ഒന്നുമല്ല…
ഈ ലോകം നൽകുന്ന ആശ്വാസം… അത് ഒന്നുമല്ല എന്ന് മനസിലാക്കി തരാൻ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ സ്വർഗം തിരഞ്ഞെടുത്ത ഒരു പുണ്യ ജന്മം ആണ് വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റിസിന്റേത്. ദിവകാരുണ്യ ഈശോയെ ആഴമായി സ്നേഹിക്കുകയും… ദിവാകരുണയസന്നിധിയിൽ മണിക്കൂറുകൾ ചിലവഴിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്ത ഒരു കൗമാരക്കാരൻ പയ്യൻ… ഇന്റർനെറ്റും സോഷ്യൽ മീഡിയകളും എല്ലാം ഈശോയുടെ മഹത്വത്തിന് വേണ്ടി… അതുവഴി അനേകം ആത്മക്കളെ നേടാൻ വേണ്ടി… സ്വന്തം ജീവിതം മാറ്റിവച്ച ഒരു കൊച്ചു പയ്യൻ.
ഈ ലോകത്തിൽ താൻ ജീവിച്ച ഒരു നിമിഷം പോലും വെറുതെ ആയിട്ടില്ല എന്ന് ചങ്കുറപ്പോടെ പറഞ്ഞവൻ… ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ മുൻപിൽ ഉയർത്തുന്ന ഒരു വെല്ലുവിളിയുണ്ട്… വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഈശോയെ സ്വന്തം ജീവൻപോലെ സ്നേഹിക്കുന്നവർക്ക്… ഈ സോഷ്യൽ മീഡിയായും, ഇന്റർനെറ്റും ഒന്നും ഒരു പ്രശ്നമേയല്ല എന്ന്… കാരണം ഈ കാർലോ ജീവിച്ചത് നമ്മുടെ കാലഘട്ടത്തിൽ തന്നെയാണ്.
ക്യാൻസർ രോഗം അവന്റെ പൗരോഹിത്യ സ്വപ്നത്തെ തകർത്തപ്പോളും അവൻ നിരാശനായില്ല; കാരണം അവൻ അറിഞ്ഞിരുന്നു സ്വർഗത്തിലേക്ക് വേഗത്തിൽ എത്താനുള്ള വഴിയാണ് സഹനങ്ങൾ എന്ന്…
അവന്റെ വേദനകൾ അവൻ സന്തോഷത്തോടെ സ്വീകരിച്ചു… ദിവ്യകാരുണ്യ ഈശോയെ അതുപോലെ സ്നേഹിച്ച കാർലോ… അവന്റെ ജീവിതം മുഴുവൻ ദിവ്യകാരുണ്യ ഈശോയിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു… വിശുദ്ധ കുർബാനയെയും പരിശുദ്ധ അമ്മയെയും സ്നേഹിച്ച കാർലോ നമുക്ക് ഒരു വലിയ വെല്ലുവിളിയാണ്; വിശുദ്ധരാകാൻ ഉള്ള വെല്ലുവിളി.
നാം എല്ലാവരും നമ്മുടെ തിരക്കുകളിലേക്കും നമ്മുടെ താല്പര്യങ്ങൾക്ക് പിന്നാലെ ഓടുമ്പോളും ഒന്നോർക്കുക; ദിവ്യകാരുണ്യത്തിൽ കണ്ണും നട്ടിരുന്ന് സ്വർഗത്തെയും മാലാഖമാരെയും സ്വപനം കണ്ട കാർലോ ജീവിച്ച ഭൂമിയിൽ ആണ് നമ്മളും ജീവിക്കുന്നത് എന്ന്.
വൈകിട്ടില്ല പ്രിയമുള്ളവരേ, ഓടിയെത്താം നമ്മുക്കും ആ ദിവ്യകാരുണ്യ സന്നിധിയിലേക്ക്.. സ്നേഹിക്കാം നമുക്കായി മുറിഞ്ഞവനെ… സ്വപ്നം കാണാം സ്വർഗത്തെ… മുറുകെ പിടിക്കാം പരിശുദ്ധ അമ്മയെ… കൂട്ടുകൂടാം ഈ കൊച്ചു വിശുദ്ധനോട്…
കാർലോ… നീ എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു…. ദിവ്യകാരുണ്യത്തോടുള്ള നിന്റെ സ്നേഹം എന്നെയും ഈശോയിലേക്ക് അടുപ്പിച്ചു…
ഞാൻ അറിയാതെ നീ മനസിലാക്കി തന്നു ഞാൻ ഈശോയുടെ കൂടെ ആയിരിക്കുന്ന ഓരോ നിമിഷവും ഈശോ ഒരുപാടു സന്തോഷിച്ചിരുന്നു എന്ന്…
നന്ദി ഈശോയെ, സ്വർഗ്ഗം സമ്മാനമായി തന്ന നിന്റെ ഈ നല്ല കൂട്ടിനെ ഓർത്ത് 🥰















































































































































Leave a comment