🥰 ഇമ്മനുവേൽ – ദൈവം നമ്മോടു കൂടെ 🥰
നമ്മുടെ കൂടെ ആയിരിക്കാൻ സ്വർഗ്ഗത്തിലെ ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ച സുന്ദര ദിനം. ലോകത്തിന്റെ രക്ഷകൻ ആയി ഈശോ ബെത്‌ലഹേംമിലെ പുൽക്കൂട്ടിൽ ജനിച്ചപ്പോൾ അന്നുവരെ മാനവരാശി നേരിട്ടുരുന്ന പാപത്തിന്റെ അന്ധകാരത്തിന് അറുതി വന്നു; അവൻ പ്രകാശമായി നമ്മുടെ ഇടയിൽ വസിച്ചു.
ഈ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂടും അതിലെ ഉണ്ണിഈശോയും നൽകുന്ന ഒരു സന്ദേശം ഉണ്ട്… ഹൃദയത്തിൽ എളിമയും വചനത്തോട് ബഹുമാനവും ഉണ്ടായിരിക്കണം എന്നതാണത്. പരിശുദ്ധ മറിയത്തിൽ നിറഞ്ഞിരുന്ന ഈ പുണ്യങ്ങൾ ആണ് അവളെ രക്ഷകന്റെ അമ്മയായി സ്വർഗം തിരഞ്ഞെടുക്കാൻ കാരണമായത്… യൗസേപ്പിതാവിനെ ഈശോയുടെ വളർത്തച്ഛനായി തിരഞ്ഞെടുത്തതും അങ്ങനെ തന്നെ.
ഇന്ന് ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുക്കും ആ പുൽക്കൂടിനരികിലേക്ക് ചെല്ലാം. തണുത്തിരുന്ന ആ പാതിരാവിൽ സ്വർഗം ഭൂമിക്കു സമ്മാനിച്ച ഒരു നിധി ആയിരുന്നു ക്രിസ്തു. സമ്പന്നതയിൽ ജനിക്കാമായിരുന്നിട്ടും അവൻ തിരഞ്ഞെടുത്തത് ഒരു കാലിത്തൊഴുത്തായിരുന്നു. കാരണം അവിടെ അവൻ നമ്മിൽ ഒരാളായി മാറുക ആയിരുന്നു.
മാലാഖമാർ ഗ്ലോറിയ പാടികൊണ്ട് ആകാശത്തു വന്നതും ഹൃദയത്തിൽ ശാന്തി ഉള്ളവർക്കു സമാധാനം നൽകിയതും എല്ലാം ഒന്നുകൊണ്ടാണ്… സ്വർഗ്ഗത്തിലെ പിതാവിന്റെ ഏകപുത്രനെ അവിടുന്ന് മനുഷ്യന്റ രൂപത്തിൽ ഈ ഭൂമിയിൽ പിറക്കാൻ അനുവദിച്ചു എന്നതിനാൽ…
നമ്മുടെയൊക്കെ വേദനകളും കുറവുകളും അറിഞ്ഞുകൊണ്ട് നമ്മളെ കാത്തിരിക്കുന്ന ഒരു ദൈവം… കൂടെ ആയിരിക്കാൻ ഇമ്മനുവേൽ ആയി മാറിയവൻ… വിശുദ്ധ കുർബാനയിൽ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ…
ഈ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂട്ടിലെ ഉണ്ണിയെ സ്നേഹിക്കാം ആരാധിക്കാം…
എല്ലാവർക്കും ക്രിസ്തുമസിന്റെ ആശംസകളും പ്രാർത്ഥനകളും ഒത്തിരി സ്നേഹത്തോടെ നേരുന്നു. 💐🥰
🎄𝓙𝓲𝓼𝓶𝓪𝓻𝓲𝓪 𝓖𝓮𝓸𝓻𝓰𝓮 🎄



Leave a reply to സ്നേഹ ഇമ്മാനുവേൽ Cancel reply