December 28 | കുഞ്ഞിപ്പൈതങ്ങൾ

“ഓ, എന്തൊരു തണുപ്പ് !”

ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച്, കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത് രണ്ടുമൂന്ന് അത്തിപ്പഴങ്ങൾ അയാൾ കൂടയിലേക്കിട്ടു.

“ഇതേ കിട്ട്യുള്ളൂ.തീ പിടിച്ച വിലയാണ് എല്ലാറ്റിനും കുറച്ചു ദിവസായിട്ട്. സീസറിന്റെ കൽപ്പന എത്ര ആളുകളെയാ ബുദ്ധിമുട്ടിച്ചത്. നമുക്ക് തല ചായ്ക്കാനൊരു കൂരയെങ്കിലുമുണ്ട്. പ്രസവമടുത്ത പെണ്ണുങ്ങൾക്കു പോലും ഈ ബെത്ലഹേമിൽ ഒന്ന് നടുനിവർത്താൻ സ്ഥലം കിട്ടുന്നില്ല”.

“പ്രസവിക്കാറായ ഭാര്യയെയും കൊണ്ട് സത്രത്തിൽ സ്ഥലം അന്വേഷിച്ചു നടന്ന ആളെ കണ്ട കാര്യം അന്നെന്നോട് പറഞ്ഞില്ലേ? എന്തോ, അതെന്റെ മനസ്സിൽന്നു പോവുന്നേയില്ല .ഇങ്ങോട്ടു വിളിക്കാമായിരുന്നില്ലേ അവരെ ? ഒള്ള സൗകര്യത്തിൽ അവർക്കിവിടെ കൂടാമായിരുന്നു” ഉറക്കം തൂങ്ങിത്തുടങ്ങിയ മകനെ മാറിൽ നിന്ന് നീക്കി ഉടുപ്പ് നേരെയാക്കി എണീക്കുമ്പോൾ അവൾ പറഞ്ഞു.

“ശരിയാണ്. എനിക്കും തോന്നി. പക്ഷെ നിങ്ങൾ രണ്ടാളുടെ വയറു നിറക്കാൻ തന്നെ ഞാൻ ബുദ്ധിമുട്ടുന്നു. അതിനിടയിലെങ്ങനാ ? മാത്രല്ല അപരിചിതരെ ഇങ്ങോട്ടേക്ക് ക്ഷണിക്കാനും ഒരു മടി ആയിരുന്നു. ഇപ്പോ തോന്നണുണ്ട് ആ തീരുമാനം തെറ്റായിപ്പോയെന്ന്. എന്ത് തേജസ്സായിരുന്നു അയാളുടെ മുഖത്ത്.കഴുതപ്പുറത്തിരുന്ന ആ സ്ത്രീക്കും നല്ല ഐശ്വര്യം തോന്നി. ഇത്രയൊക്കെ അസൗകര്യങ്ങൾ വന്നുപെട്ടെങ്കിലും പുഞ്ചിരി മായാത്ത മുഖം”.

“ആ സ്ത്രീയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ! എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. എന്റെ പ്രസവത്തിനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തുവെച്ചിട്ടും, കൂടെ വയറ്റാട്ടി ഉണ്ടായിട്ടും എനിക്ക് വേവലാതി ആയിരുന്നു. 12 വർഷങ്ങൾ കാത്തിരുന്നതല്ലേ ഒരു കുഞ്ഞിനെ കിട്ടാൻ. ശപിക്കപ്പെട്ടവളാണെന്ന കുത്തുവാക്കുകൾ, നേർച്ചകാഴ്ചകൾ.. ജെറുസലേം ദേവാലയത്തിന്റെ അകത്തളങ്ങൾ ഇന്നും എൻറെ കണ്ണീരിനെ മറന്നിട്ടുണ്ടാവില്ല… എങ്കിലും ദൈവം നമ്മളോട് കാരുണ്യം കാണിച്ചു”.

“അതെ. വലിയ കാരുണ്യം. ചുണ്ടുളുക്കി കരയാൻ പോവുന്ന പോലുണ്ടല്ലോ ഇവൻ ഉറക്കത്തിൽ ..വല്ല ദുസ്വപ്നം കണ്ടോ ആവോ.. കുറച്ചു ദിവസായിട്ട് കാരണമറിയാത്ത ഒരു സന്തോഷമായിരുന്നു മനസ്സിൽ . ഈ ധനുമാസക്കുളിരിലും സന്തോഷത്തിൽ മനസ്സ് തുള്ളിത്തുളുമ്പുന്ന പോലെ.കണ്ടുമുട്ടിയവരൊക്കെ ഇങ്ങനെത്തന്നെ പറഞ്ഞു. പ്രകൃതിക്കുമതേ . നിലാവിൽ തെളിഞ്ഞു കാണുന്ന ആകാശം.ചന്ദ്രൻ പതിവിലുമധികം പ്രകാശം തരുന്നു . നക്ഷത്രങ്ങൾക്ക് എന്ത് ശോഭയാണ്.”…

“പക്ഷെ ഇന്നെന്തോ എന്റെ മനസ്സിൽ വല്ലാതെ ..ഒരു ഭയപ്പാട് പീറ്റർ .. എന്താണെന്നറിയില്ല..എങ്കിലും ഇവനെ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ എല്ലാം മറക്കും”.

“ഒന്നുമില്ല യൂദിത്ത്. ഒന്നും വരില്ല. ഇസ്രായേലിലെ ധീരവനിതയുടെ പേരാണ് നിനക്ക്. ആ നീ ഇങ്ങനെയായാലോ? നേരം ഒരുപാടായി. കിടക്കാൻ നോക്കൂ”.

“ശരി പീറ്റർ ..നിൽക്കൂ.എന്താണാ ശബ്ദം? കുറച്ചു പേർ നിലവിളിക്കുന്നതു പോലെ? എനിക്ക് പേടിയാകുന്നു”

“ഞാനൊന്നു നോക്കട്ടെ”. പീറ്റർ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഓടി ഉള്ളിൽകയറി വാതിൽ ചേർത്തടച്ചു.

“യൂദിത്ത്, നീ ആ തിരി പെട്ടെന്നണക്കു”

“എന്താ പീറ്റർ? എന്തുപറ്റി?” അവൾ ചാടിയെണീറ്റു.

” അറിയില്ല. കുറെ രാജഭടന്മാർ ഊരിപ്പിടിച്ച വാളും കൊണ്ട് ഓടിനടക്കുന്നു. അവർ കയറുന്ന വീടുകളിൽ നിന്ന് അലമുറ കേൾക്കുന്നു”

“ദൈവമേ, നമ്മൾ എന്താണ് ചെയ്യുക. അയ്യോ, കുറേപ്പേർ ഓടിവരുന്ന ശബ്ദം കേൾക്കുന്നല്ലോ”

വാതിൽക്കൽ തട്ട് കേട്ട് അവർ ഞെട്ടിത്തെറിച്ചു. “എടാ പീറ്റർ, വാതിൽ തുറക്ക്, ഇത് ഞാനാ സൈമൺ.. വേഗം”

വാതിൽ തുറന്നപ്പോഴേക്ക് ഓടി അവൻ അകത്തു കയറി . “പീറ്റർ വേഗം നിൻറെ മോനേം കൊണ്ട് എങ്ങോട്ടേലും പോ. അവർ ആൺകുഞ്ഞുങ്ങളെയെല്ലാം കൊല്ലാനാ വരുന്നേ”

നെഞ്ചിൽ കൈ വെച്ചു അവർ ഒന്നിച്ചു ചോദിച്ചു. ” ആര്? എന്തിന്? ” യൂദിത്ത് മുളചീന്തും പോലെ കരഞ്ഞുതുടങ്ങിയിരുന്നു.

“ഞാൻ രഹസ്യത്തിൽ അറിഞ്ഞതാണ്. രണ്ടു വയസ്സും അതിൽ താഴെയുള്ള ആണ്കുട്ടികളെയെല്ലാം അവർ കൊല്ലുവാണ് രാജാവ് പറഞ്ഞിട്ട്. യൂദന്മാരുടെ രാജാവാവാനുള്ളവൻ ബേദ്ലഹേമിൽ ജനിച്ചിട്ടുണ്ട് പോലും. നമ്മുടെ രാജാവിന് പേടി അവൻ രാജ്യം പിടിച്ചടക്കുമോ എന്ന്”

“പീറ്റർ, നമ്മളിനി എന്ത് ചെയ്യും?” യൂദിത്ത് വാവിട്ടു കരഞ്ഞു.

“നോക്കിനിൽക്കാതെ എന്തെങ്കിലും ചെയ്യൂ, അവരിങ്ങു അടുത്തെത്തി” സൈമൺ പറഞ്ഞു.

കുഞ്ഞിനെ പുതപ്പിച്ച തുണികളോടെ പീറ്റർ വാരിയെടുത്തു. പുറത്തു കുറേപേരുടെ കാൽപ്പെരുമാറ്റം.

നോക്കിനിൽക്കെ വാതിൽ പൊളിഞ്ഞു വീണു. ചോര ഉണങ്ങിയിട്ടില്ലാത്ത വാളുകളുമായി രാജകിങ്കരന്മാർ അകത്തേക്ക് ഓടിക്കയറി.

യൂദിത്ത് ശബ്ദമുണ്ടാക്കാൻ പോലും മറന്ന് പീറ്ററിനെ മുറുക്കിപ്പിടിച്ചു.

“കുഞ്ഞിനെ തരൂ”. അതിലൊരാൾ അലറി. “ഇല്ല കൊന്നാലും ഞാൻ തരില്ല” പീറ്റർ കുഞ്ഞിനെ അമർത്തിപ്പിടിച്ചു.

കുറേപേർ മുന്നോട്ടുവന്നു പീറ്ററിന്റെ കൈ പിടിച്ച് അകത്തി കുഞ്ഞിനെ ബലമായി പിടിച്ചെടുത്തു. അവന്റെ കുഞ്ഞിക്കിടക്കയിലേക്ക് അവനെ വലിച്ചെറിഞ്ഞു , ആൺകുട്ടി ആണെന്ന് ഉറപ്പിച്ച ആ നിമിഷം വാൾ ഉയർന്നുതാണു. ഒരു കുഞ്ഞിക്കരച്ചിൽ പകുതിയിൽ മുറിഞ്ഞു. യൂദിത്ത് കണ്ണുപൊത്തി അലറിക്കരഞ്ഞു, രക്തത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു. പിടഞ്ഞു നിശ്ചലമാവുന്ന കുഞ്ഞു കബന്ധം കണ്ട് അവൾ ബോധമറ്റു പീറ്ററിന്റെ മേലേക്ക് ചാഞ്ഞു.

‘റാമായിൽ’ പിന്നെയും ആർത്തനാദങ്ങൾ ഉയർന്നു.. കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ‘റാഹേലുമാർ’ തളർന്നു വീണുകൊണ്ടുമിരുന്നു. സഹനപുത്രന്റെ പിറവിയോടനുബന്ധിച്ച് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സഹനം. വ്യർത്ഥമാവാത്ത സഹനം. പുതിയ കുഞ്ഞാടിന്റെ ബലിക്ക് വളരെ മുൻപേ കടിഞ്ഞൂൽ പുത്രന്മാരുടെ ജീവനെടുത്തുള്ള കടന്നുപോകൽ.

**********

അങ്ങകലെ രണ്ടു കഴുതകൾ ഈജിപ്തിലേക്കുള്ള വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ഒരു കഴുതപ്പുറത്ത് ഒരു സ്ത്രീയും കുഞ്ഞും. മറ്റേതിന്മേൽ കുറച്ചു സാധനസാമഗ്രികൾ വെച്ചുകെട്ടിയിരിക്കുന്നു. ഒരാൾ അവരുടെ കൂടെ നടക്കുന്നു.

” ജോസഫ്, കുറെയായില്ലേ നടക്കുന്നു? ഒന്ന് വിശ്രമിക്കൂ” സ്ത്രീ പറഞ്ഞു.

” എത്രയും വേഗം നമുക്ക് ദൂരത്തെത്തണം മേരി. അവരുടെ കയ്യിൽ പെട്ടാലത്തെ അവസ്ഥ അറിയാമല്ലോ”

മേരി സ്വയമറിയാതെ കുഞ്ഞിനെ മുറുക്കിപ്പിടിച്ചു. ഒരു വാൾ നെഞ്ചിലൂടെ കയറിയാലെന്ന പോലെ അവൾ പിടഞ്ഞു. “ഉവ്വ് ജോസഫ്, പക്ഷെ നല്ലവനായ ദൈവം നമ്മെ രക്ഷിക്കും. എനിക്കുറപ്പുണ്ട്. എന്നാൽ, അനേകം അമ്മമാരുടെ കണ്ണീർ ഇന്ന് ബേത്ലഹേമിൽ വീഴും. പാലുചുരത്താൻ കഴിയാതെയുള്ള അവരുടെ മാറിടങ്ങളുടെ വിങ്ങൽ നമ്മളെ പൊള്ളിക്കും. ഈ കുഞ്ഞിന് പോലും ഇന്ന് ഒരു വിഷാദഭാവമാണ്. എല്ലാം അറിയുന്ന പോലെ”.

“നമ്മൾ മനഃപൂർവ്വമല്ലല്ലോ മേരി. സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ ദൈവം പറഞ്ഞു; നമ്മൾ അനുസരിക്കുന്നു. നിനക്കും കുഞ്ഞിനും ഒരു സൗകര്യവും ചെയ്തുതരാൻ എനിക്ക് പറ്റിയിട്ടില്ല. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രം പോലും. ഞാൻ നസ്രത്തിൽ കുറെ നാളുകൊണ്ട് പണിത മരത്തിന്റെ തൊട്ടിലും കളിപ്പാട്ടങ്ങളും ഒക്കെ വെറുതെയായി. എത്ര സാധനങ്ങളാണ് നീയും ഒരുക്കി വെച്ചത് മേരി”.

“സാരമില്ല ജോസഫ്, കുഞ്ഞിനെ നഷ്ടപ്പെട്ടവരുടെ വേദന ആലോചിക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. അറിഞ്ഞുകൊണ്ട് നമ്മൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മനസ്സാലെ നമുക്ക് മാപ്പുചോദിക്കാം ആ പൈതങ്ങളോടും അവരുടെ അപ്പനമ്മമാരോടും…”

********

ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെ ഉദരങ്ങൾ കുരുതിക്കളമാകുമ്പോൾ കരയാൻ റാഹേലുമാരുണ്ടോ? അബോർഷൻ കഴിഞ്ഞ് കുഞ്ഞുശരീരഭാഗങ്ങൾ സക്ഷൻ പമ്പിലൂടെ വലിച്ചെടുത്തു ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ… പുറത്തുവരാത്ത ആ നിലവിളികൾ കേൾക്കാനാളുണ്ടോ ? വിഫലമാകുന്ന പതുങ്ങലും ഭയപ്പാടും ആര് കാണുന്നു? … ഓർക്കാം നമുക്ക്… കുഞ്ഞിപ്പൈതങ്ങളെ….

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment