ദൈവാലയം

ദൈവാലയം….

ദൈവത്തിന്റെ ആലയം….

അത്യുന്നതനായ ത്രിത്വൈകദൈവം മഹത്വപൂർണനായി മഹാകരുണയോടെ തന്റെ മക്കളുടെ ഇടയിൽ വസിക്കുന്ന ഭൗമികഇടം….

പരിശുദ്ധ അമ്മയുടെയും സ്വർഗ്ഗവാസികളുടെയും സാന്നിധ്യമുള്ള ഇടം…

ഒരാള് പോലും ഇല്ലാതെ ശൂന്യമെന്നു തോന്നിയാലും കോടാനുകോടി മാലാഖാമാർ അനവരതം പാടിയാരാധിക്കുന്ന അതിവിശുദ്ധമായ സ്ഥലം…

അൾത്താരയിലെ അടഞ്ഞു കിടക്കുന്ന കുഞ്ഞ് സക്രാരിയിൽ തിരുവോസ്തിരൂപനായി ബലവാനായ ദൈവം, ഈശോ മിശിഹാ തന്റെ ജീവൻ പകരം കൊടുത്തു നിത്യമരണത്തിൽ നേടിയെടുത്ത തന്റെ ഓരോ കുഞ്ഞുങ്ങളെയും സ്നേഹത്തോടെ കാത്തു കാത്തിരിക്കുന്ന സ്ഥലം.

ഒത്തിരി നാൾ ഹോസ്റ്റലിൽ ഒക്കെ നിന്നിട്ട് കുഞ്ഞുമക്കൾ അവധിക്കു വീട്ടിൽ വരുമ്പോൾ എന്ത് ഉണ്ടാക്കിക്കൊടുക്കുമെന്നോർത്തു അമ്മമാർക്കുണ്ടാകുന്ന ഒരു തരം വേവലാതി ഇല്ലേ…

അത് പോലെ തന്റെ അടുത്തേയ്ക്ക് വരുന്ന ഓരോ മക്കളെയും കാണുമ്പോൾ ഈശോയുടെ കണ്ണുകൾ സ്നേഹം കൊണ്ടു നിറയും.

ആത്മാവ് നിറയെ ദൈവകൃപകൊണ്ടും തന്റെ സ്നേഹം കൊണ്ടും നിറയ്ക്കുവാൻ അവിടുത്തെ ഹൃദയം തുടിക്കും.

യോഹന്നാൻ ശ്ലീഹ സെഹിയോൻ ശാലയിൽ ഈശോയുടെ ഹൃദയത്തോട് ചേർന്നിരുന്നത് പോലെ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കുവാൻ നമ്മെയും അവിടുന്ന് ക്ഷണിക്കുന്നുണ്ട്. ദൈവാലയത്തിൽ സക്രാരിയോട് ചേർന്ന് എത്ര അടുത്ത് നിൽക്കാൻ അനുവാദമുണ്ടോ അത്രയും അടുത്ത് പോയി ഈശോയെ സന്ദർശിച്ചു ആരാധിക്കണം, അവിടുത്തേയ്ക്ക് നന്ദി പറയണം.

നാം യാത്ര ചെയ്യുമ്പോൾ സാധാരണ പോകുന്ന വഴിയിൽ ഉള്ള ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഒക്കെ വീടുകൾ സന്ദർശിക്കാറുണ്ട്

എന്നാൽ പോകുന്ന ഇടങ്ങളിൽ നാം വരുമെന്നറിഞ്ഞു അവിടെയുള്ള കുഞ്ഞ് ചാപ്പലുകളിലും പള്ളികളിലുമൊക്കെ വെമ്പലോടെ കാത്തിരിക്കുന്ന ഈശോയെ നാം ഓർത്തിട്ടുണ്ടോ?

ആശുപത്രികളിൽ നാം രോഗികളെ സന്ദർശിക്കും. എന്നാൽ ആശുപത്രിയിലെ ചാപ്പലിൽ ഉള്ള ഈശോയെ സന്ദർശിക്കാൻ നാം നേരം കണ്ടെത്താറുണ്ടോ?

നാം ആയിരിക്കുന്ന ഇടങ്ങളിൽ, ഈ ദിവസത്തിൽ എത്ര പ്രാവശ്യം ഈശോയെ സന്ദർശിക്കാൻ പറ്റുമോ അത്രയും പ്രാവശ്യം ഈശോയെ സന്ദർശിക്കണം.

ജോലി ചെയ്യുന്ന സ്ഥലം ആയിക്കൊള്ളട്ടെ, പോകുന്ന വഴിയിൽ ഉള്ള കുഞ്ഞ് ദൈവാലയം ആയിക്കൊള്ളട്ടെ….

ഈശോയെ പോയി കാണണം

It means a lot to him….
Because he loves us a lot…

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.”
(1 യോഹന്നാന്‍ 3 : 1)

പിച്ച വച്ചു നടക്കാൻ തുടങ്ങിയ തന്റെ ചെറിയ കുഞ്ഞ് തന്നെ നോക്കി ചിരിച്ചു കൊണ്ടു തന്റെ അടുത്തേയ്ക്ക് നടന്നു വരുന്നത് കാണുമ്പോൾ ഒരമ്മയുടെ ഹൃദയം അതിനോടുള്ള വാത്സല്യവും സ്നേഹവും കൊണ്ടു നിറയും.

നാം ഓരോരുത്തരും ഈശോയുടെ ചെറിയ കുഞ്ഞുങ്ങൾ അല്ലേ…
അവിടുത്തേയ്ക്കും അതേ വാത്സല്യമാണ് നമ്മോട്…

അതേ സമയം നമ്മുടെ ഹൃദയത്തിനിണങ്ങിയ മിത്രവും ആണ് അവിടുന്ന്…
നമ്മെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത്‌…

ഓരോ ദൈവാലയത്തിലും സ്വർഗീയ മഹത്വം നിറഞ്ഞു നിൽക്കുന്നു. അത്യുന്നതനായ പരിശുദ്ധ ത്രിത്വത്തിന്റെ യഥാർത്ഥമായ സാന്നിധ്യവും സ്നേഹവും നിറഞ്ഞു നിൽക്കുന്നു.

മനുഷ്യനിർമിതമായ ദൈവാലയത്തിലും മനുഷ്യനിർമിതമായ സക്രാരിയിലും മനുഷ്യനിർമിതമായ അരുളിക്കയിലും എത്രയോ സ്നേഹത്തോടെയാണ് അവിടുന്ന് വസിക്കുന്നത്.

ദൈവകരങ്ങളാൽ നിർമിതമായ നമ്മുടെ ആത്മാവിലെ സക്രാരിയിൽ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ അവിടുന്ന് എഴുന്നള്ളി വരുന്നതും നമ്മിൽ സ്നേഹത്തോടെ അലിഞ്ഞില്ലാതായി നമ്മുടെ തുടിക്കുന്ന ഹൃദയത്തിൽ കൂടിയൊഴുകുന്ന മനുഷ്യരക്തത്തിൽ ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും പോഷണം കൂടിച്ചേർന്നു ഒന്നായി മാറുന്നതും മനുഷ്യദൃഷ്ടികൾക്ക് കാണാൻ സാധിക്കുകയില്ലെങ്കിലും വിശ്വാസത്തിന്റെ കണ്ണുകളിൽ എത്രയോ മഹോന്നതമാണ്.

വിശുദ്ധ കുർബാനയിൽ നാം ഈശോയിൽ മറയുകയും അതേ സമയം ഈശോ നമ്മിൽ അലിയുകയും അങ്ങനെ ആത്മാവ് ദൈവസ്നേഹത്തിന്റെ ഉദാത്തമായ തലങ്ങളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്യുന്ന അപൂർവ നിമിഷങ്ങളിൽ ആത്മാവിൽ നടക്കുന്ന മാറ്റങ്ങൾ എത്രയോ അവർണനീയം!

കണ്ണുനീരോടെയല്ലാതെ വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളാൻ ആർക്കു സാധിക്കും.

കൊറോണയുടെ ലോക്ക്ഡൌൺ കാലഘട്ടങ്ങളിൽ വിശുദ്ധ കുർബാനയുടെ വിലയറിഞ്ഞ ആത്മീയ വിശപ്പറിഞ്ഞ ദിനങ്ങളായിരുന്നു…

ദൈവാലയത്തിൽ നേരിട്ട് പോയി ഈശോയെ കാണാൻ ഇനി എന്നു പറ്റും എന്നു വേവലാതിപ്പെട്ട കുറെയേറെ നാളുകൾ…

കുറെയേറെ നാളുകൾക്കു ശേഷം അവിചാരിതമായി അടഞ്ഞു കിടന്ന ദൈവാലയ വാതിൽ തുറന്നു കിടക്കുന്നതു കണ്ടപ്പോൾ, അകത്തു വിശുദ്ധ കുർബാന നടക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ വന്ന ആനന്ദം പറഞ്ഞറിയിക്കുക വയ്യ….

ദൈവാലയ വാതിലിലൂടെ ഓടിയണച്ചു ഉള്ളിൽ കയറി ഈശോയെ നേരിട്ട് കണ്ട സ്നേഹത്തിന്റെ നിമിഷങ്ങൾ…

ഒരു മനുഷ്യന് ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ ഇത്രയും സ്നേഹം അനുഭവപ്പെടുന്നു എങ്കിൽ ഹൃദയം ആനന്ദഭരിതമാകുന്നു എങ്കിൽ ഈശോയുടെ ഹൃദയത്തിലെ സന്തോഷം എത്ര വലുതായിരിക്കും…

ഓരോ മനുഷ്യരും ലോകദൃഷ്ട്യ നിസാരരെങ്കിലും ദൈവത്തിന്റെ കണ്ണിൽ തുല്യരാണ്. ഒരാൾക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല, ഓരോരുത്തരും തനതായ വിലയുള്ളവർ.

തമാശയ്ക്കാണെങ്കിലും ആളുകൾ പറയുന്ന കാര്യമുണ്ട്…

അതങ്ങു പള്ളീൽ ചെന്ന് പറഞ്ഞാൽ മതി എന്ന്…

എന്നാൽ അത് അങ്ങനെ തന്നെയാണ് വേണ്ടത്.

എല്ലാ കാര്യവും ഈശോയോട് പറയണം.

ഹൃദയസക്രാരിയിൽ ഏതു നിമിഷവും നമ്മെ കേൾക്കാൻ സന്നദ്ധനായി ഇരിക്കുന്ന ഈശോയുണ്ട്.

അവിടെ പരിഹാരം ഇല്ലാത്ത ഒരു കാര്യവുമില്ല

നിത്യതയിൽ യഥാർത്ഥത്തിൽ ഒന്നിച്ചു വസിക്കുന്നത് പോലെ തന്നെ ഐഹിക ജീവിതത്തിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിലും സ്നേഹത്തിലും സൗഹൃദത്തിലും വസിക്കാം

ആത്മീയവും ഭൗതികവുമായ ഏതു കാര്യങ്ങളും ആദ്യം പറയേണ്ടത് ഈശോയോടാണ്. എന്നാൽ പലപ്പോഴും നമ്മൾ വലിയവരെന്നു ഉള്ളിൽ കരുതുന്ന മനുഷ്യരോടാണ് നാം കാര്യങ്ങൾ പറയുന്നത്.

കൊച്ച് കൂട്ടുകാർ എല്ലാം പരസ്പരം പറയും പോലെ സങ്കടവും ദുഃഖവും ഭയവും ആകുലതയും എല്ലാം നമുക്ക് ഈശോയോട് പങ്കു വയ്ക്കാം.

“എന്റെ എല്ലാ വിശ്രമസമയങ്ങളും ഞാൻ ദിവ്യകാരുണ്യ നാഥന്റെ പാദാന്തികത്തിൽ ചിലവഴിക്കും. ഈശോയുടെ സന്നിധിയിൽ ഞാൻ വെളിച്ചവും ആശ്വാസവും ശക്തിയും ആർജ്ജിക്കും. എന്നോട് കാണിക്കുന്ന വലിയ കരുണയെ ഓർത്തു നിരന്തരം നന്ദി പറയും. എന്റെ മേൽ ചൊരിഞ്ഞിരിക്കുന്ന എല്ലാ നന്മകളെയും ഓർത്തു പ്രത്യേകിച്ച് എന്റെ ദൈവവിളിയെ ഓർത്തു ഞാൻ കൃതജ്ഞത അർപ്പിക്കും.”

(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, പാരഗ്രാഫ് :224)

ഓരോ നിമിഷവും ഈശോയോട് സ്നേഹത്തോടെ ഇടപെടാൻ ശ്രമിക്കാം.

കാരണം ഈശോയുടേത് നിത്യ സൗഹൃദമാണ്.

സമയം കിട്ടുമ്പോൾ എന്നല്ല, സമയം കണ്ടെത്തി ദിവസവും കാവൽമാലാഖയോടൊപ്പം ഈശോയുടെ സന്നിധിയിൽ ചെല്ലാം. അവിടുത്തെ ആരാധിക്കാം സ്നേഹിക്കാം.
അവിടുന്നിൽ വസിക്കാം.

“പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും.”
(1 യോഹന്നാന്‍ 3 : 2)

ആമേൻ 💕

Advertisements
Advertisements

Leave a comment