ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ മുന്നറിയിപ്പ് തരുന്ന ഒരു കാര്യമുണ്ട്, ഈശോയെ പ്രതി ചാടിപ്പുറപ്പെടുന്നവർക്കായി..
First Come, Then go! (ആദ്യം വരിക, പിന്നെ പോവുക).
ക്രിസ്ത്യാനി എന്ന നിലയിൽ നമുക്കുള്ള കർത്തവ്യത്തിന്റെ കാതൽ അല്ലേ ഇത്? ആദ്യം വന്ന് അവനെ കാണണം. ഈശോയെ അറിയേണ്ട രീതിയിൽ അറിയണം. അവനായി രൂപാന്തരം പ്രാപിക്കണം. എന്നിട്ട് വേണം അവനായി പോകാൻ.
ഈശോയുടെ പരസ്യജീവിതകാലത്തെ ആദ്യത്തെ വാക്കെന്തായിരുന്നു ? “Come and See” – വന്നുകാണുക (വി. യോഹന്നാന്റെ സുവിശേഷത്തിൽ,അവൻ എവിടെയാണ് വസിക്കുന്നതെന്നു ചോദിച്ച ശിഷ്യർക്ക് കൊടുത്ത ഉത്തരം)
നമ്മൾ അവനിലേക്ക് വരുന്നു, തീ പിടിക്കുന്നു, ദൈവികസത്യങ്ങൾ ഉൾകൊള്ളുന്നു, ആത്മാവിനാൽ നിറയപ്പെടുന്നു, ദിവ്യകാരുണ്യം എങ്ങനെയാണ് ലോകം മുഴുവനിലേക്കും മനുഷ്യശരീരത്തിലൂടെ വ്യാപിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആദ്യം നമ്മൾ അവനിലേക്ക് ‘വരുന്നു’.
ഇനി, ഈശോയുടെ പരസ്യജീവിതത്തിലെ അവസാനവാക്ക് നമുക്കറിയാം “Go”- ലോകമെങ്ങും പോവുക. ഇപ്പോൾ നമ്മൾ പോവാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അനേകം വർഷങ്ങളായി ‘പോയ’ കുറേപേർ നമുക്കുണ്ടായി , പക്ഷെ അവർ ശരിക്കും ‘വന്നിട്ടില്ലായിരുന്നു!’ എന്നാണ് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ പറയുന്നത്.
മദർ തെരേസയുടെ ന്യൂയോർക്കിലെ കമ്മ്യൂണിറ്റി സന്ദർശിച്ച ബിഷപ്പിനോട്, ആ പ്രദേശത്തുള്ള അനേകം കെട്ടിടങ്ങളിൽ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിൽ ആയെന്ന് അവിടെ ശുശ്രൂഷ നടത്തുന്ന ഒരു അച്ചൻ (സാമൂഹ്യസേവനം ചെയ്യുന്നവർക്കിടയിലെ ജ്ഞാനിയായ ഒരു മനുഷ്യൻ) സംസാരത്തിനിടയിൽ പറഞ്ഞു. കഴിഞ്ഞ 10-15 വർഷത്തിനിടയിലെ അവിടത്തെ അനുഭവം പറയാൻ പറഞ്ഞ ബിഷപ്പിനോട് അദ്ദേഹം പറഞ്ഞു, “ഇവിടേക്ക് ധാരാളം അച്ചന്മാരും സിസ്റ്റേഴ്സും ഒരു പ്രളയം പോലെ വന്നിരുന്നു ആദ്യകാലങ്ങളിൽ. അവർക്ക് എല്ലാം പരിഷ്കരിക്കണമായിരുന്നു. എല്ലാറ്റിലും പങ്കുചേരണമായിരുന്നു. പക്ഷേ അവർക്ക് പെട്ടെന്ന് തന്നെ മടുത്തുപോയി. അവരുടെ ആശയങ്ങൾ നടപ്പിലായില്ല. അവരുടെ ആദർശങ്ങൾ പരാജയപ്പെട്ടു. യേശുവിന്റെ ശിഷ്യർക്ക് കഴിയാതിരുന്ന പോലെ, അവർക്ക് പിശാചിനെ പുറത്താക്കാൻ കഴിഞ്ഞില്ല. ആന്തരികബലം ഇല്ലാഞ്ഞതിനാൽ അവരെല്ലാം തിരികെ പോയി” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “അവർക്ക് ആന്തരികശക്തി ഉണ്ടായിരുന്നെങ്കിൽ, ഞാൻ എല്ലാം എടുത്ത പോലെ, ഞാൻ എല്ലാറ്റിനെയും സ്നേഹിച്ച പോലെ, ക്രിസ്തുവിനെയും കുരിശിനെയും, ദിവ്യകാരുണ്യത്തെയും അവർ സ്നേഹിച്ചിരുന്നെങ്കിൽ, അവർക്കും പറ്റുമായിരുന്നു. കാര്യങ്ങളെ പറ്റി സംസാരിക്കാനും അഭിപ്രായം പറയാനും പിന്നെ വർക്ക്ഷോപ്പ് നടത്തിയിട്ട് കാര്യമൊന്നുമില്ല. രണ്ട് കാര്യങ്ങൾ ഒന്നുചേരേണ്ടതുണ്ട്.
…സുവിശേഷത്തിൽ നല്ല സമരിയാക്കാരന്റെ ഉപമക്ക് ശേഷം ലൂക്കാ സുവിശേഷകൻ മർത്താ-മറിയത്തിന്റെ കഥയിലേക്ക് പോകുന്നത്, ഇങ്ങനെ ചോദിക്കുന്നത് പോലെയാണ്, “ശരി, അപ്പോൾ നിങ്ങൾ എന്റെ സുവിശേഷം വായിച്ചല്ലോ. നിങ്ങൾ ഏറ്റെടുത്ത എല്ലാ മുറിവേറ്റവരെയും ശുശ്രൂഷിക്കാൻ പോവാണോ നിങ്ങൾ ? എല്ലാവരെയും ആശുപത്രിയിലാക്കാൻ പോവാണോ? നല്ലത്. ഇത് വായിക്കൂ. വാരിവലിച്ചു തിരക്ക് എടുത്തു പിടിക്കരുത്. അല്ലെങ്കിൽ നിങ്ങൾ മർത്തായെ പോലെ ആവും – Thousand Island സാലഡ് ഉണ്ടാക്കണം എന്നും പറഞ്ഞ്, ആയിരം ദ്വീപുകളിലേക്ക് ഓരോരോ സാധനങ്ങൾ ശേഖരിക്കാൻ ഓടിയാൽ എന്താവും സ്ഥിതി? നിങ്ങൾ മറിയത്തെ പോലെ ആവാൻ സമയം കണ്ടെത്തുകയും ക്രിസ്തുവിന്റെ കാൽക്കൽ ഇരിക്കുകയും വേണം“.
ഇതാണ് സത്യം. പക്ഷേ പലപ്പോഴും age ഗ്രൂപ്പുകൾ തമ്മിലുള്ള അന്തരം ആയിട്ടാണ് ഇത് അവതരിക്കപ്പെടുന്നത്. എന്നാൽ അത് അങ്ങനല്ല. മലയിലെ രൂപാന്തരീകരണത്തിന്റെ കാര്യം പോലെയാണ്. നമുക്ക് എപ്പോഴും മലയിലെ രൂപാന്തരീകരണത്തിന്റെ ഓർമ്മകളുമായി, അതിന്റെ ആത്മീയ നിർവൃതിയിൽ ആറാടി മലയിൽ തന്നെ ഇരിക്കാൻ പറ്റില്ല. താഴേക്ക് വന്ന് പ്രശ്നങ്ങളെയും (ശിഷ്യന്മാർക്ക് അപസ്മാരരോഗിയെ സുഖപ്പെടുത്താൻ സാധിക്കാഞ്ഞത് പോലുളള) പരാജയങ്ങളെയും നേരിട്ടെ പറ്റുള്ളൂ….
എന്താണ് ഒരു ‘കുരിശ്’? അതെങ്ങനെയാണ് ‘പ്രതിബന്ധത്തിൽ / തടസ്സത്തിൽ ( handicap ) നിന്നും ‘ഭാരത്തിൽ ‘ ( burden ) ൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്? ഇതിൽ രണ്ടിലും പെട്ടതൊക്കെ തന്നെയാണെങ്കിലും ക്രിസ്തുവിന്റെ നാമത്തിൽ വഹിക്കപ്പെടുന്നതാണ് കുരിശ്. ലോകത്തിലെ ഓരോ ആളുകളുമായി നമ്മൾ ഇടപെടുമ്പോൾ, അവരുടെ പ്രശ്നങ്ങൾ ഉള്ളിൽ നിന്നുള്ളതോ പുറത്തു നിന്നുള്ളതോ എന്ത് തന്നെ ആയാലും, നമ്മൾ ചെയ്യേണ്ടത് അവരുടെ പ്രശ്നവും കുരിശുമായുള്ള ബന്ധം കാണാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്.
കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?”
മദർ പറഞ്ഞു, ” ഞാൻ അങ്ങനെയൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, ‘നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? ‘ അവർ ചോദിക്കും, ‘ക്രിസ്തു മദറിനെപ്പോലെ ആണോ?’ മദർ പറയും, ‘അല്ല, അവനെപ്പോലെ ആവാൻ ഞാൻ ശ്രമിക്കുകയാണ് ‘. ‘എങ്കിൽ ഞങ്ങൾക്കും ക്രിസ്ത്യാനി ആവണം” അവർ പറയും’…
ഇത്ര സിമ്പിൾ ആണ് അത്. ഇങ്ങനെയാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. അപ്പോൾ ഒരു വാക്കു പോലും പറയാതെ മറ്റുള്ളവർ നമ്മളെപറ്റിയും എന്തിനു വേണ്ടിയാണ് അല്ലെങ്കിൽ ആർക്ക് വേണ്ടിയാണ് നമ്മൾ നിൽക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യും. രാജാക്കന്മാരുടെ പുസ്തകത്തിലെ ധനികയായ പ്രായമുള്ള സ്ത്രീയോട് എലിഷാ ഒരു വാക്കും പറയാതെ തന്നെ അവൻ ദൈവപുരുഷനാണെന്ന് അവൾക്ക് മനസ്സിലായത് പോലെ.
അതുകൊണ്ടാണ്, നമ്മൾ ദിവ്യകാരുണ്യത്തിലെ നല്ല നാഥനോട് ചേർന്നു നിൽക്കുമ്പോൾ, നമ്മൾ കണ്ടുമുട്ടുന്ന പാവപ്പെട്ട മനുഷ്യരെല്ലാം അവരുടെ ശരീരത്തെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ബാക്കിയായി കാണാൻ തുടങ്ങുന്നത്. ആ വീക്ഷണം അവരിലേക്കും പകരപ്പെടും. അപ്പോഴേ നമ്മൾ ക്രിസ്ത്യാനികൾ ആകുന്നുള്ളു. അപ്പോൾ നമ്മൾ മലയുടെ മുകളിൽ നിർവൃതിയോടെ നിൽക്കുകയല്ല. അപ്പോൾ നമ്മൾ ഒന്നിനും കഴിവില്ലാത്തവരെപ്പോലെ, ഒരു ഫലവും ഇല്ലാത്തവരെപ്പോലെ താഴ്‌വരയിൽ നിൽക്കുകയല്ല. ലോകം എങ്ങനെയുള്ളവരെയാണോ അന്വേഷിക്കുന്നത്, അങ്ങനെയുള്ളവരാകും.
കുറേ റഷ്യൻ പട്ടാളക്കാർ റഷ്യയിലെ ഒരു ധാന്യപ്പുരയിലേക്ക് കടന്നപ്പോൾ കുറേ പേർ പ്രാർത്ഥനയിൽ ആയിരിക്കുന്നത് കണ്ടു. അവർ പറഞ്ഞു, “നിങ്ങൾ സോവിയറ്റ് നിയമം ലംഘിക്കുന്നു. പ്രാർത്ഥന ഇവിടെ നിരോധിച്ചിരിക്കുന്നെന്ന് അറിയില്ലേ? നിങ്ങൾക്ക് ഇവിടം വിടാൻ അഞ്ച് മിനിറ്റ് തരും. പോകാത്തവർ വെടികൊണ്ട് മരിക്കും“. രണ്ടുപേർ പുറത്തുപോയി. റഷ്യൻ പട്ടാളക്കാർ തങ്ങളുടെ തോക്ക് താഴെ ഇട്ടിട്ട് പറഞ്ഞു,“ ഞങ്ങൾക്കും ക്രിസ്ത്യാനികളാവണം. നിങ്ങൾ യഥാർത്ഥത്തിലുള്ള ക്രിസ്ത്യാനികൾ ആണോ എന്നറിയാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങനെ പറഞ്ഞത്!”
വിവർത്തനം: ജിൽസ ജോയ്



Leave a comment