January 6 | Epiphany of the Lord / ദനഹാ

‘എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്’ (1 തിമോ.2:4)

ഈശോ എന്ന സത്യം.

‘ദൈവത്തിന്റെ കൂടാരം മനുഷ്യരോട് കൂടെ’ (വെളിപാട് 21: 3) ആയി. അവൻ നമ്മുടെ ജീവിതത്തിൽ പങ്കുചേർന്നു. വിജാതീയരായ ജ്ഞാനികളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ അവരുടെ ജ്യോതിഷശാസ്ത്രത്തിന്റെ അന്ധകാരത്തിലേക്ക് പോലും അവൻ കയറിചെന്നു. മരുഭൂമിയിൽ കുറേ കഷ്ടപ്പെട്ടെങ്കിലും, വഴിതെറ്റി കൊട്ടാരത്തിൽ ചെന്നെത്തിയെങ്കിലും, ദൈവവചനം അവർക്ക് വഴികാട്ടിയായി. അവർ ബെദ്ലഹേമിലെത്തി ശിശുവിനെ കൺകുളിർക്കേ കണ്ട് കുമ്പിട്ടാരാധിച്ചു.

ബൈബിൾ വായിക്കുമ്പോൾ ‘joyful hope’ നമ്മളിലും നിറയുകയാണ്. ജീവിതമാകുന്ന മരുഭൂമിയിൽ മുന്നോട്ടുള്ള വഴി കാണാതെ, ആശ്വാസം കിട്ടാതെ വലയുമ്പോൾ, വഴിതെറ്റി എവിടെയെങ്കിലുമൊക്കെ ചെന്നെത്തുമ്പോൾ, ദൈവവചനം നമുക്കും വഴികാട്ടി ആവുന്നു. ഓരോ പേജിലും വാഗ്ദാനങ്ങളും ആശ്വാസവചനങ്ങളും തന്ന് ദൈവം പ്രത്യാശയിലേക്ക്, അവനാകുന്ന സത്യത്തിലേക്ക് നയിക്കുന്നു.

‘ ഉണർന്നു പ്രശോഭിക്കുക ; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു…’

പക്ഷേ അവനെ കണ്ടെത്താനുള്ള ആത്മാർത്ഥമായ ആഗ്രഹം നമുക്കുണ്ടോ? അവനെ കണ്ടെത്താൻ പോയാൽ നമുക്ക് ലാഭമായ പലതും… കൂടെ ചുമക്കണമെന്നുള്ളത് കൊണ്ട് യാത്ര ദുർഗമമാക്കുന്ന പലതും വഴിയിൽ ഉപേക്ഷിക്കേണ്ടി വരും എന്ന തിരിച്ചറിവിനാൽ, പോകുന്ന പോലെയൊക്കെ അങ്ങ് പോകട്ടെ, എത്തുമ്പോ എത്തട്ടെ, എനിക്കിപ്പോ ഇങ്ങനെയൊക്കെയേ പറ്റൂ എന്നാണോ? സത്യം കണ്ടെത്തണോ എനിക്ക് ശരിക്കും? ആയിരിക്കുന്ന കംഫർട്ട് സോൺ വിട്ട് തേടി ഇറങ്ങാൻ തയ്യാറാണോ അവനെ കണ്ടെത്തി ആത്മാവിലും സത്യത്തിലും ആരാധിക്കാൻ? അതോ, അവനെ അറിയാനുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞു, ഇതിൽ കൂടുതൽ എന്തറിയാൻ എന്ന വിചാരമാണോ ?

നക്ഷത്രത്തെ പിന്തുടരാനായി വീട് വിട്ട് ഇറങ്ങാഞ്ഞവർക്ക്‌ ഈശോയെ കാണുന്ന അവർണ്ണനീയമായ ആനന്ദം അനുഭവിക്കാൻ പറ്റിയില്ല. ഹേറോദേസ് രാജാവ് വിളിച്ചുകൂട്ടിയ പ്രധാനപുരോഹിതർക്കും നിയമജ്ഞർക്കും ഉത്തരങ്ങൾ അറിയാമായിരുന്നു. പക്ഷേ ബെദ്ലഹേമിലേക്ക് പോകാനോ രക്ഷകനെ കാണാനോ ആഗ്രഹമൊന്നും ഉണ്ടായില്ല. തനിക്ക് ലാഭമായിരുന്നതെല്ലാം അവനാൽ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ഹേറോദേസ് രാജാവ് അവനെ ഭയപ്പെട്ടു. ഒഴിവാക്കാൻ ആഗ്രഹിച്ചു. സത്യത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നവർ. കൂടെയുള്ളത് ഉപേക്ഷിക്കാൻ തയ്യാറില്ലാത്തവർ.

പക്ഷെ ജ്ഞാനികൾ എന്ന പേര് തങ്ങൾക്ക് ലഭിക്കത്തക്ക വിധം, അവർ അവനെ തിരഞ്ഞു കണ്ടെത്തി. ആത്മാർത്ഥതയോടെ അന്വേഷിക്കുന്നവർക്ക് തന്നെത്തന്നെ വെളിപ്പെടുത്താതിരിക്കാൻ അവന് കഴിയുമോ? ഒപ്പം പ്രതിഫലവാഗ്ദാനവുമുണ്ട് . ‘വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും’ (വെളിപാട്. 3:21)

വചനത്തിൽ തിരഞ്ഞാൽ മാത്രം പോരാ, അവനിലേക്ക് കൈപിടിച്ച് നയിക്കുന്നത്, അവനെ കണ്ടെത്താൻ സഹായിക്കുന്നത്, സഹായം അർഹിക്കുന്നവരായി ദൈവം നമ്മുടെ മുന്നിൽ എത്തിക്കുന്ന കുറേ പേർ കൂടെയാണ്‌. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത് ‘

നമ്മുടെ തന്നെ ഹൃദയത്തിലും ആഴത്തിൽ അവനെ തിരയാം. നിശബ്ദയായി എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ആഴത്തിൽ ചിന്തിച്ച പരിശുദ്ധ അമ്മയെപ്പോലെ. അവനെ കണ്ടെത്താൻ സമയം കൊടുക്കേണ്ടി വരും, വില കൊടുക്കേണ്ടി വരും. സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യാനായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടില്ലാത്ത എനിക്ക് പ്രാർത്ഥനക്കായി സമയം കണ്ടെത്താൻ എത്ര ബുദ്ധിമുട്ടാണ് ? അവൻ’എത്ര നല്ലതാണെന്ന് രുചിച്ചറിയണമെങ്കിൽ’ പ്രയോരിറ്റികൾ മാറ്റേണ്ടി വരും. അല്ലെങ്കിൽ അനുഭവമില്ലാതെ ബുദ്ധിയുടെ തലത്തിൽ മാത്രമായി അവനെ അറിഞ്ഞു തൃപ്തിപ്പെടേണ്ടി വരും. എല്ലാറ്റിനും അവസാനം, നിങ്ങൾ എവിടെനിന്നാണെന്ന് ഞാൻ അറിയുന്നില്ലെന്ന് അവൻ പറഞ്ഞു കളഞ്ഞാൽ? നമ്മൾ അവനെ തിരയുന്നതായി അവൻ അറിഞ്ഞിട്ടില്ലായിരിക്കും ഒരു പക്ഷേ. അനിവാര്യമായ തിരുത്തലുകൾ വേണ്ടേ?

ലൊക്കേഷൻ മാപ്പ് ശരിയായി ഇട്ടുകൊടുക്കാം. പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാം. അവനിലേക്ക്, പൂർണ്ണമായ സത്യത്തിലേക്ക്, അവർണ്ണനീയമായ ആനന്ദത്തിലേക്ക്, അനുഭവത്തിലേക്ക്, ഒന്നാകലിലേക്ക് എത്താൻ ശ്രമിക്കാം.

‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിക്കവലകളില്‍ നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകള്‍ അന്വേഷിക്കുക. നേരായ മാര്‍ഗം തേടി അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും..’

ജറെമിയാ 6 : 16

Father, give us the wisdom and discipline to listen to your word, lead us through your spirit.. to the feet of Jesus, to offer him our lives as a gift of homage and to discover Jesus now to share his glory in your Kingdom 🙏

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment