വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ…

താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം…..

കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല!! കാരണം അവിടെ ഒരു ചെറിയ ജാലകം മാത്രമേ തുറന്നിരിച്ചുള്ളൂ. അവിടെ “മിയ’ എന്ന ഹാഫ് കുക്ക്ഡ് ചപ്പാത്തി പാക്കറ്റുകൾ അടുക്കി വച്ചിട്ടുണ്ട്. അതിനു സമീപം ഒരു ചെറു പെട്ടിയിൽ കുറച്ചു പണവും ഉണ്ടാവും. ചപ്പാത്തി ആവശ്യം ഉള്ളവർക്ക് എടുക്കാം, വിലയായ 45 രൂപ പെട്ടിയിലിട്ടാൽ മതി. നിങ്ങൾ എടുക്കുന്നതും ഇടുന്നതും ഒന്നും നോക്കാൻ അവിടെ ആരും ഇല്ല, ആളും ക്യാമറയും ഒന്നും. പക്ഷേ ഇന്നു വരെ ആരും തന്നെ കബളിപ്പിച്ചിട്ടില്ല എന്ന് ഉടമയായ റോജി ഡോമിനിക് കരിപ്പാപ്പറമ്പിൽ പറയുന്നു. റോജിക്ക് 26-ാം മൈലിലും പൊടിമറ്റത്തും രണ്ട് കടകളുണ്ട്. പൊടിമറ്റത്താണ് ചപ്പാത്തി നിർമിക്കുന്നത്. അവിടെ ചപ്പാത്തി മാത്രമല്ല അരി, ഗോതമ്പ്, മുളക് തുടങ്ങി പാചകത്തിനുള്ള എല്ലാ പൊടികളും ഉണ്ട്. ഉച്ചയ്ക്ക് 12നു ഇവയുടെ ഉത്പാദനം കഴിഞ്ഞാൽ പിന്നെ ഇവിടെയും ആളുണ്ടാകില്ല. ഉപഭോക്താവാണ് പിന്നെ ഇവിടെ രാജാവ്!!

കടയുടെ പുറത്തു വച്ചിരിക്കുന്ന താക്കോലെടുത്ത് കടതുറന്ന് ആവശ്യമുള്ള സാധനങ്ങൾ ആവശ്യക്കാർക്ക് എടുക്കാം. പണം പെട്ടിയിലോ ഡിജിറ്റലായോ അയക്കാം, പോകുമ്പോൾ കതകു പൂട്ടണം എന്നു മാത്രം. ഇന്നു വരെ ആരും തന്നെ കബളിപ്പിച്ചിട്ടില്ല എന്ന് റോജി പറയും. ചില ദിവസങ്ങളിൽ അൽപം പണം കുറവുണ്ടാകും, അടുത്ത ദിവസം അതു കൂടെ പണപ്പെട്ടിയിലിട്ടിട്ടും ഉണ്ടാകും!! ചിലപ്പോൾ കൈയിൽ പണമില്ലാത്തതുകൊണ്ടോ ചില്ലറ ഇല്ലാത്തതു കൊണ്ടോ അണ് അങ്ങനെ ആളുകൾ ചെയ്യുക.

ഒരിക്കൽ ഒരു യുവാവ് 26-ാം മൈലിലെ കടയിൽ എഴുതിവച്ചിരുന്ന ഫോൺ നമ്പരിൽ നിന്നും റോജിയെ വിളിച്ചു, കൈയിൽ പണമില്ല, പെട്രോളടിക്കാനാണ പൈസ എടുത്തോട്ടേ എന്നു ചോദിച്ചു. ഉറപ്പായും എടുത്തോളാൻ റോജിയും പറഞ്ഞു. ആ യുവാവ് അടുത്ത ദിവസം പണം കൃത്യമായി തിരിച്ചു വയ്ക്കുകയും ചെയ്തു.

കടയുടെ ഭിത്തിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ” നിനക്കൊരാളെ പറ്റിക്കാൻ കഴിയുന്നുവെങ്കിൽ നീ ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടനാണ് എന്നല്ല.. അയാൾ നിന്നെ എത്രമാത്രം വിശ്വസിക്കുന്നു എന്നാണ്. വർഷങ്ങൾക്കു മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തിയ റോജിക്ക് ഈ സംരംഭം തുടങ്ങുമ്പോൾ പ്രധാനമായും ഉള്ള ഒരു ലക്ഷ്യം വാങ്ങുന്ന ആളിനോടു വിശ്വാസ വഞ്ചന പാടില്ല എന്നതായിരുന്നു, അതിനാൽ ഷെൽഫ് ലൈഫ് കൂട്ടാനായി ഒരു രാസവസ്തുക്കളും ഇതിൽ ചേർക്കുന്നില്ല. കൊടുക്കുന്ന വിശ്വാസത്തിനു തിരിച്ചു വിശ്വാസം ഉണ്ടാകും എന്നതാണ് റോജിയുടെ വിശ്വാസം.

Source: WhatsApp | Author: Unknown

Advertisements
Roji Dominic Karippapparambil
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment