❤🔥 ഉയിർപ്പിന്റെ പ്രത്യാശയിലേക്ക് ❤🔥
സഹനങ്ങളുടെയും വേദനയുടെയും കാൽവരി യാത്രകൾ അവസാനിക്കുന്നു. മരണത്തിനുമേൽ വിജയം നേടിയ കർത്താവ് ഉയിർപ്പിക്കപ്പെട്ട ദിനം…
വചനം പറയുന്നത് പോലെ; “എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്‍റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്‍റെ വലത്തുവശത്തുണ്ട്. എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ നാവു സ്തോത്രമാലപിച്ചു; എന്‍റെ ശരീരം പ്രത്യാശയില്‍ നിവസിക്കും. എന്തെന്നാല്‍, എന്‍റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല. അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്‍റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2 : 24-31).
അതെ തന്റെ പരിശുദ്ധൻ ജീർണ്ണിക്കാൻ അനുവദിക്കാത്ത സ്വർഗീയപിതാവിന്റെ സ്നേഹം പൂർണമായ ദിനം. മരണത്തിനുമേൽ ക്രിസ്തു വിജയം നേടിയ ദിവസം…
മണ്ണായ മനുഷ്യനെ മണ്ണിനോട് ചേർക്കുമെന്ന് ദൈവം പറഞ്ഞു. എങ്കിലും… സ്വന്തം പുത്രനെ ഒരിക്കലും ആ മണ്ണിൽ അലിഞ്ഞു ചേരാൻ ദൈവം അനുവദിച്ചില്ല… മൂന്നുദിനങ്ങൾ മാത്രം മണ്ണിന്റെ ശൂന്യത അവിടുന്ന് അറിഞ്ഞു. മഹത്വത്തിൽ ഉയിർക്കാൻ വേണ്ടി തന്നെ. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടു എന്നതാണ് ഈ ദിനത്തിന്റെ പ്രേത്യേകത… ഈശോയുടെ കല്ലറയിൽ എത്തുന്ന മഗ്‌ദാലന മറിയം ഈശോയുടെ ഉയിർപ്പിന്റ ആദ്യ സാക്ഷി ആയി മാറിയതിനു മറ്റൊരു പ്രേത്യേകത ഉണ്ട്; അവൾ ഈശോയെ അധികം സ്നേഹിച്ചു എന്നതാണ്…
ഉയിർപ്പ് നൽകുന്ന 4 സന്ദേശങ്ങൾ ഉണ്ട്
1) അധികം സ്നേഹിക്കുക.
2) പ്രതീക്ഷയോടെ കാത്തിരിക്കുക.
3) സഹനങ്ങളുടെമേലും മരണത്തിന്റെ മേലും വിജയം സാധ്യമാണ്.
4) സ്വർഗ്ഗം ലഭിക്കുമെന്ന ഉറപ്പ്.
ക്രിസ്തുവിന്റെ സഹനങ്ങളിലൂടെ നാം നടന്നുനീങ്ങിയപ്പോൾ അവന്റെ വേദനകൾ എല്ലാം നമ്മുടെ പാപ ഭാരം ആണെന്ന് നാം തിരിച്ചറിഞ്ഞു. ഇനി അവൻ ഉയിർപ്പിക്കപ്പെട്ടത് നിന്നെ വീണ്ടെടുക്കാൻ വേണ്ടിയാണെന്ന് നീ തിരിച്ചറിയണം. കാൽവരിയും കുരിശുകളും എല്ലാം അർത്ഥപൂർണ്ണമാകുന്നത് ഉയിർപ്പിൽ ആണ്.
ശൂന്യമായ കല്ലറയും നൽകുന്ന സന്ദേശം ഇതാണ് അവൻ ഇവിടെ ഇല്ല; അരുൾ ചെയ്തപോലെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു…
പാപത്തിന്റെ പടുകുഴിയിൽ വീണ മനുഷ്യനെ രക്ഷിക്കാൻ ക്രിസ്തുവിന് ഈ സഹനങ്ങളും വേദനകളും ഏറ്റെടുക്കുകയും മരിക്കുകയും മൂന്നുദിനങ്ങൾ കല്ലറയുടെ ശൂന്യതയിൽ കിടക്കുകയും വേണമെന്നത് സ്വർഗ്ഗത്തിന്റെ തീരുമാനം തന്നെ ആയിരുന്നു. ക്രിസ്തുവിന്റെ ബലഹീനതയും ക്രിസ്തുവിന്റെ ശക്തിയും ഒരുപോലെ നമുക്ക് കാണിച്ചുതരുവാൻ വേണ്ടി മാനുഷിക ബലഹീനതയിൽ കല്ലറയിൽ നിദ്രയുടെ ദിനങ്ങളും… ദൈവിക ശക്തിയിൽ ഉയിർപ്പിന്റെ ദിനവും… ദൈവം തന്റെ ഏക ജാതനെ നൽകാൻ തക്കവിധം നമ്മെ സ്നേഹിച്ചതിന്റെ അടയാളം ആണ് ഈ പുനരുത്ഥാനം… ഈശോ തന്നെ പറഞ്ഞിരിക്കുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന്… ആ ജീവൻ ആദ്യം അവിടുന്ന് തന്നെ കാണിച്ചു തന്നു; നിത്യജീവൻ… ഇനി ഒരിക്കലും മരണത്തിന് കടന്നുവരൻ കഴിയാത്ത ജീവിതം…
നമുക്കും ഉത്ഥിതന്റെ മുൻപിലേക്ക് നമ്മുടെ ജീവിതങ്ങളെ സമർപ്പിക്കാം… വെറും മണ്ണായ നമ്മുടെ ജീവിതങ്ങളെ രക്ഷിക്കാൻ… വയലിലെ പുൽക്കൊടിപോലെ ഉള്ള നമ്മുടെ ജീവിതങ്ങളെ നാശത്തിൽ നിന്നും രക്ഷിക്കാൻ അവൻ സ്വയം ബലിദാനമായി ഉയിർത്തെഴുന്നേറ്റു… അവന്റെ രക്തം വീണ മണ്ണിൽ തന്നെ അവൻ ഉയിർപ്പിക്കപ്പെട്ടു…
ഓശാനയുടെ ജയ് വിളികളും, പെസഹായുടെ മുറിയപ്പെടലുകളും, കാൽവരിയിലെ ജീവാർപ്പണവും, കല്ലറയിലെ നിശബ്ദതയും കഴിയുന്നു… അവൻ ഉയിർത്തു; മരണത്തിൻമേൽ വിജയം നേടി… എന്റെയും നിന്റെയും ജീവന്റെ വിലയായി… ഇനി പ്രതീക്ഷയുടെ ദിനങ്ങൾ… ഏവർക്കും ഈസ്റ്റർ ആശംസകളും പ്രാർത്ഥനകളും…
🥰 ℍ𝕒𝕡𝕡𝕪 𝔼𝕒𝕤𝕥𝕖𝕣 🥰💐



Leave a reply to ബീന ബെന്നി Cancel reply