വിശുദ്ധ യൗസേപ്പ് പകരക്കാരനില്ലാത്ത നല്ല അപ്പൻ

തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. (ദിവസവും പരിശുദ്ധ കുർബാനയിൽ ഓർക്കുന്ന കാര്യം വിസ്മരിക്കുന്നില്ല) മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ മരണത്തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റേതാണ്. ഈ ലേഖനത്തിൽ കുടുംബങ്ങളുടെയും പിതാക്കന്മാരുടെയും മധ്യസ്ഥൻ എന്ന നിലയിൽ വി. യൗസേപ്പു പിതാവിനെ കാണാനാണ് എന്റെ ശ്രമം.

കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്, അതിനാൽ കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും നല്ല അപ്പൻമാർ ആകാൻ യൗസേപ്പുപിതാവിന്റെ സവിശേഷമായ മാതൃക സ്വന്തമാക്കുകയും വേണം . വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ലുത്തിനിയായിൽ ( Litany of Saint Joseph) വിശുദ്ധ യൗസേപ്പേ, കുടുബ ജീവിതത്തിന്റെ ആഭരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ജപിക്കുന്നുണ്ട്. യൗസേപ്പിതാവിനു കുടുംബങ്ങളിൽ പ്രധാന സ്ഥാനം നൽകിയാൽ കുടുംബങ്ങൾ കൂടുതൽ മനോഹരവും കുലീനവും സ്നേഹമയവും പരിശുദ്ധവും ബഹുമാന്യവും ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. വി. ജോസഫിനെ ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം നമ്മുടെ ഒരു കുടുംബാംഗമാക്കുക. അതിനായി രണ്ടു പ്രായോഗിക കാര്യങ്ങൾ നിർദ്ദേശിക്കാനുണ്ട്. ഒന്നാമതായി വി.േ യൗസപ്പു പിതാവിന്റെ രൂപമോ, ചിത്രമോ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കുക, അതിനു കുടുംബത്തിൽ സവിശേഷമായ സ്ഥാനം നൽകുക. രണ്ടാമതായി കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പു പിതാവിനോട് അനുദിനവും പ്രാർത്ഥിക്കുന്ന ശീലം വളർത്തിയെടുക്കുക. തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ ചെലുത്തിയ ആവിലായിലെ അമ്മ ത്രേസ്യാ പറയുന്നു ചില അവസരങ്ങളിൽ നമ്മൾ വിശുദ്ധരുടെ മധ്യസ്ഥത തേടുമ്പോൾ കാലതാമസം വരുന്നു എന്നാൽ വിശുദ്ധ യൗസേപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ല, ആ പിതാവ് വേഗം സഹായത്തിനെത്തുന്നു. ഏതവസരത്തിലും സാഹചര്യങ്ങളിലും കൃപകൾ വാങ്ങി നൽകാൻ കഴിവുള്ള വിശുദ്ധനാണ് വിശുദ്ധ യൗസേപ്പ്. യൗസേപ്പിതാവിനു തിരുസഭയിൽ നൽകുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ ( Protodulia ) എന്നാണ് ദൈവശാസ്ത്രത്തിൽ അറിയപ്പെടുക. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധൻ എന്നാണ് ഇതർത്ഥമാക്കുക.

വിശുദ്ധ യൗസേപ്പ് നല്ല അപ്പൻ

സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു കർത്തവ്യമായിരുന്നു സ്വപുത്രനെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്കയക്കുക എന്നത്. എന്നാൽ ദൈവപുത്രന്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം യൗസേപ്പിനാണു കൈവന്നത്. അനന്തതയിലുള്ള നിത്യ പിതാവിന്റെ പദ്ധതി ആയിരുന്നു അത്. തീർച്ചയായും എല്ലാ പിതാക്കന്മാരിലും ശ്രേഷ്ഠനാണ് യേശുവിന്റെ വളർത്തപ്പൻ ആ പിതാവിന്റെ ഉദാത്തമായ അഞ്ചു സ്വഭാവ സവിശേഷതകളെ നമുക്കു പരിചയപ്പെടാം.

1. വി. ജോസഫ് നിത്യപിതാവിന്റ വിശ്വസ്തനായ പുത്രൻ ആയിരുന്നു.

ഒരു നല്ല അപ്പനാകാൻ ഒരുവൻ ആദ്യമേ തന്നെ സ്വർഗ്ഗീയ പിതാവിന്റെ അനുസരണമുള്ള , കുലീനമുള്ള സ്നേഹമുള്ള മകനായിരിക്കണം. എല്ലാ പിതാക്കന്മാരും സ്വർഗ്ഗീയ പിതാവിന്റെ തിരുഹിതം നിറവേറ്റാൻ ദിനവും പ്രാർത്ഥിക്കണം. ഒരു ശരിയായ അപ്പനാകാൻ സ്വർഗ്ഗീയ പിതാവിനെ മാർഗ്ഗദർശിയും, ഉറവിടവും, ജീവനും പ്രചോദനവുമായി ഒരാൾ സ്വീകരിക്കണം.വി. ജോസഫിനെപ്പോലെ സ്വർഗ്ഗീയ പിതാവുമായുള്ള ഒരു വ്യക്തിബന്ധം ഓരോ പിതാക്കന്മാരും വളർത്തിയെടുക്കണം.

2. വി. ജോസഫ് വിശ്വസ്തനായ സ്നേഹമുള്ള ജീവിത പങ്കാളിയായിരുന്നു

സഭയുടെ ആരാധനക്രമത്തിൽ പരിശുദ്ധ കന്യകാമറിയത്തെ ജോസഫ് എത്രമാത്രം സ്നേഹിച്ചു എന്നു കാണാവുന്നതാണ്. അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമർപ്പിച്ചവരാണ്. മാനുഷിക വികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവീക വരപ്രസാദം അവരുടെ കുടുംബ ജീവിതത്തെ തേജസുള്ളതാക്കി മാറ്റി. യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ അവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു. ഈ ദൈവസ്നേഹാനുഭവത്തിൽ നിന്നു തന്നെയാണു മക്കളിലേക്കും തലമുറകളിലേക്കും പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്.

3. വി. ജോസഫ് ഒരു നല്ല അധ്യാപകനായിരുന്നു.

യേശുവിന്റെ മാനുഷിക ജീവിതത്തിൽ പല പ്രധാനപ്പെട്ട നല്ല കാര്യങ്ങളും ജോസഫു പഠിപ്പിച്ചു. യേശുവിനെ സംസാരിക്കാനും നടക്കുവാനും പഠിപ്പിച്ചത് ജോസഫാണ്. മരപ്പണി യേശുവിനെ പഠിപ്പിച്ചതും അധ്വാനത്തിന്റെ വില മനസ്സിലാക്കി കൊടുത്തതും വളർത്തപ്പൻ തന്നെയാണ്. യേശുവിനെ പ്രാർത്ഥിക്കാനും സങ്കീർത്തനങ്ങൾ ഉരുവിടാനും പരിശുദ്ധ കന്യകാമറിയത്തോടൊപ്പം ജോസഫും വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാനാവില്ല. മക്കളെ വിശ്വാസ ജീവിതത്തിൽ വളർത്താൻ ജോസഫിനെപ്പോലെ ഓരോ പിതാവിനും ഭാരിച്ച ഉത്തരവാദിത്വമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നതുപോലെ വിശ്വാസ കാര്യങ്ങളിൽ മക്കളുടെ പ്രഥമ അധ്യാപകർ മാതാപിതാക്കൾ തന്നെയാണ്. മക്കളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു നല്ല അധ്യാപകനായിരിക്കണം ഒരു നല്ല അപ്പൻ.

4.വി. ജോസഫ് എപ്പോഴും ഭാര്യക്കും മകനും സംലഭ്യനായിരുന്നു.

കുടുംബത്തിന്റെ ഏതാവശ്യങ്ങളിലും എപ്പോഴും സംലഭ്യനായിരുന്ന അപ്പനായിരുന്നു ജോസഫ്. ജോസഫ് കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചു, കുടുംബത്തിനു വേണ്ടി അധ്വാനിച്ചു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു, അവരോടൊപ്പം സിനഗോഗിലും, ജറുസലേം ദൈവാലയത്തിലും പോയി, കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും പങ്കു ചേർന്നു. കുടുംബത്തോടൊപ്പം സഞ്ചരിച്ച ആ പിതാവാണ് മാനവചരിത്രത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട മരണം കൈവരിച്ച വ്യക്തി – യേശുവിന്റെയും പരിശുദ്ധ മാതാവിന്റെയും കരങ്ങളിൽ മരിക്കാൻ ഭാഗ്യം കൈവന്ന പുണ്യ തേജസ്സ്.

5. വി. ജോസഫ് സ്വയം ബലിയായവൻ

സ്വയം യേശുവിനും മാതാവിനു വേണ്ടി ബലിയായിത്തീർന്ന ബലി വസ്തുവാണ് ജോസഫ്. അതു ഒരു പ്രാവശ്യം ആയിരുന്നില്ല പല പ്രാവശ്യം, അതും സഹനത്തിന്റെ തീവ്ര നിമിഷങ്ങളിൽ. യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻ വി. ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment