ജൂൺ 12 | പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം

ജൂൺ 12 | പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം

ഫാത്തിമായിൽ പരിശുദ്ധ അമ്മ ലൂസിക്ക് പ്രത്യക്ഷപ്പെട്ടതിനുശേഷമാണ് വിമല ഹൃദയത്തോടുള്ള ഭക്തിയ്ക്ക് പ്രചാരം ലഭിച്ചത്. 1916 ൽ സമാധാനത്തിന്റെ മാലാഖ, ഫാത്തിമായിലെ കുട്ടികളോട് പറഞ്ഞു “ഈശോയുടെ തിരുഹൃദയവും മാതാവിന്റെ വിമലഹൃദയവും നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നല്കും ഈശോയുടെ തിരുഹൃദയത്തിന്റെയും അമ്മയുടെ വിമലഹൃദയത്തിന്റെയും അനന്ത യോഗ്യതകളാൽ പാപികളെ മാനസാന്തരത്തിലേക്ക് നയിക്കും. 1936 ൽ ഈശോ സിസ്റ്റർ ലൂസിയോട് പറഞ്ഞു: “തിരുസഭ മുഴുവനും അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്നും, ഈശോയുടെ തിരുഹൃദയം കഴിഞ്ഞാൽ പരിശുദ്ധ കന്യകയുടെ വിമലഹൃദയത്തോടുളള ഭക്തി പ്രചരിപ്പിക്കണമെന്നും”. 1942 മെയ് 31 ന് 12-ാം പീയൂസ് മാർപാപ്പ റഷ്യ ഉൾപ്പെടെയുളള ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു. 1945 ൽ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ സാർവത്രിക സഭയിൽ സ്ഥാപിതമായി. ഈ ഭക്തി തുടരുവാൻ സത്യത്തിന്റെ അടിസ്ഥാനവും നെടുംതൂണും ആയ തിരുസഭയെ നൂറ്റാണ്ടുകളായി പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്തു പോരുന്നു.


വി. ലൂയി മോണ്ട് ഫോർട്ട് പറയുന്നു: “ലോകത്തിന്റെ രക്ഷ പരിശുദ്ധ കന്യകയിലൂടെയാണ് ആരംഭിച്ചത്. അത് അവളിലൂടെ അതിന്റെ പരിപൂർണതയിലെത്തണം. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് നമ്മെ മുഴുവൻ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകത നൂറ്റാണ്ടുകളായി പരിശുദ്ധ മാർപാപ്പമാരും വിശുദ്ധരും ദൈവശാസ്ത്രജ്ഞന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. 1982 ൽ ജോൺ പോൾ 2-ാമൻ മാർപാപ്പ ആധുനിക ലോകത്തെ മുഴുവനും ഫാത്തിമായിലെ മാതാവിന് സമർപ്പിച്ചു. 1984 ൽ ലോകത്തിലെ എല്ലാ വ്യക്തികളെയും ജനങ്ങളെയും വിമല ഹൃദയത്തിന് സമർപ്പിച്ചു. 2013 ഒക്ടോബർ 13 ന് ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽക്കൂടി ലോകത്തെ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യേക സംരക്ഷണത്തിനായി സമർപ്പിച്ചു. അവൾ നമ്മുടെ അമ്മയായതുകൊണ്ട് മക്കളായനമ്മുടെ ആവശ്യങ്ങൾ അവൾക്കറിയാം. സ്വർഗത്തിന്റെ രാജ്ഞിയായതുകൊണ്ട് സ്വർഗീയ രാജാവിന്റെ അമേയമായ ഭണ്ഡാഗാരത്തിലേക്ക് അവൾക്ക് പെട്ടെന്ന് സമീപിക്കാം. ഈശോ ഈ ഭൂമിയിലേക്ക് കടന്നുവരാൻ പരിശുദ്ധ അമ്മയെ സ്വീകരിച്ചതുപോലെ നമുക്ക് ദൈവത്തിലേക്ക്, തന്റെ പുത്രനിലേക്ക് എത്തിച്ചേരാനുളള വഴിയായി അവളെ സ്വീകരിക്കാം. ഫാത്തിമായിൽ പരിശുദ്ധ അമ്മ തന്റെ വിമലഹൃദയത്തിന് നമ്മെ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ പ്രത്യേകമായി ആദ്യത്തെ അഞ്ച് ശനിയാഴ്ചകളിൽ ജപമാല, ധ്യാനം, വി. കുർബാന സ്വീകരണം എന്നിവ പാപികളുടെ മാനസാന്തരത്തിനായും ദൈവത്വത്തിന് എതിരായി ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായും സമർപ്പിക്കുവാൻ നിർദേശിച്ചു. ഈ സമർപ്പണം ജീവിക്കുക എന്നത് അവളിൽ നിറഞ്ഞു നിന്നിരുന്ന പുണ്യങ്ങൾ അഭ്യസിച്ചും ആത്മാക്കളുടെ രക്ഷയ്ക്കായി കൊച്ചു കൊച്ചു ത്യാഗപുഷ്പങ്ങൾ അവളുടെ കയ്യിൽ വച്ചു കൊടുത്തും സാത്താന്റെ ആക്രമണങ്ങളെ ചെറുക്കുവാൻ അവളുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നതിലുമാണ്. വിമലഹൃദയത്തിന്റെ ഭരണം എളുപ്പത്തിൽ സംജാതമാകുന്നതിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ഈ സമർപ്പണം നമ്മിൽ ജീവസ്സുറ്റതാകും. അതുവഴി അമ്മയുടെ അപ്പസ്തോലയും ദാസിയുമായി മാറും. അങ്ങനെ ജീവിക്കുമ്പോൾ ലൂസിയോട് പറഞ്ഞ വാക്കുകൾ നമ്മിലും നിറവേറും. “ഞാൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ വിമലഹൃദയം നിങ്ങൾക്ക് സംരക്ഷണം നല്കും അത് നിങ്ങളെ ദൈവത്തിന്റെ സന്നിധിയിലേക്ക് നയിക്കും. പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണയിൽ ഈശോയുമായുളള ഐക്യത്തിൽ എത്തിച്ചേരുവാൻ ഈ സമർപ്പണം നമ്മെ സഹായിക്കും. അതിനാൽ അമ്മയോട് ചേർന്ന് വിമലഹൃദയപ്രതിഷ്ഠ ചൊല്ലി ഈ തിരുനാളിൽ നമ്മെയും ലോകത്തെയും ഒരിക്കൽ കൂടി വിമലഹൃദയത്തിന് സമർപ്പിക്കാം. (വിമലഹൃദയ പ്രതിഷ്ഠ ചൊല്ലുന്നത് അഭികാമ്യമാണ്.)

നമുക്കു പ്രാർഥിക്കാം

പരിശുദ്ധ അമ്മേ, വിമലഹൃദയനാഥേ, മക്കളായ ഞങ്ങൾ ഒന്നുചേർന്ന് അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങേ വിമലഹൃദയത്തിനുള്ള സമർപ്പണം ഞങ്ങൾ അനുസ്മരിക്കുമ്പോൾ ഞങ്ങൾ അങ്ങയുടെ സ്വന്തമാണെന്നും അങ്ങ് ഞങ്ങളുടെ സ്വന്തം അമ്മയാണെന്നും ഞങ്ങൾ ഏറ്റു പറയുന്നു. അങ്ങേ വിമലഹൃദയ
ത്തിന് അനുയോജ്യമായ വിധത്തിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമെ. കത്തോലിക്കാ വിശ്വാസത്തിനും പ്രത്യേകിച്ച് ദിവ്യകാരുണ്യത്തിനും എതിരായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥലങ്ങളേയും അങ്ങയുടെ സംരക്ഷണത്തിന് ഏൽപ്പിക്കുന്നു. മാനസാന്തരം നൽകി അനുഗ്രഹിക്കണമേ. അങ്ങേയ്ക്കു സമർപ്പിക്കപ്പെട്ട തിരുസഭയേയും എല്ലാ വൈദികരെയും സമർപ്പിതരെയും വിമലഹൃദയത്തിന്റെ സ്വന്തമായി കാത്തുകൊള്ളണമേ. ആമ്മേൻ.

സുകൃതജപം: വിമലഹൃദയനാഥേ, ഞങ്ങളങ്ങയെ സ്നേഹിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment