മെയ് 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം
കത്തോലിക്കാസഭയിലെ മരിയഭക്തിയുടെ പ്രകടമായ ഒരു നിദർശനമാണ് മെയ് മാസം 24-ാം തീയതി നാം ആചരിക്കുന്ന ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ. പരിശുദ്ധ കന്യകയിലൂടെ സഭയ്ക്കും സഭാതനയർക്കും ലഭിച്ച അനുഗ്രഹങ്ങളെ സ്മരിക്കുവാൻ ഈ സംജ്ഞ നമ്മെ സഹായിക്കുന്നു.
ക്രിസ്തുവർഷം 345 ൽ വി. ജോൺ ക്രിസോസ്റ്റം ആദ്യമായി “ക്രിസ്ത്യാനികളുടെ സഹായമായ മറിയം’ എന്ന സംജ്ഞ ഉപയോഗിച്ചതായി പറയുന്നു. 3-ാം നൂറ്റാണ്ടിലെ പേപ്പിറസുകളിൽ പോലും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 1571 ൽ, ലെപ്പന്റോയിൽ വെച്ച് തുർക്കികളും ക്രിസ്ത്യാനികളും തമ്മിൽ നടന്ന യുദ്ധത്തിൽ പീയൂസ് 5-ാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ജപമാല ചൊല്ലി വിജയം വരിച്ചതിന് പ്രതിനന്ദിയായി ഈ തിരുനാൾ ആഘോഷിക്കുകയും മാതാവിന്റെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയമെ’ എന്നു ചേർക്കുകയും ചെയ്തു.
1808 ജൂൺ 5 ന് നെപ്പോളിയൻ 1-ാമന്റെ കല്പന പ്രകാരം 7-ാം പീയൂസ് മാർപാപ്പയെ ബന്ധിക്കുകയും സവോനായിലേക്ക് നാടുകടത്തുകയും ചെയ്തു. നീണ്ട ആറ് വർഷത്തെ പീഡനത്തിന്റെയും വേദനയുടെയും നടുവിൽ നിന്ന് 1814 മാർച്ച് 17 ന് ലെയ്സ്പിഗ് യുദ്ധത്തിനുശേഷം സവോനയുടെ മദ്ധ്യസ്ഥയായ കരുണയുടെ മാതാവിന്റെ തിരുനാളിൽ അദ്ദേഹം സ്വാതന്ത്രനാവുകയും റോമിലേക്ക് തിരിച്ചു വരികയും ചെയ്തു. ഈ യാത്രയിൽ ഉടനീളം പരിശുദ്ധ അമ്മക്ക് സമർപ്പിക്കപ്പെട്ട ദോവാലയങ്ങൾ സന്ദർശിച്ച് അമ്മക്ക് നന്ദി പറഞ്ഞു. നെപ്പോളിയന്റെ പീഡനം സുധീരം നേരിട്ട് വിജയം വരിച്ച് വരുന്ന പരിശുദ്ധ പിതാവിനെ ഒരു നോക്കുകാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചു കൂടി. 1814 മെയ് 24 ന് റോമിൽ എത്തിചേർന്ന മാർപാപ്പയെ വളരെ ആവേശത്തോടെ തന്നെ ജനങ്ങൾ സ്വാഗതം ചെയ്തു. 1815 മെയ് 25 ന് റോമിൽ തിരിച്ചെത്തിയതിന്റെ വാർഷികദിനത്തിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു. 17-ാം നൂറ്റാണ്ടിൽ വി. ജോൺ ബോസ്കോയുടെ നേതൃത്വത്തിൽ ഈ തിരുനാൾ പ്രചുരപ്രചാരം നേടി.ഇന്ന് സലേഷ്യൻ സഭാതനയരിലൂടെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ പല രാജ്യങ്ങളിലേയ്ക്കും വ്യാപിക്കുകയും അനേകർ അമ്മയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. 2007 മെയ് 24 ന് പതിനാറാം ബനഡിക്റ്റ് മാർപാപ്പ ചൈനയിലെ പീഡനമനുഭവിക്കുന്ന മക്കൾക്ക് മാതവിന്റെ സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ട് ഈ തിരുനാൾ ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തു. രണ്ടു കാര്യങ്ങളാണ് തിരുനാൾ നമ്മെ അനുസ്മരിപ്പിക്കുക. ഒന്നാമതായി, വിശ്വാസി എന്ന നിലയിൽ സഭാതനയരുടെ പാപത്തിന് എതിരായുള്ള യുദ്ധത്തിൽ പരിശുദ്ധ മറിയം നൽകുന്ന മാദ്ധ്യസ്ഥ്യം, രണ്ടാമതായി, ഒരു സമൂഹമെന്ന നിലയിൽ തിന്മക്കെതിരായുളള പോരാട്ടത്തിൽ അവളുടെ സഹായവും മാദ്ധ്യസ്ഥ്യവും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 963 ൽ പറയുന്നു: “കന്യകാമറിയം യഥാർഥത്തിൽ ദൈവത്തിന്റെയും രക്ഷകന്റെയും അമ്മയായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു…
അവൾ വ്യക്തമായും ക്രിസ്തുവിന്റെ അവയവങ്ങളുടെയും അമ്മയാണ്; എന്തുകൊണ്ടെന്നാൽ സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ അവയവങ്ങളായ വിശ്വാസികളുടെ ജനനം സാധ്യമാക്കുന്നതിൽ അവൾ തന്റെ സ്നേഹത്താൽ സഹകരിച്ചു. ക്രിസ്തുവിന്റെ അമ്മയായ മറിയം സഭയുടെയും അമ്മയാണ്.
നമുക്കു പ്രാർഥിക്കാം
ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ, അമ്മയുടെ മക്കളായ ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു. “ഓ ദൈവമാതാവേ നിന്നിൽ ആശ്രയിച്ചാൽ ഞാൻ രക്ഷപ്രാപിക്കും. നീ എന്നെ പാലിച്ചാൽ ഞാൻ ഒന്നിനെയും ഭയപ്പെടുകയില്ല. നീ എന്നെ സഹായിച്ചാൽ ശത്രുക്കളെയെല്ലാം ഞാൻ യുദ്ധം ചെയ്തു തുരത്തും. എന്തുകൊണ്ടെന്നാൽ രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നവർക്ക് അവിടുന്ന് നല്കുന്ന ആയുധമാണ് നിന്നോടുളള ഭക്തി (വി. ജോൺ ഡെമാഷീൻ) എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങൾക്ക് ചുറ്റിലും ഉയർന്ന് വരുന്ന തിന്മയുടെ ശക്തികളെയും തെറ്റായ പഠനങ്ങളെയും പാടെ ഉപേക്ഷിച്ച് സഭയെ സ്നേഹിച്ചും ശുശ്രൂഷിച്ചും വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ, ആമ്മേൻ.
സുകൃതജപം: ക്രിസ്ത്യാനികളുടെസഹായമായ മറിയമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.


Leave a comment