ജൂലൈ 16 | പരിശുദ്ധ കർമല മാതാവ്

പാലസ്തീനായിൽ മദ്ധ്യധരണ്യാഴി കടലിലേയ്ക്ക് ഉന്തി നിൽക്കുന്ന ചെറിയൊരു മൊട്ടക്കുന്നാണ് കർമലമല. കർമല സഭയുടെ പ്രത്യേക മദ്ധ്യസ്ഥ എന്ന സ്ഥാനമാണ് പരിശുദ്ധ കന്യകയ്ക്ക് കർമലനാഥ എന്ന പേര് നല്കാൻ കാരണമായത്. ബൈബിളിലെ 1 രാജാക്കന്മാർ 1/16-40 ൽ കർമല മലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ഈ മലയിലുള്ള ഗുഹകളിലാണ് കർമലീത്ത സന്യാസികൾ ജീവിച്ചിരുന്നത്. അതിനാൽ ആദ്യത്തെ കർമലീത്തരായി ഇവരെ കണക്കാക്കുന്നു. അവരുടെ കുടിലുകൾക്ക് മദ്ധ്യത്തിലായി ഒരു ദേവാലയം പണിത് പരിശുദ്ധ അമ്മയ്ക്ക് സമർപ്പണം ചെയ്തു. പരിശുദ്ധ അമ്മ കർമലീത്തർക്കായി നൽകിയ സംരക്ഷണത്തിന്റെ വസ്ത്രത്തോടു ബന്ധപ്പെടുത്തിയാണ് കർമലമാതാവിന്റെ ഭക്തി സഭ യിൽ പ്രചരിക്കുന്നത്. 1251 ജൂലൈ 16-ാം തിയ്യതി അർദ്ധരാത്രിയിൽ കർമലസഭയുടെ അന്നത്തെ പ്രിയോർ ജനറലായ വി. സൈമൺ സ്റ്റോക്ക് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വാനവഗണങ്ങളുടെ അകമ്പടിയോടുകൂടി കർമലമാതാവ് പ്രത്യക്ഷപ്പെട്ട് കർമലോത്തരീയം നൽകിക്കൊണ്ട് പറഞ്ഞു: “എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കർമലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവർ നശിക്കുകയില്ല” അന്നു മുതൽ ഈ തോൾ വസ്ത്രം (സ്കാപ്പുലർ) കർമലീത്തരുടെ വസ്ത്രത്തിന്റെ ഭാഗമായി മാറി. 1726 ൽ ആഗോളസഭയിൽ ഈ തിരുനാൾ ആഘോഷിക്കാൻ തുടങ്ങി.

കാർമൽ ദൈവത്തിന്റെ പൂന്തോട്ടമാണ്. അവിടെ ആഴമായ പ്രാർഥനയും ദൈവത്തിനുവേണ്ടിയുള്ള ദാഹവും, ദൈവത്തിലുള്ള പരിപൂർണ ഐക്യവും ദർശിക്കുന്നു. ഇവയെല്ലാം കർമല അമ്മയിൽ പൂർണമായും തെളിഞ്ഞു കാണുന്നതുകൊണ്ട് അവളെ കർമലയുടെ സൗന്ദര്യമായും റാണിയായും അവരോധിച്ചിരിക്കുന്നു. കർമലീത്താസഭയിലെ ആത്മീയതയിൽ അവഗാഹമുള്ള വിശുദ്ധ മേരി മഗ്ദലിൻ ദേ പാസിയുടെ ഫാദർ ഗബ്രിയേൽ ഒ.സി.ഡി. പറയുന്നു. “കർമല മാതാവിനോടുള്ള ഭക്തി എന്നു പറയുന്നത്, ആന്തരിക ജീവ
തത്തിലേക്കുള്ള ഒരു പ്രത്യേക ക്ഷണമാണ്, മേരിയെപോലെ വചനത്തെ ഹൃദയത്തിൽ ഉപാസിക്കാൻ, ഹൃദയത്തിലും, ആത്മാവിലും അവളെപ്പോലെ ആയിരിക്കാനുള്ള ക്ഷണം’. മറിയത്തിന്റെ ആത്മാവ് ദൈവത്തിനുവേണ്ടി മാത്രം നീക്കിവെയ്ക്കപ്പെട്ട സക്രാരിയാണ്. മാനുഷികത ലവലേശംപോലും അവിടെ സ്പർശിച്ചിട്ടില്ല. ദൈവമഹത്വം മാത്രം ലക്ഷ്യം വച്ചുള്ള തീഷ്ണതയും, മനുഷ്യരക്ഷയിലുള്ള ദാഹവും നിറഞ്ഞ ഹൃദയം. അവളെ അടുത്തനുഗമിക്കുവാൻ ആഗ്രഹിക്കുന്ന ഒരോരുത്തരും അവളുടെ ആത്മീയ ജീവിതത്തെ അതിന്റെ പൂർണ അർഥത്തിൽ പിൻതുടരേണ്ടിയിരിക്കുന്നു. തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നു. കർമലോത്തരീയം മാതാവിന്റെ വസ്ത്രമാണ്. അത് ഒരു സമർപ്പണവും അടയാളവുമാണ്. ജീവിച്ചിരിക്കുമ്പോഴും മരണത്തിനുശേഷവും നമുക്ക് ലഭിക്കുന്ന മാതൃസംരക്ഷണത്തിന്റെ അച്ചാരവും അമ്മയോടുള്ള ബന്ധത്തിന്റെ തെളിവുമാണ്. അടയാളമെന്നവിധത്തിൽ ഇതിൽ മൂന്നു ഘടകങ്ങൾ ഉണ്ട്. ഒന്നാമതായി, പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കർമലീത്താസഭയിലെ അംഗത്വം. രണ്ടാമതായി, പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോടുള്ള ആഴമായ ശരണം, ഭക്തി, സമർപ്പണം. മൂന്നാമതായി, അവളുടെ പ്രാർഥനയുടെയും എളിമയുടെയും വിശുദ്ധിയുടെയും പ്രതീകം. ദൈവത്തിന്റെ പ്രിയ പുത്രിയായതുകൊണ്ട് ദൈവമക്കളായ നമ്മെ സഹായിക്കാൻ അവൾക്ക് കഴിയും. ദൈവത്തിന്റെ കുടുംബത്തിലെ അംഗത്വത്തിലേയ്ക്ക് അവൾ നമ്മെ നയിക്കും. അത് യഥാർഥമായ സമാധാനത്തിലേയ്ക്കുള്ള ഉറപ്പും ശരണവും നമുക്ക് നല്കും.

നമുക്കു പ്രാർഥിക്കാം

വിശുദ്ധ സൈമൺ സ്റ്റോക്കിനോടു ചേർന്ന് നമുക്കും ഏറ്റു ചൊല്ലാം.

കർമല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലഭൂയിഷ്ഠമായ മുന്തിരി, സ്വർഗത്തിന്റെ മഹത്വമേ, ദൈവപുത്രന്റെ പരിശുദ്ധ മാതാവേ, അമലോത്ഭവ കന്യകയേ, എന്റെ ഈ ആവശ്യത്തിൽ എന്നെ സഹായിക്കണമേ. സമുദ്രതാരമേ, ഇപ്പോൾ എന്നെ സഹായിച്ച് എന്റെ മാതാവാണെന്ന് കാണിക്കണമേ. ദൈവമാതാവായ പരിശുദ്ധ മറിയമേ, സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞീ, എന്റെ ഈ ആവശ്യത്തിൽ എന്നെ സഹായിക്കണമെന്ന് എന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്നും സവിനയം ഞാൻ അങ്ങയോടപേക്ഷിക്കുന്നു. അവിടുത്തെ ശക്തിയെ തടയുവാൻ ആരുമില്ല. അവിടുന്ന് മാതാവാണെന്ന് ഇപ്പോൾ കാണിക്കണമേ. അമലോത്ഭവ മറിയമേ, അങ്ങയോടപേക്ഷിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. മധുരമുള്ള അമ്മേ, ഈ കാര്യം ഞാൻ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു, ആമ്മേൻ.

സുകൃതജപം: പരിശുദ്ധ കർമല മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.

Advertisements

Leave a comment