ആഗസ്റ്റ് 2 | മാലാഖമാരുടെ രാജ്ഞി

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം മുഴുവനും മാലാഖമാരോട് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. മംഗളവാർത്ത, ഈശോയുടെ ജനനം, സ്വർഗാരോപണം, കിരീടധാരണം എന്നിവയിലെല്ലാം മാലാഖമാരുടെ സാന്നിദ്ധ്യം നാം ദർശിക്കുന്നു. മാലാഖമാരുടെ രാജ്ഞിയെന്ന നാമം, സ്വർഗരാജ്യത്തിൽ തന്റെ പുത്രൻ രാജാവും അവിടുന്ന് രാജ്ഞിയുമായതിനെ അനുസ്മരിപ്പിക്കുന്നു. സ്വർഗത്തിലെ ദൈവത്തിന്റെ ദൂതരും വ്യക്തികളുടെ സംരക്ഷകരുമായ മാലാഖമാരുടെ രാജ്ഞിയായതിലുള്ള ബഹുമാനവും ഇവിടെ സൂചിതമാണ്. പരിശുദ്ധ മാതാവിന്റെ ലുത്തിനിയായിൽ നാം അവളെ മാലാഖമാരുടെ രാജ്ഞിയെന്ന് വിളിച്ചു പ്രാർഥിക്കുന്നു.

1863 ൽ വി. ബർണാർദിന്റെ സഭയിൽപ്പെട്ട ഒരു സിസ്റ്ററിന് നല്കിയ ദർശനത്തിൽ പരിശുദ്ധ അമ്മ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിച്ചു കൊടുത്തുകൊണ്ട്, പിശാചിനും അവന്റെ സൈന്യത്തിനും എതിരായി യുദ്ധം ചെയ്യുവാൻ മാലാഖമാരെ അയയ്ക്കുവാൻ പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തി. പ്രാർഥനയെന്ന ഒരേയൊരു കാര്യമാണ് നാം ഇതിനായി ചെയ്യേണ്ടത്. മാത്രമല്ല, ഒരു പ്രാർഥന അവൾക്ക് നല്കുകയും ചെയ്തു. പ്രാർഥന ഇങ്ങനെയായിരുന്നു. “സ്വർഗരാജ്ഞിയേ, മാലാഖമാരുടെ മഹത്വമേറിയ നാഥേ, സർപ്പത്തിന്റെ തല തകർക്കുവാൻ വേണ്ട ദൗത്യവും ശക്തിയും ആരംഭം മുതലേ സ്വീകരിച്ചവളേ ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു. അങ്ങയുടെ കല്പനയാൽ സ്വർഗീയ ദൂതരെ അയയ്ക്കണമെ. അങ്ങനെ സത്താന്റെ പ്രവൃത്തികൾക്കെതിരെ പോരാടുവാനുള്ള ശക്തിയാൽ ഞങ്ങളെ നിറയ്ക്കുകയും അവരെ നിത്യനരകത്തിലേക്ക് അയയ്ക്കുകയും ചെയ്യണമേ. എത്രയും പരിശുദ്ധ മാതാവേ, തിന്മയുടെ ശക്തിയെ എതിർക്കുവാനും ഞങ്ങളിൽ നിന്നും അവയെ അകറ്റുവാനും സ്വർഗീയ ദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനും സംരക്ഷണത്തിനുമായി അയയ്ക്കണമേ”.

പോർസ്യൂങ്കുളായിലെ മാലാഖമാരുടെ രാജ്ഞിയുടെ ദേവാലയവുമായി ഈ തിരുനാൾ ബന്ധപ്പെട്ടിരിക്കുന്നതായി പാരമ്പര്യം പറയുന്നു. ഫ്രാൻസിസ്കൻ കലണ്ടർ അനുസരിച്ച് ആഗസ്റ്റ് 2-ൽ അനുസ്മരിക്കുന്ന മാലാഖമാരുടെ രാജ്ഞിയുടെ തിരുനാൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. കാരണം ഫ്രാൻസിസ്കൻ സഭയുടെ ജന്മഗൃഹമായ പോർസ്യൂങ്കുള ദേവാലയം മാലാഖമാരുടെ രാജ്ഞിക്കായിട്ടാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

1045 മുതൽ തന്നെ മാലാഖമാരുടെ ഇടപെടലുമായുള്ള ചരിത്രം ഈ ദേവാലയത്തിനുണ്ട്. ആ വർഷത്തെ സ്വർഗാരോപണ തിരുനാളിൽ മാലാഖമാരുടെ മനോഹരമായ സംഗീതം ആ ദേവലായത്തിൽ ഉയർന്നതായി തദ്ദേശവാസികൾ പറയുന്നു. അന്നത്തെ കാലത്ത് ഈ ദേവാലയം ബനഡിക്റ്റൈൻ ആശ്രമത്തിന്റെ ഭാഗമായിരുന്നു. 1207-ൽ ഫ്രാൻസീസ് അസ്സീസ്സിയ്ക്ക് ഉണ്ടായ ഒരു സ്വപ്നത്തെ കേന്ദ്രീകരിച്ച് അന്നത്തെ ആശ്രമ ശ്രേഷ്ഠൻ ഈ ദേവാലയം അദ്ദേഹത്തിന് നല്കി. ഇവിടെ വച്ചാണ് വി.ഫ്രാൻസീസ് അസ്സീസ്സിക്ക് കർത്താവിന്റെ ദർശനം ലഭിച്ചത്. തന്റെ മാനസാന്തരത്തിനുശേഷം മൂന്നാം വർഷത്തിൽ തകർന്നുകിടന്ന ഈ ദേവാലയം അദ്ദേഹം പുനരുദ്ധരിച്ച് മാലാഖമാരുടെ രാജ്ഞിക്ക് സമർപ്പിച്ചു. 1954 ഒക്ടോബർ 11-ന് പീയൂസ് മാർപാപ്പ മാതാവിന്റെ രാജ്ഞീപദം അംഗീകരിച്ച് പ്രഖ്യാപിച്ചു.

നമുക്ക് പ്രാർഥിക്കാം

സ്വർഗരാജ്ഞിയായ മാതാവേ, നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അനുദിന ജീവിതത്തിൽ മാലാഖമാരുടെ സംരക്ഷണവും സഹായവും ഞങ്ങൾക്ക് ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങളുടെ കാവൽമാലാഖമാർ ദൈവത്തിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കി അവരെ സ്നേഹിക്കുവാനും അവരോടൊപ്പം ജീവിച്ചുകൊണ്ട് വിശുദ്ധിയിൽ മുന്നേറുവാനും ഞങ്ങളെ സഹായിക്കണമേ. മാലാഖമാരേ, മുഖ്യദൂതന്മാരേ ഞങ്ങൾക്കുവേണ്ട സംരക്ഷണം നൽകണമേ. ഓ! മാലാഖമാരുടെ രാജ്ഞീ, മാലാഖമാരോട് ചേർന്ന് ഞങ്ങളുടെ അടുക്കലേയ്ക്ക് വരണമേ ആമ്മേൻ.

സുകൃതജപം: മാലാഖമാരുടെ രജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment