ആഗസ്റ്റ് 5 | മഞ്ഞുമാതാവ്
റോമിലുള്ള ഏഴു കുന്നുകൾ എന്നറിയപ്പെടുന്ന എസ്ക്വിലിൻ കുന്നിൻ മുകളിൽ പണിയപ്പെട്ട സാന്താമരിയ മജോറ എന്ന ദേവാലയം മാതാവിന് സമർപ്പിക്കപ്പെട്ടതിന്റെ ഓർമയാണ് ആഗസ്റ്റ് 5 ന് നാം തിരുസ്സഭയിൽ കൊണ്ടാടുക. ലിബേരിയൂസ് മാർപാപ്പ ഈ ദേവാലയം പണികഴിപ്പിച്ചതുകൊണ്ട് ലിബേരിയൂസ് ബസിലിക്ക എന്നും വിളിക്കാറുണ്ട്. 7-ാം നൂറ്റാണ്ടു മുതൽ മഞ്ഞുമാതാവിന്റെ ബസിലിക്കാ എന്നും അറിയപ്പെടുവാൻ തുടങ്ങി. ഇതിനു പുറകിലുള്ള ഐതിഹ്യം ഇങ്ങിനെയാണ്. ലിബേരിയൂസ് മാർപാപ്പയുടെ ഭരണകാലത്ത് ജോണും അദ്ദേഹത്തിന്റെ ഭാര്യയുമടങ്ങുന്ന ധനാഢ്യരായ ഒരു കുടുംബം ഉണ്ടായിരുന്നു. തങ്ങളുടെ അളവില്ലാത്ത സമ്പത്തിന് അവകാശികളില്ലാതിരുന്നതിനാൽ അതിന്റെ അവകാശിയായി പരിശുദ്ധ അമ്മയെ അവർ തിരഞ്ഞെടുക്കുകയും എങ്ങനെ ഈ സമ്പത്ത് ഉപയോഗിക്കാം എന്ന് അറിവ് ലഭിക്കാൻ തീവ്രമായി പ്രാർഥിക്കുകയും ചെയ്തിരുന്നു. വേനൽക്കാലത്തിന്റെ അത്യുഗ്രമായ ചൂടിൽ മഞ്ഞ് വീഴാൻ സാധ്യതയില്ലാതിരുന്നിട്ടും ക്രിസ്തുവർഷം 352 ആഗസ്റ്റ് 5-ന് എസ്ക്വിലിൻ കുന്നിൻ മുകളിൽ അസാധാരണമായി മഞ്ഞ് വീണത് തദ്ദേശവാസികളിൽ അത്ഭുതമുണർത്തി. പരിശുദ്ധ അമ്മയിൽനിന്നും മുൻകൂട്ടി ലഭിച്ച സന്ദേശമനുസരിച്ച് പരിശുദ്ധ പിതാവും ജോണും കുന്നിൻ മുകളിൽ പോയി മഞ്ഞുവീണ ആ സ്ഥലം ദേവാലയത്തിനായി ഉറപ്പിച്ചു. അങ്ങനെ ലിബേരിയൂസ് മാർപാപ്പയുടെ നേതൃത്വത്തിൽ; പരിശുദ്ധ അമ്മയുടെ നാമത്തിൽ ലോകത്തിൽ ഇന്നുവരെയും സ്ഥാപിതമായിട്ടുള്ള ദേവാലയങ്ങളിൽ വെച്ച് ഏറ്റവും വലിയ ദേവാലയമായ സാന്താ മരിയ മേജർ പണിയപ്പെട്ടു. ഇന്ന് അത് മാതാവിന്റെ ബസിലിക്കയായി അറിയപ്പെടുന്നു. ആദ്യം ഈ തിരുനാൾ ഈ ദേവാലയത്തിൽ മാത്രമായിരുന്നു ആഘോഷിച്ചത്. 14-ാം നൂറ്റാണ്ടുമുതൽ റോമിലുള്ള എല്ലാ ദേവാലയങ്ങളിലും 17-ാം നൂറ്റാണ്ടുമുതൽ ആഗോളസഭയിലും ആഘോഷിക്കുവാൻ തുടങ്ങി. മഞ്ഞ് പൊഴിയുന്നത് സന്തോഷവും ആനന്ദവും നൽകുന്ന ഒന്നാണ്. മഞ്ഞിൽ പുതച്ചു നില്ക്കുന്ന വൃക്ഷലതാദികളും സമതലവും ഒരു സുന്ദരമായ കാഴ്ച തന്നെയാണല്ലോ. ഈ തിരുനാളിന്റെ ദിവ്യബലിമദ്ധ്യേ വെളുത്ത റോസാ പുഷ്പദളങ്ങൾ ദേവാലയത്തിന്റെ സീലിങ്ങിൽനിന്ന് പൊഴിച്ചുകൊണ്ട് മാതാവിൽ നിന്ന് സ്വീകരിക്കുന്ന അനുഗ്രഹങ്ങളെ അനുസ്മരിക്കുന്നു. ഈ ദേവാലയത്തിനുള്ള മറ്റൊരു പ്രത്യേകത ഹെലനാരാജ്ഞി കൊണ്ടുവന്ന യേശുവിന്റെ കുരിശും ഈശോയുടെ പുൽക്കൂടിന്റെ ഒരു ഭാഗവും അവിടെ സൂക്ഷിക്കപ്പെടുന്നു. വി. ലൂക്കാ വരച്ച മാതാവിന്റെയും ഉണ്ണിയുടെയും രൂപമാണ് ഇവിടെ വണങ്ങപ്പെടുന്നത്. വി. മത്തായിയുടെ ശരീരവും വി. ലൂക്കായുടെ ശിരസ്സും മറ്റ് അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകളും ഈ ദേവാലയത്തിൽ സൂക്ഷിക്കപ്പെടുന്നു എന്നതും ഈ ദേവാലയത്തിന്റെ പരിശുദ്ധിയും പ്രത്യേകതയും വിളിച്ചറിയിക്കുന്ന ഒന്നാണ്.
നമുക്ക് പ്രാർഥിക്കാം
ഓ! പരിശുദ്ധയായ കന്യകാമാതാവേ, മഞ്ഞിനേക്കാൾ നിനക്ക് വസിക്കുവാൻ നീ തിരഞ്ഞെടുത്ത വെണ്മയേറിയ സ്ഥലവും സ്വർഗത്തിൽ നിന്ന് മഞ്ഞു പൊഴിച്ച് അനുഗ്രഹിക്കുവാൻ തിരുമനസ്സായല്ലോ. ഓ മാതാവേ, അങ്ങയുടെ അനുഗ്രഹമുള്ള മാദ്ധ്യസ്ഥ്യത്തിലേക്ക് ഞങ്ങളുടെ ആത്മാവിനെയും ജീവിതം മുഴുവനെയും സമർപ്പിച്ച്, സ്വർഗീയ അനുഗ്രഹങ്ങളാകുന്ന തൂമഞ്ഞ് പൊഴിച്ച് അനുഗ്രഹിക്കണമെ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു. അതുവഴി ഈശോയ്ക്കും അമ്മയ്ക്കും വസിക്കാനുള്ള ആലയമായി ഞങ്ങളുടെ ജീവിതങ്ങളെയും മാറ്റണമെ. അങ്ങന ഞങ്ങൾ മുഴുവനും അങ്ങയുടേതാകട്ടെ. സ്നേഹമുള്ള അമ്മേ, പരിശുദ്ധമായ സ്നേഹത്തിന്റെ തൂമഞ്ഞ് ഞങ്ങളിൽ നിറഞ്ഞ് ഞങ്ങളുമായി ഇടപെടുന്നവരിലേക്ക് പകർന്നുകൊടുക്കുവാനും വേണ്ട കൃപ ഇന്നേദിനം ഞങ്ങൾക്ക് നല്കണമെ ആമ്മേൻ.
സുകൃതജപം: ഓ! മഞ്ഞുമാതാവേ, സ്വർഗീയ തൂമഞ്ഞിനാൽ ഞങ്ങളെയും പുതപ്പിക്കണമെ.



Leave a comment