സെപ്റ്റംബർ 12 | പരിശുദ്ധമറിയത്തിന്റെ നാമം
ഹീബ്രുവിലെ മിറിയം’ എന്ന വാക്കിൽ നിന്നാണ് മേരി എന്ന പേരുണ്ടായത്. സ്ത്രീ, സമുദ്രതാരം, പരമാധികാരി, സൗന്ദര്യവതി എന്നൊക്കെ ഈ വാക്കിന് അർഥമുണ്ട്. സമുദ്രതാരം എന്ന നാമം പരിശുദ്ധ കന്യകയ്ക്ക് ഏറ്റവും യോജിച്ചതാണ്. ഒരു നക്ഷത്രം അതിന്റെ രശ്മികൾ ഒട്ടും നഷ്ടപ്പെടുത്താതെ പ്രതിഫലിപ്പിക്കുന്നതുപോലെ തന്റെ കന്യകാത്വം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ദൈവപുത്രന് ജന്മം നല്കിയ അവളെ അങ്ങനെയല്ലാതെ എന്തുവിളിക്കും!
1513 ൽ മറിയത്തിന്റെ മധുരനാമത്തിന്റെ തിരുനാൾ സ്പെയിനിലും 1671 നോടുകൂടി നേപ്പിൾസിലും കൊണ്ടാടുവാൻ തുടങ്ങി. 1683 ലെ വിയന്ന യുദ്ധത്തിൽ മുസ്ലിം ജനതയ്ക്ക് എതിരെ ക്രിസ്ത്യാനികൾ നേടിയ വിജയത്തിന്മേലാണ് ഇന്നസെന്റ് പതിനൊന്നാമൻ മാർപാപ്പ ഈ തിരുനാൾ സ്ഥാപിച്ചത്. ഏകദേശം 550000 വരുന്ന തുർക്കികൾ വിയന്നാ പട്ടണത്തെ വളഞ്ഞ് യൂറോപ്പ് മുഴുവനും ഭീഷണിയായിത്തീർന്നു. ക്രിസ്തുവിശ്വാസിയും മരിയ ഭക്തനുമായ പോളണ്ടിലെ ജോൺ ബോബിയെസ്കി രാജാവ് വിയന്നാ യുദ്ധത്തിൽ ക്രിസ്ത്യാനികളെ സഹായിക്കാൻ തയ്യാറാവുകയും വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് പരിശുദ്ധ കന്യകയുടെ നാമം വിളിച്ചപേക്ഷിച്ച് രാജാവും സൈന്യവും തുർക്കികൾക്ക് എതിരെ മുന്നോട്ടു നീങ്ങുകയും ചെയ്തു. ഭീകരമായ ഒരു ഭയത്താൽ ഗ്രസിക്കപ്പെട്ട് തോറ്റോടിപ്പോകുന്ന തുർക്കി സൈന്യത്തെയാണ് ക്രിസ്ത്യൻ സൈന്യം കണ്ടത്. പരിശുദ്ധ മറിയത്തിലൂടെ ലഭിച്ച സഹായത്തിനും സംരക്ഷണത്തിനും നന്ദി പ്രകാശിക്കുന്നതിനുവേണ്ടിയാണ് ഈ തിരുനാൾ ഇന്ന് സഭയിൽ ആഘോഷിക്കുന്നത്. മറിയത്തിന്റെ ജനനത്തിരുനാൾ കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് ഈ തിരുനാൾ ആഘോഷിക്കുക. 2002 ൽ ജോൺ പോൾ മാർപാപ്പ ഈശോയുടെ നാമത്തിന്റെ തിരുനാളിനോട് ചേർന്ന് ഈ തിരുനാൾ സഭാകലണ്ടറിൽ ഉൾപ്പെടുത്തുകയും ആഗോള കത്തോലിക്കാസഭ മുഴുവനും ആഘോഷിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അനുസ്മരിച്ചുകൊണ്ട് വി. ലോറൻസ് റിച്ചാർഡ് പറയുന്നു,“ യേശുവിന്റെ നാമം കഴിഞ്ഞാൽ ഇതുപോലെ ശക്തമായതും മഹത്വമേറിയതും ആയ നാമം വേറെയില്ല. യേശുക്രിസ്തു കഴിഞ്ഞാൽ പാപമില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്ത ദൈവത്തിന്റെ ആദ്യസൃഷ്ടി ഒരേയൊരു സൃഷ്ടി പരിശുദ്ധ കന്യക മാത്രമാണ്. ആദ്യത്തെ ഹവ്വ ഇതിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ ഹവ്വയായ പരിശുദ്ധ കന്യക മനുഷ്യവർഗത്തിന്റെ മുഴുവൻ അമ്മയായി ദൈവത്താൽ ഉയർത്തപ്പെട്ടു. ഒരിക്കൽ പരിശുദ്ധ കന്യക വിശുദ്ധ ബ്രിജിറ്റിന് വെളിപ്പെടുത്തി, “പിശാചുക്കൾ പോലും മേരിയുടെ നാമം ഉച്ചരിക്കപ്പെടുമ്പോൾ ഭയപ്പെട്ടു ഓടിപ്പോകും. ഒരു പാപി ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് അകന്നിരുന്നാൽ പിശാച് പെട്ടെന്ന് ഓടിപ്പോവുകയില്ല. എന്നാൽ, മാനസാന്തരപ്പെടണം എന്ന ഉറപ്പോടെ മേരിയുടെ നാമം വിളിച്ചാൽ പിശാച് ഉടനെ അവനെ ഉപേക്ഷിച്ചുപോകും. മറിയത്തിന്റെ നാമം കേൾക്കുന്ന മാത്രയിൽ തന്നെ പിശാച് പാപിയുടെ ആത്മാവിൽ മുറുക്കിയിരിക്കുന്ന പിടി വിടും”. യേശുവിന്റെ അമ്മയാകാൻ വേണ്ടി, ഈ ഭൂമിയിൽ ജനിച്ചിട്ടുള്ളതും സ്ത്രീകളിൽ വെച്ച് അനന്യമായ വിധം തിരഞ്ഞെടുക്കപ്പെട്ടവളുമാണ് മറിയം. യുഗങ്ങൾക്കുമുമ്പേ ഏശയ്യാ പ്രവാചകൻ അവളെപ്പറ്റി ലോകത്തോടു പ്രവചിച്ചു. “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവൽ എന്ന് അവൻ വിളിക്കപ്പെടും” (ഏശയ്യ 7:14). അവളുടെ പരിശുദ്ധിയെ അറിയിക്കാൻ സ്വർഗത്തിൽനിന്ന് തന്നെയും മാലാഖ അയയ്ക്കപ്പെട്ടു. മാലാഖയും എലിസബത്തും “നീ സ്ത്രീകളിൽ അനുഗ്രഹീത’ എന്ന് അവളെ വാഴ്ത്തി (ലൂക്കാ1:28) “ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും (ലൂക്കാ1:43) എന്ന് മറിയം തന്നെക്കുറിച്ച് തന്നെ പ്രവചിച്ചു. ഈ അനുഗ്രഹീതനാമം പേർത്ത് പേർത്ത് ചൊല്ലുമ്പോൾ ആരാണ് അനുഗ്രഹീതരാകാത്തത്. പരിശുദ്ധ അമ്മയുടെ മഹനീയനാമം സൗഖ്യദായകമാണ്, ശക്തിദായകമാണ്. അതുകൊണ്ട് മഹത്തരമായ ഈ നാമത്തെ സ്നേഹിക്കാനും ഏറ്റുപറയാനും നമുക്ക് ശ്രമിക്കാം. യേശുനാമത്തോടൊപ്പം ലോകാതിർത്തികൾ വരെ മറിയത്തിന്റെ നാമവും അറിയപ്പെടണം. ജീവിതം മുഴുവനും മരിയ ഭക്തിയിൽ ആയിരിക്കാം. മറ്റുള്ളവരെ മരിയഭക്തിയിലേക്ക് ആനയിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു. “നോക്കുക സമുദ്രത്തിലേയ്ക്ക് … നമ്മുടെ ജീവിതയാത്രയിലെ അപകടങ്ങളിലും വേദനകളിലും സംശയങ്ങളിലും അവളെപ്പറ്റി ചിന്തിക്കുക, അവളെ വിളിക്കുക. അവളുടെ മധുരനാമം നമ്മുടെ അധരങ്ങളിൽനിന്നും പോകാതിരിക്കട്ടെ. നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കട്ടെ. നീ അവളെ അനുഗമിക്കുകയാണെങ്കിൽ വഴി തെറ്റുകയില്ല. അവളോട് പ്രാർഥിച്ചാൽ നീ നിരാശനാവുകയില്ല നിന്റെ ചിന്തകൾ അവളിലേക്ക് തിരിച്ചാൽ നിനക്ക് തെറ്റു പറ്റുകയില്ല. അവൾ നിന്റെ കരം പിടിച്ചാൽ നീ തോറ്റു പോകയില്ല. വീണു പോകയില്ല. അവൾ നിന്നെ നയിക്കുന്നുവെങ്കിൽ നീ ക്ഷീണിക്കുകയില്ല. അവളോട് നിനക്ക് സ്നേഹമുണ്ടെങ്കിൽ നിന്റെ ലക്ഷ്യസ്ഥനത്ത് നീ എത്തിച്ചേർന്നിരിക്കും.
നമുക്കു പ്രാർഥിക്കാം
മറിയം എന്ന മനോഹരനാമത്താൽ അറിയപ്പെടുന്ന അമ്മേ മേരി മാതാവേ, അങ്ങേ മക്കളായ ഞങ്ങൾ ഒന്നുചേർന്ന് നിന്റെ മഹനീയനാമത്തെ ഏറ്റു പറഞ്ഞ് അങ്ങയെ സ്തുതിക്കുന്നു. നിന്റെ പരിശുദ്ധനാമത്തിൽ സ്വർഗം സന്തോഷിക്കുകയും നരകം ഭയപ്പെടുകയും ചെയ്യുന്നല്ലോ. സാത്താന്റെ തലതകർത്ത നിന്റെ മനോഹരനാമം ആപത്തുകളിൽ അഭയവും വേദനയിൽ ആശ്വാസവും, ബലഹീനതകളിൽ ബലവും, രോഗത്തിൽ സൗഖ്യവും, അധൈര്യത്തിൽ ധീരതയും പകർന്നു നല്കുന്നതാണ് എന്ന് ഏറ്റുപറയുന്നു. ഓ! ദൈവത്തിന്റെ മനോഹര പുഷ്പമേ, സ്വർഗീയ സൗന്ദര്യമേ, മാലാഖമാരുടെ ആനന്ദമേ, വിശുദ്ധരുടെ ലഹരിയേ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. പരിശുദ്ധരാജ്ഞീ, കരുണയും വാത്സല്യവും നിറഞ്ഞ അമ്മേ, അങ്ങേ നാമത്തെ ഞങ്ങൾ ഒന്നുചേർന്ന് വാഴ്ത്തിപ്പുകഴ്ത്തുന്നു ആമ്മേൻ.
സുകൃതജപം: ദൈവകൃപ നിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി.



Leave a comment