അവിയാനോയിലെ വാഴ്ത്തപ്പെട്ട മാർക്കോ: ഓട്ടോമൻ സാമ്രാജ്യ ഭീഷണിയിൽ നിന്നു യുറോപ്പിനെ വിമോചിപ്പിച്ചവൻ
കപ്പുച്ചിനോ കാപ്പിയുടെ പേരിനു പിന്നിലെ പ്രേരകശക്തി
ആഗസ്റ്റ് മാസം പതിമൂന്നാം തീയതി തിരുസ്സഭ അവ്യാനോയിലെ വാഴ്ത്തപ്പെട്ട മാർകോയുടെ തിരുനാൾ ആഘോഷിക്കുന്നു. മാർക്കോ ഓഫ് അവിയാനോ, കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറിഎന്നൊക്കെ അദ്ദേഹം അറിയപ്പെടുന്നു.
ഇറ്റലിയിലെ അവിയാനോയിൽ പാസ്ക്വേൽ ക്രിസ്റ്റോഫോറിയുടെയും റോസ സനോനിയുടെയും മകനായി 1631 നവംബർ 17നു മാർക്കോ ജനിച്ചു കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി എന്നായിരുന്നു അവൻ്റെ ആദ്യനാമം. കാർലോ ചെറുപ്പം മുതലേ, വിശുദ്ധരുടെ കഥകളിൽ അഗാധമായ താൽപര്യം കാണിച്ചിരുന്നു. വീട്ടിലിലും ഇറ്റലിയിലെ ഗോറിസിയയിൽ ഈശോ സഭക്കാർ നടത്തിയിരുന്ന സ്കൂളിലുമായി വിദ്യാഭാസം പൂർത്തിയാക്കിയ കാർലോ
പതിനാറാം വയസ്സിൽ ക്രീറ്റിലേക്ക് ഒരു യാത്ര പുറപ്പെട്ടു. വെനീസ് ഓട്ടോമൻ തുർക്കികളുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയമായിരുന്നു അത്. മുസ്ലീങ്ങളോട് ക്രിസ്തുമതം പ്രസംഗിക്കുകയും രക്തസാക്ഷിത്വം വരിക്കുകുമായിരുന്നു ആ കൗമാരക്കാരൻ്റെ ഉദ്ദേശം. കുറച്ച് ദിവസത്തെ കാൽനടയാത്രയ്ക്ക് ശേഷം, ഭക്ഷണവും പാർപ്പിടവും തേടി അവൻ കപ്പോഡിസ്ട്രിയയിലുള്ള (ഇന്നത്തെ സ്ലോവേനിയ) ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ എത്തി. ഫ്രാൻസിസ്കൻ സഹോദരങ്ങൾ കാർലോയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും ഭക്ഷണം നൽക്കുകയും ചെയ്തു. അവൻ അവരോപ്പം പ്രാർത്ഥിക്കുകയും വീട്ടിലേക്ക് മടങ്ങാൻ ഉപദേശിക്കുകയും ചെയ്തു. അവരുടെ ഉപദേശം അനുസരിച്ച് കാർലോ തൻ്റെ കുടുംബത്തിലേക്ക് മടങ്ങി.
ആശ്രമത്തിൽ ചെലവഴിച്ച സമയം കാർലോയുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. 1648-ൽ ഇറ്റലിയിലെ കൊനേലിയാനോയിലെ കപ്പൂച്ചിൻ സഭയിൽ നവസന്യാസിയായി ചേരുകയും 1649ൽ മാർക്കോ എന്ന സന്യാസ നാമം സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. 1665 സെപ്തംബർ 18-ന് മാർക്കോ പുരോഹിതനായി അഭിഷിക്തനായി. 1664-ൽ ഇറ്റലിയിലുടനീളം സുവിശേഷം പ്രസംഗിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു.
1672-ൽ ഇറ്റലിയിലെ ബെല്ലൂനൊയിലെ ആശ്രമത്തിൻ്റെ ശ്രേഷ്ഠനായി മാർക്കോ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം, 1674-ൽ ഇറ്റലിയിലെ ഒതേർസോയിലുള്ള ഭവനത്തിൻ്റെ മേലധികാരിയായി.
1676 സെപ്തംബർ 8-ന് ഇറ്റലിയിലെ പാദുവയിലെ ഒരു ആശ്രമത്തിൽ സുവിശേഷം പ്രസംഗിക്കുന്ന അവസരത്തിൽ 13 വർഷമായി കിടപ്പിലായിരുന്ന സിസ്റ്റർ വിൻസെൻസ ഫ്രാൻസെസ്കോണിക്കുവേണ്ടി മാർക്കോ പ്രാർത്ഥന നടത്തി. അത്ഭുതകരമായി അവൾ സുഖം പ്രാപിച്ചു. ഈ സംഭവം വളരെ വേഗം നാടെങ്ങും പ്രചരിക്കയും അത്ഭുതങ്ങളും രോഗശാന്തികളും തേടി മാർക്കോ അച്ചൻ്റെ അടുത്തേക്ക് ധാരാളം വിശ്വാസികൾ വരുകയും ചെയ്തു.
മാർക്കോയുടെ പ്രശസ്തി ചക്രവർത്തിയുടെ അടുത്തും എത്തി ഉയരങ്ങളിലെത്തി. ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം ഓസ്ട്രിയയിലെ ചക്രവർത്തിയായ ലിയോപോൾഡ് ഒന്നാമൻ്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകനായി മാർക്കോ അച്ചൻ ശുശ്രൂഷ ചെയ്തു. ഇന്നസെൻ്റ് പതിനൊന്നാമൻ മാർപാപ്പ അദ്ദേത്തെ ഓസ്ട്രിയയിലെ പേപ്പൽ പ്രതിനിധിയായും, അപ്പോസ്തോലിക് ന്യൂൺഷ്യോയായും നിയമിച്ചു.
ഓട്ടോമൻ തുർക്കിയിൽ നിന്ന് വിയന്ന നഗരത്തെ മോചിപ്പിച്ചതാണ് മാർക്കോയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്.
യൂറോപ്പിൽ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ദ്രുതഗതിയിലുള്ള വികാസത്തെ എതിർക്കുന്നതിന് ക്രിസ്ത്യൻ രാജ്യങ്ങളുടെ ഹോളി ലീഗ് പുനഃസൃഷ്ടിക്കാൻ ഇന്നസെൻ്റ് പതിനൊന്നാമൻ മാർപ്പാപ്പയെ സഹായിച്ചത് മാർക്കോ അച്ചനാണ്. 1683 സെപ്‌റ്റംബർ 12-ലെ നിർണായക യുദ്ധത്തിൻ്റെ തലേന്ന് ഓസ്ട്രിയിലെ കാളെൻബർഗ് പർവതത്തിലെ സൈനീക പാളയത്തിൽ ആർപ്പിച്ച വി. കുർബാനയ്‌ക്കിടയിലെ സുവിശേഷ പ്രസംഗത്തിൽ ആക്രമണകാരികൾക്കെതിരെ ക്രിസ്‌തീയ സഹോദരങ്ങളെയും അവരുടെ വിശ്വാസത്തെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഉജ്ജ്വല പ്രസംഗം
ക്രിസ്‌തീയ സൈനികരെ ഉത്തേജിപ്പിച്ചു.
ഹോളി ലീഗിൻ്റെ വൻ വിജയത്തോടെയും തുർക്കി സൈന്യത്തിൻ്റെ പിൻവാങ്ങലോടെയും യുദ്ധം അവസാനിച്ചു.
1683 മുതൽ 1689 വരെ, മാർക്കോ സൈന്യത്തോടൊപ്പം ഉപദേഷ്ടാവും ചാപ്ലിനും ആയി ജോലി ചെയ്തു. അക്കാലത്ത് എല്ലാ റാങ്കിലുള്ള സൈനികർക്കും ആത്മീയ മാർഗനിർദേശവും പിന്തുണയും അദ്ദേഹം നൽകി. 1686 സെപ്റ്റംബർ 2-ന് ബുഡയുടെയും 1688 സെപ്റ്റംബർ 6-ന് ബെൽഗ്രേഡിൻ്റെയും വിമോചന ചർച്ചകളിൽ മാർക്കോ നിർണായക പങ്ക് വഹിച്ചു.
യൂറോപ്പിലുടനീളം, യുദ്ധം ചെയ്യുന്ന കത്തോലിക്കാ ശക്തികൾക്കിടയിൽ ഐക്യം വളർത്തിയെടുക്കാൻ മാർക്കോ വിശ്രമമില്ലാതെ അധ്വാനിച്ചു. . ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ഭീഷണി ഉയർത്തിക്കാട്ടുകയും ദൈവിക ജ്ഞാനം നിറഞ്ഞ ഉപദേശങ്ങളാൽ യുറോപ്പിലെ ക്രിസ്ത്യൻ നേതാക്കളെ സ്വാധിനിക്കുകയും ചെയ്തു.
കപ്പുച്ചിനോ എന്ന പേരിനു പിറകിൽ
ലോക പ്രശസ്തമായ കപ്പുച്ചിനോ എന്ന കാപ്പിക്കു പിന്നിൽ മാർക്കോ അച്ചനോടുള്ള ബഹുമാനവും അദ്ദേഹം അംഗമായിരുന്ന കപ്പൂച്ചിൻ സഭയോടുള്ള ആദരവും ഉണ്ട്. ഇതു സംബന്ധിച്ച് പല ഐതീഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് താഴെ ചേർക്കുന്നു.
യൂറോപ്യൻ സൈന്യത്തിന് മുന്നിൽ ഓട്ടോമൻ സാമ്രാജ്യം പിൻവാങ്ങിയപ്പോൾ അവർ തങ്ങളുടെ കയ്പേറിയ കാപ്പിപ്പൊടി ചാക്കുകൾ ഉപേക്ഷിച്ചുപോയി . ഇത് കൂടുതൽ രുചികരമാക്കാൻ ക്രിസ്ത്യൻ പട്ടാളക്കാർ അതിൽ തേനും പാലും കലർത്തിയെന്നും തത്ഫലമായുണ്ടാകുന്ന പാനീയത്തിൻ്റെ നിറം മാർക്കോ അച്ചൻ്റെ സന്യാസസഭയായ കപ്പൂച്ചിൻ സഭയുടെ വസ്ത്രത്തിൻ്റെ നിറത്തോടു സാമ്യമായതിനാൽ കപ്പുച്ചിനോ എന്ന പേരു നൽകി എന്നുമാണ് ഒരു ഐതിഹ്യം.
മാർക്കോ അച്ചൻ 1699 ഓഗസ്റ്റ് 13 ന് ഓസ്ട്രിയയിലെ വിയന്നയിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. 2003 ഏപ്രിൽ 27-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. വാഴ്ത്തപ്പെട്ട മാർക്കോ ദൈവത്തിൻ്റെ വിശ്വസ്ത ദാസനായി തീക്ഷ്ണതയോടെ സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ ക്രിസ്ത്യൻ വിശ്വാസത്തെ സംരക്ഷിക്കുന്നതിനുമായി പോരാടുവുകയും വിശ്വസ്ത നയതന്ത്രജ്ഞനായും നിലകൊള്ളുകയും ചെയ്തു.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment