നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന

‘ഇത് നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന ആണ്…’ എന്ന് ഒരു അറിയിപ്പ് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ…..

‘ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ’….. ‘ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് ദയ തോന്നണമേ… അങ്ങയുടെ കാരുണ്യാധിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായിച്ചു കളയണമേ’ ……

ഇങ്ങനെ, ദിവ്യബലിയിലെ ഓരോരോ പ്രാർത്ഥനയിലും നന്ദിപ്രകരണത്തിലും യാചനകളിലും എത്ര വികാരനിർഭരമായും അർത്ഥപൂർണ്ണമായും ആയിരിക്കും പിന്നെ നമ്മൾ പങ്കുചേരുക.

‘ഇനി ഒരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ’ എന്നത് casual ആയി പറയാൻ പറ്റുമോ പിന്നെ നമുക്ക്?

നമ്മൾ പങ്കെടുക്കുന്ന ദിവ്യബലി യോഗ്യതയോടെ അർപ്പിക്കാൻ വേണ്ട കൃപക്കായി… ഇനിയങ്ങോട്ടുള്ള ജീവിതം വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപക്കായി…. ഒക്കെ നമ്മൾ യാചിക്കുന്നുണ്ടായിരിക്കാം… എന്നാലും , ഈ ഒരു ചിന്ത കൂടി seriously നമുക്കുള്ളിൽ ഉണ്ടെങ്കിൽ, വിശുദ്ധ കുർബ്ബാനയിലെ ഒരു പ്രാർത്ഥന പോലും അലക്ഷ്യമായി നമ്മൾ ചൊല്ലില്ല.

We just cannot take things for granted, even if they come easily to us. കോവിഡ് വ്യാപനസമയത്ത് വിശുദ്ധ കുർബ്ബാനക്ക് പോകാൻ പറ്റാതെ എത്ര സങ്കടമായിരുന്നു. ശരിയായ അന്ത്യകൂദാശ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന സങ്കടം ഉണ്ടായിരുന്നു. കത്തോലിക്കാജീവിതം നയിക്കാതിരുന്നവർ പോലും കുമ്പസാരിക്കാനും സഭയോട് ചേർന്നിരിക്കാനും ആഗ്രഹിച്ചു. പക്ഷേ ദുരന്തങ്ങളുടെ സീസൺ കഴിയുമ്പോൾ, വിശുദ്ധ കുർബ്ബാന അധികം ബുദ്ധിമുട്ടില്ലാതെ കിട്ടിതുടങ്ങുമ്പോൾ, ഇത്തിരി ജാഗ്രത കുറയാൻ സാധ്യത ഉണ്ട്.

ഇന്ന് ഷിൻസ് അച്ചന്റെ സംസ്കാരവേളയിലെ ഓൺലൈൻ കുർബ്ബാനയിൽ പങ്കെടുത്തപ്പോഴാണ്, ഓരോ പ്രാർത്ഥനകളും പറയുമ്പോൾ ഇത് ഷിൻസ് അച്ചൻ അർപ്പിച്ച അവസാനത്തെ കുർബ്ബാന യിൽ ആണെങ്കിൽ എന്തൊരു അർത്ഥപൂർണ്ണമാണ് എന്ന ചിന്ത വന്നത്. ഓരോ പ്രാർത്ഥനയും ഷിൻസ് അച്ചൻ പറയും പോലെ ഞാൻ ഭാവനയിൽ കണ്ട് വിശുദ്ധ കുർബ്ബാന കൂടി. ഇപ്പൊ അത് നിങ്ങളോടും ഒന്ന് പങ്കുവെക്കാൻ തോന്നി.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment