ആഗസ്റ്റ് 21 | നോക്കിലെ മാതാവ്
ഐയർലന്റിന്റെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്ന നോക്കിലുള്ള വിശുദ്ധ സ്നാപകയോഹന്നാന്റെ പള്ളിയിൽ 18, ആഗസ്റ്റ് 11-ന് പ്രത്യക്ഷപ്പെട്ട മാതാവാണ് നോക്കിലെ മാതാവ്. ദർശനം ഇപ്രകാരം വിവരിക്കുന്നു. 1919 ലെ ഒരു സായാഹ്നത്തിൽ നോക്ക് പള്ളിയിലെ ദേവാലയസൂക്ഷിപ്പുകാരി മേരി മാഗ്ളിൻ പതിവില്ലാതെ വളരെയധികം പ്രശോഭ യിൽ കുളിച്ചു നില്ക്കുന്ന ദേവാലയത്തിന്റെ തെക്കുവശത്തെ ചുമർ കണ്ട് അതിശയപ്പെട്ടു. മൂന്ന് രൂപങ്ങൾ ആ പ്രകാശത്തിൽ അവൾക്ക് ദൃശ്യമായി.മുന്നോട്ട് ചെന്നപ്പോൾ ആ രൂപങ്ങൾ അവൾ വ്യക്തമായി കണ്ടു. ഉടനെ അവളുടെ സ്നേഹിതയായ മാർഗരറ്റ് ബയന്റെ വീട്ടിലേക്ക് അവൾ ഓടി അരമണിക്കൂറിനു ശേഷം മേരിയും, മാർഗരറ്റിന്റെ സഹോദരി മേരിയും കൂടെ വീട്ടിലേക്ക് പോകുമ്പോൾ അവൾ ഈ ദർശനം വ്യക്തമായി കണ്ടു. ഈ സംഭവം വീട്ടുകാരോട് പറയുവാൻ മേരി ബ്രയൻ വീണ്ടും വീട്ടിലേക്ക് ഓടി. എന്നാൽ മേരി മാഗ്ളിൻ വീക്ഷിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ ഒരു കൂട്ടം ജനം അവിടെ ഓടിക്കൂടി. ഇത് നേരിൽ ദർശിച്ച ഗ്രാമവാസികളിലെ പാട്രിക് ഹില്ലും ജോൺ ഹാരിയും ഈ രൂപങ്ങൾ ജീവനുള്ളതു പോലെയായിരുന്നു എന്നു പറഞ്ഞു. എന്നാൽ അവരോട് ഒന്നും സംസാരിച്ചില്ലെങ്കിലും അവർ അറിയാതെതന്നെ അവരുടെ അടുക്കലേക്ക് ആകർഷിക്കപ്പെട്ടു. ദർശനം കണ്ടു കൊണ്ടിരുന്നവർ ആഴമായ വിശ്വാസത്തോടെ രണ്ട് മണിക്കൂറോളം ജപമാല ചൊല്ലിക്കൊണ്ടിരുന്നു. പരിശുദ്ധകന്യകയും, അവരുടെ ഭർത്താവായ വി. യൗസേപ്പും, സുവിശേഷകനായ ജോണും വലിയൊരു പ്രകാശത്തിൽ പ്രത്യക്ഷപ്പെട്ടു. ജോണിന്റെ ഇടതുവശത്ത് പിന്നിലായി ഒരൾത്താരയും ഉണ്ടായിരുന്നു. അതിൽ കുഞ്ഞാടിന്റെയും കുരിശിന്റെയും രൂപത്തെ ആരാധിക്കുന്ന, തിളങ്ങുന്ന ചിറുകുകളോടു കൂടിയ മാലാഖമാർ. ഭൂമിയിൽ നിന്ന് രണ്ട് അടി ഉയർന്ന് ഒരു വ്യക്തിയുടെ പൂർണരൂപത്തിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അമ്മ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തി കരങ്ങൾ ഉരത്തോളം ഉയർത്തിപ്പിടിച്ച് അഗാധമായ പ്രാർഥനയിലായിരുന്നു. വെളുത്ത വസ്ത്രവും തലയിൽ വെയിലും കുരിശാകൃതിയിൽ തിളങ്ങുന്ന ഒരു കിരീടവും ധരിച്ചിരുന്നു. അവളുടെ വെയിലിനും കിരീടത്തിനും മദ്ധ്യത്തിലായി സ്വർണനിറത്തിലുള്ള ഒരു റോസും ഉണ്ടായിരുന്നു. വി.യൗസേപ്പിതാവ്, പ്രായം ചെന്ന്, താടിയും മുടിയും നരച്ച രൂപത്തിൽ വെള്ളനിറത്തിലുള്ള മേലങ്കി ധരിച്ച് മാതാവിന്റെ വലതുവശത്ത് നിന്നിരുന്നു. വി. യോഹന്നാൻ നീളമുള്ള ഒരു ഉടുപ്പും,തലയിൽ തൊപ്പിയും കയ്യിൽ തുറന്നു പിടിച്ച് ഒരു പുസ്തകവുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ദർശനത്തിന്റെ സമയം മുഴുവനും ഈ മൂന്നു രൂപങ്ങളും സാവധാനം ചലിച്ചു കൊണ്ടിരുന്നു.പിറ്റേദിവസം ഒരു കൂട്ടം ഗ്രാമവാസികൾ ഇടവക വികാരിയെ സന്ദർശിച്ച് ഈ വിവരം ധരിപ്പിക്കുകയും അവർ ആർച്ച്ബിഷപ്പിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ദർശനത്തിനുശേഷം ആർച്ച് ബിഷപ്പ് ജോൺ മക്റൈൽ സഭാപരമായ അന്വേഷണം നടത്തി. ദേവാലയത്തിൽ ഉണ്ടായിരുന്ന 15 പേരും ചോദ്യം ചെയ്യപ്പെട്ടു. വിശ്വസനീയവും, സംതൃപ്തിജനകവുമായിരുന്നു അവരുടെ മറുപടികൾ. 1936-ൽ സ്ഥലത്തെ ആർച്ച് ബിഷപ്പ് ഈ ദർശനത്തെ അംഗീകരിച്ചു. പിന്നീട് പരിശുദ്ധ സിംഹാസനവും ഈ ദർശനം ഔദ്യോഗികമായി അംഗീകരിച്ചു. പീയൂസ് 12-ാമൻ മാർപാപ്പാ 1945 ലും ജോൺ 23-ാമൻ മാർപാപ്പാ 1960 ലും പോൾ ആറാമൻ മാർപാപ്പ 1974 ലും ഈ ദർശനത്തെ അംഗീകരിക്കുകയുണ്ടായി. 1979-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ദർശനത്തെ ബഹുമാനിച്ച് അവിടെ ഒരു ബസിലിക്ക സ്ഥാപിച്ചു. ഈ ദർശനം, നോക്കിലുള്ളവർക്കും ലോകം മുഴുവനും പ്രത്യാശയുടെയും, ആശ്വാസത്തിന്റെയും ശക്തിയുടെയും സന്ദേശം നല്കുന്നതായിരുന്നു. തുടർന്ന് ഐയർലന്റിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ അവിടെ തടിച്ചു കൂടുവാൻ തുടങ്ങി. ധാരാളം രോഗശാന്തികളും അത്ഭുതങ്ങളും ഉണ്ടാകുകയും ചെയ്തു. ഇത് നോക്കിലെ മാതാവിനോടുള്ള ഭക്തി വളരുവാൻ കാരണമായി. 1994 ൽ മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധ ജോണിന്റെയും പൂർണകായ പ്രതിമകൾ അവിടെ പ്രതിഷ്ഠിച്ചു.
നമുക്കു പ്രാർഥിക്കാം
ഐർലന്റിന്റെ രാജ്ഞിയായ നോക്കിലെ മാതാവേ,വേദനയുടെയും നിരാശയുടെയും നിമിഷത്തിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നുവല്ലോ. “ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും; അന്വേഷിപ്പിൻ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്കു തുറന്നുകിട്ടും എന്ന് അങ്ങേ ദിവ്യപുത്രന്റെ വാക്കനുസരിച്ച് നീ അനേകായിരങ്ങളെ വിശ്വാസത്തോടെ പ്രാർഥിക്കുവാൻ പ്രേരിപ്പിക്കുന്നുവല്ലോ. സ്വർഗീയ യാത്രയിലെ തീർഥാടകരാണ് ഞങ്ങൾ എന്ന് ഓർക്കണമെ. ഞങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങളോട് കരുണയും സ്നേഹവും പ്രദർശിപ്പിക്കുവാൻ അങ്ങേ സ്നേഹം കൊണ്ട് ഞങ്ങളെ നിറയ്ക്കണമെ. ഞങ്ങളുടെ രോഗങ്ങളിലും വേദനകളിലും ഞങ്ങളെ ആശ്വസിപ്പിക്കണമെ. വിശുദ്ധ കുർബാനയിൽ ഏറ്റവും ഭക്തിപൂർവം പങ്കെടുക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെ. ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. ആമ്മേൻ.
സുകൃതജപം: നോക്കിലെ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ.



Leave a comment