ഒരു കുട്ടി ഒരു കുല പഴം ചുമന്നുകൊണ്ട് പോവുകയായിരുന്നു. ഒരു വൃദ്ധൻ അവനെ പിടിച്ചുനിർത്തി ചോദിച്ചു,
“എനിക്ക് കുറച്ച് പഴം തരുമോ? നല്ല വിശപ്പ്. ഭയങ്കര ക്ഷീണവും “.
ആ കുട്ടി വാഴക്കുല നിലത്ത് വെച്ച് അതിൽ നിന്ന് മൂന്ന് പഴം ഉരിഞ്ഞ് അയാൾക്ക് കൊടുത്തു. പക്ഷേ എന്തോ മാലിന്യം കയ്യിൽ കിട്ടിയ പോലെ അയാൾ മുഖം കോട്ടിക്കൊണ്ട് അവനോട് പറഞ്ഞു, ” ശ്ശേ, ഇത് അധികം പഴുത്തിട്ടില്ലല്ലോ. ഞാൻ ഇതെങ്ങനെ കഴിക്കും?”
അയാളുടെ നീരസം കണ്ട് കുട്ടി പകച്ചുപോയി. എങ്കിലും അവൻ സൗമ്യതയോടെ തന്നെ പറഞ്ഞു, “ക്ഷമിക്കണം. എന്റെ വീട്ടിൽ നന്നായി പഴുത്ത കുറച്ചു പഴം ഇരിപ്പുണ്ട്. നിങ്ങൾ കുറച്ചു വെയ്റ്റ് ചെയ്യുമെങ്കിൽ ഞാൻ അത് വേഗം എടുത്തുകൊണ്ടു വരാം”.
“ശരി, വേഗം വേണം” അനിഷ്ടത്തോടെ അയാൾ പറഞ്ഞു. കുട്ടി ആ വാഴക്കുലയും കൊണ്ട് പറ്റാവുന്ന വേഗത്തിൽ നടന്നു വീട്ടിൽ പോയി. നന്നായി പഴുത്ത മൂന്ന് പഴങ്ങൾ എടുത്ത് ഓടിവന്നു. ചിരിച്ചുകൊണ്ട് കിതപ്പോടെ വൃദ്ധന് കൊടുത്തു.
പക്ഷേ ഒട്ടും നന്ദിയില്ലാത്ത വൃദ്ധന്റെ മുഖത്ത് ദേഷ്യം മിന്നിമറഞ്ഞു.
” ഇതെന്ത് കഷ്ടമാണ്. ഇത്രയും പഴുത്ത പഴം എന്തിനാ എനിക്ക്? എടാ ചെക്കാ, നിന്ക്ക് കണ്ടാൽ അറിയില്ലേ എനിക്ക് നല്ല പ്രായമുണ്ടെന്ന്? ഇത് തിന്നിട്ട് എന്റെ വയറ് കേടാക്കാൻ ആണോ? “
കുട്ടി എന്താണ് പറയേണ്ടതെന്നറിയാതെ അയാളുടെ പേരുമാറ്റം കണ്ട് വിഷമത്തിലായി. എങ്കിലും പറഞ്ഞു, “താങ്കൾക്ക് വേണ്ടത് ചെയ്തുതരാൻ പറ്റാത്തതിൽ ക്ഷമിക്കണം. വേറെ എന്തെങ്കിലും ഞാൻ ചെയ്യണോ?
” ഒരു കാര്യം ചെയ്യ്, നിന്റെ കയ്യിൽ ആദ്യം ഉണ്ടായ പഴം ഇല്ലേ? അത് കൊണ്ടുവാ. നാളത്തേക്ക് അത് പഴുക്കുമായിരിക്കും. പിന്നൊരു കാര്യം, വേഗം വേണം. എനിക്ക് നിന്ന് നിന്ന് കാല് വേദനിക്കുന്നു “. അക്ഷമയോടെ അയാൾ പറഞ്ഞു.
എങ്ങനെയെങ്കിലും അയാളെ ഒന്ന് സംതൃപ്തനാക്കാൻ വേണ്ടി കുട്ടി വീണ്ടും വീട്ടിലേക്കോടി. ആദ്യം കയ്യിലുണ്ടായിരുന്ന പഴം എടുത്ത് കിതച്ചുകൊണ്ട് ഓടി വന്നു. പക്ഷേ ആ വയസ്സൻ പിന്നെയും ദേഷ്യപ്പെട്ടു.
” നീ എന്ത് പതുക്കെയാണ് കാര്യങ്ങൾ ചെയ്യുന്നത്. എനിക്ക് പഴം തിന്നാനുള്ള ആഗ്രഹം തന്നെ പോയി. നിന്റെ പഴം കൊണ്ട് പോയെ ഇവിടുന്ന്” അയാൾ ആക്രോശിച്ചു.
കുട്ടി വിറച്ചുപോയി അയാളുടെ ദേഷ്യം കണ്ട്. പക്ഷേ അടുത്ത നിമിഷം ആ വൃദ്ധന്റെ ചുളിഞ്ഞ മുഖത്ത് ചിരി പടരുന്നത് കണ്ട് അമ്പരന്നു. അയാൾ കുട്ടിയുടെ പുറത്തു തട്ടിക്കൊണ്ട് ശാന്തമായി പറഞ്ഞു,
” മോനെ, ജീവിതത്തിലെ ചില വലിയ പാഠങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ പറ്റില്ല, അത് അനുഭവിച്ചു തന്നെ അറിയണം. നീ എനിക്ക് കൊണ്ടു തന്ന എല്ലാ പഴവും നല്ലതായിരുന്നു. പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ വളരെ വൈകി മാത്രം മനസ്സിലാക്കിയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിന്നെ പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്. ഈ ജീവിതത്തിൽ നമ്മൾ കടന്നുപോകുന്ന വഴികളിൽ, ചിലരൊക്കെ അങ്ങനെയായിരിക്കും, നിന്നെ ഒന്നിനും കൊള്ളാത്ത പോലെ, നീ അത്ര പോരാ എന്ന പോലെ, അവർ എപ്പോഴും നിന്നോട് പെരുമാറും. നീ ഓർത്തു വെക്കേണ്ട ഒരു കാര്യം, നീ എത്ര ശ്രമിച്ചാലും ചിലരെയൊന്നും തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും പറ്റില്ല. നിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമത്തിനിടയിൽ, അല്ലെങ്കിൽ സ്വകാര്യജീവിതത്തിൽ ഒക്കെ, നിന്റെ സമാധാനവും ആത്മവിശ്വാസവും നഷ്ടപ്പെടും, ഇക്കാര്യം മനസ്സിൽ വെച്ചില്ലെങ്കിൽ. ചില ആളുകൾക്ക് നടന്നുപോകാനായി നീ താഴെ കിടന്ന് നിന്റെ ചുമല് കാണിച്ചുകൊടുത്താൽ പോലും, അവർക്ക് നടക്കാൻ നീ ആവശ്യത്തിന് നിരപ്പാക്കി കൊടുത്തില്ല എന്നും പറഞ്ഞു അവർ പരാതിപ്പെട്ടെന്ന് വരും. അതുകൊണ്ട് മറ്റ് ആളുകളെ സന്തോഷിപ്പിക്കാൻ കഴിയാത്തതിലും അവരുടെ നല്ല വാക്ക് കേൾക്കാൻ പറ്റാത്തതിലും , നീ ഒരുപാട് വിഷമിക്കരുത്. നീ നീയായി തന്നെ ജീവിക്കുക. നിനക്ക് ശരി എന്ന് തോന്നുന്നത് പ്രവർത്തിക്കുക “…
Translated by Jilsa Joy


Leave a comment