ക്രിസ്റ്റ്യൻ കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, “ഈശോ അപ്പസ്തോലൻമാരായി മുക്കുവരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
അതിലൊരു മുക്കുവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു, “കരയിലൂടെ യാത്ര ചെയ്യുന്നവർ വഴികളുണ്ടാക്കും. പിന്നാലെ വരുന്നവരും ആ വഴിയിലൂടെ തന്നെ നടന്നു നടന്ന് അതൊരു റോഡ് ആയി മാറും. കുറച്ചു കഴിയുമ്പോൾ കല്ലു പതിച്ച, ടാറിട്ട, റോഡാവും അത് “.
“വെള്ളത്തിലൂടെ യാത്ര ചെയ്യുന്നവർ, പണിയെടുക്കുന്നവർ വഴികളുണ്ടാക്കാറില്ല. എപ്പോഴും ഒരേ ദിശയിലൂടെ സഞ്ചരിക്കാറുമില്ല. എവിടെയാണോ മീനുണ്ടെന്ന് തോന്നുന്നത് അങ്ങോട്ടാണ് അവർ പോവുക”.
“ഈശോ സഭയെ നയിക്കാൻ, മുക്കുവനായ പത്രോസിനെ തിരഞ്ഞെടുത്തു. മറ്റ് അപ്പസ്തോലന്മാരാവാൻ കൂടുതലും മുക്കുവരെ തന്നെ തിരഞ്ഞെടുത്തു കാരണം അവൻ തന്റെ സഭയോട്, അവർ എപ്പോഴും ഒരേ വഴിയിലൂടെ തന്നെ പോകാനോ, ഒരിക്കൽ പോയ വഴിയിൽ കല്ല് പാകി മിനുസപ്പെടുത്താനോ, ശ്രദ്ധിക്കണമെന്നില്ലെന്ന് പറയാൻ ആഗ്രഹിച്ചു. പകരം, ആളുകളും പ്രശ്നങ്ങളും എവിടെയാണോ അവിടേക്കാണ്.. വീണ്ടും വീണ്ടും പഴയ സ്ഥലങ്ങളിലേക്കല്ല… പുതിയ ഇടങ്ങളിലേക്കാണ് അവർ പോകേണ്ടത് “


Leave a comment