ഒരു ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിലെത്തി. അയാൾ ആദ്യം ശ്രദ്ധിച്ച കാര്യം, ഒരു നീണ്ട ഷെൽഫിൽ കുറേ വിചിത്രങ്ങളായ സാധനങ്ങൾ ഇരിക്കുന്നതായിരുന്നു.
‘എന്താണത്? “അയാൾ ചോദിച്ചു. “സൂപ്പുണ്ടാക്കാനുള്ള എന്തെങ്കിലും ആണോ?”
“അല്ല ” മറുപടി വന്നു. ” അത് ചെവികളാണ്. ഭൂമിയിൽ മുൻപ് ജീവിച്ചുമരിച്ചുപോയ കുറെ ആളുകളുടേതാണ്. അവർ ജീവിച്ചിരുന്ന കാലത്ത്, നല്ലവരാകാൻ എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരാളം കേട്ടിരുന്നു. പക്ഷേ കാര്യമായ ശ്രദ്ധയൊന്നും അതിന് കൊടുത്തില്ല. അതുകൊണ്ട് അവർ മരിച്ചുകഴിഞ്ഞപ്പോൾ അവരുടെ ചെവികൾ മാത്രം സ്വർഗത്തിലേക്ക് പോന്നു, പക്ഷേ ബാക്കി ശരീരത്തിന് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല!”
കുറച്ചു കൂടി നടന്നപ്പോൾ ആ കൃഷിക്കാരൻ വേറൊരു ഷെൽഫ് കണ്ടു. അതിലും അയാൾക്ക് മനസ്സിലാകാത്ത എന്തൊക്കെയോ സാധനങ്ങൾ ആയിരുന്നു കിടന്നിരുന്നത്. “അപ്പോൾ ഇതൊക്കെയോ ? മനസ്സിലാവുന്നില്ലല്ലോ എന്താണെന്ന് “.
“ഓ, അതോ? അതെല്ലാം നാവുകളാണ്. നന്നാവാനും നന്മ ചെയ്യാനുമൊക്കെ ആളുകളോട് നിരന്തരം പറഞ്ഞ് നടന്നിരുന്ന കുറേ മനുഷ്യരുടേത്. പക്ഷേ മറ്റുള്ളവരോട് നന്നാവാൻ ഉപദേശിച്ചിരുന്നെങ്കിലും അവർ സ്വയം അതൊന്നും ചെയ്യാൻ ശ്രമിച്ചില്ല. അതുകൊണ്ട് അവർ മരിച്ചപ്പോൾ അവരുടെ നാവുകൾ മാത്രം സ്വർഗ്ഗത്തിലേക്കെത്തി, ശരീരത്തിന് പ്രവേശനം ലഭിച്ചില്ല!”
Translated by Jilsa Joy ( The Millennium Stories)


Leave a comment