വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ
ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം.
1) സമ്പത്തിൻ്റെയും പ്രശസ്തിയുടെയും പിറകെ നടന്ന 20 വർഷങ്ങൾ
1581 ഏപ്രിൽ 24 ന് ഫ്രാൻസിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ജനനം. പാവപ്പെട്ടവരോടുള്ള അനുകമ്പയിൽ ഭുവന പ്രശസ്തനായ വിൻസെൻ്റിനു തൻ്റെ എളിയ ചുറ്റുപാടുകൾ അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. പുരോഹിതനായാൽ കുടുംബത്തിനു നല്ലതായിരിക്കുമെന്നും കരുതി പുരോഹിതരാകാൻ തീരുമാനിച്ചു. ഒരിക്കൽ പിതാവു വിൻസെൻ്റിനെ കാണാൻ സെമിനാരിയിൽ എത്തിയെങ്കിലും പിതാവിൻ്റെ എളിയ ചുറ്റുപാടുകൾ അംഗീകരിക്കാൻ തയ്യാറാകാത്ത വിൻസെൻ്റ് അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. പത്തൊമ്പതാം വയസ്സിൽ പുരോഹിതനായ വിൻസെൻ്റ് ആദ്യ വർഷങ്ങളിൽ വരേണ്യവർഗ്ഗവുമായി മാത്രമാണ് ഇടപെട്ടിരുന്നത്. നർമ്മബോധവും ബുദ്ധികൂർമ്മതയും സൗന്ദര്യം സമ്പന്നരുടെ ഇടയിൽ അവരുടെ പ്രിയപ്പെട്ടവനാക്കി.
2) വിൻസെൻ്റിനെ ഒരിക്കൽ തട്ടിക്കൊണ്ടുപോയി
ഒരിക്കൽ കടൽകൊള്ളക്കാർ വിൻസെൻ്റിനെ പിടികൂടി. 1605-ൽ വിൻസെന്റ് ഒരു സമ്പന്നനായ ഒരു ഉപകാരി സമ്മാനമായി നൽകിയ സ്വത്ത് വിൽക്കാനുള്ള യാത്രയിലായിരുന്നു.യാത്രയ്ക്കിടെ, കടൽക്കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി വടക്കൻ ആഫ്രിക്കയിലെ ടുണീഷ്യയിലേക്ക് കൊണ്ടുപോയി. അടിമയായി വിൽക്കപ്പെട്ട അദ്ദേഹം രണ്ടു വർഷം കൊള്ളക്കാരുടെ പിടിയിലായിരുന്നു. ഈ കാലഘട്ടത്തിൽ വിൻസൻ്റ് ദൈവത്തോടു തീഷ്ണമായി പ്രാർത്ഥിക്കുകയും , തന്റെ ജീവൻ രക്ഷിക്കയും മോചിതനാകുകയും ചെയ്താൽ, ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ദരിദ്രരുടെ സേവനത്തിനായി നീക്കിവയ്ക്കുമെന്ന് ദൈവത്തോടു വാഗ്ദാനം ചെയ്യുകയും ചെയ്തു.
3) വിൻസെന്റ് ഡി പോൾ ഒരു സമൂഹ്യ സംഘാടകനായിരുന്നു.
ആഫ്രിക്കയിൽ നിന്ന് രക്ഷപ്പെട്ട വിൻസെന്റ് പിന്നീട് ഫ്രാൻസിലെ ഗ്രാമീണ പള്ളികളിലാണ് സേവനമനുഷ്ഠിച്ചത്. അവിടെ വിൻസെൻ്റച്ചൻ കണ്ട ദാരിദ്ര്യം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ദരിദ്ര സമൂഹത്തിൽ ജോലി കണ്ടെത്താൻ കഴിയാതെ ആളുകൾ പട്ടിണി മൂലം മരിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. പാവപ്പെട്ടവർക്കായി വിഭവങ്ങൾ ശേഖരിക്കാനും സമ്പന്നരെ സാമ്പത്തിക സഹായം നൽകാൻ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. സമ്പന്നരായ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തി വീടുതോറും കയറിഇറങ്ങി ഫർണിച്ചർ, ഭക്ഷണം, വസ്ത്രം എന്നിവ പാവപ്പെട്ടവർക്കായി ശേഖരിക്കാൻ ആരംഭിച്ചു. അതിനായി പല ഗ്രൂപ്പുകൾ സംഘടിപ്പിച്ചു. കേട്ടറിഞ്ഞ മറ്റ് ഇടവകളും ഇതേ രീതി തുടർന്നു. താമസിയാതെ, ഫ്രാൻസിലെമ്പാടും ഈ മാതൃക വ്യാപിച്ചു.
4) ജീവിതകാലത്തു തന്നെ വിൻസെന്റ് ഡി പോൾ ഒരു ഇതിഹാസമായിരുന്നു.
ചെറുപ്പകാലത്തെ തെറ്റുകൾക്ക് പ്രത്യേകിച്ച് സമ്പത്തിലും പ്രശസ്തിയിലും ശ്രദ്ധ കേന്ദ്രീകരണം എന്നിവ മോശം വിശ്വാസ ജീവിതത്തിലെ പാളിച്ചകളാണന്നു വിൻസെൻ്റ് മനസ്സിലാക്കി. തത്ഫലമായി, വിൻസെന്റിയൻസ് (Vincentians) അഥവാ congregation of Mission എന്ന പേരിൽ പുരോഹിതരുടെ ഒരു സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. ദരിദ്രരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി ജീവിതം സമർപ്പിക്കുക ആയിരുന്നു ഈ സഭയുടെ ലക്ഷ്യം. അതിനു ശേഷം ലൂയിസ് ഡി മാരിലാക്കിനൊപ്പം ( Louise de Marillac) ചേർന്ന് സ്ത്രീകൾക്കായി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭ സ്ഥാപിച്ചു. സഭാ സ്ഥാപനത്തോടെ പ്രവർത്തനങ്ങൾ വിപുലമായി ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ചു. തടവുകാരെയും അടിമകളെയും സേവിക്കുന്നതിനായി വിൻസെൻ്റ് അവസാന വർഷങ്ങൾ നീക്കിവച്ചു, മുൻ അടിമയെന്ന നിലയിൽ തന്റെ പ്രത്യാശയുടെ കഥ അവരുമായി പങ്കുവെച്ചു. മരിക്കുമ്പോൾ യൂറോപ്പിലുടനീളം അദ്ദേഹം അറിയപ്പെടുന്ന വ്യക്തിതിയായിരുന്നു .
1660 സെപ്തംബർ 27-ന് രാവിലെ നാല് മണിക്ക് എഴുപത്തിയൊമ്പതാം വയസ്സിൽ അന്തരിച്ച വിൻസെൻ്റിൻ്റെ നാമകരണ നടപകടികൾ 1705 ജനുവരി 5-ന് പാരീസിൽ ആരംഭിച്ചു. 1727 സെപ്തംബർ 22-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. 1729 ഓഗസ്റ്റ് 13-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വിൻസൻ്റിനെ എട്ട് വർഷത്തിന് ശേഷം 1737ജൂൺ 16-ന് ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.1885-ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ ഉപവി പ്രവർത്തനങ്ങളുടെ സാർവത്രിക മധ്യസ്ഥനായി പ്രഖ്യാപിച്ചു
5) സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സ്ഥാപകൻ വിശുദ്ധ വിൻസെൻ്റല്ല
വിശുദ്ധ വിൻസെൻ്റി മരണശേഷം 150 വർഷങ്ങൾ കഴിഞ്ഞാണ് സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ ആരംഭിച്ചത്. ഫ്രെഡറിക് ഓസനം ഉപവി പ്രവർത്തനങ്ങൾക്കായി ഒരു സൊസൈറ്റി സ്ഥാപിച്ചപ്പോൾ ഉപവി പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ പേരു നൽകി. ക്രിസ്തുവിനെ ദരിദ്രരിൽ കാണാനും ദരിദ്രർക്ക് ക്രിസ്തുവാകാനുള്ള ദൗത്യമാണ് വിൻസെന്റ് ഡി പോൾ സോസേറ്റിക്കുള്ളത്.
6) വിൻസെൻ്റ് ഡി പോൾ വളരെ കോപാകുലനായ വ്യക്തിയായിരുന്നു.
വിൻസെൻ്റ് ഡി പോൾ വളരെ കോപാകുലനായിരുന്നു. പലപ്പോഴും കോപം മാറുന്നതിനും അദ്ദേഹം നിരന്തരം പ്രാർത്ഥിച്ചിരുന്നു നിരവധി വർഷത്തെ പ്രാർത്ഥനയുടെ ഫലമായും പാവപ്പെട്ടവരുടെ ഇടയിലുള്ള പ്രവർത്തനം വഴിയായും വിൻസെൻ്റ് പുണ്യവാൻ ആർദ്രതയും അനുകമ്പയും ആർജ്ജിച്ചെടുത്തുഎന്നാണ് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത്.
7) ജീവിതം മാറ്റിമറിച്ച കുമ്പസാരം
വിൻസെന്റ് ഫ്രാൻസിലെ ഗോണ്ടി കുടുംബത്തിന്റെ അദ്ധ്യാപകനും കുമ്പസാരക്കാരനുമായിരുന്നു . 1617 ജനുവരി മാസത്തിൽ ഗോണ്ടി കുടുംബത്തിൻ്റെ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന മരണാസന്നനായ ഒരാളെ വിൻസെൻ്റച്ചൻ കുമ്പസാരിപ്പിച്ചു. പാപങ്ങളിൽനിന്നെല്ലാം മോചിതനായ ആ മനുഷ്യൻ മരിക്കുന്നതിനു മുമ്പ് ഗോണ്ടികുടുംബത്തിലെ പ്രഭ്വിയെ വിളിച്ചു നന്ദിപറയുകയും കുമ്പസാരിച്ചില്ലായിരുന്നെങ്കിൽ താൻ നരകത്തിൽ നിപതിച്ചേനെ എന്നറിയിക്കുകയും ചെയ്തു. ഈസംഭവം വിശുദ്ധൻ്റെ ജീവിതത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അന്നുമുതൽ പാവപ്പെട്ടവരെ തേടി ഗ്രാമങ്ങളിലേക്കു പോവുകയും അവരെ കുമ്പസാരിപ്പിക്കുകയും ചെയ്യുക പതിവാക്കി.
8) അഴുകാത്ത ശരീരം
പാരീസിലെ സെന്റ് വിൻസെന്റ് ഡി പോളിന്റെ പള്ളിയിൽ വിശുദ്ധൻ്റെ അഴുകാത്ത ശരീരം സൂക്ഷിച്ചുണ്ട്. അദ്ദേഹത്തിൻ്റെ ഹൃദയവും എല്ലുകളും അല്പംപോലും നശിക്കാത്ത രീതിയിലാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment