ഡിസംബർ 8 | പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം

പരിശുദ്ധ അമ്മയെ സംബന്ധിച്ചുള്ള നാല് വിശ്വാസ സത്യങ്ങളിൽ ഒന്നാണ് മാതാവിന്റെ അമലോത്ഭവം. ഡിക്രി പറയുന്നു. ഉത്ഭവത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ ആദ്യപാപത്തിൽനിന്ന് അവൾ സംരക്ഷിക്കപ്പെടുകയും വരപ്രസാദത്താൽ നിറയപ്പെടുകയും ചെയ്തു. വ്യക്തിപരമായതും, പാരമ്പര്യമായി ലഭിച്ചതുമായ പാപക്കറകളിൽ നിന്നും അവൾ സ്വതന്ത്രയായിരുന്നു. മറിയത്തിന്റെ അമലോത്ഭവം യേശുവിന്റെ മനുഷ്യാവതാരമായി നാം തെറ്റിദ്ധരിക്കരുത്. യേശുവിന്റെ മനുഷ്യാവതാരം മറിയത്തിന്റെ അമലോത്ഭവത്തിന്റെ ഒരാഘോഷമായി കാണാവുന്നതാണ്. 1476 ഫെബ്രുവരി 28 ന് സിക്സ്റ്റസ് നാലാമൻ മാർപാപ്പ ലത്തീൻ സഭയിൽ ആകമാനം ഈ തിരുനാളിന് അനുമതി നല്കി. 1854 ഡിസംബർ 8 ന് ഒമ്പതാം പീയൂസ് മാർപാപ്പ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 1858 മാർച്ച് 25 ന് ലൂർദിൽ വിശുദ്ധ ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട് പരിശുദ്ധ അമ്മ പറഞ്ഞു “ഞാൻ അമലോത്ഭവയാണ്”.

പഴയ ഹവ്വായെപ്പോലെ സർപ്പത്തെ വിശ്വസിക്കാതെയും ദൈവത്തിന്റെ ദൂതനിൽ കലർപ്പില്ലാത്ത വിശ്വാസമർപ്പിച്ചുകൊണ്ടും പുതിയ ഹവ്വ പുരുഷനെ അറിയാതെ പരിശുദ്ധാത്മാവിന്റെ ആവാസം മൂലം വിശ്വാസവും അനുസരണവും വഴി നിത്യപിതാവിന്റെ സുതന് ലോകത്തിൽ ജന്മം നൽകി. (തിരുസഭ 63) ദൈവത്താൽ കൃപാവരംകൊണ്ട് നിറയ്ക്കപ്പെട്ട മറിയം, അവളുടെ ഉത്ഭവ നിമിഷം മുതൽ തന്നെ രക്ഷിക്കപ്പെട്ടവളാണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. പീയൂസ് 9-ാമൻ മാർപാപ്പ 1854 -ൽ പ്രഖ്യാപിച്ച “അമലോത്ഭവം’ എന്ന വിശ്വാസസത്യം ഏറ്റു പറയുന്നത് ഇതാണ്, “അനന്യമായ ദൈവകൃപയാലും സർവശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവർഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിർത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽനിന്നും പരിരക്ഷിക്കപ്പെട്ടു’ (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം 491). വി. ജർമാനൂസ് ഇങ്ങനെ പ്രാർഥിച്ചു “മറിയമേ, പ്രസാദവരസംപൂരിതേ, സ്വസ്തി. നീ എല്ലാ പരിശുദ്ധരെക്കാളും പരിശുദ്ധയാകുന്നു. മാടപ്പിറാവേ സ്വസ്തി. നിന്റെ ശോഭയേറിയ ചിറകുകൾ പരിശുദ്ധാരൂപിയുടെ നിറപ്പകിട്ടിനെ പ്രതിബിംബിപ്പിക്കുന്നു”.

നമുക്കു പ്രാർഥിക്കാം

ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ, അതുല്യ വിശുദ്ധിയുടെ തേജസ്സിനാൽ പ്രശോഭിതയായ കന്യകാമറിയമേ, അങ്ങ് സ്വപുത്രന്റെ യോഗ്യതകളെ മുൻനിർത്തി കൂടുതൽ ഉന്നതമായ രീതിയിൽ രക്ഷിക്കപ്പെട്ടവളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്രിസ്തുവിൽ സ്വർഗീയമായ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട അമ്മേ, അമലോത്ഭവ മാതാവേ, അങ്ങേ മക്കളായ ഞങ്ങൾ ഒന്നുചേർന്ന് അങ്ങയെ സ്തുതിക്കുന്നു. ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ, പാപികളായ ഞങ്ങൾക്ക് അങ്ങ് എന്നും തുണയാണല്ലോ! പരിശുദ്ധനായ ദൈവപുത്രന് ജന്മം നൽകുവാൻ തിരഞ്ഞെടുക്കപ്പെട്ട കന്യകയേ, അങ്ങേ പരിശുദ്ധിനിറഞ്ഞ ജീവിതത്തിനു മുൻപിൽ ഭക്ത്യാദരവോടെ ഞങ്ങൾ നിൽക്കുന്നു. അങ്ങേ വിശുദ്ധിയുടെ വെണ്മയാൽ ഞങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കണമേ. ആമ്മേൻ.

സുകൃതജപം: അമലോത്ഭവ മാതാവേ, ആത്മശരീരവിശുദ്ധി പാലിക്കുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment