ഉണ്ണീശോയെ സ്വന്തമാക്കാൻ | December 05

വചനം

“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.” (ലൂക്കാ 1 : 30- 32)

വിചിന്തനം

രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ സവിശേഷമായ രീതിയിൽ ഓർക്കുന്ന കാലമാണല്ലോ ആഗമന കാലം. പരിശുദ്ധ കന്യകാമറിയത്തെ പ്രകീർത്തിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന പൗരസ്ത്യ സഭാ പിതാവ് വിശുദ്ധ അപ്രേം ഇപ്രകാരം എഴുതി. ”തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും പൂർണസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു…. എന്റെ കർത്താവേ, നിന്നിലും നിന്റെ അമ്മയിലും യാതൊരു മാലിന്യവും ഇല്ലെന്ന് ഞാൻ ഏറ്റുപറയുന്നു… ” വിശുദ്ധ അപ്രം വീണ്ടും മറിയത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ടു എഴുതി “മറിയത്തെപ്പോലെ ഏതൊരമ്മയ്ക്കാണ് തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ മകനെന്നും സ്രഷ്ടാവിന്റെ സുതനെന്നും വിളിക്കുവാന്‍ സാധിക്കുക”. മാലാഖ അരുളിയ വചനത്തിൽ വിശ്വസിച്ച മറിയം അത്യുന്നതിൻ്റെ ഈ ഭൂമിയിലെ ജീവിതത്തിൽ പൂർണ്ണ പങ്കാളിയായി. മറിയത്തോടു ചേർന്നു മാത്രമേ ആഗമന കാലത്തു പുണ്യത്തിൽ വളരാനും പുരോഗമിക്കാനും കഴിയു.

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ, അത്യുന്നതൻ്റെ പുത്രൻ്റെ മാതാവാകുവാൻ പരിശുദ്ധ കന്യകാമറിയത്തെ നീ തിരഞ്ഞെടുത്തുമില്ലാ. ആ അമ്മയുടെ ദൈവ വിശ്വാസവും വിശുദ്ധിയും ഈശോയുടെ തിരുപ്പിറവിക്കൊരുങ്ങുന്ന ഞങ്ങൾക്കു വെളിച്ചം പകരട്ടെ. പൂർണ്ണമായ സ്നേഹവും നിലയ്ക്കാത്ത ഉപവി പ്രവർത്തികളും നിതാന്തമായ പ്രത്യാശയും ആഗമനകാലത്തിലെ ദിനങ്ങളിൽ ഞങ്ങൾക്കു സമൃദ്ധമായി നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

സുകൃതജപം

പുൽക്കൂട്ടിലെ അമ്മേ, ഉണ്ണിശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ.

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment