വലിയ സഹനത്തിലൂടെ കടന്നുപോയപ്പോൾ

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും.

(യാക്കോബ്‌ 4 : 😎

**********

വളരെയധികം ശാരീരികവും മാനസികവും ആത്മീയവുമായ ബുദ്ധിമുട്ടുകളിലൂടെ ഈശോയുടെ ഹിതപ്രകാരം കടന്നു പോയ ഒരു ഫെബ്രുവരിക്കാലം കഴിഞ്ഞു മാർച്ചിലെ ഒരു ദിവസം വന്നെത്തി.

ഒരു രോഗാവസ്ഥയിലൂടെ കടന്നു പോയി, വീട്ടിൽ ഒട്ടും വയ്യാതെ കട്ടിലിൽ തന്നെ കിടക്കുന്ന ജീവിതപങ്കാളിയെ പരിശുദ്ധ അമ്മയെ നോക്കാൻ ഏല്പിച്ചു ടൗണിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങി.

പോകും വഴി കുറച്ചു ദൂരം എന്റെ മകനും കൂടെ നടക്കാൻ ഉണ്ടായിരുന്നു.

ഞങ്ങൾ സംസാരിച്ചത്

വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.

എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.

മത്തായി 18 : 19-20

എന്ന വചനത്തെ പറ്റി ആയിരുന്നു.

നടക്കും വഴി കൈകൾ കോർത്തു പിടിച്ചു ഞങ്ങളുടെ കുടുംബത്തിൽ ഈശോയുടെ ഹിതമെങ്കിൽ ഒത്തിരി സഹനത്തിലൂടെ കടന്നു പോകുന്ന പപ്പയുടെ രോഗാവസ്ഥ ഈശോയുടെ നാമത്തിൽ മാറിപോകട്ടെ എങ്കിലും ഈശോയുടെ ഹിതം മാത്രം നടക്കട്ടെ എന്നും ചെറിയ വാചകങ്ങളിൽ ഞങ്ങൾ പ്രാർത്ഥിച്ചു.

ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന ഓരോരോ ചെറുതും വലുതുമായ കാര്യങ്ങളും ഈശോ തന്നെ സ്വഹിത പ്രകാരം നിയന്ത്രിച്ചു നടത്തുന്നതിനും അതിനായി ഞങ്ങൾ ഈശോയെ വിശ്വസിച്ചു അവിടുത്തെ പദ്ധതികൾ നടപ്പിലാക്കുന്നതിനു സമ്മതം കൊടുക്കുന്നത് വഴി അവിടുന്ന് മഹത്വപ്പെടുന്നതിനും ഇടയാകുന്നതിനായി ഞങ്ങൾ പ്രാർത്ഥിച്ചു ആമേൻ പറഞ്ഞു.

കുഞ്ഞു കാര്യങ്ങൾക്ക് നന്ദി പറഞ്ഞു.

ഇതെല്ലാം കഴിഞ്ഞു ഞങ്ങളുടെ സംസാരം യൗസേപ്പിതാവിനെ കുറിച്ചായി.

ഫെബ്രുവരിക്കാലത്തു പല ദിവസങ്ങളിലും ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നപ്പോൾ വീട്ടിൽ ആയിരുന്ന ജീവിതപങ്കാളിയെയും കുഞ്ഞുങ്ങളെയും പരിശുദ്ധ അമ്മയെ ആയിരുന്നു നോക്കാൻ ഏല്പിച്ചത്.

“മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു.”

(ലൂക്കാ 1 : 56)

ഞാനില്ലാതിരുന്ന സമയം അമ്മ നന്നായി വീട്ടിലെ കാര്യങ്ങളെല്ലാം ഏറ്റവും നന്നായി നോക്കുകയും ചെയ്തു.

(ഫെബ്രുവരി മുതൽ മൂന്നു മാസത്തെ കണക്കു നോക്കിയാൽ മാതാവ് മെയ് മാസം വരെ വീട്ടിൽ കാണുമെന്ന് ഞാൻ നേരത്തെ മനസിൽ കണ്ടിരുന്നു )

അപ്പോൾ ഹോസ്പിറ്റലിൽ എനിക്ക് കൂട്ടായി ഫെബ്രുവരി മുതൽ ഞാൻ യൗസേപ്പിതാവിനെ കൂടെ കൂട്ടി തുടങ്ങി.

എല്ലാവരും യൗസേപ്പിതാവിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിലൂടെ യൗസേപ്പിതാവിനെ അടുത്ത് അറിഞ്ഞപ്പോഴാണ് നേരത്തെ ഈ പിതാവിനെ എന്റെ സ്വന്തമായി കൂടെ കൂട്ടേണ്ടതായിരുന്നു എന്നെനിക്ക് തോന്നി തുടങ്ങിയത്.

ദൈവപിതാവിന്റെ ഭൂമിയിലെ പ്രതി രൂപം പോലെ ദൈവപുത്രനായ ഈശോയെ സ്നേഹിച്ച യൗസേപ്പിതാവ്…

പരിശുദ്ധ അമ്മയെ ഏറ്റവും ബഹുമാനിച്ച യൗസേപ്പിതാവ്

തന്നെ കൊണ്ടാവും വിധം അവരെ രണ്ടുപേരെയും പരിചരിച്ചു സ്നേഹിച്ചു അനുദിനം അധ്വാനിച്ചു പരിപാലിച്ച സ്നേഹപിതാവ്

ഈശോയും മാതാവും അർഹിക്കുന്ന വിധത്തിൽ അവരെ സ്നേഹിക്കാനും അവർക്ക് സൗകര്യങ്ങൾ കൊടുക്കാനും തന്നെ കൊണ്ട് കഴിയുന്നില്ലല്ലോ എന്ന് വിഷമിച്ചു ദൈവപിതാവിങ്കലേയ്ക്ക് അപ്പോഴപ്പോൾ തിരിഞ്ഞിരുന്നവൻ.

മിക്ക പെൺകുട്ടികൾക്കും കുറ്റമോ കുറവുകളൊ പരിഗണിക്കാതെ അവരുടെ അപ്പനെ ആണേറെയിഷ്‌ടം. അപ്പന്റെ സാന്നിധ്യവും നിശബ്ദമായ കരുതലും ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹവും മനസ്സിൽ ഓർമ വന്നത് കൊണ്ടാണോ എന്നറിയില്ല, വേറേ ഒരു രാജ്യത്തു ജോലി സംബന്ധമായി താമസിക്കുന്ന സമയത്ത് ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ യൗസേപ്പിതാവിനെ പെട്ടെന്ന് ഓർമ വന്നത്.

ഫാർമസിയിൽ നിന്നും വാങ്ങേണ്ട മരുന്നുകളുടെ ലിസ്റ്റ് കൊടുത്തു. വൈകുന്നേരത്തേയ്ക്ക് മരുന്നുകൾ വാങ്ങിക്കൊള്ളാം എന്ന് പറഞ്ഞു മകൻ അവനു പോകേണ്ട സ്ഥലത്തേയ്ക്ക് പോയി.

ഞാൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ദൂരെ നിന്നും ബസ് വരുന്നത് കണ്ടു. എന്നാൽ പെട്ടെന്ന് മകൻ എന്തിനോ വിളിച്ചത് കൊണ്ട് ഞാൻ മൊബൈൽ അറ്റൻഡ് ചെയ്തു. ആ സമയത്ത് ബസ് വന്നു ആ സ്റ്റോപ്പിൽ നിർത്താതെ കടന്നു പോയി.

കൊച്ചു പരാജയങ്ങളുടെ കൂട്ടത്തിൽ ഒന്ന് കൂടി….

പെട്ടെന്ന് എനിക്ക് വല്ലാതെ സങ്കടം വന്നു. കണ്ണൊക്കെ നിറഞ്ഞു. അടുത്ത സ്റ്റോപ്പിൽ ഓടിയെത്തിയാൽ ഒരു പക്ഷെ ആ ബസ് കിട്ടിയേക്കും. ട്രാഫിക്കിൽ പെട്ട് അത് വളരെ സാവധാനത്തിലാണ് മുന്നോട്ട് പോകുന്നത്.

മനസ്സിൽ ഒരു പ്രേരണ തോന്നിയതിനനുസരിച്ചു ഞാൻ അടുത്ത സ്റ്റോപ്പിലേക്ക് നടന്നു. അവിടെ ബസിന്റെ സമയത്തിന്റെ ബോർഡിൽ നോക്കിയപ്പോൾ ഇനിയും 20 മിനിറ്റ് കഴിഞ്ഞേ അടുത്ത ബസ് വരികയുള്ളൂ എന്ന് കണ്ടു.

അവിടെ ഇത്തിരി നേരം നിന്നു. നിർമലഹൃദയനാഥനായ യൗസേപ്പിതാവ് കൂടെ ഉണ്ടെന്നുള്ള ഒരു തോന്നൽ ഹൃദയത്തിൽ വന്നു.

ഉണ്ണി ഈശോയെ തന്നെ കൊണ്ടാവുന്നത് പോലെ സ്നേഹിച്ച യൗസേപ്പിതാവിനെ നമ്മുടെ ആത്മീയ അപ്പന്റെ സ്ഥാനം ഏല്പിച്ചു കൊടുത്താൽ യഥാർത്ഥ അപ്പനായി നിന്നു ഈശോയെ നോക്കിയത് പോലെ എന്നെ നോക്കും എന്നൊരു ബോധ്യം ഹൃദയത്തിൽ വന്നു.

“എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

അതുകൊണ്ട്‌, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ടനാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌.”

(2 കോറിന്തോസ്‌ 12 : 9-10)

ഹൃദയത്തിൽ നടക്കാനുള്ള പ്രേരണ കിട്ടിയതു കൊണ്ട് മുന്നോട്ട് നടന്നു തുടങ്ങി. രാവിലെ ആണെങ്കിലും ശരീരവും മനസും വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.

കുറച്ചു ദൂരം നടന്നപ്പോൾ 10 വർഷമായി ആ സ്ഥലത്തു നിന്നും കുറെ മാറി താമസിക്കുകയാണെങ്കിലും ഞാൻ ചെന്ന സമയങ്ങളിൽ ഒക്കെയും അടഞ്ഞു കിടന്നതിനാൽ ഒരിക്കലും എനിക്ക് പ്രവേശിക്കാൻ സാധിക്കാതെ ഇരുന്ന ഒരു ദൈവാലയം തുറന്നു കിടക്കുന്നത് കണ്ടു.

അത് തിരുഹൃദയ ദൈവാലയമായിരുന്നു.

ഹൃദയത്തിൽ അലതല്ലുന്ന സന്തോഷത്തോടെ ക്ഷീണം വകവെയ്ക്കാതെ ഞാൻ ഉള്ളിൽ ചെന്നപ്പോഴേ കരുണയോടെ കൈകൾ വിരിച്ചു പിടിച്ചു ഹൃദയത്തിൽ നിന്നും സ്നേഹരശ്മികൾ വീശി നിൽക്കുന്ന തിരുഹൃദയ നാഥനായ ഈശോയുടെ രൂപം കണ്ടു.

ഓരോ ദൈവാലയത്തിലും എന്ത്‌ മാത്രം സ്വർഗീയ മഹത്വമാണ്!

കാരണം അവിടെയൊക്കെയും പരിശുദ്ധ ത്രിത്വത്തിന്റെ യഥാർത്ഥ സാന്നിധ്യമുണ്ട്.

ഓരോ ദൈവാലയവും നമ്മുടെ സ്വന്തം വീടാണ്. കാരണം നമ്മൾ അവിടുത്തെ മക്കളാണല്ലോ.

അൾത്താരയിൽ എന്നെ പ്രതീക്ഷിച്ചെന്നത് പോലെ എഴുന്നള്ളി ഇരിക്കുന്ന ദിവ്യകാരുണ്യ നാഥനായ ഈശോ…

അവിടുത്തെ മുന്നിൽ രണ്ട് മൂന്നു പേര് നിശബ്ദരായി പ്രാർത്ഥിച്ചു കൊണ്ട് ഇരിപ്പുണ്ട്.

ദൈവാലയത്തിൽ തിങ്ങി കൂടിയിരുന്നു പാടി ആരാധിക്കുന്ന മാലാഖഗണങ്ങളുടെ ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി എന്നത് പോലെ വേഗം മുന്നോട്ട് നടന്നു ഈശോയുടെ തിരുസന്നിധിയിലെത്തി.

അവിടുത്തെ ഒരു നിമിഷം കുമ്പിട്ടാരാധിച്ചു.

അൾത്താരയിൽ ഈശോയെ ഉദരത്തിൽ വഹിച്ചു കൊണ്ട് പരിശുദ്ധ അമ്മ ഗർഭിണിയായ എലിസബത്തിനെ സന്ദർശിക്കുന്ന ചിത്രമുണ്ടായിരുന്നു.

പ്രധാന അൾത്താരയുടെ രണ്ട് വശത്തുമായി രണ്ട് ചെറു അൾത്താരകൾ ഉണ്ടായിരുന്നു

ഒന്ന് പരിശുദ്ധ ദൈവമാതാവ് ഉണ്ണി ഈശോയെ പിടിച്ചു കൊണ്ട് നിൽക്കുന്ന അൾത്താര ആയിരുന്നു.

തലയിൽ പന്ത്രണ്ടു വെള്ളി നക്ഷത്രങ്ങൾ തിളങ്ങുന്ന രീതിയിലുള്ള മാതാവിന്റെ രൂപം കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ എനിക്ക് വിജയ മാതാവ് ആണെന്നാണ് തോന്നിയത്.

കൊച്ചു ത്രേസ്യ പുണ്യവതി രോഗിയായി കിടന്നപ്പോൾ സമീപേ ഉണ്ടായിരുന്ന വിജയ മാതാവിന്റെ രൂപം.

പക്ഷെ അടുത്തു ചെന്നപ്പോൾ ആണ് അത് തിരുഹൃദയത്തിന്റെ മാതാവ് ആണെന്ന് മനസിലായത്. ഇടം കയ്യിൽ എടുത്തിരിക്കുന്ന ഉണ്ണി ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് വലം കരം ചൂണ്ടി കണ്ണുകൾ അർപ്പിച്ചു സകല സ്നേഹവും ആ കുഞ്ഞു തിരുഹൃദയത്തിൽ നിന്ന് വരുന്നു എന്റെ കുഞ്ഞേ എന്ന് നമ്മോടൊരോരുത്തരോടും പറയുന്ന രീതിയിൽ നിൽക്കുന്ന പരിശുദ്ധ അമ്മ.

അവിടെ ഭിത്തിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെ മാതാവിനോടുള്ള ഒരു പ്രാർത്ഥന എഴുതി വച്ചിട്ടുണ്ടായിരുന്നു.

Memorare to Our Lady

of the Sacred Heart of Jesus:

Remember, Our Lady of the Sacred Heart,

the great things the Lord has done for you.

He chose you for his Mother.

He wanted you close to his Cross

He gives you a share in his glory.

He listens to your prayer.

Offer him our prayers of praise and thanksgiving;

present our petitions to him.

(Share your petitions silently to Our Lady )

Let us live like you in the love of your Son that his Kingdom may come.

Lead all people to the source of living water that flows from His Heart, spreading over the world hope and salvation, justice and peace.

See our trust in you, answer our prayer,

show yourself always our Mother.

Amen.

എനിക്ക് അവിടെ കുറച്ചു നേരം കൂടി നിൽക്കണം എന്നുണ്ടായിരുന്നു….

എന്നാൽ എനിക്ക് വേഗം പോകേണ്ടതുള്ളത് കൊണ്ട് അടുത്ത അൾത്താരയിലേയ്ക്ക് ഞാൻ നീങ്ങി.

അവിടെ ഇടം കയ്യിൽ ഉണ്ണി ഈശോയെ വഹിച്ചു കൊണ്ട് വലം കയ്യിൽ പൂവിട്ട വെള്ള ലില്ലി ചെടി വഹിച്ചു ധ്യാന നിരതനായി നിൽക്കുന്ന യൗസേപ്പിതാവ്!

അപ്പോൾ ഞാൻ ഓർത്തു…

ഇപ്പോൾ യൗസേപ്പിതാവ് എന്റെ കൂടെ വരുന്നതും എന്നെ നോക്കുന്നതും പണ്ട് ഉണ്ണി ഈശോയെ നോക്കിയതും തമ്മിൽ ഒരു വ്യത്യാസവുമില്ലല്ലോ എന്ന്…

മാതാവും അങ്ങനെ തന്നെ…

അങ്ങനെ ചിന്തിച്ചപ്പോൾ ഹൃദയത്തിൽ ഒരു സ്നേഹത്തിന്റെ ചെറുതിരയടിച്ചു.

ദൈവാലയത്തിന്റെ അൾത്താരയിൽ ദിവ്യകാരുണ്യ ഈശോ എഴുന്നള്ളി ഇരിക്കുമ്പോൾ അവിടെ ലോകം മുഴുവനും ഒരുമിച്ചു കൂടേണ്ടതാണ്..

കാരണം ലോകം എന്നും അന്വേഷിക്കുന്നതും ഒരിക്കലും മതിയാകാത്തതുമായ ഒരേയൊരു കാര്യം അവിടെ ഉണ്ട്.

സ്നേഹം.

നിലനിൽക്കുന്നതും കൂടെ വസിക്കുന്നതും നിത്യമായതും നശിച്ചു പോകാത്തതുമായ യഥാർത്ഥ സ്നേഹം.

പോകാനായി തിരിഞ്ഞപ്പോൾ ആണ് ഒരു പുരോഹിതന്റെ ചിത്രം ചുവരിൽ കണ്ടത്.

1824 മുതൽ 1907 വരെ ജീവിച്ചിരുന്ന കത്തോലിക്കാ പുരോഹിതനായ തിരുഹൃദയത്തിന്റെ മിഷനറിമാർ എന്ന സഭാസമൂഹത്തിന്റെയും

(Founder of the Missionaries of the Sacred Heart) തിരുഹൃദയത്തിന്റെ മാതാവിന്റെ പുത്രിമാർ(The Daughters of Our Lady of the Sacred Heart (FDNSC), The Missionary Sisters of the Sacred Heart, Chevalier Family എന്നറിയപ്പെടുന്ന അൽമായരുടെ സംഘടന എന്നിവയുടെ ഒക്കെ

സ്ഥാപകനായ ( Fr. Jules Chevaliar MSC – ) ഫാദർ ജൂൾസ് ഷെവലിയറിന്റെ ചിത്രം.

ഇദ്ദേഹത്തിന് തിരുഹൃദയത്തിന്റെ മാതാവ് എന്ന പേരിൽ പരിശുദ്ധ അമ്മയുടെ ഒരു പ്രത്യക്ഷീകരണം ഉണ്ടായതായി പറയപ്പെടുന്നു. മാതാവിന്റെ ആ രൂപം തന്നെയാണ് ഞാൻ നിന്നിരുന്ന ദൈവാലയത്തിന്റെ അൾത്താരയിൽ ഉണ്ടായിരുന്നത്.

ഫ്രാൻസിൽ പാരീസിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന റിച്ചലിയു (Richelieu)

എന്ന കൊച്ചു പട്ടണത്തിൽ ജനിച്ചു വളർന്ന ആളായിരുന്നു ജൂൾസ്‌.

അപ്പനായ ജീൻ ചാൾസ് വിദ്യാഭ്യാസമുള്ള ഒരാളായിരുന്നു എങ്കിലും ദൈവവിശ്വാസം കുറവായിരുന്നു. ബിസിനസിലും വ്യാപാരത്തിലും വേണ്ടത്ര വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ജൂൾസിന്റെ അമ്മ ലൂയിസ് ഔറി സ്കൂളിൽ പോവുകയോ അക്ഷരാഭ്യാസം നേടുകയോ ചെയ്തിരുന്നില്ല എങ്കിലും തന്റെ മകനിലേയ്ക്ക് ആഴമേറിയ വിശ്വാസം പകർന്ന് കൊടുക്കാൻ അവർക്കായി.

അപ്പന്റെ പക്കൽ നിന്നും എഴുതാനും വായിക്കാനും പഠിച്ചതിനോടൊടൊപ്പം അമ്മയിൽ നിന്നും ദൈവത്തിനെ കുറിച്ചുള്ള കാര്യങ്ങൾ കുഞ്ഞുന്നാളിൽ കേട്ടു വളർന്ന ജൂൾസിൽ ഒരു വൈദികൻ ആകുക എന്നുള്ള ആഗ്രഹം ക്രമേണ മൊട്ടിട്ടു.

എന്നാൽ ജൂൾസിനു സെമിനാരിയിൽ ചേരുന്നതിനു വേണ്ട സാമ്പത്തികം കണ്ടെത്താനുള്ള വഴി ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. അത് കൊണ്ട് ജൂൾസ് ചെറുപ്പത്തിലേ ഒരു ചെരുപ്പുകുത്തിയുടെ സഹായി ആയി ജോലിക്ക് ചേർന്നു.

എന്തായാലും ദൈവപരിപാലനയാൽ ജൂൾസിന്റെ സെമിനാരിയിൽ ചേരണം എന്നുള്ള ആഗ്രഹം കേട്ടറിഞ്ഞ് , ജൂൾസിന്റെ അപ്പന് ജോലി നൽകിയ ആൾ നൽകിയ ഉദാരമായ സാമ്പത്തിക സഹായം കൊണ്ട് അവനു സെമിനാരിയിൽ ചേരാൻ സാധിച്ചു.

വൈദികനായി തുടർന്നുള്ള വർഷങ്ങളിൽ ദിവ്യകാരുണ്യത്തോടും തിരുഹൃദയത്തോടുമുള്ള ഭക്തി ആയിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൂടുതലായി ഉണ്ടായിരുന്നത്.

ദൈവം നമ്മെ ഓരോരുത്തരെയും പരിധിയില്ലാതെ സ്നേഹിക്കുന്നു. ഈ സ്നേഹം നേടിയെടുക്കുന്നതിനു വേണ്ടി നാം അദ്ധ്വാനിക്കേണ്ട കാര്യമില്ല. നാം മക്കൾ ആയതിനാൽ നമുക്ക് അത് സൗജന്യമായും ധാരാളമായും ലഭിക്കുന്നതാണ്.

ഫാദർ ഷെവലിയർ ഈശോയുടെ തിരുഹൃദയത്തെ കണ്ടത് ദൈവവും മനുഷ്യകുലവും കണ്ടുമുട്ടുന്ന ഇടമായിട്ടാണ്.

അവതരിച്ച വചനവും ദൈവത്തിന്റെ ഏകജാതനുമായ ഈശോയുടെ തിരുഹൃദയത്തിൽ നിന്നാണ് ദൈവസ്നേഹം വഴിഞ്ഞൊഴുകുന്നതും സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാ മനുഷ്യരിലും നിറയുന്നതും.

ഈശോയുടെ തിരുഹൃദയത്തിലാണ് മനുഷ്യവംശം ദൈവവുമായി രമ്യപ്പെടുന്നത്. ഈശോ നമ്മെ ക്ഷണിക്കുന്നത് തിരുഹൃദയത്തിന്റെ ആത്മീയതയിലേയ്ക്കും അവിടുത്തെ ഹൃദയത്തിന്റെ ദൈവപിതാവിനോടുള്ള പരിപൂർണസമർപ്പണത്തിന്റെയും അനുസരണത്തിന്റെയും ധൈര്യത്തിന്റെയും വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും അനുകരണത്തിലേയ്ക്കുമാണ്.

ഈശോയുടെ തിരുഹൃദയത്തെ കുറിച്ച് ഓർത്താൽ തീരില്ല. അവിടുത്തെ തിരുഹൃദയത്തെ സ്നേഹിച്ച മനുഷ്യരെ കുറിച്ചും അവര് ഈശോയെ സ്നേഹിക്കാൻ സ്വീകരിച്ച വഴികളെ കുറിച്ചും പറഞ്ഞാൽ തീരില്ല.

ഞാൻ ദൈവാലയത്തിൽ നിന്നും ഇറങ്ങാനായി തിരിഞ്ഞപ്പോൾ ദൈവാലയത്തിന്റെ പുറകിലായി ദൈവകരുണയുടെ ഈശോയുടെ വലിയൊരു ചിത്രം ഉണ്ടായിരുന്നു.

അവിടേയ്ക്ക് ചെല്ലും വഴി ഏറ്റവും പ്രിയപ്പെട്ട മൂന്നു പേരുടെ രൂപങ്ങളും ഒരു ചെറിയ അൾത്താരയിൽ ഉണ്ടായിരുന്നു.

വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും പിന്നെ വിശുദ്ധ ഫിലോമിനയുടെയും…

ആദ്യത്തേ രണ്ട് പേരുമായി ഒത്തിരി നാളായുള്ള കൂട്ട് ആണെങ്കിലും വിശുദ്ധ ഫിലോമിന എന്റെ ജീവിതവുമായി കൂട്ടി ചേർക്കപ്പെട്ടത് അടുത്തയിടെയാണ്.

അടുപ്പമുള്ളവരെ പെട്ടെന്ന് കാണുമ്പോൾ ഉള്ള സന്തോഷം ഹൃദയത്തിൽ നിറഞ്ഞു.

ബസ് വരാൻ സമയമായി എന്ന് തോന്നിയതിനാൽ വേഗം ഇറങ്ങണമായിരുന്നു.

എന്നാലും ദൈവകരുണയുടെ ഈശോയുടെ അടുത്തു ഒരു നിമിഷം നിന്ന് ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യഞായറാഴ്ച വരുന്ന ദൈവകരുണയുടെ തിരുനാളിനെ പറ്റി ഓർത്തു.

തിരുഹൃദയനാഥന്റെ അൾത്താരയുടെ അടുത്തു ഏതാനും നിമിഷം കൂടി നിന്നതിനു ശേഷം ഞാൻ വേഗം പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു.

ഈശോയുടെ തിരുഹൃദയത്തിന്റെ മഹിമയും സ്നേഹവും നിറഞ്ഞു നിന്ന ആ കൊച്ചു ദൈവാലയത്തിൽ എത്രയോ നാള് കഴിഞ്ഞാണ് എനിക്കൊന്നു സന്ദർശിക്കാൻ പറ്റിയത്. അതും ബസ് കിട്ടാതെ വിഷമിച്ചു 20 മിനിറ്റോളം അടുത്ത ബസ് വരുന്നത് വരെ വെറുതെ നിൽക്കേണ്ടിയിരുന്ന സമയത്ത്.

“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌.”

(1 പത്രോസ് 5 : 6)

അപ്പോൾ എന്റെ കൂടെ നടന്നു എന്നെ നയിച്ചു കൊണ്ടിരുന്ന യൗസേപ്പിതാവിനെ ഞാൻ ഓർത്തു.

കുറച്ചു നേരത്തിനുള്ളിൽ ബസ് വന്നു. ഒന്ന് രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ സീറ്റ്‌ കിട്ടി.

അപ്പോഴേക്കും ശരീരം ക്ഷീണം കൊണ്ട് വല്ലാതെ തളർന്നു തുടങ്ങിയിരുന്നു. ടൗണിൽ എത്തിയപ്പോൾ ആദ്യം ചെന്നു എന്തെങ്കിലും കുടിക്കാൻ വാങ്ങണം എന്ന് കരുതി എങ്കിലും ബസ് നിറുത്തിയത് എന്നും ചെല്ലുമ്പോൾ കയറുന്ന വേറൊരു മനോഹര ദൈവാലയത്തിന്റെ മുന്നിലാണ്.

വേഗം അവിടേയ്ക്ക് കയറി അൾത്താരയുടെ മുൻപിൽ ചെന്നു ഈശോയെ കുറച്ചു നിമിഷം ആരാധിച്ചു. എന്നിട്ടിറങ്ങി. അപ്പോഴേക്കും നേരത്തെ ഉണ്ടായിരുന്ന ക്ഷീണം പാടേ മാറി.

എനിക്ക് ജോലിക്ക് പോകുമ്പോൾ ഇടാനായി ഒരു സ്പെഷ്യൽ ഷൂസ് വാങ്ങണമായിരുന്നു. കാരണം കുറച്ചു ദിവസങ്ങളായി കാലിനു വേദന വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആ കടയിൽ നിന്നും ഞാൻ നേരത്തെ ഷൂസ് വാങ്ങിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് കാലിന്റെ അളവും മറ്റും വീണ്ടും എടുക്കേണ്ടി വന്നില്ല.

എനിക്കു കാലിനു ചേരുന്ന ഒരു ഷൂസ് കൊണ്ട് വന്നപ്പോൾ എനിക്ക് affordable ആയിട്ടുള്ളതിനേക്കാളും വലിയ തുക ആയിരുന്നു അതിന്.

അതിനേക്കാളും വിലകുറഞ്ഞത് ഉണ്ടോയെന്ന് സ്വാഭാവികമായും ഞാൻ അന്വേഷിച്ചു, എന്നാൽ വേറേ മോഡൽ ഇല്ലായിരുന്നു.

അപ്പോൾ ഞാൻ നേരത്തെ അവിടെ നിന്നും ഷൂസ് വാങ്ങിയിട്ടുള്ളതിനാൽ അവർ ആദ്യം സെലക്ട്‌ ചെയ്ത ഷൂസിന് 30-40% ശതമാനത്തോളം വിലകുറച്ചു തന്നു.

വീട്ടിലും കൂടി ഒന്ന് ചോദിച്ചിട്ട് ഞാൻ ഷൂസ് വാങ്ങി. വേഗം ഇറങ്ങി. കുറെ ഷോപ്പിംഗ് ഉണ്ടായിരുന്നല്ലോ.

മുന്നോട്ട് നടക്കുന്നതിനിടയിൽ കടയിൽ എന്റെ ബാഗ് മറന്നു വച്ചിട്ട് പോന്നതിനാൽ കടയിൽ നിന്നും ഫോൺ കാൾ വന്നു.

വേഗം തിരിച്ചു പോയി ക്ഷമാപണത്തോടെ ബാഗ് തിരിച്ചെടുത്തു. നന്ദിയും പറഞ്ഞു.

എന്നാൽ പെട്ടെന്ന് ക്ഷീണം അധികം ആകാൻ തുടങ്ങി. വേഗം അടുത്തുള്ള കടയിൽ കയറി ഒരു ജ്യൂസു വാങ്ങി കുടിച്ചു. അവിടെ ഇത്തിരി നേരമിരുന്നു.

ക്ഷീണം കുറച്ചു മാറി എന്ന് തോന്നിയപ്പോൾ വീണ്ടും ഷോപ്പിംഗിന് ഇറങ്ങി.

പോകുന്ന വഴി ഞാൻ വീണ്ടും യൗസേപ്പിതാവിനെ കുറിച്ച് ഓർത്തു.

ക്ഷീണിതനായി ജോലി ചെയ്ത പല അവസരങ്ങളിലും ഈശോയെയും മാതാവിനെയും കുറിച്ചുള്ള ഓർമ അദ്ദേഹത്തിന്റെ ക്ഷീണം അകറ്റി കാണും.

ഇത്തിരി കൂടി ജോലി ചെയ്താൽ ഈശോയ്ക്ക് ഇത്തിരി പഴങ്ങളും പോഷകാഹാരവും വാങ്ങാം എന്നുള്ള ചിന്തയിൽ എത്രയോ അധികമണിക്കൂറുകൾ യൗസേപ്പിതാവ് ജോലി ചെയ്തു കാണും.

ഒരു ചെസ്റ്റ് ഇൻഫെക്ഷൻ കഴിഞ്ഞു മരുന്നുകൾ കഴിച്ചു കൊണ്ട് ഇരിക്കുന്നതിനാൽ ഇടയ്ക്ക് ക്ഷീണവും തളർച്ചയും തോന്നുന്നു എങ്കിലും എന്നേക്കാൾ വയ്യാതെ ഇരിക്കുന്ന ജീവിതപങ്കാളിയെ ഓർത്തപ്പോൾ മുന്നോട്ട് നടക്കാൻ കാലുകൾക്ക് ശക്തി കിട്ടി.

പല കടകളിൽ കയറി വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയപ്പോഴേയ്ക്കും ഒന്നുരണ്ടു മണിക്കൂറുകൾ കഴിഞ്ഞു.

ഇതിനിടയിൽ ഒരു ദൈവാലയത്തിലും കൂടി കയറി ഈശോയെ കുറച്ചു നിമിഷം ആരാധിക്കാൻ അവിടുന്ന് ഇടയാക്കി.

അതിനിടയിൽ കയ്യിൽ മൂന്നാല് ഷോപ്പിങ് ബാഗുകൾ ആയി. എല്ലാം കഴിഞ്ഞു ബസിൽ കയറാനായി സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങിയപ്പോൾ നേരത്തെ ഷൂസ് മേടിച്ച കടയിൽ നിന്നും വീണ്ടും ഒരു ഫോൺ കാൾ…

ഷൂസ് നഷ്ടപ്പെട്ടു അല്ലേ?

ഇവിടെ കിട്ടിയിട്ടുണ്ട്. വന്നു വാങ്ങിക്കോളൂ…

പെട്ടെന്ന് നോക്കിയപ്പോൾ എന്റെ കയ്യിൽ ഷൂസിന്റെ ബാഗ് ഇല്ലായിരുന്നു. രാവിലെ ബാഗ് സൂക്ഷിക്കണം എന്ന് മനസിൽ തോന്നിയിരുന്നു ഇടയ്ക്കിടയ്ക്ക്. എന്നാലും തിരക്കേറിയ മാർക്കറ്റിലും മറ്റ് കടകളിലും കയറി ഇറങ്ങിയപ്പോൾ ഞാനറിയാതെ എവിടെയെങ്കിലും വച്ചതാണോ അതോ ആരെങ്കിലും ഞൊടിയിടയിൽ മോഷ്ടിച്ചതാണോ എന്നറിയില്ല…

ആകെ നാണക്കേടായി…

അവരെന്തു വിചാരിക്കും എന്ന് ഞാൻ ഓർത്തു. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് തിരിച്ചു ചെല്ലുന്നത്.

എന്ത് excuse പറയും…

വിഷമത്തോടെ ഞാൻ തിരിച്ചു നടന്നു..

ആദ്യം ഞാൻ ഓർത്തത് ഷൂസ് കിട്ടിയിട്ട് അതിൽ ബില്ലും മറ്റും ഉണ്ടായിരുന്നതിനാൽ ആരെങ്കിലും അവിടെ തിരിച്ചേല്പിച്ചത് ആണെന്നാണ്.

എന്നാൽ കടയിൽ ചെന്നപ്പോൾ ആണ് അവര് പറഞ്ഞത് ബില്ല് ഉണ്ടായിരുന്നതിനാൽ ഒരു മനുഷ്യൻ ഷൂസ് തിരിച്ചു കൊടുത്തിട്ട് അതിന്റെ പണം വാങ്ങാൻ ശ്രമിച്ചു എന്ന്. എന്നാൽ ആ ഷൂസ് customise ചെയ്തു എന്റെ കാലിന്റെ അളവിൽ ഫിറ്റ്‌ ചെയ്തു തന്ന ഷോപ്പ് അസിസ്റ്റന്റ് ആയ ലേഡിയുടെ അടുത്താണ് ആ മനുഷ്യൻ എത്തിയത്. അത് കൊണ്ട് ആ ഷൂസ് കടയിൽ വിട്ടു അയാൾക്ക് നിരാശയോടെ പോകേണ്ടി വന്നു.

ഞാൻ ചെന്നപ്പോൾ അവര് പറഞ്ഞു.

You are so lucky today…

പെട്ടെന്നാണ് ഞാൻ ആ കാര്യമോർത്തത്…

ആരായിരുന്നു ഇന്നു മുഴുവനും എന്റെ കൂടെ ഉണ്ടായിരുന്നത്!

യൗസേപ്പിതാവല്ലേ…

ഞാൻ ആ ലേഡിയോട് വീട് പരിശുദ്ധ അമ്മയെ ഏല്പിച്ചു പോന്ന കാര്യവും എന്റെ കൂടെ യൗസേപ്പിതാവിനെ കൂട്ടായി കൊണ്ട് വന്നതും ഒക്കെ പറഞ്ഞു കേൾപ്പിച്ചു.

അപ്പന്റെ കൂടെ നടക്കുമ്പോൾ കുഞ്ഞുമകൾക്ക് ഒരു കുറവുമില്ലാതെ അപ്പൻ നോക്കും എന്നത് പോലെ യൗസേപ്പിതാവ് ഉണ്ണീശോയ്ക്ക് സമം ഇന്നെന്നെയും പരിപാലിച്ചതാണ് എന്ന് ഞാൻ പറഞ്ഞു.

അവരും അത് ശരി വച്ചു.

എന്നിട്ട് ഭദ്രമായി ഷൂവിന്റെ ബാഗ് എന്റെ ഷോപ്പിംഗ് ബാഗിൽ ആക്കി വച്ചു തന്നു.

നന്ദി സൂചകമായി അവർക്ക് എന്തെങ്കിലും കൊടുക്കാൻ ഞാൻ ബാഗിൽ നോക്കിയപ്പോൾ ദൈവകരുണയുടെ ഈശോയുടെ നൊവേനയുടെ ലീഫ് ലെറ്റുകൾ കുറെ ഇരിക്കുന്നത് കണ്ടു. കയ്യിൽ കിട്ടിയിടത്തോളം എടുത്തു കൗണ്ടറിൽ വച്ചിട്ട് അവരോടു ഞാൻ പറഞ്ഞു.

ഈശോ അനുഗ്രഹിക്കട്ടെ.

ചുരുങ്ങിയ വാക്കുകളിൽ ദൈവകരുണയുടെ തിരുന്നാളിനെ പറ്റിയും പറഞ്ഞു.

അങ്ങോട്ട് ആ സമയം വന്ന മറ്റ് ഷോപ്പ് അസിസ്റ്റന്റുമാരോടും ദൈവകരുണയുടെ ഈശോയുടെ ചിത്രമുള്ള ലീഫ് ലെറ്റ്‌ എടുത്തു കൊള്ളാൻ ഞാൻ പറഞ്ഞു.

ബാക്പാക്കും രണ്ട് കയ്യിലും നിറയെ ഷോപ്പിങ് ബാഗുകളുമായി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എത്രയോ കരുതലോടെയാണ് ദൈവം എന്നെ പരിപാലിക്കുന്നത് എന്നോർത്തു എന്റെ കണ്ണു നിറഞ്ഞു.

എന്റെ ഷൂ നഷ്‌ടപ്പെട്ടില്ലായിരുന്നെങ്കിൽ നിർമല ഹൃദയനാഥനായ യൗസേപ്പിതാവിന്റെ ശക്തിയേറിയ സംരക്ഷണത്തിന്റെ കാര്യം ആ കടയിൽ പറയാനും അത് പോലെ ഈശോയുടെ കരുണയെ പറ്റി പ്രഘോഷിക്കാനും ഇടയാകുകയില്ലായിരുന്നു.

എനിക്ക് സൂക്ഷക്കുറവുണ്ടെന്ന് അവരോർത്തു കാണും. എന്നാലും എത്രയോ ക്ഷീണിതമായിട്ടാണ് ഓരോ സ്റ്റെപ്പും ഞാൻ നടന്നത് എന്ന് അവർക്കറിയില്ലല്ലോ.

കുറെ നേരം കഴിഞ്ഞപ്പോൾ ബസ് വന്നു. ദൈവാനുഗ്രഹത്താൽ സീറ്റ് കിട്ടി. ഞാൻ വീട്ടിലേക്ക് നടക്കും വഴി മകനും വന്നു.

അവൻ വീട് വരെ ഷോപ്പിങ് ബാഗുകൾ കയ്യിൽ എടുത്തതിനാൽ എനിക്ക് വലിയ ആശ്വാസമായി.

യൗസേപ്പിതാവിന്റെ ഇന്നത്തെ സംരക്ഷണത്തിന്റെ കഥകളെപ്പറ്റിയും അത് പോലെ രണ്ട് പേര് ഈശോയുടെ നാമത്തിൽ ഏതെങ്കിലും കാര്യത്തിന് യോജിച്ചു പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥന ഉറപ്പായും കേൾക്കപ്പെടുന്നു എന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചു ആ നല്ല പിതാവിനോടൊപ്പം ഞങ്ങൾ വീട്ടിലേക്ക് നടന്നു.

“തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.”

(2 പത്രോസ് 1 : 3)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment