‘അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്‌ഥാനം (റോമാ 9 : 16).
പൗലോസ്ശ്ലീഹ ഇതെഴുതിയ context നെ കുറിച്ചല്ല, ഈ വാക്യത്തെ പലതരത്തിൽ നിങ്ങളെല്ലാം വ്യാഖ്യാനിക്കുന്നുണ്ടാവും, അതിനെ ഒന്നിനേയും പറ്റിയല്ല. ഞാനിതിനെ എങ്ങനെ വളച്ചൊടിച്ചു എന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.
ചിലപ്പോൾ അധികം പ്രാർത്ഥിച്ചൊരുങ്ങാതെ വിശുദ്ധ കുർബ്ബാനക്ക് പള്ളിയിൽ എത്തിയിട്ട് ഞാൻ പറയുന്ന ഒരു വചനമായിരുന്നു ഇത്. ‘കർത്താവേ, എന്റെ ആഗ്രഹത്തിലും പ്രയത്നത്തിലും ഒന്നുമല്ലല്ലോ, നിന്റെ ദയയിലും കൃപയിലുമല്ലേ എല്ലാം ഇരിക്കുന്നത്. അതു കൊണ്ട് ഇച്ചിരി കരുണ കാണിക്കണേ. ഒരുക്കമുള്ള ഹൃദയം തന്ന് എന്നെ താങ്ങണെ’…. സത്യത്തിൽ എളിമയുടെ അല്ല, ഒരു മടിച്ചിയുടെ പറച്ചിൽ ആയിരുന്നു അത്. ഒട്ടും effort എടുക്കാതെ, ഒട്ടും വില കൊടുക്കാതെ, ദൈവകൃപ പെട്ടെന്ന് ദാനമായി കിട്ടി വിശുദ്ധ ബലിക്കായി ഒരുങ്ങാനുള്ള ഒരു പ്രഹസനം.
ദൈവകൃപക്കായി അധികം ആഗ്രഹിച്ചിട്ടില്ലാത്തവരെയോ, ആത്മരക്ഷക്കായി അത്യധികം പ്രയത്നിച്ചിട്ടില്ലാത്തവരെയോ പോലും ദൈവം തന്റെ കരുണയാൽ ഉള്ളം കയ്യിൽ വഹിച്ചെന്നു വരാം, രക്ഷയിലേക്ക് നയിച്ചെന്നു വരാം.. അവസാന മണിക്കൂറിൽ വന്നവർക്കും ഒരേപോലെ കൂലി കൊടുക്കാൻ താല്പര്യപ്പെടുന്ന, നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്ത, ദൈവത്തിന്റെ ഇഷ്ടമാണത്. ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല. എന്നുവെച്ച് എനിക്ക് അധികം അധ്വാനിക്കാനൊന്നും വയ്യ, ദൈവം വേണേൽ കൃപ ദാനമായി തരട്ടെ എന്നും വിചാരിച്ച് നമ്മൾ ഇരുന്നാൽ അത് ശരിയാകില്ല. കഠിനാധ്വാനത്തിനും സ്വാർത്ഥതയെ അടിച്ചോടിക്കുന്നതിനും പോരാട്ടത്തിന് സജ്ജരായി ഒരുങ്ങിയിരിക്കാനും തയ്യാറാണെങ്കിലേ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലും ക്രിസ്തുവിലുള്ള യഥാർത്ഥ ജീവിതത്തിനും നമ്മൾ യോഗ്യത നേടുകയുള്ളു. കഠിനാദ്ധ്വാനത്തെ ദൈവം അഭിലഷിക്കുന്നെന്ന് പ്രഭാഷകൻ 7.15 ൽ വ്യക്തമാവുന്നു.
‘ഒരുവന്‍ നികൃഷ്ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന്‍ ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും. അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക(2 തിമോത്തി. 2 : 21-22).
നല്ലത് ആഗ്രഹിക്കാൻ കഴിയുന്നതും അതിനായി പ്രയത്നിക്കാൻ കഴിയുന്നതും പോലും ദൈവകൃപ കൊണ്ടാണെന്നുള്ളത് വാസ്തവമാണ്. പക്ഷേ ദൈവം എല്ലാം ചെയ്തോളും എന്നെക്കൊണ്ട് എന്താവാനാണ് എന്നും വിചാരിച്ചു നിസ്സംഗനായി നടക്കുന്നത് നല്ല ആത്മീയതയല്ലല്ലോ. കർത്താവ് സൗഖ്യം തരുന്നെങ്കിൽ തരട്ടെ എന്ന് വിചാരിച്ച് രക്തസ്രാവക്കാരി സ്ത്രീ അകന്നു നിന്നിരുന്നെങ്കിൽ മിക്കവാറും അവൾക്ക് സൗഖ്യം കിട്ടാൻ സാധ്യത ഇല്ലായിരുന്നു. അവൾ മുന്നോട്ട് വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ ധൈര്യം കാണിച്ചു. സക്കേവൂസ് മരത്തിൽ വലിഞ്ഞു കയറാൻ ഉദ്യമിച്ചു. കാനാൻകാരി സ്ത്രീ പിന്മാറാതെ കരുണക്കായി അങ്ങേയറ്റം ശ്രമിച്ചു. അവരുടെഅത്യധികമായ ആഗ്രഹത്തെയും വിശ്വാസത്തേയും ദൈവം മാനിക്കുകയും ചെയ്തു.
‘അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?(ലൂക്കാ 18 : 7-8).
ചിലർക്ക് ചില സ്വഭാവദൂഷ്യങ്ങളിൽ നിന്ന്, വഴിവിട്ട ബന്ധങ്ങളിൽ നിന്ന്, ദുശീലങ്ങളിൽ നിന്ന്, തഴക്കദോഷങ്ങളിൽ നിന്നൊക്കെ പിന്തിരിയണമെന്നുണ്ടാവും. അതിനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും അടുത്ത പ്രലോഭനം വരുമ്പോൾ അതിൽ നിന്ന് വിട്ടുനിൽക്കാനായി കാര്യമായി പരിശ്രമിക്കുന്നൊന്നും ഉണ്ടാകില്ല. ഒഴുക്കിനൊത്തു പോകുന്ന പോലെ അതിലേക്ക് പിന്നെയും പോകും എന്നിട്ട് പറയും, ‘എന്താണ് കർത്താവേ എനിക്ക് മോചനമില്ലാത്തത്?’( കാരണം നമ്മൾ പ്രയത്നിക്കേണ്ട ആവശ്യമില്ലല്ലോ, കൃപ ക്യാപ്സൂൾ പോലെ അവൻ തരണമല്ലോ). നമുക്ക് പ്രാർത്ഥിക്കാനോ ഉപവാസമെടുക്കാനോ വയ്യ.
‘അവന്‍ പറഞ്ഞു: പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല. (മാര്‍ക്കോസ് 9 : 29).
സ്വയംസ്നേഹം കാരണം, വർജ്ജിക്കേണ്ടതെല്ലാം പൂർണ്ണമായി ഉപേക്ഷിക്കാൻ നമുക്ക് മടിയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവപൂർണ്ണത കൈവരിക്കാൻ പറ്റുന്നുമില്ല. ആത്മീയതയുടെ, സ്വയം സമർപ്പണത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നവർ പോലും അപ്രധാനമെന്ന് തോന്നുന്ന ചെറിയ കാര്യങ്ങളെ മാറ്റിക്കളയാൻ ചിലപ്പോൾ തങ്ങളെത്തന്നെ നിർബന്ധിക്കാറില്ല. അത് നമ്മുടെ ആത്മീയ പുരോഗതിക്ക് തടസ്സമാവുന്നു.
ചില ഉദാഹരണങ്ങൾ പറഞ്ഞാൽ(പൊതുവായി), വലിയ ബഹുമതികൾക്കായി, പേരിനായി പ്രത്യക്ഷത്തിൽ ശ്രമിക്കുന്നില്ലെങ്കിലും അവയെ ആഗ്രഹിക്കാതിരിക്കാനും തള്ളിക്കളയാനും പറ്റുന്നില്ല (അർഹിക്കാതെ ലഭിച്ചാലും സ്വാഗതം ചെയ്യുന്നു), വലിയ വലിയ ഉപവാസങ്ങൾ അനുഷ്ഠിച്ചാലും അവസരം കിട്ടുമ്പോൾ മതിമറന്നു ഭക്ഷിച്ചു പോവുന്നു, നോമ്പുകാലത്ത് ലഹരിവർജ്ജനം നടത്തിയിട്ട് നോമ്പ് കഴിയുമ്പോഴേക്കും മൂക്കറ്റം കുടിക്കുന്നത്, മറ്റുള്ളവരുടെ വസ്തുക്കൾ ആഗ്രഹിക്കുന്നില്ലെങ്കിലും നമ്മുടെ സാധനങ്ങളോട്, പൈസയോട് വലിയ അടുപ്പം, ദാനധർമ്മത്തിന് പറ്റുന്നില്ല, തങ്ങൾ അധികം അടുക്കാൻ പാടില്ലാത്ത, എന്നാൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരുമായുള്ള ചില ബന്ധങ്ങളും പരിചയങ്ങളും ദൈവസാന്നിധ്യത്തേക്കാൾ ആഗ്രഹിക്കുകയും നിലനിർത്തി പോവുകയും ചെയ്യുന്നു ( ഏകസ്ഥരായി ജീവിക്കുന്നവരിലും വിവാഹിതരിലും പെട്ടവർ) , ചില സോഷ്യൽ മീഡിയ ബന്ധങ്ങൾ ആത്മീയ ജീവിതത്തിന് തടസ്സമാണ് എന്ന് മനസ്സിലായാലും അത് നിലനിർത്തുന്നത്, പാപസാഹചര്യങ്ങൾ ഉപേക്ഷിക്കാതിരിക്കുന്നത്. അതുപോലെ മുൻകോപം, തർക്കിക്കുന്ന സ്വഭാവങ്ങൾ, പരദൂഷണം… ഇങ്ങനെ പോകും.
സ്വഭാവവൈകല്യങ്ങളും തഴക്ക ശീലങ്ങളുമൊക്കെ ദൈവകൃപയുമായി സഹകരിച്ച് പ്രാർത്ഥനയിൽ തീക്ഷ്‌ണത പുലർത്തിയാൽ ഇല്ലാതാക്കാൻ കഴിയുമെങ്കിലും നമുക്ക് ബുദ്ധിമുട്ടാൻ മടിയായതുകൊണ്ട് രക്ഷയുടെ പാതയിൽ പുരോഗതി കൈവരിക്കാൻ പറ്റുന്നില്ല. ആഗ്രഹം മാത്രം പോരല്ലോ. വീണ്ടും വീണ്ടും തങ്ങൾ വീണുപോകുന്നെന്ന് സ്വയം സഹതാപം തോന്നി ഇരിക്കാതെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും പ്രാർത്ഥനയെയും നമുക്ക് കൂട്ടുപിടിക്കാം. ‘നിങ്ങളുടെ വിശുദ്‌ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് – അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം (1 തെസലോനിക്കാ 4 : 3). ഏറ്റവും പ്രധാനമായി വേണ്ടത് പ്രാർത്ഥനയുടെ പരിചയാണ്. ഉപവാസവും ശരീരത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.
ആത്മാർത്ഥമായ കുമ്പസാരത്തിലും വിശുദ്ധ കുർബ്ബാനയിലും തിരുവചന വായനയിലും ജപമാലയിലുമൊക്കെ ശരണം പ്രാപിച്ചില്ലെങ്കിൽ പുണ്യത്തിൽ അഭിവൃദ്ധിപ്പെടണമെന്നും പാപത്തെ അകറ്റിനിർത്തണമെന്നും ആഗ്രഹിക്കാൻ പോലും നമുക്ക് കഴിഞ്ഞെന്നു വരില്ല. അങ്ങനെ നമുക്ക് പറ്റാവുന്ന പോലെയൊക്കെ ദൈവത്തെ പ്രീതിപ്പെടുത്താൻ നമ്മൾ ശ്രമിക്കുമ്പോൾ നമുക്ക് ധൈര്യമായി പറയാം, ‘മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്‌ഥാനം’..കാരണം നമ്മുടെ ആഗ്രഹത്തിലോ പ്രയത്നത്തിലോ അല്ല ഫലമിരിക്കുന്നത്, ദൈവത്തിന്റെ ദയയിലും കൃപയിലും ആണെന്ന്.
ജിൽസ ജോയ് ![]()



Leave a comment