പൊളിച്ചെഴുത്ത്
പീഡാനുഭവ വഴിയിൽ ക്രിസ്തുവിൻ്റെ മൗനം വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. അതുവരെ വളരെയധികം സംസാരിച്ചിരുന്ന ക്രിസ്തു ആരോപണമുനകളുടെ നടുവിൽ ഒന്നും ഉരിയാടാതെ നിന്നു.
മനുഷ്യൻ പയ്യെ പയ്യെ വാർത്തകളെ ഭയക്കുന്ന കാലഘട്ടമാണിത്. ഇന്ന് വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് എന്ന് നമുക്കറിയാം. അങ്ങനെ സൃഷ്ടിക്കപ്പെട്ട വാർത്തയാണ് ക്രിസ്തുവിൻ്റെ വിചാരണ. അതിലെ കഥാപാത്രങ്ങൾ എല്ലാം നന്നായി അഭിനയിച്ചു. ഒരാൾ ഒഴികെ. അയാളുടെ പേരാണ് ക്രിസ്തു.
എന്തുകൊണ്ട് ക്രിസ്തു സംസാരിച്ചില്ല ? ഒറ്റവാക്കിൽ ഉത്തരം പറയാം. ദൈവഹിതം. താൻ കുരിശിൽ മരിച്ച് ഉയർക്കണം എന്നതാണ് ദൈവിക പദ്ധതിയെന്ന് ഗദ്സെമൻ തോട്ടത്തിൽ വച്ചു ക്രിസ്തുവിന് മനസിലായി.
നെഞ്ച് തകരുന്ന ദിനങ്ങളിൽ എന്തു ചെയ്യണം ?
പണ്ട് അമ്മ മരിച്ചു എന്നറിഞ്ഞു വീട്ടിലേക്ക് വന്ന യാത്ര ഓർക്കുന്നു. അന്ന് വഴിയിലെ കാഴ്ചകളിലേക്ക് കണ്ണ് പോയതേയില്ല. അതുപോലെ മനസിൽ വലിയ ദുഃഖം വരുമ്പോൾ നമുക്ക് ആശ്വാസം കിട്ടുന്ന സ്ഥലമാണ് അൾത്താരകൾ, മലമുകളുകൾ, പ്രാർത്ഥനാത്തോട്ടങ്ങൾ എന്നിവ. വരുന്ന പ്രതിഭാസത്തെ നേരിടാൻ കഴിയും എന്ന ഉറപ്പ് കിട്ടുന്നതുവരെ പ്രാർത്ഥിക്കണം. എന്നാൽ ഭ്രമിപ്പിക്കുന്ന ലോകം നമ്മളോട് പറയുന്നത് പുതിയ വസ്ത്രങ്ങൾ വാങ്ങൂ, പുതിയ യന്ത്രങ്ങൾ വാങ്ങൂ, ഹോട്ടൽ ഭക്ഷണം കഴിക്കൂ, സ്ഥലങ്ങൾ സന്ദർശിച്ച് ഫോട്ടോസ് എടുക്കൂ, എന്നൊക്കെയാണ്. നമ്മൾക്ക് സന്തോഷം ഉണ്ടെന്ന് കാണിക്കാനായിട്ട് ഫോട്ടോ എടുക്കുന്ന ലോകം ആണിത്. മനുഷ്യർ സന്തോഷം അഭിനയിക്കുന്ന റീൽസ് കണ്ട് അസൂയപ്പെടാൻ കുറെ പാവം മനുഷ്യരും ഉണ്ട്. അപ്പോൾ പുതിയ തൊന്നും ആവശ്യമില്ലേ ?
നമ്മൾ എല്ലാം ചെയ്യണം. ആവശ്യത്തിന്.
വെറുതെ ഇരുന്നാൽ കിട്ടുന്ന സന്തോഷം കൃത്രിമമാണ് എന്ന സത്യം പങ്കുവയ്ക്കട്ടെ. അത് മൊബൈലിൽ സ്ക്രോൾ ചെയ്താലോ ഫുഡ് കഴിച്ചാലോ കിട്ടുന്നതല്ല. അതിന് നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ പണിയെടുക്കുക. പണിയെടുത്ത് കഴിയുമ്പോൾ കിട്ടുന്നതല്ലല്ലോ ആനന്ദം. അത് ജോലി ചെയ്യുന്ന സമയത്ത് കിട്ടുന്നതാണ്. എന്താണീ പണി ? കൂടെയുള്ളവൻ്റെ ജീവിതം മെച്ചപ്പെടുക്കുന്നത് എന്തും പണിയാണ്.
പ്രാർത്ഥനയെന്ന പണി
നിനക്ക് ഒരു പണിയുമില്ലെങ്കിൽ പോയിരുന്ന് പ്രാർത്ഥിച്ചു കൂടേ ? എന്നു ചോദിക്കുന്നവരുണ്ടാകാം. പ്രാർത്ഥന ഒരു പണിയാണ്. കുടുംബ പ്രാർത്ഥന തന്നെ മടുപ്പോടെ ചൊല്ലുന്നവരാകാം നമ്മൾ. ഇവിടെ അങ്ങനെയുള്ള പ്രാർത്ഥന അല്ല ഉദ്ദേശിക്കുന്നത്. മറിച്ച് നമ്മൾ ദൈവത്തിൻ്റെ കൂടെ കുറെ സമയം ചിലവഴിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ കൂടെ സമയം ചിലവഴിക്കുന്നതിനെ നമ്മൾ പണി എന്ന് പറയാറില്ല. എന്നാൽ എല്ലാവർക്കും ആ അടുപ്പം ഉണ്ടായെന്ന് വരില്ല. ഇവിടെ നമ്മൾ ബോധപൂർവം കർത്താവിനോടൊത്ത് സമയം ചിലവഴിക്കുന്നു. അത് പണിയാണ് എന്നു പറയാൻ കാരണം തീർച്ചയായും നമ്മൾ അത് ചെയ്യണം എന്ന അർത്ഥത്തിലാണ്. കാരണം മുന്നോട്ടു പോകാനുള്ള ശക്തി നമ്മൾക്ക് സംഭരിക്കാൻ സാധിക്കുന്നത് ഉടയനവനുമായുള്ള കൂടിക്കാഴ്ചയിലാണ്.
പുറപ്പാട്
ഏത് കാര്യം ചെയ്യും മുമ്പ് ഇപ്രകാരം പ്രാർത്ഥനാത്താവളങ്ങൾ നമുക്കാവശ്യമാണ്. അവിടെ ദൈവഹിതം നമ്മൾക്ക് തിരിച്ചറിയാൻ സാധിക്കും. ഒന്നുറപ്പാണ്. ഈ ഇടത്താവളം നമുക്ക് പുതിയൊരു ട്വിസ്റ്റ് സമ്മാനിക്കും. ഈ ഇടത്താവളത്തിലെ വാസം എപ്പോഴും സുഖം പകരുന്ന ഒന്നാകണം എന്നു നമ്മൾ ചിന്തിക്കരുത്. പള്ളിയിൽ നിന്ന് മുറിയിലേക്ക് ഇറങ്ങി ഓടിയ അനുഭവങ്ങൾ എനിക്കുണ്ട്. പ്രലോഭകൻ വെറുതെ ഇരിക്കുന്നില്ല. പ്രാർത്ഥിച്ചാൽ നമ്മൾ ഏത് കാര്യവും നന്നായി ചെയ്യുമെന്ന് പ്രലോഭകന് അറിയാം. അതിനാൽ അത് കുളമാക്കാൻ അത് പ്രയത്നിക്കും.
ക്രിസ്തു മിണ്ടിയില്ല….
നമ്മുടെ ചോദ്യത്തിന് ഏറ്റവും സമഗ്രമായ ഉത്തരം ആദ്യമേ പറഞ്ഞു. അതോടൊപ്പം ചേർത്തുവയ്ക്കേണ്ട ഒന്നുണ്ട്. അതാണ് മനുഷ്യൻ്റെ ദുഷ്ടത. യൂദാസിൻ്റെ പണത്തോടുള്ള താല്പര്യം, പീലാത്തോസിൻ്റെ അധികാരത്തോടുള്ള അഭിനിവേശം, കാരണം ഒന്നും അറിയില്ലെങ്കിലും ഒരാളെ ക്രൂശിക്കാനുള്ള ആൾക്കൂട്ടത്തിൻ്റെ അർമ്മാദം ഇവയൊക്കെ ഇവിടെ നടമാടുന്ന കാര്യങ്ങളാണ്. മനുഷ്യന് എങ്ങനെ ഇങ്ങനെ ദുഷ്ടത പ്രവർത്തിക്കാൻ സാധിക്കുന്നു ? മനുഷ്യർ എപ്പോഴും ചിന്തിക്കുന്നത് താത്കാലിക ലാഭങ്ങളെക്കുറിച്ചാണ്. നക്കാപ്പിച്ച ലാഭത്തിന് വേണ്ടി വൻ നഷ്ടം വരുത്തിവയ്ക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുന്നു. എന്നാൽ പ്രാർത്ഥനയുടെ വെട്ടത്തിൽ ഇരിക്കുമ്പോൾ നമ്മൾ യാഥാർത്ഥ്യങ്ങൾ മനസിലാക്കുന്നു. ക്രൂശിക്കാൻ വന്ന മനുഷ്യരോട് സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാൽ ക്രിസ്തു മൗനം പാലിച്ചു.
പൊളിച്ചെഴുത്ത്
പഴയ നിയമ പ്രകാരം ഏറ്റവും ശപിക്കപ്പെട്ട മരണമാണ് കുരിശ് മരണം. എന്നാൽ ക്രിസ്തു അത് വരിക്കുമ്പോൾ ഉദാത്ത മരണമായി പരിവർത്തനപ്പെടുന്നു. ഇതു പോലെ ഒരു പൊളിച്ചെഴുത്ത് നമുക്കാവശ്യമാണ്. ഇംഗ്ലീഷിൽ disruption എന്ന വാക്ക് പറയുമ്പോൾ നമ്മൾ കണ്ടു വരുന്ന വ്യവസ്ഥിതിയിലെ മാറ്റം എന്നർത്ഥം കൂടി വരുന്നുണ്ട്. ഇന്നലെ ജീവിച്ചതു പോലെ ജീവിക്കാൻ അല്ല നമ്മൾ വന്നിരിക്കുന്നത്. പിന്നെയോ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ പുതിയ നിയമം രചിക്കാനാണ് നമ്മൾ ഇവിടെ പിറവി എടുത്തിരിക്കുന്നത്. അത് താത്കാലിക ലാഭത്തിന് വേണ്ടി ആവരുത്. ശാരീരിക സുഖങ്ങൾക്ക് വേണ്ടിയും ആവരുത്. പിന്നെയോ ബുദ്ധിമുട്ടുകൾ സഹിച്ചും ദൈവഹിതം തിരിച്ചറിയുക. അത് നടപ്പിൽ വരുത്തുക. അല്ലെങ്കിൽ പൊളിച്ചെഴുത്തുകൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മൾ പകച്ചു പോകും. നമ്മുടെ ഉയിർത്തെഴുന്നേല്പ് പ്രാർത്ഥനയിലാണ് . ക്രിസ്തുവിൻ്റെ കൂടെയുള്ള ധ്യാനത്തിലാണ്.
ജിൻസൺ ജോസഫ് മുകളേൽ CMF


Leave a comment