ദൈവമാതൃ ഭക്തിയിൽ വളരാൻ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റെ 5 താക്കോലുകൾ

“ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” ഈ വാക്കുകൾ തിരുസഭ ഇന്നു (ഏപ്രിൽ 28 ) തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ്. ഫ്രാൻസിലെ മോൺട്ഫോർട്ട് എന്ന സ്ഥലത്തു 1673 ൽ ഒരു ദരിദ്ര കുടുംബത്തിലാണ് ലൂയിസിൻ്റെ ജനനം. 1700 വൈദീകനായി അഭിഷിക്തനായ ലൂയിസിൻ്റെ ആദ്യ നിയമനം പോയിറ്റേഴ്സിലെ (Poitiers) ഒരു ആശുപത്രി ചാപ്ലായിനായിട്ടായിരുന്നു. ഭരണകാര്യങ്ങളിൽ അത്ര നൈപുണ്യം ഇല്ലാതിരുന്ന ലൂയിസ് അവിടെ നിന്നു ജോലി രാജിവയ്ക്കാൻ നിർബദ്ധിതനായി.

ദരിദ്രരായ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി the Brothers of St. Gabriel എന്ന പേരിൽ സഹോദരമാരുടെ ഒരു സമർപ്പണ സമൂഹം 1711 അദ്ദേഹം സ്ഥാപിച്ചു. പിന്നിടു Company of Mary എന്ന വൈദീകരുടെ ഒരു കൂട്ടായ്മയ്ക്കും രൂപം നൽകി.മോണ്ട്ഫോർട്ട് ഫാദേഴ്സ് ( the Montfort Fathers) ഈ കൂട്ടായ്മ സാധാരണ ഗതിയിൽ അറിയപ്പെടുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ സന്യാസ സഭ സേവനം ചെയ്യുന്നു. ക്രിസ്താനികളുടെ ജീവിതത്തിൽ ദൈവമാതാവിനുള്ള സവിശേഷ സ്ഥാനത്തെപ്പറ്റി നിരന്തരം പഠിപ്പിച്ചിരുന്ന ലൂയിസ് മരിയവിജ്ഞാനത്തിലെ പ്രസിദ്ധമായ രണ്ടു കൃതികളുടെ രചിതാവാണ്. മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) ജപമാലയുടെ രഹസ്യം ( The Secret of the Rosary) എന്നിവയാണ് ആ ഗ്രന്ഥങ്ങൾ

ദൈവമാതാവിനോടു നമ്മൾ എത്ര അടുക്കുന്നുവോ അത്രയും അവൾ നമ്മളെ അവളുടെ പുത്രന്റെ അരികിലേക്കു കൊണ്ടു ചെല്ലും. ദു:ഖ വെള്ളിയാഴ്ച യോഹന്നാൻ ശ്ലീഹാ മറിയത്തെ സ്വഭവനത്തിൽ സ്വീകരിച്ചതുമുതൽ എണ്ണമറ്റ ക്രൈസ്തവർ മറിയത്തെ തങ്ങളുടെ അമ്മയായി ഹൃദയത്തിൽ സ്വീകരിക്കുകയും അവളുടെ സംരക്ഷണതണലിൽ അഭയം പ്രാപിക്കുകയും ചെയ്തട്ടുണ്ട്. വി. ലൂയിസ് ഡീ മോൺഫോർട്ട് ദൈവ മാതൃഭക്തിയിൽ വളർന്നു നമ്മുടെ ജീവിതത്തെ യേശുവിലേക്കു നയിക്കാൻ ചില താക്കോലുകൾ തന്നിട്ടുണ്ട്. അവ നമുക്കൊന്നു പരിശോധിക്കാം.

1) ആന്തരികത

മറിയത്തോടുള്ള യഥാർത്ഥ ഭക്തിയിലേക്കു നയിക്കുന്ന ഒന്നാമത്തെ താക്കോൽ അന്തരീകതയാണ്. യഥാർത്ഥ മരിയഭക്തി ഹൃദയത്തിൽ നിന്നു വരുന്നതാണ്. മറിയത്തെപ്പറ്റി നമുക്കു ഹൃദയത്തിലുള്ള ആഴമായ മതിപ്പിൽ നിന്നു വരുകയും അവളോടുള്ള മഹത്തായ സ്നേഹത്തിലും വിധേയത്വത്തിലും വളരുന്നതുമാണിത്. അന്തരീകതയില്ലാത്ത ബാഹ്യമായ പ്രകടനപരത മരിയഭക്തർക്കു ഒട്ടും ഭൂഷണമല്ല.

2) ആർദ്രത

ആർദ്രതയുള്ളാരു ഹൃദയം മരിയ ഭക്തന്റെ രണ്ടാമത്തെ ലക്ഷണമാണ്. ആർദ്രതയുള്ള ഹൃദയത്തിൽ മറ്റുള്ളവർക്കു എപ്പോഴും സ്ഥാനമുണ്ട് ഒരു കുഞ്ഞു തന്റെ അമ്മയിൽ പൂർണ്ണ ആശ്വാസം കണ്ടെത്തുന്നതു പോലെ മൃദുലതയുള്ള ഹൃദയത്തെ പ്രത്യാശപൂർവ്വം സമീപിക്കാൻ അർക്കും കഴിയും . ഒരു വ്യക്തിയുടെ ഏതു ശാരീരികവും മാനസികവുമായ ആവശ്യങ്ങളിലും എളിമയോടും വിശ്വാസത്തോടും ആർദ്രതയോടും കൂടി മറിയത്തിൽ അഭയം ഗമിക്കാനുള്ള വിശ്വാസം ആർദ്രതയുള്ള ആത്മാവിലുണ്ട്. എല്ലാ സമയങ്ങളിലും സ്ഥലങ്ങളിലും എല്ലാ കാര്യത്തിലും നല്ല അമ്മുടെ സഹായം അപേക്ഷിക്കാൻ ഇതു നമ്മളെ പ്രാപ്തരാക്കുന്നു. സംശയങ്ങളിൽ നീവാരണവും, അലച്ചിലുകളിൽ സമാശ്വാസവും പ്രലോഭനങ്ങളിൽ സഹായവും ബലഹീനതകളിൽ ശക്തിയും വീഴ്ച്ചയിൽ കൈത്താങ്ങും നിരാശയിൽ പ്രത്യാശയും മറിയത്തെ തിരിച്ചറിയാൻ ആർദ്ര ഹൃദയർക്കു കഴിയും.

3) പരിശുദ്ധി

മറിയത്തോടുള്ള യഥാർത്ഥ ഭക്തിയുടെ മൂന്നാമത്തെ ലക്ഷണം വിശുദ്ധിയാണ്. ആത്മാവിൽ നിന്നു പാപത്തെ അകറ്റിക്കളയാനും പരിശുദ്ധ കന്യകാമറിയത്തിൽ പ്രധാനമായും വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങളായ

ആഴമായ എളിമ, സജീവമായ വിശ്വാസം, നിരന്തരമായ പ്രാർത്ഥന, സർവ്വവ്യാപിയായ പരിത്യാഗം, ദൈവികമായ പരിശുദ്ധി, തീഷ്ണമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖമാരുടെ മാധുര്യം, ദൈവിക വിജ്ഞാനം ഇവ അനുകരിക്കാൻ വിശുദ്ധിയുണ്ടങ്കിലെ നമുക്കു കഴിയും.

4) സുസ്ഥിരത

കന്യകാമറിയത്തോടുള്ള യഥാർത്ഥ ഭക്തിയുടെ നാലമത്തെ താക്കോൽ അചഞ്ചലതയാണ് .ഇതു ആത്മാവിനെ നന്മയിൽ ഉറപ്പിക്കുകയും ആത്മീയ പതിവുകൾ വേഗത്തിൻ ഉപേക്ഷിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലോകത്തെയും അതിന്റെ ആഢംബരങ്ങളെയും എതിർക്കുവാനും പിശാചിന്റെ പ്രലോഭനങ്ങളെയും മദിരായിയുടെ ക്ഷണികത മനസ്സിലാക്കാനും ആത്മാവിന്റെ അചഞ്ചലത ഒരുവനെ സഹായിക്കുന്നു .പരിശുദ്ധ കന്യകാമറിയത്തിന്റെ യഥാർത്ഥ ഭക്തൻ സംശയാലുവോ മുൻകോപിയോ ഭീരുവോ, അസ്ഥിരനോ ആയിരിക്കുകയില്ല. അവൻ വീണാലും അവന്റെ അമ്മയുടെ കൈപിടിച്ചു വേഗം എഴുന്നേൽക്കാൻ പരിശ്രമിക്കും.

5) നിസ്വാർത്ഥത

അവസാനമായി പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാർത്ഥ ഭക്തി ലക്ഷണം നിസ്വാർത്ഥതയാണ്. ദൈവം മാത്രമാണ് ഇവരുടെ ലക്ഷ്യം, പരിശുദ്ധ മറിയത്തിലുള്ള അതേ ദൈവം. യഥാർത്ഥ മരിയ ദാസൻ ധനലാഭത്തിന്റെയോ ഭൗതീക സുഖ സൗകര്യങ്ങളുടെയോ പുറകേ പോവുകയില്ല ദൈവത്തെ ശുശ്രൂഷിക്കുക മാത്രമാണ് അവന്റെ ഏക ലക്ഷ്യം.

ഫാ. ജയ്സൻ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “ദൈവമാതൃ ഭക്തിയിൽ വളരാൻ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റെ 5 താക്കോലുകൾ”

  1. practicallyversatileb9320a0416 Avatar
    practicallyversatileb9320a0416

    Dear father Praise the Lord 🙏 യാക്കോബ് സ്ലീഹയുടെ പ്രാർത്ഥനയുടെ അവസാനം ആമേൻ എന്നത് ആമീൻ എന്ന് type ചെയ്തിരിക്കുന്നു രണ്ടു തവണ. ഇത് അങ്ങ് ശ്രദ്ധിച്ചുവോ എന്നറിയില്ല 🙏

    Liked by 1 person

    1. Thank you so Much. I have Corrected it. Please Check.

      Liked by 1 person

Leave a comment