June 9 | വിശുദ്ധ അന്ന മരിയ ടേയിജി | Anna Maria Taigi

ഒരു വിശുദ്ധ, മറ്റുള്ളവരുടെ അസുഖങ്ങൾ തൊട്ട് സുഖപ്പെടുത്തിയ വലിയ ഒരു മിസ്റ്റിക്, ഈശോയും പരിശുദ്ധ അമ്മയുമൊക്കെ അവളുടെ ജീവിതകാലത്ത് നേരിട്ട് അവളോട് സംസാരിക്കാറുണ്ടയിരുന്നു. തീർന്നില്ല, വേറെ ഒരു വിശുദ്ധരുടെ ജീവിതത്തിലും കേട്ടിട്ടില്ലാത്ത ഒരു പ്രത്യേകത അവൾക്കുണ്ടായിരുന്നു. സൂര്യഗോളം പോലെ തിളങ്ങുന്ന, മുൾമുടി ആവരണം ചെയ്ത ഒരു ഗ്ലോബ് 47 വർഷത്തോളം അവളുടെ കണ്മുന്നിൽ ഉണ്ടായിരുന്നു. അതിലൂടെ കഴിഞ്ഞു പോയതും അപ്പോൾ നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങൾ അവൾ കണ്ടു, മനുഷ്യരുടെ ആത്മാവിന്റെ അവസ്ഥ അറിഞ്ഞു, കപ്പൽ അപകടങ്ങളിൽ പെടുന്നവരുടെ ഭീതിയിൽ, അങ്ങകലെ ചൈനയിൽ ജയിലിലുള്ളവരുടെ നരകയാതനയിൽ, മതപീഡനക്കാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയിൽ ഒക്കെ പങ്കുചേർന്നു. കർദ്ദിനാൾമാരും രാജകുടുംബത്തിലുള്ളവരുമൊക്കെ അവളുടെ ഉപദേശത്തിനായി കാത്തു നിന്നു.1837 ജൂൺ 9 ന് മരിച്ച അവളുടെ ശവശരീരം കണ്ടാൽ ഇപ്പോഴും ഇന്നലെ മരിച്ച പോലെ തോന്നും. ആരായിരുന്നു അവൾ? കാണാൻ മാലാഖയെ പോലുളള കന്യാസ്ത്രീയോ? അതോ ഏതോ ഒരു ഗുഹയിൽ മനുഷ്യസമ്പർക്കമില്ലാതെ കഴിഞ്ഞ സന്യാസിനിയോ? ഇതൊന്നുമല്ല കേട്ടോ.

ഒരു സാധാരണ ഭാര്യയും എഴു കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്നവൾ( അതിൽ 3 കുഞ്ഞുങ്ങൾ ചെറുപ്പത്തിൽ മരിച്ചു ). ഇന്ന് ഭാര്യമാരുടെ, അമ്മമാരുടെ മധ്യസ്ഥ, മാത്രമല്ല ഭർത്താവിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ഭാര്യമാരുടെയും, എന്ന് എടുത്തുപറയണം. അവളുടെ പേര് അന്ന മരിയ ടേയിജി (Anna Maria Taigi). ഇറ്റലിയിലെ സിയന്നയിൽ 1769ൽ ജനിച്ചവൾ. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ നിറവേറ്റി, മികച്ച വീട്ടമ്മ ആയി കഴിഞ്ഞ അവളുടെ ജീവിതം വീണ്ടും നമുക്കൊരു ഓർമ്മപ്പെടുത്തലാണ് വിശുദ്ധരാകാൻ സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സിലുള്ളവർക്ക് മാത്രമല്ല കഴിയുക, മനസ്സുള്ള ആർക്കും ദൈവകൃപയാൽ സാധിക്കും എന്നുള്ളത്.

ഇരുപതാം വയസ്സിൽ വിവാഹിതയായ അവളുടെ, ഭർത്താവ് ഡോമിനിക്കോക്ക്‌ നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം ഉണ്ടായിരുന്നു. ഭാര്യയോട് സ്നേഹം ഉണ്ടെങ്കിലും പരുക്കൻ സ്വഭാവമാണ് കാണേണ്ടി വരിക കൂടുതലും. ദേഷ്യം വന്നാൽ മേശവിരിയോടെ ഊണുമേശയിലുള്ള സാധനങ്ങൾ ചിലപ്പോൾ താഴെക്കിടക്കും. ഒരുമിച്ചുണ്ടായിരുന്ന 49 കൊല്ലത്തോളം, അന്ന മരിയ എളിമയുടെ രക്തസാക്ഷിത്വം സ്വീകരിച്ച്, കഴിയുന്നതും പുഞ്ചിരിയോടെ, നിശബ്ദതയോടെ എല്ലാം അഭിമുഖീകരിച്ച് വീട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തി. അവളുടെ പുണ്യങ്ങൾ വളർത്തിയെടുക്കുന്നതിന് ആ സഹനങ്ങൾ കാരണമായി. പിൽക്കാലത്ത്, തന്നെ കാണാൻ വന്നിരിക്കുന്നത് എത്ര വലിയ ആൾ ആണെങ്കിലും ഭർത്താവ് വീട്ടിൽ വന്നാൽ, അവരോട് ക്ഷമാപണം ചെയ്ത് അദ്ദേഹത്തിന്റെ അടുത്ത് പോയി വേണ്ടതെല്ലാം ചെയ്തു കൊടുത്ത് തിരിച്ചു വന്നു ആത്മീയ സംസാരം തുടരുമായിരുന്നു. വിവാഹം, മാതൃത്വം എന്നിവയിലൂടെയുള്ള ഒരു സാധാ ജീവിതത്തെ അവളുടെ വിശുദ്ധിയാൽ അസാധാരണമാക്കി.

ആദ്യകാലത്ത്, പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞ് ,വിലകൂടിയ ആഭരണങ്ങളിട്ട്, ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു അവളും. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദർശിച്ച ഒരു ദിവസം, ലൗകിക മോഹങ്ങളെ, ആഡംബരങ്ങളെ ഉപേക്ഷിച്ച് ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കാനുള്ള പ്രേരണ അവൾക്കുണ്ടായി. അവൾ അറിയാതെ ചെന്നിടിച്ച ഒരു വൈദികനോട് ഈശോ പറഞ്ഞു, അവളെ ഒന്ന് നോക്കി വെച്ചോളാൻ. ഒരു വിശുദ്ധ ആവാൻ അവളെ താൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. പിന്നീട് അവൾ അറിയാത്ത, അതേ വൈദികന്റെ അടുത്ത് ഒരിക്കൽ കുമ്പസാരിക്കാൻ ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു, ‘ അവസാനം നീ വന്നു അല്ലേ മോളെ? ” എന്ന്.

ആത്മീയ കാര്യങ്ങളിൽ പടിപടിയായുള്ള അവളുടെ ഉയർച്ചയും അവളുടെ പ്രയത്നവും വിവരിക്കാൻ ഏറെയുണ്ടെങ്കിലും ചുരുക്കുന്നു. ഒരു ദിവസം എല്ലാവരാലും തഴയപെട്ട്, പരിഹസിക്കപ്പെട്ട്, ആകെ മനസ്സ് തകർന്ന് കുരിശുരൂപത്തിന് മുൻപിൽ നിൽക്കുമ്പോൾ ഈശോയുടെ സ്വരം അവൾ കേട്ടു. “എന്താണ് നിന്റെ ആഗ്രഹം? ദരിദ്രനും എല്ലാം ഉരിഞ്ഞെടുക്കപ്പെട്ട് നഗ്നനുമായ യേശുവിനെ പിന്തുടരാൻ ആണോ? അതോ അവന്റെ വിജയത്തിലും മഹത്വത്തിലും അനുഗമിക്കാൻ മാത്രമോ? അന്ന മരിയ ടേയിജി പറഞ്ഞു, “ഞാൻ എന്റെ യേശുവിന്റെ കുരിശിനെ ആശ്ലേഷിക്കുന്നു. അവനെപ്പോലെ തന്നെ എന്റെ വേദനയിലും അപമാനത്തിലും ഞാനത് വഹിക്കും. അവന്റെ കരങ്ങളിൽ നിന്നുള്ള വിജയവും മഹത്വവും ഞാൻ കാത്തിരിക്കുന്നത് പരലോകത്തിലാണ്”.

തന്റെ ഒരു സന്ദർശനത്തിനിടയിൽ പരിശുദ്ധ അമ്മ അവളോട് പറഞ്ഞു, “നീ എന്റെ മകനായ യേശുവിനെപ്പോലെയായിരിക്കണം. ഈ ജീവിതാവസ്ഥയിൽ നിന്നെ വിളിക്കാൻ പ്രസാദിച്ചിരിക്കുന്ന ദൈവത്തിന്റെ ഇഷ്ടം എല്ലാറ്റിനുമുപരിയായി നീ നിറവേറ്റുകയും നിന്റെ ഇഷ്ടങ്ങൾ അവനായി നിരന്തരം വിട്ടുകൊടുക്കുകയും വേണം. വലിയ പ്രായശ്ചിത്തപ്രവൃത്തികളും സ്വയം പീഡിപ്പിക്കലുമൊന്നുമില്ലാതെ തന്നെ അവനവന്റെ വികാരങ്ങളോട് ശക്തമായി പോരാടിയും എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ തിരുവിഷ്ടത്തോട് അനുരൂപപെടുകയും ചെയ്യുകയാണെങ്കിൽ ഏത് അവസ്ഥയിലും ഏത് ജീവിതാന്തസ്സിലും ആയിരുന്നുകൊണ്ട് ദൈവത്തെ സേവിക്കാൻ സാധ്യമാണെന്നുള്ള ബോധ്യം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം. ഓർക്കുക, ശരീരത്തെ സ്വയം പീഡിപ്പിച്ചുള്ള വലിയ പ്രായശ്ചിത്തപ്രവൃത്തികൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ പുണ്യം അടങ്ങിയിരിക്കുന്നത് നമ്മുടെ ഇഷ്ടം പരിത്യജിക്കുന്നതിലും ദൈവത്തിന്റെ ഇഷ്ടത്തിന് കീഴടങ്ങുന്നതിലുമാണ്”.

രണ്ട്‌ ലോകമഹായുദ്ധങ്ങളും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ പതനവുമടക്കം ധാരാളം പ്രവചനങ്ങളാണ് അന്ന മരിയ ടേയിജി നടത്തിയിട്ടുള്ളത്. എഴുതാനറിയില്ലാത്ത അവൾ പറയുന്നത് എഴുതിയെടുത്തു ആയിരക്കണക്കിന് പേജ് വരുന്ന പുസ്തകങ്ങൾ ആക്കാൻ സഹായിച്ചത് പുരോഹിതരുടെ സെക്രട്ടറിമാരും പിന്നീട് കർദ്ദിനാൾ ആയവരുമൊക്കെയാണ്. സിയന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ മാർപ്പാപ്പമാർ പോലും അവളെ ബഹുമാനിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ചു. മാർപ്പാപ്പമാരുടെ മരണം അവൾ മുൻകൂട്ടി അറിഞ്ഞു പ്രാർത്ഥിച്ചു. അടുത്ത മാർപ്പാപ്പയെ പ്രവചിച്ചു. അവളുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന സ്വർണ്ണഗോളത്തിലൂടെ അവൾ ഭൂമിയുടെ അറ്റത്തേക്ക് നിമിഷാർദ്ധത്തിൽ എത്തി. ആരുടേയും ഉള്ളിലിരിപ്പ് അറിഞ്ഞു, ഒരു സാദാ വീട്ടമ്മ ദൈവശാസ്ത്രപണ്ഡിതയും അധ്യാപികയും പ്രവാചികയുമായി. അവൾ തൊടുന്നവർ സുഖപ്പെട്ടു, മരിക്കാൻ പോകുന്നവർക്ക് ഒരുങ്ങാൻ മുന്നറിയിപ്പ് കൊടുത്തു. അനേകം ശുദ്ധീകരണാത്മാക്കളെ അവളുടെ പ്രാർത്ഥനയും സഹനങ്ങളും വഴി മോചിപ്പിച്ചു. എന്നും ദിവ്യബലിക്ക് പോകാറുള്ള അവൾക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പാരവശ്യങ്ങളുണ്ടായി (ecstasy). പിശാചുക്കളുടെ ആക്രമണം നിരന്തരം നേരിട്ടു.

അറുപത്തിഎട്ടാം വയസ്സിൽ, 1837ൽ അവൾ മരണമടഞ്ഞു. കർദ്ദിനാൾമാരും ബിഷപ്പുമാരും അടക്കം അനേകം പേർ സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ധാരാളം അത്ഭുതങ്ങളാണ് പിന്നീടും അവളുടെ മാധ്യസ്ഥത്തിൽ നടന്നത്. 1852ൽ അവളുടെ നാമകരണ പ്രക്രിയ തുടങ്ങിവെക്കുമ്പോൾ അതിന്റെ സാക്ഷികളായുള്ളവരിൽ കർദ്ദിനാൾമാർ, മെത്രാന്മാർ, അവളുടെ രണ്ടു മക്കൾ, 92 വയസ്സുള്ള ഭർത്താവ് ഇവരൊക്കെ ഉണ്ടായിരുന്നു.

റോമിലെ സാൻ ക്രിസോഗോണോ ബസിലിക്കയിൽ പോകുന്നവർക്ക് അന്ന മരിയ ടേയിജിയുടെ അഴുകാത്ത ശരീരം (പൂർണ്ണമായിട്ടല്ല. കുറേ കൊല്ലങ്ങൾക്ക് ശേഷം അവളുടെ കല്ലറ തുറന്നപ്പോൾ വസ്ത്രങ്ങൾ മാത്രമേ ദ്രവിച്ചിരുന്നുള്ളു എങ്കിലും പിന്നീട് ശരീരത്തിന് കുറച്ച് കേടുപാടുകൾ വന്നിരുന്നു) ഇന്നും കാണാൻ സാധിക്കും. അവളെ 1920ൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയ ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പ തന്നെ കുടുംബങ്ങളിലെ അമ്മമാരുടെ പ്രത്യേക സംരക്ഷകയും വിമൺ കാത്തലിക് യൂണിയന്റെ മധ്യസ്ഥയുമായി അവളെ പ്രഖ്യാപനം ചെയ്തു. വിശുദ്ധിയിൽ മുന്നേറാനുള്ള തടസ്സങ്ങൾക്കും ജീവിതാവസ്ഥയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾക്കും നമുക്ക് വിശുദ്ധ അന്ന മരിയ ടേയിജിയോട് സഹായം അപേക്ഷിക്കാം. അവളുടെ മാതൃക നമുക്ക് വഴികാട്ടിയാവട്ടെ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment