ദിവ്യകാരുണ്യം: നിത്യജീവനേകുന്ന സ്വർഗീയ നിധി

കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് ചിന്തിച്ചാൽ എത്രയോ പരിശുദ്ധ കുർബാനകളിൽ കുറച്ചു കൂടി സ്നേഹത്തോടെ പങ്കെടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. എന്നാൽ കണ്ണിനു കാഴ്ച കുറവുള്ള ഒരുവൻ ഒരു കണ്ണ് ഡോക്ടറെ കണ്ടു കണ്ണട വയ്ക്കുമ്പോൾ അത്രയും നാൾ അയാൾ കണ്ടിരുന്ന രൂപരഹിതവും അവ്യക്തവുമായിരുന്ന ദൃശ്യങ്ങൾ ഞൊടിയിടയിൽ വ്യക്തവും അർത്ഥപൂർണവും ജീവസുറ്റതും ആകുന്നത് പോലെ പരിശുദ്ധാത്മാവിന്റെ വലിയ കൃപയാൽ ശിശുസഹജമായ വിശ്വാസമാകുന്ന കണ്ണട ലഭിയ്ക്കുമ്പോൾ വചനത്തിൽ പറഞ്ഞിരിക്കുന്നതൊക്കെയും സംശയലേശമില്ലാതെ ഹൃദയത്തിൽ കാണാനും അതിനനുസരിച്ചു പ്രവർത്തിക്കാനും ഒരു എളിയ ആത്മാവിന് കഴിയും.

ചെറുതായിരുന്നപ്പോൾ ഇടവകപ്പള്ളിയിലെ അൾത്താരയിൽ എഴുന്നള്ളിയിരുന്ന അതേ ഈശോ തന്നെയാണ് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രനായിരുന്നിട്ടും എനിക്കായി മനുഷ്യനായി പിറന്നതും എനിക്കായി പീഡകൾ സഹിച്ചു മരിച്ചുയർത്തതും ഇന്നും വർഷങ്ങൾക്കിപ്പുറം എന്റെ ഇപ്പോഴത്തെ ഇടവകയുടെ അൾത്താരയിൽ ഓരോ കുർബാനയിലും എനിക്കായി ഭോജ്യമായി തീർന്നു എന്നിലേയ്ക്ക് വന്നു എന്നിൽ വസിക്കുന്നതും.

ഒരു ചെറു ശിശുവിനു ഏറ്റവും സ്നേഹവും സുരക്ഷിതത്വവും സമാധാനവും സന്തോഷവും നൽകുന്നത് അതിന്റെ അമ്മയുടെ സാമീപ്യമാണ്. അതിനു കാരണം കുഞ്ഞ് അമ്മയിൽ രൂപപ്പെട്ടതു കൊണ്ടും അതിന്റെ മനസ്സിൽ അമ്മയുടെ രൂപവും മണവും സ്വഭാവവും ഒക്കെ ജനിച്ച ആദ്യ ദിനം മുതൽ പതിയുന്നത് കൊണ്ടും അമ്മ അതിന്റെ വിശപ്പും ദാഹവുമൊക്കെ മാറ്റുന്നത് കൊണ്ടും അമ്മ അതിനെ സമയാ സമയങ്ങളിൽ വൃത്തിയാക്കി പുതിയ ഉടുപ്പിടുവിക്കുന്നത് കൊണ്ടും അമ്മയുടെ നെഞ്ചിടിപ്പ് കേട്ട് കുഞ്ഞുറങ്ങുന്നത് കൊണ്ടുമൊക്കെ ആയിരിക്കാം. ഒരു മനുഷ്യാത്മാവ് ഈശോ വഴി ദൈവത്തിന്റെ പൈതൽ ആകയാൽ അമ്മയുടെ ഉള്ളിൽ കുഞ്ഞെന്നത് പോലെ, യഥാർത്ഥത്തിൽ ദൈവകരങ്ങളാലും അവിടുത്തെ സ്നേഹത്തിലും വചനത്താലും രൂപപ്പെട്ടത് കൊണ്ട് ദൈവസാമീപ്യവും അവിടുത്തെ നിരന്തരസാന്നിധ്യവും അവിടുന്നുമായുള്ള ഐക്യവും അതിനു ആത്മീയ സുസ്ഥിതിയും ഹൃദയത്തിൽ സ്നേഹാവസ്ഥയും പ്രദാനം ചെയ്യും. പതിയെപതിയെ ദിവ്യകാരുണ്യം സ്വീകരിച്ചു ദിവ്യകാരുണ്യത്തിൽ വസിച്ചു ദിവ്യകാരുണ്യത്തിന്റെ ചിന്തയിൽ ജീവിച്ചു തുടങ്ങുമ്പോൾ “പാൽ മണം മാറാത്ത ചെറു ശിശു” എന്ന് പറയുന്നത് പോലെ ദിവ്യകാരുണ്യത്തിന്റെ മണവും ഗുണവുമുള്ളവരായി മാറും നാം ഓരോരുത്തരും.

ഒരു മനുഷ്യന്റെ ആദ്യത്തെ അടിസ്ഥാന ആവശ്യം ജീവവായു ആണ്. ജീവവായു ഇല്ലെങ്കിലോ ശ്വസിക്കാൻ പറ്റുന്നില്ല എങ്കിലോ മനുഷ്യനു ഏതാനും മിനിറ്റുകൾക്കപ്പുറം ജീവിക്കാൻ പറ്റുകയില്ല.

ഇത് പോലെ തന്നെയാണ് മാമോദീസ വഴി ആത്മീയമായി ജനിച്ച ഒരു വ്യക്തിയ്ക്ക് ആത്മാവിന്റെ ജീവശ്വാസം ആയ പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമുള്ളത്. പരിശുദ്ധാത്മാവിന്റെ സഹായം നിരന്തരം നമുക്ക് ആവശ്യമാണ്.

“സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.
അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്‌; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.
പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്‌. അതുകൊണ്ടാണ്‌ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്‌ അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്‌.”
(യോഹന്നാന്‍ 16 : 13-15)

വിശന്നും ദാഹിച്ചും ഒരു മനുഷ്യന് കൂടുതൽ നാളുകൾ ജീവിക്കാൻ പറ്റുകയില്ല. ഓരോ ദിവസം കഴിയും തോറും ക്ഷീണം കൂടുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളും ചിന്താ ശേഷിയും പ്രവർത്തനരഹിതമാകുകയും ചെയ്യും.

നശ്വരമായ ശരീരത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ അനശ്വരമായ ആത്മാവ് എത്രയോ മടങ്ങ് സംവേദനക്ഷമത ഉള്ളതാണ്.
ആത്മീയമായ ഭക്ഷണ പാനീയങ്ങളാണ് പരിശുദ്ധ കുർബാന. അത് ഒരു ക്രിസ്ത്യാനി യോഗ്യതയോടെ സ്വീകരിക്കുമ്പോൾ മറ്റെല്ലാ ക്രിസ്തീയ മാനദണ്ഡങ്ങളും അതിൽ തന്നെ പാലിക്കപ്പെടുകയും ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിക്കുന്ന ആളിൽ ഈശോ എഴുന്നള്ളി വന്നു ഏറ്റവും സന്തോഷവാനായി വസിക്കുകയും ആത്മാവ് പൂർവ ശോഭ പ്രാപിക്കുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.

“യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്‌. എന്റെ രക്‌തം യഥാര്‍ത്ഥ പാനീയവുമാണ്‌.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.”
(യോഹന്നാന്‍ 6 : 53-58)

എന്നും പരിശുദ്ധ കുർബാനയ്ക്ക് പോകുവാൻ ഭാഗ്യം ലഭിച്ചവരുണ്ട്. ജോലി സാഹചര്യങ്ങൾ കൊണ്ടും ദൂര കൂടുതൽ കൊണ്ടും രോഗവസ്ഥയിലും എന്നും പോകാൻ പറ്റാത്തവരുമുണ്ട്.

ഈശോയോടുള്ള ചെറുസ്നേഹത്തിന്റെ കരുതലിൽ ഉള്ളിൽ സ്വീകരിച്ച ദിവ്യകാരുണ്യഈശോ ഒരു മനുഷ്യന് മനസിലാക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ഐക്യത്തോടെ നമ്മിൽ വസിക്കുന്നു. അതാണ് അവിടുത്തെ ആഗ്രഹവും. മനുഷ്യരിൽ വസിക്കാൻ.

നമ്മിൽ വന്ന ഈശോ നമ്മെ മറക്കുന്നില്ല. അവിടുന്ന് നമ്മോടൊപ്പം സാധാരണ ഒരു വ്യക്തിയെ പോലെ വസിക്കുന്നു എന്ന കാര്യം പതിയെ നാം മറക്കുന്നു.

അൾത്താരയിലെ അരുളിക്കയിൽ ഈശോയെ കണ്ടു സ്തുതിച്ച നാം നമ്മുടെ ഹൃദയത്തിൽ വസിച്ചു നമ്മുടെ ഭവനത്തിലും ജോലിസ്ഥലത്തും നാം പോകുന്നിടത്തെല്ലാം കൂടെ വരുന്നവനായ ഈശോയെ മറന്നു പോകുന്നു. ദിവസത്തിൽ പല സമയവും സ്നേഹം തണുത്തു പോകുന്നു.

ഉള്ളിൽ എപ്പോഴും വസിക്കുന്ന ഈശോയെ ആത്മനാ സന്ദർശിക്കുവാനും അവിടുത്തോട് സംഭാഷണം ചെയ്യുവാനും നമുക്ക് നേരം കിട്ടാതാകുന്നു.

പതിയെ പതിയെ ആത്മാവിനുള്ളിൽ ജ്വലിക്കുന്ന ഈ സ്നേഹകേന്ദ്രത്തിൽ നിന്നും ഹൃദയം അകലുന്നതിനാൽ നമ്മിൽ സ്നേഹശൂന്യതയും ആത്മീയ വരൾച്ചയും അനുഭവപ്പെടുന്നു.

ഈ ആത്മീയ അസ്വസ്ഥതയെ പറ്റി മറ്റുള്ളവരോട് നാം ചിലപ്പോൾ സംസാരിച്ചു എന്ന് വന്നേക്കാം. എന്നാൽ ദാഹിച്ചു വരണ്ടിരിക്കുന്ന ഒരാൾ വെള്ളം കുടിച്ചാലെ ദാഹം മാറുകയുള്ളൂ. വിശന്നാൽ സ്വയം ആഹാരം കഴിച്ചാലെ വിശപ്പു മാറുകയുള്ളൂ. അത് പോലെ ഈശോയെയും നമ്മെയും സംബന്ധിക്കുന്ന കാര്യങ്ങൾക്ക്‌ പൂർണമായും പരിഹാരം വേണമെങ്കിൽ നമുക്ക് ചുറ്റും അന്വേഷിച്ചു നടക്കാതെ നമ്മിൽ വസിക്കുന്ന ഈശോയുടെ പക്കലേയ്ക്ക് തിരിയണം.

ഈശോയോട് സംസാരിച്ചു തുടങ്ങണം. നമ്മുടെ കുറവുകളും നേട്ടങ്ങളും ഭയങ്ങളും ആകുലതകളും നമുക്ക് സംസാരിക്കാം. അതിനൊക്കെയും അവിടുന്ന് കരുണർദ്രതയോടെ ഹൃദയത്തിൽ മറുപടി നൽകും. ആത്മീയമായി ഒത്തിരി വിഷമിക്കുന്ന അവസ്ഥയിൽ ഈശോ ആശ്വസിപ്പിക്കും. ചിലപ്പോൾ നമ്മൾ ഓർക്കും. ഒരു ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുമ്പോൾ അനേകം പേരുടെ ഇടയിൽ എന്റെ ശബ്ദം ഇത്തിരി കുറഞ്ഞാൽ എന്റെ ഹൃദയത്തിലെ ശ്രദ്ധ ഇത്തിരി മാറിയാൽ ആര് നോക്കുന്നു എന്ന്. എന്നാൽ ഓരോ നിമിഷവും ഈശോ നമ്മോടൊത്തായിരിക്കുന്നത് ഈ ലോകത്തിൽ ഞാൻ എന്നൊരു ആൾ മാത്രമേ അവിടുത്തെ സ്നേഹിക്കാനുള്ളൂ എന്നുള്ള രീതിയിൽ ആണ്. നമ്മിൽ വസിക്കുമ്പോൾ അവിടുന്ന് നമ്മെയും ദൈവരാജ്യത്തിന്റെ ചെറുതും വലുതുമായ ജോലികളിൽ വ്യാപൃതരാക്കുന്നു. ദൈവരാജ്യത്തിലെ ഓരോ ചെറിയ കാര്യവും ഏറ്റവും വിശ്വസ്തത ആവശ്യമുള്ളതാണെന്നും നമ്മെ ഏല്പിച്ച ഓരോ കാര്യങ്ങൾക്കും ചെയ്തു തീർക്കാൻ സമയപരിധി ഉണ്ടെന്നും ദൈവാരൂപി നമ്മെ ഓർമിപ്പിക്കും.

ഉദാഹരണത്തിന് പണ്ട് ഒരു വ്യക്തി നമ്മോടു ഒരു ചെറിയ തുക കടം ചോദിച്ചു എന്നിരിക്കട്ടെ. നമ്മുടെ കയ്യിൽ ഉള്ളത് കൊടുത്തു ആവശ്യനേരത്തു സഹായിച്ചത് നാം ഒരു പക്ഷെ മറന്നു എന്നിരിക്കും. എന്നാലും ദൈവം മറക്കുകയില്ല. ഭൗതിക സമ്പത്തുകൾക്കുപരിയായി അവിടുന്ന് സമൃദ്ധിയായി നമുക്ക് ജീവൻ പ്രദാനം ചെയ്യും. നിത്യതയിൽ പ്രതിഫലം പതിന്മടങ്ങായി ലഭിയ്ക്കുകയും ചെയ്യും.

നാം അന്ന് തുക കൊടുത്ത വ്യക്തി ഒരു പക്ഷെ ഇന്നു ഒരു കോടീശ്വരൻ ആയി എന്ന് കരുതുക. ഇന്ന് ആ വ്യക്തിയ്ക്ക് നാം ഒന്ന് കടം കൊടുക്കണം എന്ന് മനസ്സിൽ കരുതിയാൽ പോലും അത് കൊടുക്കേണ്ട സ്ഥിതി നിലനിൽക്കുന്നില്ല. അയാൾക്ക് അതിന്റെ ആവശ്യമില്ല. നമുക്ക് കടം തരാനും മാത്രം ആ വ്യക്തി അതീവ സമ്പന്നൻ ആയിക്കഴിഞ്ഞു.

അത് പോലെ ചെറുപ്പത്തിൽ നല്ല ബുദ്ധിയുണ്ടായിട്ടും പഠിക്കാതെ ഉഴപ്പി നടന്നു ജീവിതത്തിൽ ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധത്തിൽ ഒരിടത്തുമെത്താതെ പോയവരുണ്ട്.

എന്നാൽ സാഹചര്യങ്ങൾ എതിരായിരുന്നിട്ടും ചുറ്റുമുള്ളവർ നിരുത്സാഹപ്പെടുത്തിയിട്ടും സാവകാശം വിജയത്തിലേയ്ക്ക് പടിപടിയായി ചെന്നെത്തിയവരും ഉണ്ട്.

സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. ഓരോരുത്തരുടെയും ആയുസ്സ് വ്യത്യാസമുണ്ടെങ്കിലും എല്ലാവർക്കും ഒരു ദിവസം എന്നത് 24 മണിക്കൂർ തന്നെയാണ്.

“എല്ലാറ്റിനും ഒരു സമയമുണ്ട്‌. ആകാശത്തിന്‍കീഴുള്ള സമസ്‌തകാര്യത്തിനും ഒരവസരമുണ്ട്‌.”
(സഭാപ്രസംഗകന്‍ 3 : 1)

ജീവിച്ചിരിക്കുമ്പോൾ ഭൗതിക കാര്യങ്ങൾക്ക് വേണ്ടി കുതിച്ചു പായുന്നതിനിടയിൽ ആത്മീയ കാര്യങ്ങൾ മറക്കാതെ സമയാസമയങ്ങളിൽ ക്രമപ്പെടുത്തുക എന്നത് ആത്മീയ ജ്ഞാനമുള്ള വ്യക്തികൾക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ. ആത്മീയ കാര്യങ്ങളുടെ പ്രാധാന്യം നമുക്ക് ഇങ്ങനെ മനസ്സിലാക്കി തരുന്നത് പരിശുദ്ധാത്മാവാണ്. ഈശോ പറഞ്ഞ കാര്യങ്ങളൊക്കെയും നമുക്ക് ലളിതമായി പറഞ്ഞു തരുന്നത് നമ്മുടെ പരിശുദ്ധാത്മാവാണ്. അവിടുത്തേയ്ക്ക് എല്ലാ മനുഷ്യരോടും സ്നേഹമാണ്. ഒരാളോടും വ്യത്യാസം കാണിക്കുകയില്ല.

ഈശോയെ ഏറ്റവും ലളിതമായി സ്നേഹിക്കാൻ ശിശുക്കളെ പോലും ദയവോടെ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്.

ഈശോ ഇന്നും ജീവിക്കുന്നു എന്ന് നമ്മുടെ ഹൃദയത്തിൽ മനസിലാക്കി തരുന്നത് അവിടുന്നാണ്.

ദിവ്യകാരുണ്യഈശോയോട് ഒപ്പമായിരിക്കുമ്പോൾ ഹൃദയത്തിൽ ആരോടും വെറുപ്പോ നീരസം പോലുമോ ഉണ്ടാകാൻ പാടില്ല. നമ്മോടു മറ്റുള്ളവർക്ക് വെറുപ്പുണ്ടാകാൻ നാം ഇടയാക്കുകയുമരുത്.

ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടെങ്കിലോ ക്ഷമ ചോദിക്കാൻ ഉണ്ടെങ്കിലോ നാളത്തേക്ക് മാറ്റി വയ്ക്കരുത്. കഴിഞ്ഞു പോയ ജീവിതത്തിലെ പാപങ്ങളെ അനുതപിക്കാതെ, കുമ്പസാരിക്കാതെ, പാപമോചനം നേടാതെ, ഇപ്പോഴും കൊണ്ട് നടക്കരുത്.

ഇന്നു നമുക്ക് ദൈവാലയങ്ങളുണ്ട്, ഇന്നു നമുക്ക് അഭിഷിക്തരായ വിശുദ്ധ വൈദികരുണ്ട്, ഇന്നു നമുക്ക് ദൈവാലയത്തിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്. ഇന്നും നമ്മുടെ ദൈവാലയങ്ങൾ തുറന്നു കിടക്കുന്നു. ഒന്ന് ശ്രമിച്ചാൽ എപ്പോൾ വേണമെങ്കിലും കുമ്പസാരിക്കാം. ഇന്നും നടന്നു പോകാൻ നമുക്ക് ആരോഗ്യമുണ്ട്. ഇന്നും പാപങ്ങളെ കുറിച്ച് അനുതപിച്ചു മനസ്തപിക്കാൻ നമുക്ക് ഒരു മനസുണ്ട്. പാപമോചനം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കാൻ നമുക്കിന്നും പറ്റും.

എന്നാൽ പൊടുന്നനെ ഇന്നുള്ള സൗകര്യങ്ങൾ ലോക്ക് ഡൗൺ കാലത്തെ എന്നത് പോലെ ഇല്ലാതായാലോ?

നമ്മുടെ ഓർമയും ബുദ്ധിയും പെട്ടെന്ന് ഇല്ലാതായാലോ?

നാം ഒട്ടും വയ്യാത്ത വിധം കിടപ്പായി പോയാലോ?

ഈശോയെ അന്വേഷിക്കാതെ വെറുതേ കളഞ്ഞ നേരത്തെ പറ്റി അപ്പോൾ എന്ത്‌ മാത്രം മന:പ്രയാസമായിരിക്കും.

നമുക്ക് അതാതു കാലങ്ങളിൽ ദൈവം നൽകുന്ന ഓരോരോ അവസരവും സ്ഥാനങ്ങളും വരങ്ങളും കൃപകളും ശരിയായി ദൈവമഹത്വത്തിന് വേണ്ടി ഉപയോഗിക്കണം. അവനവന്റെ സാഹചര്യങ്ങളിൽ അവനവന്റെ കഴിവിനനുസരിച്ചു ഏറ്റവും സ്നേഹത്തോടെ ഓരോന്ന് ചെയ്താൽ മതിയാകും. സ്നേഹം ഓരോ കാര്യങ്ങൾക്കും മാറ്റ് കൂട്ടും.

മനുഷ്യരുടെ നാളെ എന്നത് വരാനിരിക്കുന്നതേയുള്ളൂ.

“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടു കൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.”
(മത്തായി 6 : 33-34)

ഓരോ ദിവസവും ഭൂമിയിലെ വാസം തീർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വരം കൊണ്ടും കരം കൊണ്ടും ഹൃദയം കൊണ്ടും ഒരു സാധാരണക്കാരനെ പോലെ നമ്മോടൊപ്പമുള്ള അത്യുന്നത ദൈവത്തെ സ്തുതിച്ചാരാധിക്കുവാനുള്ള അവസരങ്ങളും സമയവും ഓരോ നിമിഷവും കുറയുന്നു.

പെട്ടെന്ന് ഒരു ദിവസം ഓർക്കാതെ ആത്മീയമായി ഒരുങ്ങാതെ ഇരിക്കുന്ന നേരത്തു മരണനേരം വരുമ്പോൾ ഈശോയോടൊപ്പം അല്ല എങ്കിൽ നാം എന്ത് ചെയ്യും?

ഈശോ രക്ഷിച്ച ഓരോ ആത്മാവിനെയും കൗശലത്തോടെ തട്ടിഎടുക്കുവാൻ നോക്കി പൈശാചിക സൈന്യങ്ങൾ ശ്രദ്ധയോടെ ഇരിക്കുന്നു.

ഇപ്പോൾ ഈ നിമിഷം നമുക്ക് ഈശോയിലേയ്ക്ക് തിരിയാം.

ഈശോയിൽ ആയിരിക്കുക എന്നത് ഭാരമുള്ളതല്ല

നമ്മിൽ എഴുന്നള്ളി വന്ന ദിവ്യകാരുണ്യ ഈശോ ശരിക്കും ആരാണെന്നു നമുക്ക് മനസിലാകുന്നില്ലായിരിക്കാം. ഈശോയെ നമുക്ക് അത്ര അറിയില്ലായിരിക്കാം. എന്നാൽ ഈശോയ്ക്ക് നമ്മെ അറിയാം. നാം അറിയേണ്ട അളവിൽ തക്ക സമയത്ത് അവിടുന്ന് നമ്മെ വെളിപ്പെടുത്തിക്കൊള്ളും.

നമ്മുടെ ജീവിതത്തിലെ വളരെയേറെ സമയം നഷ്ടപ്പെട്ടു പോയി എന്ന് ഓർത്തു വിഷമിക്കേണ്ടതില്ല.

ഈ നിമിഷം എന്നത് ബാക്കിയായി ഉണ്ടല്ലോ.

“ഇന്നലെ ” കടന്നു പോയി. അതിന് വേണ്ടി നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ലല്ലോ.

“നാളെ ” വന്നിട്ടുമില്ല. നാളെ എന്നത് ദൈവത്തിന്റെ കരങ്ങളിൽ ആണ്.

എന്നാൽ “ഇന്ന് ” ഈ നിമിഷം നമുക്ക് സ്വതന്ത്രമായി വിനിയോഗിക്കാം.

ഈ നിമിഷം ഞാൻ എവിടെയാണ്?

ഈശോയുമായി നല്ല ആത്മ ബന്ധത്തിൽ ആണോ?

ഏതെങ്കിലും പാപത്തിന്റെ/ പാപബന്ധനത്തിന്റെ /തഴക്ക ദോഷത്തിന്റെ നിഴലിൽ ആണോ ഞാനിപ്പോഴും?

ആത്മാവിന്റെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധത്രിത്വത്തിന്റെ മഹനീയമായ സാന്നിധ്യം നമ്മെ ഓരോ നിമിഷവും ഉന്നതമായതും സ്വർഗീയവുമായ കാര്യങ്ങൾക്ക്‌ വേണ്ടി ദിവസം ക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നു.

ഞാൻ എന്ന വ്യക്തി എനിക്ക് തന്നെ നിസാരമായത് ആണെങ്കിലും എന്നിൽ എടുത്തു പറയത്തക്ക ഗുണങ്ങളോ പുണ്യങ്ങളോ ഒന്നും തന്നെ ഇല്ല എന്നെനിക്ക് തോന്നുന്നുവെങ്കിലും ഉള്ളിലെ ദൈവസാന്നിധ്യത്തിൽ നിന്നും ആന്തരിക കണ്ണുകളെ മാറ്റരുത്. സാധിക്കുമ്പോൾ എല്ലാം അവിടുത്തെ സ്തുതിക്കുക. കാരണം അവിടുന്ന് സ്തുതിയ്ക്ക് അർഹനാണ്. സാധിക്കുമ്പോൾ എല്ലാം അവിടുത്തേയ്ക്ക് നന്ദി പറയുക. കാരണം അവിടുന്ന് കൃതജ്‌ഞതയ്ക്ക് അർഹനാണ്.

ഇന്നു വരെയുള്ള ജീവിതത്തിൽ നാം തകർന്ന്‌ പോകാമായിരുന്ന ഓരോരോ സാഹചര്യത്തിലും അവിടുന്ന് നമ്മെ സുരക്ഷിതമായി നയിച്ചു. തളർന്നിരുന്നപ്പോൾ ഹൃദയത്തിന് ആശ്വാസം നൽകി. രോഗിയായിരുന്നപ്പോൾ സൗഖ്യം നൽകി. പാപി ആയിരുന്നപ്പോൾ പാപമോചനം നൽകി. സമാധാനം ഇല്ലാതെ ഹൃദയം ആകുലപ്പെട്ടപ്പോൾ നമ്മുടെ സമാധാനമായി അവിടുന്ന് കൂടെ വന്നു. ദിവ്യകാരുണ്യ രൂപനായി ഈശോ നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു.

ഏറ്റവും ലളിതമായ വിധത്തിലുള്ള നമ്മുടെ ഉള്ളിലെ ചിന്തകൾക്ക് പോലും അവിടുന്ന് മറുപടി നൽകുന്നു. നമ്മോടു കരുണ കാണിക്കുന്നു.

നാം പാപികളാണ്. ഇപ്പോഴും ജാഗ രൂകത ഇല്ലാതെ അറിഞ്ഞും അറിയാതെയും പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. എന്നാൽ ആ പാപത്തിൽ തന്നെ തളർന്നു തകർന്ന്‌ കിടക്കാതെ ധൂർത്ത പുത്രനെപ്പോലെ എഴുനേറ്റ് ഈശോയുടെ പക്കലേയ്ക്ക് അനുതപിച്ചു തിരിച്ചു വന്നാൽ അവിടുന്ന് ക്ഷമിക്കും. അവിടുന്ന് നമ്മോടു പണ്ടേ ക്ഷമിച്ചതാണല്ലോ.

എന്നാൽ ഇത്ര മഹത്തായ സ്നേഹത്തിനെ നാം നിസാരമായി കരുതാമോ!

നാളെ കുറച്ചു കൂടി നന്നാകാം എന്നോർത്തിരുന്നാൽ “ആ നാളെ” എന്നത് നമ്മുടെ ജീവിതത്തിൽ ഭൂമിയിൽ ഇല്ലെങ്കിലോ!

നിത്യതയിൽ ആണെങ്കിലോ!

അത് കൊണ്ട് ഈ നിമിഷം നമ്മുടെ അവസാന നിമിഷം എന്നോർത്തു ജീവിതം ക്രമപ്പെടുത്താം. ഈശോയിലുള്ള സ്നേഹത്തിൽ അഭിവൃദ്ധിപ്പെടാം.

ഈശോയിലുള്ള സ്നേഹത്തിലേയ്ക്ക് തിരിയുക എന്നാൽ നമ്മളായിരിക്കുന്ന അവസ്ഥയിൽ ഈശോയുടെ മുന്നിൽ പൂർണമായി വിട്ടു കൊടുക്കുക എന്നതാണ്.

പാപി ആയിക്കൊള്ളട്ടെ, രോഗി ആയിക്കൊള്ളട്ടെ, ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും നമ്മെക്കുറിച്ച് പറഞ്ഞു കൊള്ളട്ടെ…

നമുക്കായി ഈശോ ഒരു തക്ക സമയം വച്ചിട്ടുണ്ട് ആത്മാവിൽ ഉയർത്തുവാനായി.

” ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ്‌ വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന്‌ എന്നെ നാമകരണം ചെയ്‌തു.
എന്റെ നാവിനെ അവിടുന്ന്‌ മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന്‌ എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്‌ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന്‌ ഒളിച്ചുവച്ചു.
ഇസ്രായേലേ, നീ എന്റെ ദാസനാണ്‌, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തു.”
(ഏശയ്യാ 49 : 1-3)

നാം ഉരുവാകുമ്പോഴേ ഈശോ നമ്മെ പേര് ചൊല്ലി വിളിച്ചു തന്റേതാക്കിയതാണ്. ഈ നേരം വരെയുള്ള സഹനങ്ങളും തകർച്ചകൾ എന്ന് നാം കരുതിയവയും ഒക്കെയും നമ്മെ ഒരുക്കി എടുക്കുന്നതായിരുന്നു. നമ്മുടെ വഴികളിൽ ഇരുൾ പരന്നെന്നു നാം ഓർത്ത നാളുകളിൽ അവയൊന്നുമേ ഇരുളല്ലായിരുന്നു, ഈശോയുടെ കൈയുടെ നിഴലിൽ നമ്മെ മറച്ചതായിരുന്നു.

സൈനികർ കഠിനമായ പരിശീലനത്തിലൂടെ ആയോധന മുറകളിലും അഭ്യാസങ്ങളിലും പ്രഗത്ഭരാകും. മഴയോ മഞ്ഞോ വെയിലോ കഠിനമായ കാലാവസ്ഥയോ ദുർഘടമായ വഴിയോ ഒന്നും ലക്ഷ്യത്തിലേയ്ക്ക് മുന്നേറാനും വിജയിക്കാനും അവർക്ക് തടസമല്ല. വിശപ്പോ ദാഹമോ വക വയ്ക്കാതെ ഉറക്കമില്ലാതെ അവർ കാവലിരിക്കും തങ്ങളുടെ രാജ്യം കാക്കാൻ.

ഇത് പോലെ ഓർത്താൽ നാം ഓരോരുത്തരും ആരാണ്?

വെറുമൊരു സൈനികനാണോ?

അല്ല

ഞാൻ മാമോദീസയിലൂടെ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് വഴി പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെ കൈക്കൊണ്ടിരിക്കുന്നതിനാൽ സ്വർഗ്ഗരാജ്യത്തിന്റെ /ദൈവരാജ്യത്തിന്റെ അവകാശിനി (Heiress of Heaven)ആണ്. അത് പോലെയുള്ള നാം ഓരോരുത്തരും ഈശോ വഴി ദൈവമക്കൾ ആയതിനാൽ ദൈവരാജ്യത്തിന്റെ അവകാശികൾ ആണ്.

“ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്‌.
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്‌.
നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ഈ ആത്മാവു നമ്മുടെ ആത്‌മാവിനോട്‌ ചേര്‍ന്ന്‌ സാക്‌ഷ്യം നല്‍കുന്നു.
നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.”
(റോമാ 8 : 14-17)

ഒരു സാധാരണ സൈനികനെക്കാളും എത്രയോ അധികമായി ഒരു രാജകുമാരനോ രാജകുമാരിയോ നിരന്തരമായി പരിശീലിപ്പിക്കപ്പെടും.

അതോടൊപ്പം ദൈവമക്കൾ ഓരോരുത്തരും എത്രയോ ഉന്നതമായി ദൈവത്താൽ പരിപോഷിപ്പിക്കപ്പെടും. എത്ര സുരക്ഷിതമായി അവിടുത്തെ കരങ്ങളാൽ പരിപാലിക്കപ്പെടും.

ജീവിതത്തിന്റെ നാം തകർന്ന് പോയി എന്ന് കരുതുന്ന ഏതോ നാളുകളിൽ ഈശോയുടെ ദിവ്യകാരുണ്യസ്നേഹത്തിലേയ്ക്ക് നാം പതിയെ വലിച്ചടുപ്പിക്കപ്പെടും.

ആ സ്നേഹം അൾത്താ രയുടെ മുൻപിലെ ഒരു ചെറു സംഭാഷണത്തിൽ തുടങ്ങി പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഒരു തീപ്പൊരി വീണത് പോലെ പതിയെ നീറി പടർന്നു നമ്മുടെ ഹൃദയം മുഴുവനും സ്നേഹമായി തീരുന്നത് വരെ നമ്മിൽ നിരന്തരം വസിക്കും.

ഓരോ ദിവസവും ഈശോയോടുള്ള സ്നേഹത്തിനു ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കാം. എന്നാലും വേറൊരാളുടെ അടുക്കൽ നമ്മുടെ ഓരോ കാര്യവും പറയും മുൻപേ നാം ഓടിചെല്ലുന്ന ഒരാളായി ഈശോ മാറും.

ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരാളുടെ ഹൃദയത്തിൽ ഈശോ വസിക്കുന്നത് കൊണ്ട് നമ്മുടെ ആത്മാവിന്റെ സംവേദനക്ഷമത സാധാരണയിൽ കൂടുതൽ ആയിരിക്കും.

ആത്മീയവും ശാരീരികവും സാമ്പത്തികവും ബൌദ്ധികപരവുമായ ഓരോ വിഷമകരമായ സാഹചര്യത്തിലൂടെ നാം പോകുമ്പോഴും നമ്മുടെ ചിന്താരീതിയെയും അന്ന് വരെയുള്ള കാഴ്ചപ്പാടിനെയും അടിമുടി മാറ്റി നാം ദൈവിക പദ്ധതിയിലൂടെയാണ് കടന്നു പോകുന്നത് എന്നുള്ള ഒരു ബോധ്യം ഹൃദയത്തിന് കിട്ടും.

ദിവ്യകാരുണ്യം സ്വീകരിച്ചു ഈശോയോട് ഒന്നായി ചേർന്നു എന്നത് കൊണ്ട് ഓരോ മനുഷ്യരെയും ചുറ്റിപ്പറ്റി ആത്മാവിനെ നേടാൻ നോക്കി കൊണ്ട് വരുന്ന പാപപ്രലോഭനങ്ങളോ പൈശാചികമായ അക്രമണങ്ങളോ കുറയണമെന്നില്ല. എന്നാൽ അതിനു പകരമായി ഉള്ളിൽ ഈശോയെ വഹിച്ചു കൊണ്ട് ശിശുസഹജമായ രീതിയിൽ അതിലൂടെ സാവകാശം മുന്നോട്ട് നടന്നു അതിനെ അതിജീവിക്കുകയാണ് ചെയ്യുന്നത്.

ചിലപ്പോൾ വീണേക്കാം. എന്നാൽ തന്റെ ബലഹീനമായ മനുഷ്യപ്രകൃതി വീണ്ടും ബലവാനായ ദിവ്യകാരുണ്യത്തിൽ സമർപ്പിച്ചു കൊണ്ട് അനുതപിച്ചു കുമ്പസാരിച്ചു കൃപാവരം നേടിയെടുക്കുവാൻ മടി തോന്നുകയില്ല. ചിലപ്പോൾ ഒരേ കാര്യത്തിൽ വീണ്ടും വീണ്ടും വീണു പോയി എന്ന് വന്നേക്കാം. എന്നാൽ ഓരോ തവണയും അതിൽ നിന്നും കൂടുതൽ പാഠം ഉൾക്കൊണ്ടു അടുത്ത തവണ ആ സാഹചര്യത്തെ കൂടുതൽ നന്നായി അഭിമുഖീകരിക്കാൻ സാധിക്കും. കാലക്രമേണ നിരന്തരം ഒഴിവാക്കാൻ ശ്രമിക്കുന്നത് കൊണ്ട് തഴക്ക ദോഷം വേരോടെ പൂർണമായി ഇല്ലാതാകുകയും ചെയ്യും. അതിനു പകരമായി ഒരു തഴക്ക പുണ്യം അതിന്റെ സ്ഥാനത്തു വേര് പിടിച്ചു വളർന്നു ആത്മാവിൽ ഫലം പുറപ്പെടുവിക്കുകയും ചെയ്യും.

ഒരു ചെറു ശിശുവിനു എന്ത് മാത്രം ചെയ്യാൻ സാധിക്കും! ഒരു ശിശുവിനെ പോലെ നിസാരമായ ഒരു ആത്മാവിനും എന്ത് മാത്രം കാര്യങ്ങൾ ചെയ്യാൻ സാധിക്കും!

എന്നാൽ ചെയ്യുക എന്നതിലുപരിയായി കൂടെ ആയിരിക്കുക എന്നതിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്നെനിക്ക് തോന്നാറുണ്ട്.

ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ കാഴ്ച വട്ടത്തിൽ ആയിരിക്കുമ്പോൾ അതിന്റെ കാര്യങ്ങൾ ഒക്കെയും അമ്മ ചെയ്തു കൊടുക്കുന്നു. ഇടയ്ക്കിടെ കുഞ്ഞിനെ നോക്കി അമ്മ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. കുഞ്ഞും അമ്മയെ നോക്കുന്നു. പുഞ്ചിരിക്കുന്നു. അമ്മേ എന്ന് വിളിക്കുന്നു. അല്ലെങ്കിൽ അവ്യക്തമായ രീതിയിൽ അർത്ഥമില്ലാത്ത ശബ്ദങ്ങളാൽ അമ്മയോട് സംഭാഷണം ചെയ്യുന്നു.

ഒരു സാധാരണ ആത്മാവ് ഇങ്ങനെ തന്നെ. ഇടയ്ക്കിടെ സ്വഭാവികമായി ഈശോയെ കുറിച്ച് ഓർക്കുമ്പോൾ അത് ഈശോയെ ഓർത്തു അഭിമാനിക്കുന്നു. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഈശോയെ കാണുന്നു. ഉള്ളിൽ വസിക്കുന്ന ഈശോയെ സന്തോഷിപ്പിക്കാൻ ഈശോയെ പ്രതി ഓരോരോ കുഞ്ഞ് കാര്യങ്ങൾ ചെയ്യുന്നു. ചില സമയത്ത് ദിവസത്തിന്റെ തിരക്കുകളിൽ പെട്ട് അവിടുന്ന് ആത്മാവിൽ മറയ്ക്കപ്പെടുന്നു. വീണ്ടും ഓർമ വരുന്നത് വരെ അവിടുന്ന് കാത്തിരിക്കുന്നു. ചിലപ്പോൾ താൻ ചെയ്യുന്ന ജോലിയിൽ കൂടാമോ എന്ന് ഈശോയോട് ചോദിക്കുമ്പോൾ വിശ്വാസത്തിന്റെ കണ്ണുകളിൽ ഈശോ സമ്മതിച്ചു സഹായിക്കുന്നതായി കാണുന്ന ആത്മാവ് സന്തോഷഭരിതയാകുന്നു. ഈശോയോടൊപ്പം മുഴുവൻ സ്വർഗ്ഗവും സന്നിഹിതമാണെന്ന് കാണുമ്പോൾ ഹൃദയം സ്നേഹത്താൽ നിറയുന്നു.

എന്നാൽ ഉള്ളിൽ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയിൽ നിന്നും വിശ്വാസനോട്ടം മാറ്റിക്കഴിഞ്ഞാൽ കടലിൽ നടന്ന പത്രോസ് ഞൊടിയിടയിൽ വെള്ളത്തിൽ താഴ്ന്നു പോയത് പോലെയുള്ള ആത്മീയ അനുഭവം ആണ് ഉണ്ടാകുക.

പെട്ടെന്ന് നാം പരിഭ്രമിച്ചു പോകും. നമ്മെ ചുറ്റി നിൽക്കുന്ന അന്ധകാര ശക്തികളെയും നമ്മുടെ തന്നെ ആത്മീയ കുറവുകളെയും നമ്മളിൽ തന്നെയുള്ള നിസാരതയെയും നേരത്തെ ചെയ്തു പോയ പാപങ്ങളുടെ ഓർമകളെയും നമ്മുടെ ബലഹീനതകളെയും ഒക്കെ ഒറ്റ നിമിഷത്തിൽ മുന്നിൽ കാണുമ്പോൾ ആഴിയിൽ എന്നേക്കുമായി താണ് പോകാൻ തുടങ്ങുകയാണെന്നു ഒരു നിമിഷം ഓർത്ത പത്രോസിനെ പോലെ നമ്മുടെ ഹൃദയം തളർന്നു പോകും.

എന്നാലോ?

തകരുന്ന നിമിഷം തളരുന്ന സമയം താങ്ങാൻ പറ്റുന്നവനെക്കുറിച്ച് ഓർക്കണം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരമായവനെ ഓർക്കണം. ചോദ്യങ്ങൾ ഉയരുമ്പോൾ ഉത്തരമായവനെ ഓർക്കണം. വിശക്കുമ്പോഴും ദാഹിക്കുമ്പോഴും നമുക്കായി ഒരുക്കപ്പെട്ട സ്വർഗീയ ഭോജ്യത്തെ കുറിച്ച് ഓർക്കണം. പാപത്തിൽ വീണു കിടക്കുമ്പോൾ രക്ഷകനെ കുറിച്ച് ഓർക്കണം. ഏകാന്തമായി ഇരിക്കുമ്പോൾ വാചാലമായ വചനത്തെ കുറിച്ച് ഓർക്കണം.

ഈശോയെ കുറിച്ച് ഓർക്കണം.

നമുക്കുള്ളതെല്ലാം ഈശോയിലൂടെ ഈശോ വഴിയാണ് കരഗതമായത്.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും”.
(1 യോഹന്നാന്‍ 3 : 1)

പരിശുദ്ധകുർബാനയെ കുറിച്ച് സ്നേഹത്തോടെ ചിന്തിച്ചാൽ അതിനു അവസാനമുണ്ടാകുകയില്ല. അത്രയധികം സ്നേഹമാണ് അവിടുത്തെ കുറിച്ച് ചിന്തിച്ചാൽ പോലും നമ്മുടെ ആത്മാവിലേയ്ക്ക് ഒഴുകുന്നത്. ദിവ്യകാരുണ്യത്തെ കുറിച്ച് നിസാരരായ നാം കൂടുതൽ ചിന്തിക്കും തോറും നമ്മിൽ വസിക്കുന്ന ഈശോയോടുള്ള സ്നേഹത്തിൽ വളരും.

“അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്‌മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.”
(1 യോഹന്നാന്‍ 3 : 24)

ഇപ്പോൾ നമ്മുടെ കൂടെ അനുകമ്പയോടെ ഈശോ വസിക്കുന്നു. അവിടുത്തെ സ്നേഹിക്കാനുള്ള ഓരോ കുഞ്ഞ് ശ്രമവും ഈശോ കാണുന്നു. അവിടുത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകൾ ഈശോ അറിയുന്നു.

അവിടുത്തെ കുറിച്ച് സംസാരിക്കുന്നത് അവിടുന്നു കേൾക്കുന്നു. നമ്മുടെ കൊച്ചു സ്നേഹം ഈശോയെ ആശ്വസിപ്പിക്കുന്നു.

നമ്മുടെ എളിയ സാഹചര്യങ്ങളിൽ നാം ഈശോയെ കുറിച്ച് ചിന്തിക്കുന്നത് അവിടുത്തെ സന്തോഷിപ്പിക്കുന്നു.

ഈശോ നസറത്തിൽ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എങ്കിൽ എന്ന് ഒരിക്കൽ ഞാൻ ഓർത്തിട്ടുണ്ട്. ഈശോയെ ദൂരെ നിന്ന് ഒന്ന് നേരിട്ട് കാണാമായിരുന്നല്ലോ!

എന്നാൽ പരിശുദ്ധാത്മാവ് ഹൃദയത്തിൽ പറഞ്ഞു തന്നപ്പോഴാണ് മനസിലായത് ഈശോ അന്നെന്ന പോലെ ഇന്നും ജീവിക്കുന്നു. എന്നേയ്ക്കും ജീവിക്കുന്നു. അവിടുത്തെ കാണാൻ ഞാൻ പരിശുദ്ധ കുർബാന യിലേയ്ക്ക് നോക്കിയാൽ മതി.

ഒരു പക്ഷെ പണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു പക്ഷെ ഈശോയെ എന്റെ ഭവനത്തിൽ കൊണ്ട് വരാനോ അവിടുത്തോട് എനിക്കിഷ്‌ടമുള്ളിടത്തോളം സമയം വ്യക്തിപരമായി സംസാരിക്കാനോ സാധിക്കുമായിരുന്നില്ല.

എന്നാൽ എന്നോട് കരുണയുള്ള ദൈവം എനിക്ക് ജീവിക്കാൻ തന്നത് ഈ കാലഘട്ടമാണ്. ആത്മാവിലും സത്യത്തിലും ഈശോയെ ആരാധിക്കുന്ന കാലഘട്ടം.

എപ്പോഴും ഈശോ എന്റെ ആത്മാവിൽ ദിവ്യകാരുണ്യമായി ഒരിക്കലും പിരിയാതെ വസിക്കുന്ന കൃപയുടെയും മഹാ കാരുണ്യത്തിന്റെയും ദൈവത്തിന്റെ നമ്മോടുള്ള അവർണനീയ സ്നേഹത്തിന്റെയും കാലഘട്ടം.

ഒരു പക്ഷെ നമ്മുടെ പ്രാർത്ഥനകൾ ചെറുതായിരിക്കാം.

നമ്മുടെ പ്രവൃത്തികൾക്കു അത്ര മൂല്യമില്ലെന്നു നമുക്ക് സ്വയം തോന്നിയേക്കാം.

ഈശോയ്ക്കായി ഒത്തിരികാര്യങ്ങൾ ചെയ്യാൻ കഴിവില്ലല്ലോ എന്നോർത്തു മനസ് ഇടിഞ്ഞു എന്ന് വരാം.

ആത്മീയ കാര്യങ്ങളിൽ പൂർണമായി മുഴുകാൻ സാധിക്കാതെ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ നമ്മെ പുറകോട്ട് വലിക്കുന്നു എന്ന അവസ്ഥ വന്നേക്കാം.

എന്നാലും എപ്പോഴും ഈശോയിൽ ആയിരിക്കാം. സ്നേഹത്തിൽ ആയിരിക്കാം.

ഈശോ വഴി ദൈവത്തിന്റെ പുത്രരായി തീർന്ന നാം പൂർണമായ സ്നേഹത്തിൽ ആയിരിക്കണം. ഒരുക്കത്തോടെയുള്ള ദിവ്യകാരുണ്യ സ്വീകരണം വഴി സ്നേഹത്തിന്റെ പൂർണതയിലേക്കുയരാനുംഈശോ നമ്മിൽ വസിക്കുന്നത് വഴി യഥാർത്ഥസ്നേഹത്തിൽ നിലനിൽക്കാനും സാധിക്കും.

അപ്പോൾ നാം ആയിരിക്കുന്ന സാഹചര്യങ്ങളിൽ നമ്മെക്കുറിച്ചുള്ള ഈശോയുടെ ഹിതം സ്വഭാവികമായ രീതിയിൽ അനുദിനം നിറവേറ്റാൻ പറ്റും.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)

ഓരോ ദിവസവും പരിശുദ്ധ കുർബാനയ്ക്കണയുമ്പോൾ നമ്മുടെ കയ്യിൽ കാഴ്ചയായി നൽകാൻ ആ ദിവസം സ്നേഹത്തോടെ നേടിയ ഏതാനും കൊച്ചു ആത്മീയ ചെമ്പു നാണയങ്ങളെ കാണുകയുള്ളൂ.

എന്നാൽ നമ്മുടെ കഴിവും അറിവും നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുമൊക്കെ അനുസരിച്ചു അത്രയുമേ നമ്മെക്കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ഈശോയ്ക്കറിയാം. അത്കൊണ്ട് നേട്ടമായി ഉള്ളത് സന്തോഷത്തോടെ നൽകുക മാത്രമല്ല നമുക്കുള്ളതെല്ലാം ഈശോയ്ക്ക് പൂർണമായി നൽകുക.

“അവന്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്‍ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു.
ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു.
അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ തന്റെ ദാരിദ്യത്തില്‍ നിന്ന്‌, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.”
(ലൂക്കാ 21 : 1-4)

ഈശോയ്ക്ക് പരിപൂർണ്ണമായി നമ്മെ തന്നെ സമർപ്പിച്ചു കഴിഞ്ഞാൽ ഈശോ നമ്മുടെ കാര്യം നോക്കുന്നത് ജീവിതത്തിൽ കാണാൻ സാധിക്കും.

ഒരാളെ കൂടുതൽ അറിയും തോറും സൗഹൃദത്തിന്റെ ആഴം വർദ്ധിക്കും തോറും ആ വ്യക്തിയുടെ വലുപ്പം നോക്കാതെ ആ വ്യക്തിയുടെ അടുത്തുള്ള സ്വാതന്ത്ര്യം നമുക്ക് കൂടും. അത് പോലെയാണ് ദിവ്യകാരുണ്യ ഈശോ നമുക്കായി മനുഷ്യനായി അവതരിച്ച ദൈവമാണെങ്കിലും അവിടുത്തെ പക്കൽ നിരന്തരം ആയിരിക്കുകയും അവിടുത്തെ കുറിച്ച് ചിന്തിക്കുകയും അവിടുത്തെ കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഈശോയുടെ പക്കൽ നമുക്കും നമ്മുടെ പക്കൽ ഈശോയ്ക്കും സ്വാതന്ത്ര്യവും സ്നേഹവും കൂടും.

“അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.”
(മര്‍ക്കോസ്‌ 9 : 1)

ഈ കാലഘട്ടത്തിൽ നമ്മുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയിൽ നമ്മുടെ സർവശ്രദ്ധയും കേന്ദ്രീകരിക്കാം. അവിടുന്നിൽ പൂർണമായി ആശ്രയിക്കാം.

“ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.”
(സങ്കീര്‍ത്തനങ്ങള്‍ 56 : 3)

ചുറ്റുമുള്ള സംഭവങ്ങൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉൾ ഭയം തോന്നിയേക്കാം. എന്നാൽ കുഞ്ഞ് ഭയക്കുമ്പോൾ അമ്മേ എന്ന് വിളിക്കും പോലെ നമുക്കും തൽക്ഷണം വിളിക്കാൻ, വിളിച്ചു രക്ഷ പ്രാപിക്കാൻ നാമമുണ്ട്.

ഈശോ..

“എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.”
(റോമാ 10 : 13)

നിമിഷ നേരം കൊണ്ട് നമ്മെ ശക്തിപ്പെടുത്താൻ പരിശുദ്ധാത്മാവുണ്ട്.

“എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.”
(ജറെമിയാ 33 : 3)

അവർണനീയ സ്നേഹത്താൽ നമ്മെ നിറയ്ക്കുവാൻ നമുക്ക് നമ്മോടൊപ്പമുള്ള സ്വർഗീയ പിതാവുണ്ട്.

“കാരണം, പിതാവു തന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു.”
(യോഹന്നാന്‍ 16 : 27)

മാത്രമല്ല ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ ദൈവരാജ്യത്തിൽ ആയിരിക്കാൻ പിതാവായ ദൈവം നമ്മെ അനുവദിക്കുന്നു.

“ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ്‌ പ്രസാദിച്ചിരിക്കുന്നു.”
(ലൂക്കാ 12 : 32)

നമ്മെ ആശ്വസിപ്പിക്കുവാൻ പരിശുദ്ധ അമ്മയും യൗസേപ്പിതാവുമുണ്ട്. ഈ ഭൂമിയിൽ ജീവിച്ചു മരിച്ച വിശുദ്ധരുണ്ട്.

“ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 14)

നമുക്കായി പൊരുതാനും നമ്മെ സംരക്ഷിക്കുവാനും സ്വർഗീയ സൈന്യങ്ങളുണ്ട്.

“രക്‌ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്‌ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?”
(ഹെബ്രായര്‍ 1 : 14)

“ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.”
(പുറപ്പാട്‌ 23 : 20)

നാം അനാഥരല്ല…

നിത്യതയോളം..

കാരണം ഭൗതികമായ സർവ്വതും തകർക്കപ്പെട്ടാലും തകരാതെ നിൽക്കുന്ന അനശ്വരമായ ആത്മാവിൽ വസിക്കുന്ന അവതരിച്ച ദൈവവചനമായ ദിവ്യകാരുണ്യഈശോ നമ്മോടൊപ്പമുണ്ട്. നമ്മിലുണ്ട്.

“എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും.
എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്‌.”
(റോമാ 10 : 8-11)

ഏതു തളർത്തുന്ന സാഹചര്യത്തിലും നമ്മെ ആശ്വസിപ്പിക്കുവാൻ നമുക്ക് ധൈര്യം പകരുവാൻ നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കപ്പെട്ട വചനങ്ങൾ ആത്മാവിൽ കടന്നു വരും.

ഹൃദയത്തിൽ മുഴങ്ങുന്ന ആ വചനങ്ങൾ അധരം ഉരുവിടുമ്പോൾ നാം സ്നേഹത്താൽ നിറയും.

ഏറ്റവും വലിയ ശക്തി സ്രോതസ് സ്നേഹമാണ്.

“ദൈവം സ്‌നേഹമാണ്‌.”
(1 യോഹന്നാന്‍ 4 : 8)

ഈശോയിലുള്ള സ്നേഹത്തിൽ ആഴപ്പെടുമ്പോൾ നമ്മിൽ ദൃഡമാകുന്നത് ഈശോയുടെ വാഗ്ദാനങ്ങളിലും അവിടുത്തെ വചനത്തിലും ചോദ്യമില്ലാതെ വിശ്വസിക്കുവാനുള്ള കൃപ യാണ്. വിശ്വാസമെന്നത് ബാക്കിയുള്ള സർവ കൃപകളുടെയും കലവറയുടെ താക്കോൽ ആയ പുണ്യവും.

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.
ഇതുമൂലമാണ്‌ പൂര്‍വികന്‍മാര്‍ അംഗീകാരത്തിന്‌ അര്‍ഹരായത്‌.”
(ഹെബ്രായര്‍ 11 : 1-2)

എന്നാൽ…

“വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല.
കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത്‌ എന്നു കണ്ട്‌ ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.”
(ഹെബ്രായര്‍ 11 : 39-40)

ഏറ്റവും ശ്രേഷ്‌ഠമായ ആ കാര്യം എന്താണ്.?

ദിവ്യകാരുണ്യത്തോടൊപ്പമുള്ള ഈ ജീവിതമല്ലേ!!!!

“നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?”
(യാക്കോബ്‌ 4 : 5

ഓരോ ആത്മാവിലും വസിക്കാൻ ഈശോ സ്നേഹത്തോടെ തീവ്രമായി ആഗ്രഹിക്കുന്നു. കാരണം നാം അവിടുത്തെ തിരുരക്തത്താൽ/ ഈശോയ്ക്ക് നമ്മോടുള്ള തീരാ സ്‌നേഹത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്.

നമുക്കും ഈശോയെ സ്നേഹിക്കാം. ഓരോ ദിവസവും ഏറ്റവും ഒരുക്കത്തോടെ, ആത്മീയവിശപ്പോടെയും തീവ്രമായ ദാഹത്തോടെയും ദിവ്യകാരുണ്യം സ്വീകരിയ്ക്കാൻ ഓരോ ദിനവും കാത്തിരിക്കാം. അവിടുന്ന് ദിവ്യകാരുണ്യമായി എഴുന്നള്ളി വരുമ്പോൾ ഈശോയിലൊന്നായി എന്നേയ്ക്കും ജീവൻ തുടിക്കുന്ന നിത്യസക്രാരികളായി മാറി ദിവ്യകാരുണ്യ ഈശോയെ ആത്മാവിലും അധരം കൊണ്ടും ആരാധിക്കാം.

“അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട്‌ അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.”
(1 പത്രോസ് 1 : 8-9)

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment