Esther, Chapter 14 | എസ്തേർ, അദ്ധ്യായം 14 | Malayalam Bible | POC Translation

എസ്‌തേറിന്റെ പ്രാര്‍ഥന

1 എസ്‌തേര്‍രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനയായി കര്‍ത്താവിങ്കലേക്ക് ഓടി.2 അവള്‍ വസ്ത്രാഡംബരങ്ങള്‍ ഉപേക്ഷിച്ച് ദുഃഖത്തിന്റെയും വിലാപത്തിന്റെയും വസ്ത്രം ധരിച്ചു. വിലയേറിയ സുഗന്ധ വസ്തുക്കള്‍ക്കു പകരം ചാരവും ചാണകവും കൊണ്ട് അവള്‍ തല മൂടി; ശരീരത്തെ അത്യന്തം എളിമപ്പെടുത്തി; അലങ്കരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ശരീരഭാഗങ്ങള്‍ താറുമാറായ തലമുടികൊണ്ടു മറച്ചു.3 അവള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: എന്റെ കര്‍ത്താവേ, അങ്ങ് മാത്രമാണു ഞങ്ങളുടെ രാജാവ്; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ!4 അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു.5 കര്‍ത്താവേ, അങ്ങ് സകല ജനതകളിലുംനിന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും, ഞങ്ങളുടെ പിതാക്കന്‍മാരെ അവരുടെ എല്ലാ പൂര്‍വികന്‍മാരിലുംനിന്ന് ഒരു ശാശ്വതാവകാശമായി തിരഞ്ഞെടുത്തുവെന്നും, അവരോടു വാഗ്ദാനം ചെയ്തതെല്ലാം അങ്ങ് നിറവേറ്റിയെന്നും ജനനം മുതല്‍ ഞാന്‍ കുടുംബഗോത്രത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.6 ഇപ്പോള്‍ ഞങ്ങള്‍ അവിടുത്തെ മുന്‍പില്‍ പാപംചെയ്തിരിക്കുന്നു; അങ്ങ് ഞങ്ങളെ ഞങ്ങളുടെ ശത്രുക്കളുടെ കരങ്ങളില്‍ ഏല്‍പിച്ചുകൊടുത്തു.7 കാരണം, ഞങ്ങള്‍ അവരുടെ ദേവന്‍മാരെ മഹത്വപ്പെടുത്തി.8 കര്‍ത്താവേ, അങ്ങ് നീതിമാനാണ്.9 ഞങ്ങള്‍ അതികഠിനമായ അടിമത്തം അനുഭവിക്കുന്നതുകൊണ്ടുമാത്രം അവരിപ്പോള്‍ തൃപ്തരാകുന്നില്ല;10 അങ്ങ് കല്‍പിച്ചവയെ ഇല്ലാതാക്കാനും, അങ്ങയുടെ അവ കാശം നശിപ്പിക്കാനും, അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ തടയാനും, അങ്ങയുടെ ബലിപീഠത്തിലെ അഗ്‌നി കെടുത്താനും, അങ്ങയുടെ ഭവനത്തിന്റെ മഹത്വം ഇല്ലാതാക്കാനും, വ്യര്‍ഥ വിഗ്രഹങ്ങള്‍ക്കു സ്തുതിപാടാന്‍ ജനതകളുടെ അധരങ്ങള്‍ തുറക്കാനും, മര്‍ത്യനായ ഒരു രാജാവിനെ എന്നേക്കും മഹത്വപ്പെടുത്താനും, അവര്‍ തങ്ങളുടെ വിഗ്രഹങ്ങളോട് ഉടമ്പടി ചെയ്തിരിക്കുന്നു.11 കര്‍ത്താവേ, അസ്തിത്വമില്ലാത്ത ഒന്നിന് അങ്ങയുടെ ചെങ്കോല്‍ അടിയറവയ്ക്കരുതേ! ഞങ്ങളുടെ പതനത്തില്‍ ഞങ്ങളെ പരിഹസിക്കാന്‍ അവരെ അനുവദിക്കരുതേ! അവരുടെ പദ്ധതി അവര്‍ക്കെതിരേ തിരിക്കണമേ! ഞങ്ങള്‍ക്കെതിരേ ഇങ്ങനെ തുനിഞ്ഞവനെ മറ്റുള്ളവര്‍ക്ക് ഒരു പാഠ മാക്കണമേ!12 കര്‍ത്താവേ, അങ്ങ് ഇതെല്ലാം ഓര്‍ക്കണമേ; ഞങ്ങളുടെ ഈ കഷ്ടദിനങ്ങളില്‍ അങ്ങ് അങ്ങയെ വെളിപ്പെടുത്തണമേ! ദേവന്‍മാരുടെ രാജാവേ, സകലാധികാരത്തിന്റെയും അധിപനേ, എനിക്കു ധൈര്യംപകരണമേ.13 സിംഹത്തിന്റെ മുന്‍പില്‍ എനിക്ക് ഭാഷണചാതുര്യം നല്‍കണമേ; ഞങ്ങള്‍ക്കെതിരേ പൊരുതുന്നവനെ വെറുക്കേണ്ടതിന് അവനു മനംമാറ്റം വരുത്തണമേ! ശത്രുവും അവനോടു ചേര്‍ന്നവരും നശിക്കട്ടെ.14 ഞങ്ങളെ അങ്ങയുടെ കരത്താല്‍ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അങ്ങ് എല്ലാം അറിയുന്നുവല്ലോ.15 ഞാന്‍ ദുഷ്ടന്‍മാരുടെ പ്രതാപത്തെയും, അപരിച്‌ഛേദിതന്റെയും വിദേശിയുടെയും കിടക്കയെയും വെറുക്കുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ.16 അപരിഹാര്യമായ എന്റെ അവസ്ഥ അങ്ങ് അറിയുന്നു. ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശിര സ്‌സിലണിയുന്ന എന്റെ ഉന്നതസ്ഥാനത്തിന്റെ ചിഹ്‌നത്തെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അതിനെ മലിനമായ പഴന്തുണിപോലെ വെറുക്കുന്നു; ഔദ്യോഗികമല്ലാത്ത അവ സരങ്ങളില്‍ ഞാനതു ധരിക്കുന്നില്ല.17 അങ്ങയുടെ ദാസി ഹാമാന്റെ മേശയില്‍നിന്ന് ഭക്ഷിച്ചിട്ടില്ല;രാജാവിന്റെ വിരുന്നുകളെ ഞാന്‍ ബഹുമാനിച്ചിട്ടില്ല; വിഗ്രഹാര്‍പ്പിതമായ വീഞ്ഞു ഞാന്‍ കുടിച്ചിട്ടില്ല.18 അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവേ, എന്നെ ഇവിടെ കൊണ്ടുവന്ന നാള്‍ മുതല്‍ ഇതുവരെ, അങ്ങിലല്ലാതെ ഈ ദാസിക്ക് ആനന്ദമില്ലായിരുന്നു.19 എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേള്‍ക്കണമേ! തിന്‍മ ചെയ്യുന്നവരുടെ കരങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തില്‍നിന്നു മോചിപ്പിക്കണമേ.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment