Esther, Chapter 16 | എസ്തേർ, അദ്ധ്യായം 16 | Malayalam Bible | POC Translation

രാജശാസനം

1 കത്തിന്റെ പകര്‍പ്പ്: മഹാരാജാവായ അഹസ്വേരൂസ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.2 ഉപകാരികള്‍ എത്ര വലിയ കാരുണ്യത്തോടെ ബഹുമാനിക്കുന്നുവോ അത്രയധികം പലരും അഹങ്കരിക്കുന്നു.3 അവര്‍ നമ്മുടെ പ്രജകളെ ഞെരുക്കാന്‍ശ്രമിക്കുക മാത്രമല്ല, ഐശ്വര്യം കണ്ടു സഹിക്കാനാവാതെ, തങ്ങളുടെ ഉപകാരികള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു.4 കൃതജ്ഞതാഭാവം മനുഷ്യനില്‍നിന്നു നീക്കിക്കളയുന്നു. കൂടാതെ നന്‍മയറിയാത്തവരുടെ വീമ്പടി കേട്ട് അവര്‍ ഇളകിവശാകുന്നു; എല്ലാം എപ്പോഴും കാണുന്നവനും തിന്‍മ വെറുക്കുന്നവനുമായ ദൈവത്തിന്റെ നീതിയില്‍നിന്നു രക്ഷപെടാമെന്ന് സങ്കല്‍പിക്കുന്നു.5 പലപ്പോഴും അധികാര സ്ഥാനങ്ങളില്‍ നിയുക്തരായവര്‍ നിഷ്‌കളങ്കരക്തം ചൊരിയുന്നതില്‍ ഭാഗികമായി ഉത്തരവാദികളായിട്ടുണ്ട്. പൊതുക്കാര്യങ്ങളുടെ ഭരണം ഏല്‍പിക്കപ്പെട്ടിട്ടുള്ള സ്‌നേഹിതന്‍മാരുടെ പ്രേരണനിമിത്തം അപരിഹാര്യമായ ദുരിതങ്ങള്‍ അവര്‍ വരുത്തിവച്ചിട്ടുണ്ട്.6 ഇവര്‍ തങ്ങളുടെ ദുസ്‌സ്വഭാവത്തില്‍നിന്നു വരുന്ന നീചമായ വഞ്ചനനിമിത്തം തങ്ങളുടെ പരമാധികാരികളുടെ ആത്മാര്‍ഥമായ സന്‍മനസ്‌സിനെ കബളിപ്പിക്കുന്നു.7 അയോഗ്യമായി അധികാരം കയ്യാളുന്നവരുടെ വിനാശകരമായ പെരുമാറ്റത്തിലൂടെ നടത്തിയ ദുഷ്ടതകള്‍, പുരാതന രേഖകളില്‍ കാണുന്നതിലധികം, നാം അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങള്‍കൊണ്ടു തെളിഞ്ഞിട്ടുണ്ട്.8 ഭാവിയില്‍ നമ്മുടെ രാജ്യത്ത് എല്ലാ മനുഷ്യരുടെയും ഇടയില്‍ ശാന്തിയും സമാധാനവും പുലരാന്‍ നാം കൂടുതല്‍ ശ്രദ്ധചെലുത്തും;9 അതിനായി നമ്മുടെ ഭരണരീതി മാറ്റുകയും എപ്പോഴും നമ്മുടെ കണ്‍മുന്‍പിലെത്തുന്ന കാര്യങ്ങള്‍ കൂടുതല്‍ സമഭാവന നിറഞ്ഞപരിഗണനയോടെ വിധിക്കുകയും ചെയ്യും.10 ഹമ്മേദാഥായുടെ മകനും മക്കദോനിയക്കാരനും തീര്‍ച്ചയായും പേര്‍ഷ്യന്‍ രക്തത്തിന് അന്യനും, നമ്മുടെ ദയയേതും തീണ്ടിയിട്ടില്ലാത്തവനുമായ ഹാമാന്‍ നമ്മുടെ അതിഥിയായി11 ഇത്രയുംകാലം എല്ലാ ജനതകളുടെയും നേരേ നമുക്കുള്ള സന്‍മന സ്‌സിന്റെ ഫലം അനുഭവിച്ചു; നാം അവനെ പിതാവെന്നു വിളിക്കുകയും, എല്ലാവരും എന്നും അവനെ രാജസിംഹാസനത്തിന്റെ രണ്ടാംസ്ഥാനക്കാരനായി കുമ്പിട്ടു വണങ്ങുകയും ചെയ്തുപോന്നു.12 എന്നാല്‍, അഹങ്കാരം അടക്കാനാവാതെ അവന്‍ നമ്മുടെ രാജ്യവും ജീവനും തട്ടിയെടുക്കാന്‍ തുനിഞ്ഞി റങ്ങി;13 കാപട്യവും കൗടില്യവുംകൊണ്ട് അവന്‍ നമ്മുടെ രക്ഷകനും സ്ഥിരം ഉപകാരിയുമായ മൊര്‍ദെക്കായെയും നമ്മുടെ നിഷ്‌കളങ്കയായ സഹധര്‍മിണി എസ്‌തേറിനെയും അവരോടൊപ്പം അവരുടെ ജനത്തെയും നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു.14 ഇങ്ങനെ നാം അരക്ഷിതനാകുമെന്നും തത്ഫലമായി രാജ്യം പേര്‍ഷ്യക്കാരില്‍നിന്നു മക്കദോനിയക്കാരിലേക്കു കൈമാറുമെന്നും അവന്‍ കരുതി.15 പക്‌ഷേ, അഭിശപ്തനായ ഇവനാല്‍ പൂര്‍ണനാശത്തിനു വില്‍ക്കപ്പെട്ട യഹൂദര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരല്ലെന്നും, ഏറ്റ വും നീതിയുക്തമായ നിയമങ്ങളാല്‍ നയിക്കപ്പെടുന്നവരാണെന്നും,16 ഏറ്റവും ശക്തനായ, ജീവിക്കുന്ന ദൈവമായ അത്യുന്നതന്റെ മക്കളാണെന്നും ഞാന്‍ കാണുന്നു. നമുക്കും നമ്മുടെ പിതാക്കന്‍മാര്‍ക്കും വേണ്ടി രാജ്യത്തെ ഏറ്റവും ഉത്തമമായ നീതിയില്‍ നയിച്ചത് ആ ദൈവമാണ്.17 ആകയാല്‍, ഹമ്മേദാഥായുടെ മകന്‍ ഹാമാന്‍ അയച്ച കത്തുകള്‍ നടപ്പിലാക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം;18 കാരണം, ഇതെല്ലാം ചെയ്ത അവനെ തന്റെ സകല ബന്ധുജനങ്ങളോടുംകൂടെ സൂസായുടെ കവാടത്തില്‍ കഴുവിലേറ്റിയിരിക്കുന്നു. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം, അവനര്‍ഹിച്ച ശിക്ഷ അവന്റെ മേല്‍ വേഗം വരുത്തിയിരിക്കുന്നു.19 ഈ കത്തിന്റെ ഒരു പകര്‍പ്പ് എല്ലാവര്‍ക്കും കാണാന്‍ കഴിയുംവിധം എല്ലായിടത്തും പതിക്കണം; തങ്ങളുടെ നിയമങ്ങളനുസരിച്ചു ജീവിക്കാന്‍ യഹൂദരെ അനുവദിക്കണം.20 പന്ത്രണ്ടാംമാസമായ ആദാര്‍ പതിമൂന്നാംദിവസം യഹൂദരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അതേദിവസം അവരെ ആക്രമിക്കാന്‍ ഒരുങ്ങുന്നവരുടെ പിടിയില്‍നിന്നു രക്ഷ നേടാന്‍ വേണ്ട എല്ലാ സഹായങ്ങളും അവര്‍ക്കു ചെയ്തുകൊടുക്കണം.21 എന്തെന്നാല്‍, എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം താന്‍ തിരഞ്ഞെടുത്ത ജനതയ്ക്ക് നാശത്തിന്റെ ഈ ദിനത്തെ ആനന്ദത്തിന്റെ ദിനമായി മാറ്റിയിരിക്കുന്നു.22 നിങ്ങളുടെ അനുസ്മരണോത്‌സവങ്ങളില്‍ ഒന്നായി ഈ ദിനത്തെനിങ്ങള്‍ അത്യാഹ്ലാദത്തോടെ ആഘോഷിക്കുവിന്‍.23 അങ്ങനെ ഇന്നും എന്നും നമുക്കും വിശ്വസ്തരായ പേര്‍ഷ്യക്കാര്‍ക്കും ഇത് രക്ഷയുടെയും നമുക്കെതിരേ ഗൂഢാലോചന നടത്തുന്നവര്‍ക്ക് നാശത്തിന്റെയും ഓര്‍മ ആയിരിക്കട്ടെ.24 ഇങ്ങനെ പ്രവര്‍ത്തിക്കാത്ത എല്ലാ നഗരവും ഗ്രാമവും ഒന്നൊഴിയാതെ കുന്തംകൊണ്ടും തീകൊണ്ടും ക്രോധത്തോടെ നശിപ്പിക്കപ്പെടും. അവ മനുഷ്യര്‍ക്ക് കടക്കാന്‍ കൊള്ളാത്തതും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പോലും എല്ലാക്കാലത്തേക്കും ഏറ്റവും വെറുക്കപ്പെട്ടതും ആയിത്തീരും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment