Esther, Chapter 2 | എസ്തേർ, അദ്ധ്യായം 2 | Malayalam Bible | POC Translation

എസ്‌തേറിനു രാജ്ഞീപദം

1 കോപം ശമിച്ചപ്പോള്‍ അഹസ്വേരൂസ്‌രാജാവ് വാഷ്തിയെയും അവളുടെ പ്രവൃത്തിയെയും അവള്‍ക്കെതിരേ പുറപ്പെടുവിച്ച കല്‍പനയെയും ഓര്‍ത്തു.2 രാജാവിനെ സേവിച്ചിരുന്ന ഭൃത്യന്‍മാര്‍ പറഞ്ഞു: സൗന്ദര്യമുള്ളയുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിക്കട്ടെ.3 രാജ്യത്തെ സകല പ്രവിശ്യകളിലും രാജാവു സേവകന്‍മാരെ നിയമിച്ചാലും. അവര്‍ സ്ത്രീകളുടെ ചുമതല വഹിക്കുന്നവനും രാജാവിന്റെ ഷണ്‍ഡനുമായ ഹെഗായിയുടെ നേതൃത്വത്തില്‍, തലസ്ഥാനമായ സൂസായിലെ അന്തഃപുരത്തില്‍ സൗന്ദര്യമുള്ള സകലയുവകന്യകമാരെയും കൊണ്ടുവരട്ടെ; അവര്‍ക്കുവേണ്ട ലേപനവസ്തുക്കളും കൊടുക്കട്ടെ.4 രാജാവിന് ഇഷ്ടപ്പെടുന്ന കന്യക വാഷ്തിക്കു പകരം രാജ്ഞിയാകട്ടെ. ഇതു രാജാവിനിഷ്ടപ്പെട്ടു. അവന്‍ അങ്ങനെ ചെയ്തു.5 തലസ്ഥാനമായ സൂസായില്‍ മൊര്‍ദെക്കായ് എന്ന ഒരു യഹൂദന്‍ ഉണ്ടായിരുന്നു.6 അവന്‍ ബഞ്ചമിന്‍ഗോത്രജനായ കിഷിന്റെ മകന്‍ ഷിമെയിയുടെ മകനായ ജായീറിന്റെ മകനായിരുന്നു. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍, യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍നിന്നു തടവുകാരായി കൊണ്ടുപോയവരുടെ കൂട്ടത്തില്‍ അവനും ഉള്‍പ്പെട്ടിരുന്നു.7 അവന്‍ തന്റെ പിതൃസഹോദരന്റെ മകളായ ഹദാസ്‌സായെ- എസ്‌തേറിനെ – വളര്‍ത്തിയിരുന്നു. അവള്‍ക്ക് അപ്പനും അമ്മയും ഇല്ലായിരുന്നു. ആയുവതി രൂപവതിയും സുമുഖിയും ആയിരുന്നു; മാതാപിതാക്കള്‍ മരിച്ച അവളെ മൊര്‍ദെക്കായ് സ്വന്തം മകളായി സ്വീകരിച്ചു.8 രാജാവ് വിളംബരം ചെയ്ത കല്‍പനയനുസരിച്ച് തലസ്ഥാനമായ സൂസായില്‍ കൊണ്ടുവന്ന്, സ്ത്രീകളുടെ ചുമതല വഹിക്കുന്ന ഹെഗായിയെ ഏല്‍പിച്ച അനേ കം കന്യകമാരുടെ കൂട്ടത്തില്‍ എസ്‌തേറും ഉണ്ടായിരുന്നു.9 അവളെ അവന് ഇഷ്ടപ്പെടുകയും അവള്‍ അവന്റെ പ്രീതി നേടുകയും ചെയ്തു. അവന്‍ അവള്‍ക്കാവശ്യമായ സുഗന്ധതൈലങ്ങളും ഭക്ഷണവും, രാജകൊട്ടാരത്തില്‍നിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും കൊടുത്തു. അവള്‍ക്കും തോഴിമാര്‍ക്കും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലം നല്‍കി.10 തന്റെ വംശമോ കുലമോ എസ്‌തേര്‍ ആര്‍ക്കും വെളിപ്പെടുത്തിയില്ല; അത് ആരോടും പറയരുതെന്ന് മൊര്‍ദെക്കായ് അവളോടു കല്‍പിച്ചിരുന്നു.11 എസ് തേറിന് സുഖമാണോ എന്നറിയാന്‍ മൊര്‍ദെക്കായ് ദിവസവും അന്തഃപുരത്തിന്റെ മുന്‍വശത്തുകൂടെ നടക്കുമായിരുന്നു.12 യുവതികളുടെ സൗന്ദര്യവര്‍ധനത്തിന് ആറുമാസം മീറാതൈലവും ആറുമാസം സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും കൊണ്ടുള്ള പരിചരണ പരിപാടി നിശ്ചയിച്ചിരുന്നു. ഈ പന്ത്രണ്ടു മാസം കഴിഞ്ഞ് ഓരോയുവതിയും തവണയനുസരിച്ച് അഹസ്വേരൂസ് രാജാവിന്റെ അടുത്തേക്കു ചെന്നു.13 ഓരോയുവതിയും രാജസന്നിധിയിലേക്കു പോകുമ്പോള്‍, താന്‍ ആഗ്രഹിക്കുന്നതെന്തും അന്തഃപുരത്തില്‍നിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു.14 സന്ധ്യയ്ക്ക് അവള്‍ പോയിട്ട്, രാവിലെ, ഉപനാരികളുടെ മേല്‍വിചാരകനും രാജാവിന്റെ ഷണ്‍ഡനുമായ ഷാഷ്ഗസിന്റെ കീഴിലുള്ള അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിന് അവളില്‍ പ്രീതി തോന്നുകയും അവളെ പേരുചൊല്ലി വിളിക്കുകയും ചെയ്തില്ലെങ്കില്‍ അവള്‍ വീണ്ടും രാജസന്നിധിയില്‍ പോവുകയില്ല.15 മൊര്‍ദെക്കായുടെ പിതൃവ്യനായ അബിഹായിലിന്റെ മകളും അവന്‍ മകളായി ദത്തെടുത്തവളുമായ എസ്‌തേര്‍ രാജസന്നിധിയില്‍ ചെല്ലാനുള്ള തവണ വന്നപ്പോള്‍, രാജസ്ത്രീകളുടെ ചുമതലക്കാരനും രാജാവിന്റെ ഷണ്‍ഡനുമായ ഹെഗായി നിര്‍ദേശിച്ചവയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടില്ല. കാണുന്നവരുടെയെല്ലാം പ്രീതി എസ്‌തേര്‍ നേടിയിരുന്നു.16 രാജാവിന്റെ ഏഴാം ഭരണ വര്‍ഷം, പത്താംമാസം, അതായത്, തേബെത്മാസം കൊട്ടാരത്തില്‍ അഹസ്വേരൂസ്‌രാജാവിന്റെ അടുത്തേക്ക് എസ്‌തേറിനെ കൊണ്ടുപോയി.17 രാജാവ് മറ്റെല്ലാ സ്ത്രീകളെയുംകാള്‍ കൂടുതല്‍ എസ്‌തേറിനെ സ്‌നേഹിച്ചു; അവന്റെ മുന്‍പില്‍ സകല കന്യകമാരെയുംകാള്‍ അധികം അവള്‍ പ്രീതിയും ആനുകൂല്യവും നേടി. തന്‍മൂലം, അവന്‍ രാജകീയ കിരീടം അവളുടെ തലയില്‍വച്ച് അവളെ വാഷ്തിക്കു പകരം രാജ്ഞിയാക്കി.18 അനന്തരം, രാജാവ് എസ്‌തേറിന്റെ പേരില്‍ തന്റെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും സേവകന്‍മാര്‍ക്കും ഒരു വലിയ വിരുന്നു നല്‍കി. അവന്‍ പ്രവിശ്യകളുടെ നികുതികളില്‍ ഇളവു വരുത്തി; തന്റെ രാജകീയ ഔദാര്യത്തിനൊത്ത വിധം സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.19 രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോള്‍ മൊര്‍ദെക്കായ് കൊട്ടാരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.20 എസ്‌തേ റാകട്ടെ, മൊര്‍ദെക്കായ് കല്‍പിച്ചതനുസരിച്ച് തന്റെ വംശമോ കുലമോ വെളിപ്പെടുത്തിയിരുന്നില്ല. മൊര്‍ദെക്കായ് തന്നെ വളര്‍ത്തിയിരുന്ന കാലത്തെപ്പോലെതന്നെ ഇപ്പോഴും എസ്‌തേര്‍ അവനെ അനുസരിച്ചിരുന്നു.21 ആ നാളുകളില്‍ മൊര്‍ദെക്കായ് കൊട്ടാരവാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ വാതില്‍ക്കാവല്‍ക്കാരും, രാജാവിന്റെ ഷണ്‍ഡന്‍മാരുമായ ബിഗ്താനും തേരെഷും കോപംപൂണ്ട് അഹസ്വേരൂസ് രാജാവിനെ വധിക്കാന്‍ ആലോചിച്ചു.22 ഇക്കാര്യം മൊര്‍ദെക്കായ് അറിയുകയും, അവന്‍ അത് എസ്‌തേര്‍ രാജ്ഞിയോടു പറയുകയും ചെയ്തു. എസ്‌തേര്‍ അതു മൊര്‍ദെക്കായിക്കുവേണ്ടി രാജാവിനെ അറിയിച്ചു.23 അന്വേഷിച്ചപ്പോള്‍ അതു ശരിയാണെന്നു കണ്ടു; ആ രണ്ടുപേരും കഴുവിലേറ്റപ്പെട്ടു; രാജസാന്നിധ്യത്തില്‍ ഇതു ദിന വൃത്താന്ത പുസ്തകത്തില്‍ രേഖപ്പെടുത്തി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment