മൊര്‍ദെക്കായ്ക്കു സമ്മാനം
1 ആ രാത്രി രാജാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല; സ്മരണാര്‍ഹമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്തഗ്രന്ഥം കൊണ്ടുവരാന്‍ അവന്‍ കല്‍പന കൊടുത്തു; അവ രാജാവു വായിച്ചുകേട്ടു.2 പടിവാതില്‍ക്കാവല്‍ക്കാരും രാജാവിന്റെ ഷണ്‍ഡന്‍മാരുമായ ബിഗ്താനയും തേരെഷും അഹസ്വേരൂസ്‌രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും, അക്കാര്യം മൊര്‍ദെക്കായ് അറിയിച്ചതും അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.3 അപ്പോള്‍ രാജാവു ചോദിച്ചു, ഇതിന് എന്തു ബഹുമതിയും എന്തു സ്ഥാനവും ആണ് മൊര്‍ദെക്കായ്ക്കു നല്‍കിയത്? രാജാവിനെ ശുശ്രൂഷിച്ചിരുന്ന സേവകന്‍മാര്‍ പറഞ്ഞു: അവന് ഒന്നും കൊടുത്തില്ല.4 രാജാവു കല്‍പിച്ചു: അങ്കണത്തില്‍ ആരുണ്ട്? മൊര്‍ദെക്കായ്ക്കുവേണ്ടി തയ്യാറാക്കപ്പെട്ട കഴുമരത്തില്‍ അവനെ തൂക്കാന്‍ രാജാവു കല്‍പിക്കണമെന്നു പറയാന്‍ വന്ന ഹാമാന്‍ കൊട്ടാരത്തിനു പുറത്തെ അങ്കണത്തില്‍നിന്ന് അപ്പോള്‍ പ്രവേശിച്ചതേയുള്ളു.5 രാജാവിന്റെ സേവകന്‍മാര്‍ പറഞ്ഞു. അങ്ക ണത്തില്‍ ഹാമാനുണ്ട്. രാജാവു കല്‍പിച്ചു: അവന്‍ അകത്തു വരട്ടെ.6 അകത്തുവന്ന ഹാമാനോടു രാജാവ് ചോദിച്ചു: രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന ആളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്? ഹാമാന്‍ ഉള്ളില്‍ കരുതി: എന്നെയല്ലാതെ ആരെയാണ് രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നത്?7 ഹാമാന്‍ രാജാവിനോടു പറഞ്ഞു: രാജാവു ബഹുമാനിക്കാന്‍ ഇഷ്ടപ്പെടുന്നവനു വേണ്ടി8 രാജാവു ധരിച്ചിട്ടുള്ള രാജകീയ വസ്ത്രങ്ങളും, കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടുവരട്ടെ;9 വസ്ത്രങ്ങള്‍, കുതിര എന്നിവയെരാജാവിന്റെ ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രഭുവിനെ ഏല്‍പിക്കട്ടെ; രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനെ ആ വസ്ത്രഭൂഷണങ്ങളണിയിച്ച് കുതിരപ്പുറത്തിരുത്തി താന്‍ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോടു രാജാവ് ഇങ്ങനെ പെരുമാറുന്നു എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ നഗരവീഥിയിലൂടെ കൊണ്ടു പോകട്ടെ.10 അപ്പോള്‍ രാജാവു ഹാമാനോടു കല്‍പിച്ചു: വേഗം പോയി നീ പറഞ്ഞതുപോലെ വസ്ത്രങ്ങളും കുതിരയെയും കൊണ്ടുവന്ന് രാജാവിന്റെ പടിവാതില്‍ക്കല്‍ ഇരിക്കുന്ന മൊര്‍ദെക്കായ് എന്ന യഹൂദനെ ആദരിക്കുക. നീ പറഞ്ഞതില്‍ ഒരു കുറവും വരുത്തരുത്.11 അങ്ങനെ ഹാമാന്‍ വസ്ത്രങ്ങളും കുതിരയെയും കൊണ്ടുവന്ന് മൊര്‍ദെക്കായെ അണിയിച്ചൊരുക്കി; രാജാവു ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനോട് ഇങ്ങനെ പെരുമാറുന്നു എന്ന് ആര്‍ത്തുവിളിച്ച് അവനെ കുതിരപ്പുറത്തിരുത്തി നഗരവീഥിയിലൂടെ കൊണ്ടുനടന്നു.12 അനന്തരം, മൊര്‍ദെക്കായ് രാജാവിന്റെ പടിവാതില്‍ക്കലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ചുകൊണ്ടും, മുഖം മൂടിക്കൊണ്ടും സ്വഭവനത്തിലേക്ക് ഓടിപ്പോയി.13 തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ തന്റെ ഭാര്യയായ സേരെഷിനോടും കൂട്ടുകാരോടും പറഞ്ഞു. അപ്പോള്‍ അവന്റെ ഉപദേഷ്ടാക്കളും ഭാര്യ സേരെഷും പറഞ്ഞു: നീ ആരുടെ മുന്‍പില്‍ നിന്റെ പതനം ആരംഭിച്ചുവോ ആ മൊര്‍ദെക്കായ് യഹൂദജനതയില്‍പ്പെട്ടവനാണെങ്കില്‍ അവനെതിരേ പിടിച്ചു നില്‍ക്കാന്‍ നിനക്ക് ആവുകയില്ല. നീ അവന്റെ മുന്‍പില്‍ വീഴും, തീര്‍ച്ച.14 അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ത്തന്നെ, രാജാവിന്റെ ഷണ്‍ഡന്‍മാര്‍ വന്ന് എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനായി ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി.


Leave a comment