Esther, Introduction | എസ്തേർ, ആമുഖം | Malayalam Bible | POC Translation

പേര്‍ഷ്യന്‍സാമ്രാജ്യത്തില്‍ വാസമുറപ്പിച്ച യഹൂദര്‍ സമൂലം നശിപ്പിക്കപ്പെടുമെന്നു ഭീഷണിയുണ്ടായി. ഒരുയുവതിവഴി വിസ്മയനീയമാംവിധം യഹൂദര്‍ക്കു വിമോചനം കൈവന്നു. അഹസ്വേരൂസായിരുന്നു പേര്‍ഷ്യന്‍ രാജാവ് (ബി.സി. 485-465). അദ്‌ദേഹത്തിന്റെ ഉന്നതസ്ഥാനപതിയായിരുന്നു ഹാമാന്‍. യഹൂദനായ മൊര്‍ദെക്കായ് രാജാവിന്റെ അന്തഃപുരവിചാരിപ്പുകാരനായിരുന്നു. രാജാവ് രാജ്ഞി വാഷ്തിയില്‍ അസംതൃപ്തനായി. അവള്‍ക്കുപകരം യഹൂദയായ എസ്‌തേറിനെ രാജ്ഞിയാക്കി. എസ്‌തേര്‍ മൊര്‍ദെക്കായുടെ പിതൃസഹോദരന്റെ മകളും ദത്തുപുത്രിയുമായിരുന്നു. മൊര്‍ദെക്കായില്‍ അസൂയാലുവായിത്തീര്‍ന്ന ഹാമാന്‍ അയാളെ മാത്രമല്ല യഹൂദരെ ഒന്നടങ്കം നശിപ്പിക്കാന്‍ തീരുമാനിച്ചു. രാജാവില്‍നിന്നു കല്‍പന വാങ്ങി, അതിനായി ഒരു ദിവസം നിശ്ചയിച്ചു. എന്നാല്‍ മൊര്‍ദെക്കായുടെ നിര്‍ദേശപ്രകാരം എസ്‌തേര്‍ രാജസന്നിധിയില്‍ പ്രവര്‍ത്തിച്ചു. മൊര്‍ദെക്കായെ തൂക്കാന്‍ ഹാമാന്‍ നിര്‍മിച്ച കഴുമരത്തില്‍ ഹാമാന്‍ തന്നെതൂക്കപ്പെട്ടു. അയാളുടെ സ്ഥാനത്ത് മൊര്‍ദെക്കായ് നിയമിതനായി. യഹൂദര്‍ അനവധി ശത്രുക്കളെ നിഗ്രഹിച്ചു. വിജയസ്മരണയ്ക്കായി അവര്‍ പൂരിം ഉത്‌സവം ആഘോഷിച്ചു. വര്‍ഷംതോറും പൂരിം ആഘോഷിച്ചുവരുന്നു. യഹൂദരുടെ പ്രത്യേക ജീവിതരീതികളും മതാനുഷ്ഠാനങ്ങളും മുന്‍കാലങ്ങളില്‍ അവര്‍ക്കു വരുത്തിയിട്ടുള്ള പ്രതിസന്ധികള്‍ക്ക് ഈ ഗ്രന്ഥം സാക്ഷ്യം നല്‍കുന്നു. അവര്‍ പലപ്പോഴും ഭരണാധികാരികളുടെ അപ്രീതി സമ്പാദിക്കുന്നതിനും മതപീഡനങ്ങള്‍ ഏല്‍ക്കുന്നതിനും ഇടയായി. യഹൂദജനത്തിന്റെ മഹത്വം പ്രഘോഷിക്കുന്നതിനും പൂരിം ഉത്‌സവത്തിന്റെ ഉദ്ഭവവും അര്‍ഥവും വിശദീകരിക്കുന്നതിനും ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്രായേല്‍ജനത്തെ സമാശ്വസിപ്പിക്കുന്നതിന് ഗ്രന്ഥകര്‍ത്താവ് ഉദ്‌ദേശിക്കുന്നു. ദൈവം നിരന്തരമായി അവരെ പരിപാലിക്കുന്നു. മനസ്തപിച്ചു ദൈവത്തിലേക്കു തിരിയുമ്പോഴും വിശ്വസ്തരായി വര്‍ത്തിക്കുമ്പോഴും ദൈവം അവരെ പരിരക്ഷിക്കുന്നു. ബി.സി. നാലാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് ഈ ഗ്രന്ഥം രചിച്ചത് എന്നു കരുതപ്പെടുന്നു. ഒരു ചരിത്രരേഖയായി എസ്‌തേര്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ഹീബ്രുഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രണ്ടു മൂലരേഖകള്‍ നിലവിലുണ്ട്, ഹീബ്രുഭാഷയിലുള്ള ഒരു പകുതിയും നൂറ്റിയെട്ടു വാക്യങ്ങള്‍ കൂടുതലുള്ള ഒരു ഗ്രീക്കു വിവര്‍ത്തനവും. ഈ വിവര്‍ത്തനത്തില്‍ കൂടുതലായി കാണുന്ന വാക്യങ്ങളും കാനോനികഗ്രന്ഥത്തില്‍ പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങള്‍ കഥയുമായിയഥാസ്ഥാനം ചേര്‍ത്തിട്ടുള്ളതുകൊണ്ട് അധ്യായങ്ങള്‍ തുടര്‍ച്ചയായിട്ടല്ല കാണുന്നത്.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment