അന്ന മാണി: ഇന്ത്യയുടെ ‘കാലാവസ്ഥാ വനിത’!

അന്ന മാണിയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു മലയാളിയായിരുന്ന ഈ സ്ത്രീരത്നം അറിയപ്പെടാതിരിക്കുകയും ആദരിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നുവെച്ചാൽ നമ്മൾ അവരോട് ചെയ്യുന്ന വലിയ അപരാധമാണ്.

അന്ന മാണി: ഇന്ത്യയുടെ ‘കാലാവസ്ഥാ വനിത’!

ഇടുക്കി പീരുമേട് മോടയിൽ കുടുംബത്തിൽ 1918ൽ ജനിച്ച അന്ന മാണി ഇന്ത്യയുടെ കാലാവസ്ഥാ വനിതയായ കഥ. അറിയപ്പെടാതെ പോയ ഒരു ശാസ്ത്രജ്ഞയുടെ പ്രചോദനാത്മകമായ ജീവിതവഴികൾ.

എട്ടാം വയസ്സിൽ മോടയിൽ അന്ന മാണിക്ക് കുടുംബ പാരമ്പര്യമനുസരിച്ച് ഒരു ജോഡി വജ്രക്കമ്മൽ സമ്മാനമായി ലഭിക്കേണ്ടതായിരുന്നു. എന്നാൽ കൊച്ചുകുട്ടിയായ അന്ന അന്ന് ആവശ്യപ്പെട്ടത് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു കോപ്പിയായിരുന്നു! തിരുവിതാംകൂറിലെ മാണി കുടുംബത്തെ ആ ആവശ്യം അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. സമ്പന്നവും എന്നാൽ യാഥാസ്ഥിതികവുമായ ആ ക്രൈസ്തവ കുടുംബത്തിലെ എട്ട് മക്കളിൽ ഏഴാമത്തെയാളായിരുന്നു അന്ന. അവിടെ ആൺമക്കളെ ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ജോലികൾക്കുമായി പറഞ്ഞയക്കുമ്പോൾ, പെൺമക്കളെ നേരത്തെയുള്ള വിവാഹത്തിനായി പരിശീലിപ്പിക്കുകയാണ് അമ്മമാർ ചെയ്തിരുന്നത്. എന്നാൽ, വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വായിച്ചുതീർത്ത് അന്ന ചെറുപ്പം മുതലേ ഈ രീതികൾ മാറ്റിമറിക്കുന്നതിന്റെ സൂചനകൾ പ്രകടിപ്പിച്ചു. പിതാവിന്റെ ഏലത്തോട്ടത്തിന് ചുറ്റുമുള്ള കാടുകളിലൂടെയുള്ള ദീർഘദൂര നടത്തങ്ങളും കായലുകളിലും നദികളിലും നീന്തുന്നതും പ്രകൃതിയോടുള്ള അവളുടെ അഗാധമായ സ്നേഹം വളർത്തി. കൂടാതെ, പരീക്ഷിച്ചും പരിശോധിച്ചും ഉറപ്പുവരുത്തുന്നതുവരെ ഒരു പ്രസ്താവനയും മുഖവിലയ്‌ക്കെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവളുടെ ശാസ്ത്രീയാഭിമുഖ്യത്തെ സ്വാധീനിച്ചു.

1918-ൽ ജനിച്ച അന്നക്ക് ഏഴു വയസ്സുള്ളപ്പോഴാണ്, മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന തിരുവിതാംകൂർ സന്ദർശിച്ചത്. ഗാന്ധിയുടെ സന്ദർശനം യുവതിയായ ആ കുട്ടിയുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞതിനാൽ അവൾ ഖാദി മാത്രം ധരിക്കാൻ തീരുമാനിച്ചു. അക്കാലത്ത് വ്യാപകമായിരുന്ന ദേശീയതാ മനോഭാവം അന്നയിൽ സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യാവബോധം വളർത്തി. അങ്ങനെ, സഹോദരിമാർ വളരെനേരത്തെ തിരഞ്ഞെടുത്ത വിവാഹജീവിതത്തിനു പകരം അവൾ ഉന്നത വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചു.

അന്ന മദ്രാസിലെ പ്രസിഡൻസി കോളേജിൽ ചേർന്നു, അവിടെ നിന്ന് 1939-ൽ ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ഒരു വർഷത്തിനുശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്താൻ അവൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. സി.വി. രാമന്റെ ലബോറട്ടറിയിൽ വജ്രങ്ങളുടെയും മാണിക്യങ്ങളുടെയും സ്പെക്ട്രോസ്കോപ്പിയിൽ ഗവേഷകയായി അവളെ സ്വീകരിച്ചു. അങ്ങനെ, കുട്ടിക്കാലത്ത് അവൾ നിരസിച്ച അതേ കല്ലിനെക്കുറിച്ച് അന്ന ഗവേഷണം ചെയ്യാൻ തുടങ്ങി.

പരീക്ഷണങ്ങൾ വെല്ലുവിളി നിറഞ്ഞതും കഠിനാധ്വാനം ആവശ്യമുള്ളതുമായിരുന്നു; അന്ന മണിക്കൂറുകളോളം, പലപ്പോഴും രാത്രി മുഴുവൻ ജോലി ചെയ്തു. 1942നും 1945നും ഇടയിൽ, വജ്രങ്ങളുടെയും മാണിക്യങ്ങളുടെയും പ്രകാശത്തെക്കുറിച്ച് അവൾ അഞ്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 1945 ഓഗസ്റ്റിൽ അവൾ തന്റെ പി.എച്ച്.ഡി. പ്രബന്ധം മദ്രാസ് യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. എന്നാൽ, എം.എസ്.സി. ബിരുദം ഇല്ല എന്ന കാരണം പറഞ്ഞ് യൂണിവേഴ്സിറ്റിഅവൾക്ക് ബിരുദം നൽകാൻ വിസമ്മതിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് നേടിയിട്ടും, സി.വി. രാമനോടൊപ്പം പ്രവർത്തിച്ചിട്ടും, യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ലിംഗപരമായ പക്ഷപാതവും ആ നിരാസത്തിന് വഴിയൊരുക്കി.

പക്ഷെ അതൊന്നും അന്നയെ തളർത്തിയില്ല. ആ കാലഘട്ടത്തിൽ തന്നെ, ഇന്ത്യൻ സർക്കാർ വിവിധ മേഖലകളിൽ വിദേശത്ത് ഇന്റേൺഷിപ്പുകൾക്കായി സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചപ്പോൾ അന്ന അപേക്ഷിക്കുകയുണ്ടായി. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, ലണ്ടനിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാ ഉപകരണങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനായി സർക്കാർ സ്കോളർഷിപ്പോടെ അവൾ ഒരു കപ്പലിൽ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. ഭൗതികശാസ്ത്രത്തിൽ കൂടുതൽ ഗവേഷണം നടത്താൻ അവൾ ആഗ്രഹിച്ചിരുന്നെങ്കിലും, ലഭ്യമായ ഒരേയൊരു ഇന്റേൺഷിപ്പ് ഇതായിരുന്നു. അങ്ങനെ, കാലാവസ്ഥാ ശാസ്ത്രം അവളുടെ ജീവിതത്തിലെ പ്രധാന മേഖലയായി മാറി.

1948-ൽ സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങിയ അന്ന മാണി പുനെയിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ചേർന്നു, അവിടെ കാലാവസ്ഥാ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. റേഡിയേഷൻ ഉപകരണങ്ങളുടെ നിർമ്മാണത്തിന്റെ ചുമതല അന്നയ്ക്ക് ലഭിച്ചു. അന്നത്തെ കാലഘട്ടത്തിൽ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും, ഗവേഷണത്തിലോ ഗുണമേന്മയിലോ അവൾ വിട്ടുവീഴ്ച ചെയ്തില്ല; “ചെയ്യാനുള്ളതിന് ഒരു മികച്ച വഴി കണ്ടെത്തുക!” എന്ന വാക്കുകളിലൂടെ അവൾ തനിക്ക് കീഴിലുള്ള ശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ചു.

അന്ന മാണി ഏകദേശം 100 വ്യത്യസ്ത കാലാവസ്ഥാ ഉപകരണങ്ങളുടെ രൂപരേഖകൾ തയ്യാറാക്കുകയും അവയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. “തെറ്റായ അളവുകൾ അളവുകളില്ലാത്തതിനേക്കാൾ മോശമാണ്” എന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നതിനാൽ, ഇന്ത്യൻ ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയിലെ അംഗങ്ങളുമായി ചേർന്ന് അളവുകൾ നിശിതമായി താരതമ്യം ചെയ്തു. അന്തരീക്ഷ ഓസോൺ മുതൽ അന്താരാഷ്ട്ര ഉപകരണ താരതമ്യങ്ങളുടെയും ദേശീയ സ്റ്റാൻഡേർഡൈസേഷന്റെയും ആവശ്യം വരെയുള്ള വിഷയങ്ങളിൽ അവൾ അക്കാദമിക് ഗവേഷണങ്ങൾ നടത്തുകയും നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ഭൗമവർഷത്തിൽ (1957-58), സൗരവികിരണം അളക്കാൻ ഇന്ത്യയിൽ സ്റ്റേഷനുകളുടെ ശൃംഖല അവൾ സ്ഥാപിച്ചു. ഇന്ത്യയിലുടനീളമുള്ള സൗരവികിരണത്തിന്റെ കാലാനുസൃതവും പ്രാദേശികവുമായ വ്യതിയാനം കണക്കിലെടുത്ത്, അത് അളക്കാൻ ഉദ്ദേശിച്ചുള്ള ഉപകരണങ്ങളിലായിരുന്നു അവളുടെ ശ്രദ്ധ.

1964-ഓടെ അന്ന മാണി ഇന്ത്യയിലെ ഓസോൺ നിരീക്ഷണ ശ്രമങ്ങളിൽ പങ്കാളിയായി; ഓസോൺ ദ്വാരം ഒരു അന്താരാഷ്ട്ര പ്രശ്നമാകുന്നതിന് വളരെ മുമ്പായിരുന്നു ഇത്. 1940-കൾ മുതൽ ഓസോൺ അളക്കുന്ന സ്റ്റേഷനുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു, എന്നാൽ 1967-ൽ ഓസോൺ അളവുകൾ നിർണ്ണയിക്കുന്നതിനുള്ള ബലൂൺ ഘടിപ്പിച്ച ഉപകരണമായ ഇന്ത്യൻ ഓസോൺസോണ്ട് വികസിപ്പിച്ചത് അന്ന മാണിയുടെ ടീമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ധാരാളം ഡാറ്റ ലഭിക്കുന്നതിനായി അവർ ഭൗമ കേന്ദ്രീകൃത ഉപകരണങ്ങളും പരിഷ്കരിച്ചെടുത്തു. അന്തരീക്ഷ ഓസോൺ മുതൽ അന്താരാഷ്ട്ര ഉപകരണ താരതമ്യങ്ങളുടെയും ദേശീയ സ്റ്റാൻഡേർഡൈസേഷന്റെയും ആവശ്യം വരെയുള്ള വിഷയങ്ങളിൽ ഈ ശാസ്ത്രജ്ഞ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 1960 മുതൽ 1990 വരെ ഓസോൺ അളവ് നിർണ്ണയിക്കുന്നതിലെ പ്രവർത്തനങ്ങൾക്ക് ഇന്റർനാഷണൽ ഓസോൺ കമ്മീഷനിൽ നിന്ന് അന്ന മാണിക്ക് ഒരു സമ്മാനപത്രവും ലഭിച്ചു.

1963-ൽ വിക്രം സാരാഭായിയുടെ അഭ്യർത്ഥനപ്രകാരം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ ഒരു കാലാവസ്ഥാ നിരീക്ഷണാലയവും ഒരു ഇൻസ്ട്രുമെന്റേഷൻ ടവറും അവൾ വിജയകരമായി സ്ഥാപിച്ചു.

അന്ന മാണിയുടെ മൂന്ന് പതിറ്റാണ്ടുകളിലെ പ്രവർത്തനങ്ങൾ ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്ര സങ്കേതങ്ങൾക്ക്, തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾക്ക്, വിശ്വസനീയമായ ഡാറ്റയ്ക്ക്, ശാസ്ത്രീയ കൃത്യതയ്ക്ക്, ആധുനിക രീതിശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. ബാരോമീറ്ററുകളും വിൻഡ് ഗേജുകളും പോലുള്ള സ്വന്തം കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് അന്ന മാണിയാണ്, ഇത് അവയുടെ വില ഗണ്യമായി കുറച്ചു – അതേസമയം അവയുടെ വിശ്വാസ്യതയും കൃത്യതയും അവൾ ഉറപ്പാക്കുകയും ചെയ്തു.

1976-ൽ അന്ന മാണി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ചു. മൂന്ന് വർഷത്തേക്ക് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തു. പിന്നീട് ബാംഗ്ലൂരിലെ നന്ദി ഹിൽസിൽ ഒരു മില്ലിമീറ്റർ-വേവ് ടെലിസ്കോപ്പ് സ്ഥാപിച്ചു. ദി ഹാൻഡ്ബുക്ക് ഫോർ സോളാർ റേഡിയേഷൻ ഡാറ്റ ഫോർ ഇന്ത്യ (1980), സോളാർ റേഡിയേഷൻ ഓവർ ഇന്ത്യ (1981) എന്നീ രണ്ട് പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചു, ഇത് സോളാർ ടെക് എഞ്ചിനീയർമാർക്ക് റഫറൻസ് ഗൈഡുകളായി മാറി.

അന്ന മാണി വിവാഹിതയായിരുന്നില്ല, ശാസ്ത്രത്തിന്റെ പിന്നാലെയാണ് അവൾ ജീവിതം ചെലവഴിച്ചത്. 1994-ൽ അവൾക്ക് പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെടുകയും 2001-ൽ മരിക്കുകയും ചെയ്തു.

അന്ന മാണിക്ക് ജോലിയോടുള്ള അഭിനിവേശം അഗാധമായിരുന്നു. “ചെയ്യാൻ എന്തെങ്കിലും ജോലിയില്ലാതെ ഉണരേണ്ടി വരുന്നതിൽ ഏറ്റവും അസന്തുഷ്ടിയുള്ള ആൾ ഞാനായിരിക്കും” എന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജോലി കഴിഞ്ഞാൽ, സംഗീതം കേൾക്കാനും വായിക്കാനും പ്രകൃതി ആസ്വദിക്കാനും അന്ന മാണി ഇഷ്ടപ്പെട്ടിരുന്നു, അത് അവളുടെ കുട്ടിക്കാലം മുതലുള്ള ഇഷ്ടങ്ങളായിരുന്നു.

യുവകാലാവസ്ഥാ ശാസ്ത്രജ്ഞർക്കുള്ള അവളുടെ ഉപദേശം ഇതായിരുന്നു: “നമുക്ക് ഒരു ജീവിതം മാത്രമേയുള്ളൂ. ആദ്യം ജോലിക്കായി സ്വയം സജ്ജമാക്കുക, നിങ്ങളുടെ കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കുക, എന്നിട്ട് ജോലിയെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുക, പുറത്ത് പോകാനും പ്രകൃതിയോട് ചേർന്നിരിക്കാനും കിട്ടുന്ന സമയം അങ്ങേയറ്റം ഉപയോഗപ്പെടുത്തുക”.

ശാസ്ത്രജ്ഞർക്ക് മാത്രമല്ല, സകലർക്കും മാതൃകയും പ്രചോദനവുമാണ് അന്ന മാണിയുടെ ജീവിതം. സ്വതന്ത്ര ഇന്ത്യയെ, കാലാവസ്ഥഭാവങ്ങൾ അളക്കുന്നതിൽ സ്വയം പര്യാപ്തമാക്കിയ, സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും പ്രധാന ഊർജ്ജസ്രോതസ്സുകളാകുന്നതിന് അടിത്തറ പാകുകയും ചെയ്ത അവർ ഒരു മലയാളി ആയിരുന്നു എന്നതിൽ നമുക്ക് വലിയ അഭിമാനവും. സ്ത്രീയെന്ന നിലയിലുള്ള വിവേചനവും അനേകം അരുതുകളും നിലനിന്നിരുന്ന ഒരു സമയത്ത് അതെല്ലാം മറികടന്ന് ഭാരതത്തിന്, ലോകത്തിന്, ഇത്രയേറെ സംഭാവനകൾ ചെയ്ത അവരെ സ്ത്രീകൾ മാതൃകയാക്കേണ്ടത് തന്നെ.

ജിൽസ ജോയ്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment