ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 9

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ

നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.

(കൊളോ‌ 3 : 23)

കർത്തവ്യത്തിൽ വിശ്വസ്തത പുലർത്തുക എന്നതിനർത്ഥം ജീവിതത്തിലെ സാധാരണ ഉത്തരവാദിത്തങ്ങളെ സ്ഥിരതയോടും സ്നേഹത്തോടും ശ്രദ്ധയോടും കൂടി സ്വീകരിക്കുകയും നിറവേറ്റുകയും ചെയ്യുക എന്നതാണ്. അത് വലുതോ നാടകീയമോ ആയ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചല്ല മറിച്ച് ചെറിയ കാര്യങ്ങൾ നന്നായി വിശ്വസ്തതയോടെ ചെയ്യുക എന്നതാണ്. എല്ലാ ജോലികളും, എത്ര ലളിതമായാലും, ദൈവത്തിന് ഒരു സമ്മാനമായി സമർപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്നു. അത് പാത്രം വൃത്തിയാക്കൽ, മുറി അടിച്ചുവാരൽ, പഠിപ്പിക്കൽ, പാചകം, പ്രാർത്ഥm, മറ്റുള്ളവരെ ശുശ്രൂഷിക്കൽ തുടങ്ങി അനുദിന ജീവിതത്തിലെ നൂറംനൂറു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതകടമകൾ വിശ്വസ്തതയോടെ സ്നേഹത്തോടെ ചെയ്യുമ്പോൾ കടമകൾ ഭക്തിയായി രൂപാന്തരം പ്രാപിക്കുന്നു.

വിശുദ്ധ അൽഫോൻസാ തൻ്റെ കടമകൾ വിശ്വസ്തതയോടെ നിർവ്വഹിച്ചു. ആരോഗ്യം ദുർബലമായപ്പോഴും അവൾ തന്റെ അനുദിന ആത്മീയ ഭൗതീക കടമകൾ നിറവേറ്റുന്നതിൽ പ്രതിജ്ഞാബദ്ധയായിരുന്നു. സ്നേഹത്തോടും നിയോഗശുദ്ധിയോടും കൂടി കടമകൾ ചെയ്യുമ്പോൾ അവ ഏറ്റവും ചെറിയ പ്രവൃത്തിയായാൽ പോലും വിശുദ്ധമാകുമെന്ന് അൽഫോൻസാമ്മ വിശ്വസിച്ചിരുന്നു. ദൈനംദിന ജീവിത കടമകളിൽ നിന്ന് ഓടി ഒളിക്കുന്നതിലല്ല മറിച്ച് സ്നേഹത്തോടെ അവ നിർവ്വഹിക്കുന്നതിലാണ് വിശുദ്ധി കാണപ്പെടുന്നതെന്ന് എന്ന് അവളുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

ആരും കാണുന്നില്ലെങ്കിലും ശരിയായത് ചെയ്യുക, ജോലി ശ്രദ്ധിക്കപ്പെടാതെയോ ക്ഷീണിപ്പിക്കുന്നതായി തോന്നുമ്പോഴോ സ്ഥിരോത്സാഹത്തോടെ തുടരുക എന്നിവയാണ് വിശ്വസ്തത.

പ്രാർത്ഥന

ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ സ്നേഹത്തോടും കരുതലോടും വിശ്വസ്തതയോടും കൂടി ഞങ്ങളുടെ അനുദിന കടമകൾ നിർവ്വഹിച്ച് വിശുദ്ധിയിൽ വളരാൻ കൃപനൽകണമേ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment