ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 19

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ

സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.”(അപ്പ. പ്രവ 20 : 35)

“കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും.” ക്രിസ്തുചൈതന്യം നിറഞ്ഞ അൽഫോൻസാമ്മയുടെ വാക്കുകളാണിവ. ഒരു ശിഷ്യയുടെ യഥാർത്ഥ മനോഭാവവും സ്വഭാവവുമാണ് ഈവാകൃത്തിൽ നിഴലിക്കുന്നത്.

“കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല.”

ഇവിടെ ഒരു വ്യക്തിയുടെ സന്തോഷത്തിനു കാരണം മറ്റുള്ളവരെ സഹായിക്കുന്നതിലും ത്യാഗമനോഭാവത്തിലും ആണ്, അല്ലാതെ എവിടെയെങ്കിലും നിന്ന് കാര്യങ്ങൾ വാങ്ങുന്നതിലും കൂട്ടിവെയ്ക്കുന്നതിലും അല്ല. കൊടുക്കുന്നതിൽ ദാനംചെയ്യുന്നതിൽ മടികാണിക്കാത്തവരാണല്ലോ നോമ്പിൻ്റെ ആരൂപിഉള്ളവർ. ഉദാരമായ ഹൃദയമുള്ളവർക്കേ സ്വയം ദാനമായി മറ്റുള്ളവർക്കു തന്നെത്തന്നെ നൽകാനാവു.

“മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും.”

ആത്മാർത്ഥതയില്ലാത്ത സംസാരരീതിയെപ്പറ്റിയാണ് ഇവിടെ വിവക്ഷിക്കുന്നത് . സത്യസന്ധവു ശരിയായതുമായ വിലയിരുത്തലുകളേ ജീവിതത്തിൽ വിജയം കൊണ്ടുവരാൻ കഴിയു. മുഖസ്തുതി പറയുന്നവരോടു പ്രത്യേക ശ്രദ്ധ കാണിക്കേണ്ടതില്ലെന്നും അതിൽ നിന്ന് അകന്നുനില്ക്കലുമാണ് ജീവിത വിജയത്തിനു നല്ലത്.

“സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.”(അപ്പ. പ്രവ 20 : 35)എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ അൽഫോൻസാമ്മയുടെ ജീവിതശൈലിയുമായി ചേർന്നുപോകുന്നതാണ്. അവ നമുക്കു സ്വന്തമാക്കാം.

പ്രാർത്ഥന

ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്താനും മുഖസ്തുതി പറയുന്നവിൽ നിന്നു ഓടിയകലാനും എന്നെ സഹായിക്കണമേ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment