ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ
ഇരുപത്തിയൊന്നാം ചുവട്
വർത്തമാന നിമിഷങ്ങളിൽ ജീവിക്കുക
“അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്ളേശം മതി.”(മത്താ 6 : 34)
വിശുദ്ധ അൽഫോൻസാമ്മ തൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും ദൈവ സമ്മാനമായി കരുതി ജീവിച്ച പുണ്യവതിയാണ്. അൽഫോൻസാമ്മയുടെ ശാരീരിക അവസ്ഥകൾ നാളെ എന്ത് അവൾക്കു സംഭവിക്കുമെന്ന് ഒരിക്കലും ഉറപ്പില്ലാത്ത അവസ്ഥയാണ് സമ്മാനിച്ചിരുന്നത്. എന്നിരുന്നാലും ഭയത്തിലോ ഉത്കണ്ഠയിലോ വീഴുന്നതിനുപകരം, വിശ്വാസത്തോടെയും സമർപ്പണബോധത്തോടെയും ഇന്നിൻ്റെ നിമിഷങ്ങളെ സ്വീകരിക്കാൻ അവൾ തീരുമാനിച്ചിരുന്നു. ഭാവി സ്വപ്നങ്ങളിലല്ല, മറിച്ച് വർത്തമാനകാലത്തോട് വിശ്വസ്തത പുലർത്തുന്നതിലൂടെയാണ് അൽഫോൻസാമ്മ വിശുദ്ധി കണ്ടെത്തിയത്. വേദനകൾ സഹിക്കുന്നതിലും പ്രാർത്ഥനകൾ നടത്തുന്നതിലും മറ്റുള്ളവരോട് സ്നേഹത്തോടെ പ്രതികരിക്കുന്നതിലും എല്ലാം തികഞ്ഞ വിശ്വസ്ത അവൾ പുലർത്തി .
ഓരോ നിമിഷത്തിനും ആവശ്യമായ ദൈവകൃപ തനിക്കു ഇന്നു മതിയെന്നും, നാളത്തെ കൃപ ആവശ്യമുള്ളപ്പോൾ ദൈവം തരുമെന്നും അവൾ വിശ്വസിച്ചു. ജീവിതത്തിൽ തിരക്കുകൂട്ടുകയോ ഭാവിയിൽ തളർന്നുപോകുകയോ ചെയ്യാതെ വർത്തമാനകാലത്ത് ദൈവഹിതത്തിന് പൂർണ്ണമായും സന്നിഹിതരാകാൻ അൽഫോൻസാമ്മയുടെ മാതൃക നമ്മെ വിളിക്കുന്നു.
വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതാണ് സമാധാനത്തിന്റെ രഹസ്യം. അന്നത്തെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുമ്പോൾ ഭയം ഉപേക്ഷിക്കാനും ഫലങ്ങൾ നേടാനും ഓരോ ദിവസവും ദൈവത്തെ കൂടുതൽ സ്നേഹിക്കാനുള്ള ഒരു പവിത്രമായ അവസരമായി സ്വീകരിക്കാനും വിശുദ്ധ അൽഫോൻസ നമ്മെ പഠിപ്പിക്കുന്നു.
പ്രാർത്ഥന
ഈശോയെ അൽഫോൻസാമ്മയെപ്പോലെ ദൈവകൃപ സ്വീകരിച്ച് ഞങ്ങളുടെ വർത്തമാനകാലത്തെ സുന്ദരമാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment