വിശുദ്ധ ഷാർബെൽ മക്ലൂഫ്: കുർബാനയോടുള്ള സ്നേഹത്താൽ മത്തുപിടിച്ച വിശുദ്ധൻ

ദിവ്യകാരുണ്യം എന്ന അത്ഭുതത്തേക്കാൾ മഹത്തരമായി യാതൊന്നും ഇല്ല.

മരുഭൂമിയിലെ രണ്ടാം അന്തോണീസ്, ലെബനോനിലെ പരിമളം, ലെബനോനിലെ അത്ഭുത സന്യാസി തുടങ്ങിയ സജ്ഞകളിൽ അറിയപ്പെടുന്ന വിശുദ്ധ ഷാർബെൽ മക്ലൂഫ് (1828-1898) പത്തൊമ്പതാം നൂറ്റാണ്ടിൽ ലബനോനിൽ ജീവിച്ചിരുന്ന മാരോനൈറ്റ് കത്തോലിക്കാ സഭയിലെ ഒരു സന്യാസ വൈദീകനായിരുന്നു.

യൂസഫ് ആൻ്റോൺ മക്ലൂഫ് എന്ന ഷാർബെൽ 1828, മെയ് എട്ടാം തീയതി ലബനോൻ മലനിരകളിലുള്ള ബെക്കാ കാഫ്റാ ഗ്രാമത്തിൽ ജനിച്ചു. പിതാവിന്റെ മരണശേഷം യൂസഫ് ആട്ടിടയനായി ജോലി ചെയ്തു. ഇതിനിടയിൽ എഴുതാനും വായിക്കാനും പഠിച്ച അവൻ കുർബാനയ്ക്കു കൂടാനും പള്ളിയിലെ ഗായകസംഘത്തിൽ പാടാനും ആരംഭിച്ചു. 1851-ൽ അദ്ദേഹം ഔവർ ലേഡി ഓഫ് മൈഫൂക്കിന്റെ ആശ്രമത്തിൽ പ്രവേശിച്ചു, “ഷാർബെൽ” എന്ന സന്യാസ നാമം സ്വീകരിച്ചു. 1853-ൽ വ്രതവാഗ്ദാനം നടത്തിയ ഷാർബെൽ 1859-ൽ പുരോഹിതനായി അഭിഷിക്തനായി.

ലബനോനിലെ അനയയിലെ ആശ്രമത്തിലേക്കു താമസിക്കേ 1875-ൽ ഷാർബെലിന് വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള ആശ്രമത്തിൽ താപസനായി ജീവിക്കാൻ അനുമതി ലഭിച്ചു. തുടർന്നുള്ള 23 വർഷത്തെ ഏകാന്തജീവതം ദൈവത്തിന് സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ആത്മ നിറവിലാണ് അദ്ദേഹം ജീവിച്ചത്.

ഏകാന്തവാസത്തിൽ തിരുലിഖിതവും

പരിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയുമായിരുന്നു ഷാർബെലിൻ്റെ കൂട്ടാളികൾ. ദിവ്യബലി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രമായി മാറി. അവൻ ജീവന്റെ അപ്പം ഭക്ഷിച്ചു ജീവിച്ചു.

വിശുദ്ധ കുർബാനയിലെ ഈശോയുടെ മുമ്പിൽ മണിക്കൂറുകൾ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഷാർബെൽ രാത്രി ദിവ്യകാരുണ്യ സാന്നിധ്യ സ്മരണയിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുർബാനയോടുള്ള അദമ്യമായ സ്നേഹത്താൽ ” ദൈവത്താൽ മത്തുപിടിച്ച വിശുദ്ധൻ ” എന്നാണ് ഷാർബെൽ അറിയപ്പെട്ടിരുന്നത്.

ഈ സന്യാസവര്യന് ലോകത്തിൽ സ്ഥാനമില്ലെങ്കിലും ലോകത്തിന് അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. പ്രാർത്ഥനയിലൂടെയും തപസ്സിലൂടെയും അവൻ സ്വയം ഒരു യാഗമായി സമർപ്പിച്ചു, അങ്ങനെ ലോകം ദൈവത്തിലേക്ക് മടങ്ങാനായി ഈ താപസ വര്യൻ പ്രയ്നിനിച്ചു. .”

1898 ഡിസംബർ പതിനാറാം തീയതി

വിശുദ്ധ കുർബാന അർപ്പിച്ചുകണ്ടിരിക്കേയാണ് ഷാർബെലിനു പക്ഷാഘാതം സംഭവിക്കുന്നതും അബോധവസ്ഥയിൽ ആകുന്നതും.

ഇടയ്ക്കിടയ്ക്കു ബോധം തിരിച്ചു കിട്ടുമ്പോൾ “സത്യത്തിന്റെ പിതാവേ, ഇതാ, അങ്ങയുടെ പുത്രൻ നിനക്കുവേണ്ടി അർപ്പിക്കുന്ന പ്രസാദകരമായ ബലി, എനിക്കുവേണ്ടി മരിച്ചവൻ അർപ്പിക്കുന്ന ഈ ബലി, അങ്ങു സ്വീകരിക്കേണമേ…” എന്ന കൗദാശിക പ്രാർത്ഥന ഉരുവിട്ടിരുന്നു.

1898 ൽ എഴുപതാം വയസ്സിൽ ക്രിസ്തുമസ് രാത്രിയിൽ അദ്ദേഹം സ്വർഗ്ഗീയ ഭവനത്തിലേക്കു യാത്രയായി. വിശ്വാസത്താൽ ദൈവവചനം സ്വീകരിക്കുകയും സ്നേഹത്താൽ ഈശോയുടെ മനുഷ്യവതാര ശുശ്രൂഷ തുടരുകയും ചെയ്ത ഈ മഹാ താപസൻ നമുക്കുള്ള ഉത്തമ വഴികാട്ടിയാണ്.

വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച വിശുദ്ധ ഷാർബെലിൻ്റെ മാതൃക ഒരിക്കലും അസ്തമിക്കാത്ത ദൈവസ്നേഹത്തിൻ്റെ ഭൂമിയിലെ സാന്നിധ്യമായ ദിവ്യകാരുണ്യത്തെ ഹൃദയം നൽകി സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment