ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ
ഇരുപത്തിയെട്ടാം ചുവട്
ഈശോയ്ക്കു വേണ്ടി മാത്രം ജീവിക്കുക
എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.
ഫിലിപ്പി 1 : 21
ഈശോ ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ കേന്ദ്രവും ലക്ഷ്യവും സന്തോഷവും. ഇതായിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ സത്യം. അവൾ ഈശോയ്ക്കു വേണ്ടി മാത്രം ജീവിച്ചു. അവൾ ചെയ്തതെല്ലാം – ഓരോ ശ്വാസവും, പ്രാർത്ഥനയും, സഹനവും, നിശബ്ദതയും – അവളെ ഈശോയിലക്കു അടുപ്പിച്ചു. ഈശോ അവളുടെ ജീവിതത്തിന്റെ കേവലം ഒരു ഭാഗം മാത്രമായിരുന്നില്ല; ഈശോ അവളുടെ ജീവിതമായിരുന്നു.
ബാല്യം മുതൽ അവൾ അവനു മാത്രമായി ജീവിക്കാൻ ആഗ്രഹിച്ചു. അവനെ പിരിയാതെ അനുഗമിക്കാൻ അവൾ വിവാഹം, ആരോഗ്യം, വ്യക്തിപരമായ ആശ്വാസം എന്നിവ ഉപേക്ഷിച്ചു. ഈശോയുടെ സ്നേഹത്തിനുവേണ്ടി അവളുടെ ജീവിതം ഒരു ദിവ്യകാരുണ്യയാഗമാക്കി മാറ്റി. ദിവ്യകാരുണ്യത്തിൻ്റെ ബലിക്കല്ലിൽ മറഞ്ഞിരിക്കുവാനും, തകർക്കപ്പെടാനും നൽകപ്പെടാനും അവൾ സ്വയം സന്നദ്ധയായി. അവനെ പ്രസാദിപ്പിക്കുക എന്നതല്ലാതെ മറ്റൊരു അഭിലാഷവും അവൾക്കില്ലായിരുന്നു അതിൽ അവൾ പൂർണ്ണമായ സന്തോഷം കണ്ടെത്തി.
ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കുക എന്നതിനർത്ഥം ലോകത്തിൽ നിന്ന് പിന്മാറുക എന്നല്ല. അതിനർത്ഥം അവനെ എല്ലാറ്റിന്റെയും കേന്ദ്രത്തിൽ – നമ്മുടെ ബന്ധങ്ങൾ, നമ്മുടെ ജോലി, നമ്മുടെ സ്വപ്നങ്ങൾ – സ്ഥാപിക്കുക എന്നാണ്. ഈശോ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമാകുമ്പോൾ, നമ്മൾ ഒരിക്കലും നഷ്ടപ്പെടില്ലെന്ന് അൽഫോൻസ നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രാർത്ഥന
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നിന്നെ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രവും ലക്ഷ്യവും സന്തോഷവും ആയി സ്വീകരിക്കാൻ കൃപ തരണമേ. ആമ്മേൻ
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment