ദമെത്രിയൂസും ജോനാഥാനും
1 നൂറ്റിയറുപതാമാണ്ടില്‍ അന്തിയോക്കസിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ എപ്പിഫാനസ് വന്നു ടോളമായിസ് കൈവശപ്പെടുത്തി. അവര്‍ അവനു സ്വാഗതമരുളി, അവന്‍ ഭരണവും തുടങ്ങി.2 ദമെത്രിയൂസ് രാജാവ് ഇതുകേട്ട് വലിയൊരു സൈന്യവുമായി അവനെതിരേ ചെന്നു.3 ദമെത്രിയൂസ് ജോനാഥാനെ പ്രശംസിച്ചുകൊണ്ടു സൗഹൃദപൂര്‍വമായ ഒരു കത്തയച്ചു. അവന്‍ ഇങ്ങനെ വിചാരിച്ചു:4 ജോനാഥാന്‍ നമുക്കെതിരേ അലക്‌സാണ്ടറുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുമുന്‍പേ നമുക്ക് ആദ്യം അവനുമായി സഖ്യം ചെയ്യാം.5 അവനോടും അവന്റെ സഹോദരന്‍മാരോടും രാജ്യത്തോടും നമ്മള്‍ ചെയ്ത ദ്രോഹങ്ങളെല്ലാം അവന്‍ ഓര്‍ക്കുന്നുണ്ടാകും.6 സൈന്യശേഖരം നടത്താനും അവരെ ആയുധസജ്ജരാക്കാനും തന്റെ സഖ്യകക്ഷിയാകാനും ദമെത്രിയൂസ് ജോനാഥാന് അധികാരം നല്‍കി. കോട്ടയ്ക്കുള്ളില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്നവരെ വിട്ടുകൊടുക്കാന്‍ ദമെത്രിയൂസ് ആജ്ഞാപിച്ചു.7 ജോനാഥാന്‍ ജറുസലെമിലെത്തി സകല ജനങ്ങളും കോട്ടയിലെ ആളുകളും കേള്‍ക്കെ ദമെത്രിയൂസിന്റെ കത്തു വായിച്ചു.8 സൈന്യശേഖരം നടത്താന്‍ രാജാവ് അവന് അധികാരം നല്‍കിയെന്ന് കേട്ടപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ടു.9 എങ്കിലും കോട്ടയിലുണ്ടായിരുന്നവര്‍ ജാമ്യക്കാരെ ജോനാഥാനു വിട്ടുകൊടുത്തു. അവന്‍ അവരെ അവരുടെ മാതാപിതാക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തു.10 ജോനാഥാന്‍ ജറുസലെമില്‍ താമസിച്ചുകൊണ്ട് നഗരത്തിന്റെ പണിയും പുനരുദ്ധാരണവും ആരംഭിച്ചു.11 മതിലുകള്‍ പണിയാനും സീയോന്‍മലയ്ക്കു ചുറ്റും ചതുരക്കല്ലുകള്‍കൊണ്ട് കോട്ട കെട്ടി അതിനെ കൂടുതല്‍ ബലവത്താക്കാനും അവന്‍ ജോലിക്കാര്‍ക്കു നിര്‍ദേശം നല്‍കി. അവര്‍ അങ്ങനെ ചെയ്തു.12 ബക്കിദെസ് നിര്‍മിച്ച കോട്ടകളില്‍ ഉണ്ടായിരുന്ന വിദേശീയര്‍ പലായനം ചെയ്തു.13 ഓരോരുത്തരും താന്താങ്ങളുടെ നാട്ടിലേക്കു മടങ്ങി.14 ബത്‌സൂറില്‍മാത്രം കുറെപ്പേര്‍ തങ്ങി. നിയമവും പ്രമാണങ്ങളും പരിത്യജിച്ചവരായിരുന്നു അവര്‍. അവിടം അവര്‍ക്ക് അഭയസങ്കേതമായിത്തീര്‍ന്നു.
ജോനാഥാന്‍ പ്രധാനപുരോഹിതന്‍
15 ദമെത്രിയൂസ് ജോനാഥാനു നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് അലക്‌സാണ്ടര്‍രാജാവ് കേട്ടു. ജോനാഥാനും സഹോദരന്‍മാരും കൂടി നടത്തിയയുദ്ധങ്ങളെയും ചെയ്ത ധീരകൃത്യങ്ങളെയും സഹിച്ച കഷ്ടപ്പാടുകളെയും കുറിച്ച് അവന്‍ ജനങ്ങളില്‍ നിന്ന് അറിഞ്ഞു.16 അവന്‍ പറഞ്ഞു: ഇവനെപ്പോലെ മറ്റൊരുവനെ കണ്ടുകിട്ടുമോ? നമുക്ക് അവനെ മിത്രമാക്കി അവനുമായി സഖ്യം ചെയ്യാം.17 അവന്‍ ജോനാഥാന് ഇപ്രകാരം ഒരു കത്തെഴുതി:18 സഹോദരന്‍ ജോനാഥാന് അലക്‌സാണ്ടര്‍ രാജാവില്‍നിന്ന് അഭിവാദനങ്ങള്‍!19 നീ ശക്തനായ പോരാളിയും സ്‌നേഹിതനാകാന്‍ യോഗ്യനുമാണെന്നു ഞാന്‍ കേട്ടിരിക്കുന്നു.20 അതിനാല്‍, നിന്റെ ജനത്തിന്റെ പ്രധാനപുരോഹിതനായി ഇന്നു നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു. നീ രാജാവിന്റെ സുഹൃത്തായി അറിയപ്പെടണം. നീ എന്റെ പക്ഷത്തു നിലകൊള്ളുകയും എന്നോടു മൈത്രി പുലര്‍ത്തുകയും വേണം. രാജാവ് അവന് ഒരു ചെമന്ന മേലങ്കിയും സ്വര്‍ണക്കിരീടവും അയച്ചുകൊടുത്തു.21 നൂറ്റിയ റുപതാമാണ്ട് ഏഴാംമാസം കൂടാരത്തിരുനാളില്‍ ജോനാഥാന്‍ വിശുദ്ധവസ്ത്രങ്ങളണിഞ്ഞു. അവന്‍ സൈന്യശേഖരം നടത്തി. വന്‍തോതില്‍ ആയുധവും സജ്ജീകരിച്ചു.
ദമെത്രിയൂസിന്റെ വാഗ്ദാനം
22 ഇതുകേട്ടു ദമെത്രിയൂസ് ദുഃഖിതനായി പറഞ്ഞു:23 നമ്മള്‍ എന്തുകൊണ്ട് ഇതനുവദിച്ചു. തന്നെത്തന്നെ പ്രബലനാക്കാന്‍ യഹൂദരുമായി മൈത്രി സ്ഥാപിക്കുന്നതില്‍ അലക്‌സാണ്ടര്‍ നമ്മെ മറികടന്നിരിക്കുന്നു.24 എനിക്ക് അവരുടെ സഹായം ലഭിക്കേണ്ടതിന് ബഹുമതികളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഞാന്‍ അവര്‍ക്കു ഹൃദ്യമായ സന്‌ദേശമയയ്ക്കും.25 അതനുസരിച്ച് അവന്‍ അവര്‍ക്ക് ഇങ്ങനെ എഴുതി: യഹൂദജനതയ്ക്കു ദമെത്രിയൂസ് രാജാവിന്റെ അഭിവാദനങ്ങള്‍!26 നിങ്ങള്‍ ഞങ്ങളോടുള്ള കരാര്‍ പാലിക്കുന്നുവെന്നും മൈത്രീബന്ധം തുടരുന്നുവെന്നും ഞങ്ങളുടെ ശത്രുക്കളുമായി കൂട്ടുചേര്‍ന്നിട്ടില്ലെന്നും അറിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.27 മേലിലും ഞങ്ങളോടു വിശ്വസ്തരായിരിക്കുവിന്‍. ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ചെയ്യുന്നതിനെല്ലാം ഞങ്ങള്‍ നല്ല പ്രതിഫലം നല്‍കുന്നതാണ്.28 ഞാന്‍ നിങ്ങള്‍ക്കു ധാരാളം ഇളവുകള്‍ അനുവദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്.29 ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കുകയും സര്‍വ യഹൂദരെയും കപ്പത്തിലും ഉപ്പുനികുതിയിലും കിരീടനികുതിയിലും നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.30 എനിക്കു ലഭിക്കേണ്ട ധാന്യങ്ങളുടെ മൂന്നിലൊന്നും ഫലങ്ങളുടെ പകുതിയും ഇനി മുതല്‍ നിങ്ങളില്‍ നിന്ന് ഈടാക്കുന്നതല്ല. യൂദാദേശത്തുനിന്നോ, സമരിയാ, ഗലീലി എന്നീ ദേശങ്ങളില്‍ നിന്നോ ഇന്നുമുതല്‍ ഒരിക്കലും ഞാന്‍ അവ പിരിക്കുകയില്ല.31 ജറുസലെമും പരിസരങ്ങളും ജറുസലെമിനുള്ള ദശാംശങ്ങളും വരുമാനങ്ങളും വിശുദ്ധവും നികുതിരഹിതവുമായിരിക്കട്ടെ.32 ജറുസലെമിലെ കോട്ടയിന്‍മേല്‍ എനിക്കുള്ള നിയന്ത്രണാധികാരം ഞാന്‍ ഉപേക്ഷിക്കുകയും പ്രധാനപുരോഹിതനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. അവന്‍ സ്വന്തം ഇഷ്ടംപോലെ അവിടെ കാവല്‍ ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.33 യൂദാദേശത്തുനിന്നു ബന്ധനസ്ഥരാക്കി എന്റെ രാജ്യത്തെവിടെയെങ്കിലും പാര്‍പ്പിച്ചിട്ടുള്ള എല്ലാ യഹൂദരെയും മോചനദ്രവ്യംകൂടാതെ ഞാന്‍ സ്വതന്ത്രരാക്കുന്നു. അവരുടെ കന്നുകാലികളുടെ പേരിലുള്ള നികുതികളും ഒഴിവാക്കാന്‍ രാജസേവകരോടു ഞാന്‍ നിഷ്‌കര്‍ഷിക്കുന്നു.34 എല്ലാ തിരുനാളുകളും സാബത്തുകളും അമാവാസികളും മറ്റു വിശേഷദിവസങ്ങളും തിരുനാളിനു മുന്‍പും പിന്‍പും മുമ്മൂന്നു ദിവസങ്ങളും എന്റെ രാജ്യത്തുള്ള എല്ലാ യഹൂദര്‍ക്കും സ്വാതന്ത്ര്യപൂര്‍വമായ ദിവസങ്ങളായിരിക്കും.35 അവരില്‍നിന്ന് എന്തെങ്കിലും ഈടാക്കുന്നതിനോ അവരിലാരെയെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ശല്യപ്പെടുത്തുന്നതിനോ ആര്‍ക്കും അധികാരം ഉണ്ടായിരിക്കുകയില്ല.36 യഹൂദരില്‍ മുപ്പതിനായിരം പേരെ രാജസൈന്യത്തില്‍ ചേര്‍ക്കുന്നതായിരിക്കും. രാജകീയസേനയ്ക്ക് അര്‍ഹമായ വേതനം അവര്‍ക്കു ലഭിക്കും.37 അവരില്‍ കുറെപ്പേര്‍ക്കു രാജാവിന്റെ പ്രധാന കോട്ടകളില്‍ സ്ഥാനം നല്‍കപ്പെടും. ചിലര്‍ക്കു രാജ്യത്ത് വിശ്വസ്തപദവികള്‍ ലഭിക്കും. അവരില്‍നിന്നു തന്നെയായിരിക്കും അവര്‍ക്ക് അധിപന്‍മാരെയും നേതാക്കന്‍മാരെയും ലഭിക്കുക. യൂദാദേശത്ത് രാജാവ് കല്‍പിച്ചതുപോലെ സ്വന്തം നിയമങ്ങളനുസരിച്ച് അവര്‍ക്കു ജീവിക്കാവുന്നതാണ്.38 സമരിയായില്‍നിന്നു യൂദായോടു ചേര്‍ക്കപ്പെട്ടിട്ടുള്ള മൂന്നുപ്രവിശ്യകള്‍ ഏകഭരണ കര്‍ത്താവിന് അധീനമായിരിക്കും. പ്രധാനപുരോഹിതനല്ലാതെ മറ്റൊരധികാരി അവര്‍ക്ക് ഉണ്ടായിരിക്കുകയില്ല.39 ജറുസലെംദേവാല യത്തിലെ ചെലവുകള്‍ക്കായി ടോളമായിസും അതിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശവും ഞാന്‍ പാരിതോഷികമായി നല്‍കുന്നു.40 സൗകര്യമുള്ള സ്ഥലങ്ങളില്‍നിന്ന് വാങ്ങി ക്കത്തക്കവിധം രാജഭണ്‍ഡാരത്തില്‍നിന്നു പ്രതിവര്‍ഷം പതിനയ്യായിരം ഷെക്കല്‍ വെള്ളിയും ഞാന്‍ അനുവദിക്കുന്നു.41 സഹായധനം നല്‍കുന്നതില്‍ ഭരണാധികാരികള്‍ വരുത്തിയിട്ടുള്ള എല്ലാ കുടിശ്ശികകളും ആദ്യകൊല്ലങ്ങളിലെ പതിവനുസരിച്ച് ഇന്നുമുതല്‍ ദേവാലയശുശ്രൂഷയ്ക്കായി നല്‍കുന്നതാണ്.42 കൂടാതെ, ദേവാലയ ശുശ്രൂഷയില്‍ നിന്ന് എന്റെ സേവകര്‍ക്ക് ആണ്ടുതോറും ലഭിച്ചിരുന്ന അയ്യായിരം ഷെക്കല്‍ വെള്ളി ഇതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ആ തുക ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍മാരുടെ വിഹിതമാണ്.43 രാജാവിനു പണം കടപ്പെട്ടിരിക്കുന്നതിനാലോ മറ്റെന്തെങ്കിലും കടപ്പാടുള്ളതിനാലോ ജറുസലെംദേവാലയത്തിലോ അതിന്റെ പരിസരങ്ങളിലോ അഭയം തേടുന്ന ഏതൊരുവനെയും ഞാന്‍ മോചിപ്പിക്കുകയും എന്റെ രാജ്യത്ത് അവനുള്ള വസ്തുവകകള്‍ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.44 വിശുദ്ധമന്ദിരം പുതുക്കിപ്പണിയുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും വേണ്ടിവരുന്ന ചെലവുകള്‍ മുഴുവന്‍ രാജ ഭണ്‍ഡാരത്തില്‍നിന്നു വഹിക്കുന്നതാണ്.45 ജറുസലെമിലെ മതിലുകള്‍ പുതുക്കിപ്പണിയുന്നതിനും അതിന്റെ ചുറ്റുപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുംയൂദയായിലെ കോട്ടകള്‍ വീണ്ടും നിര്‍മിക്കുന്നതിനും ആവശ്യമായ തുക രാജഭണ്‍ഡാരത്തില്‍ നിന്നു നല്‍കും.
അലക്‌സാണ്ടറുമായി സഖ്യം
46 ജോനാഥാനും ജനങ്ങളും ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതു സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. കാരണം, ദമെത്രിയൂസ് ഇസ്രായേലില്‍ മഹാപാതകങ്ങള്‍ പ്രവര്‍ത്തിച്ചതും അവന്‍ കഠിനമായി അവരെ പീഡിപ്പിച്ചതും അവര്‍ ഓര്‍ത്തു.47 സമാധാനസന്‌ദേശവുമായി ആദ്യം എത്തിയ അലക്‌സാണ്ടറിനോടായിരുന്നു അവര്‍ക്കുപ്രതിപത്തി. അവന്റെ ജീവിതകാലമത്രയും അവര്‍ സഖ്യകക്ഷികളായി നിലകൊണ്ടു.48 അലക്‌സാണ്ടര്‍രാജാവ് വലിയൊരു സൈന്യത്തെ ശേഖരിച്ച് ദമെത്രിയൂസിനെതിരേ പാളയമടിച്ചു. ഇരുരാജാക്കന്‍മാരും ഏറ്റുമുട്ടി.49 ദമെത്രിയൂസിന്റെ സൈന്യം പലായനംചെയ്തു. അലക്‌സാണ്ടര്‍ പിന്തുടര്‍ന്ന് അവരെ തോല്‍പിച്ചു.50 സൂര്യാസ്തമയംവരെയുദ്ധംതുടര്‍ന്നു; ദമെത്രിയൂസ് വധിക്കപ്പെട്ടു.51 അലക്‌സാണ്ടര്‍ ഈജിപ്തിലെ രാജാവായ ടോളമിക്ക് സ്ഥാനപതികള്‍മുഖേന ഈ സന്‌ദേശം അയച്ചു.52 ഞാന്‍ എന്റെ രാജ്യത്തിലേക്കു മടങ്ങിവന്ന് എന്റെ പിതാക്കന്‍മാരുടെ സിംഹാസനത്തില്‍ ആരൂഢനാവുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ദമെത്രിയൂസിനെ തോല്‍ പിച്ച് രാജ്യം ഞാന്‍ വീണ്ടെടുത്തിരിക്കുന്നു.53 ദമെത്രിയൂസിനെയും അവന്റെ സേനയെയുംയുദ്ധത്തില്‍ തോല്‍പിക്കുകയും ഞാന്‍ അവന്റെ സിംഹാസനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു.54 നമുക്കു സൗഹൃദം സ്ഥാപിക്കാം. നിന്റെ മകളെ എനിക്കു ഭാര്യയായി നല്‍കുക. ഞാന്‍ നിന്റെ ജാമാതാവായിരിക്കും. നിനക്കും അവള്‍ക്കും ഞാന്‍ രാജോചിതമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.55 ടോളമിരാജാവ് മറുപടി നല്‍കി: നിന്റെ പിതാക്കന്‍മാരുടെ നാട്ടിലേക്കു മടങ്ങിവന്ന് നീ അവരുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായ ദിവസം സന്തോഷകരംതന്നെ.56 നീ എഴുതിയതുപോലെ ഞാന്‍ പ്രവര്‍ത്തിക്കാം. നമുക്കു പരസ്പരം കാണുന്നതിനും നീ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ നിന്റെ ശ്വശുരനാവുന്നതിനും വേണ്ടി ടോളമായിസില്‍ വന്ന് എന്നെ കാണുക.57 ടോളമി തന്റെ മകള്‍ ക്ലെയോപ്പാത്രയുമൊത്ത് ഈജിപ്തില്‍ നിന്നു നൂറ്റിയറുപത്തിരണ്ടാമാണ്ടില്‍ ടോളമായിസില്‍ എത്തി.58 അലക്‌സാണ്ടര്‍ അവനെ സ്വീകരിച്ചു. ടോളമി മകള്‍ ക്ലെയോപ്പാത്രയെ അലക്‌സാണ്ടറിനു നല്‍കി. ടോളമായിസില്‍വച്ചു രാജകീയാഡംബരങ്ങളോടെ വിവാഹം നടന്നു.59 തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട്, അലക്‌സാണ്ടര്‍ രാജാവ് ജോനാഥാനു കത്തെഴുതി.60 ജോനാഥാന്‍ ആഡംബരത്തോടെ ടോളമായിസിലേക്കു ചെന്നു. രാജാക്കന്‍മാര്‍ രണ്ടുപേരെയും സന്ദര്‍ശിച്ചു. അവന്‍ അവര്‍ക്കും അവരുടെ സ്‌നേഹിതന്‍മാര്‍ക്കും പൊന്നും വെള്ളിയുമായി ധാരാളം സമ്മാനങ്ങള്‍ നല്‍കി. അവന്‍ അവരുടെ പ്രീതിക്കു പാത്രമായി.61 ഇസ്രായേലിലെ ദ്രോഹികളും അധര്‍മികളുമായ ഒരുകൂട്ടമാളുകള്‍ അവനെതിരേ ഒത്തുചേര്‍ന്നു; അവനില്‍ കുറ്റമാരോപിച്ചു. എന്നാല്‍, അലക്‌സാണ്ടര്‍ രാജാവ് അതു കണക്കിലെടുത്തില്ല.62 ജോനാഥാന്റെ വസ്ത്രം മാറ്റി പകരം അവനെ ധൂമ്രവ സ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവര്‍ അപ്രകാരം ചെയ്തു.63 രാജാവ് അവനെ തനിക്കരികേ ഇരുത്തി; തന്റെ സേവകരോടു പറഞ്ഞു: നിങ്ങള്‍ ജോനാഥാനുമൊത്തു നഗരമധ്യത്തിലേക്കു പോകുവിന്‍. ആരും ഒരു കാരണവശാലും അവനില്‍ കുറ്റമാരോപിക്കുകയോ അവനു ശല്യം ചെയ്യുകയോ പാടില്ലെന്നു പ്രഖ്യാപിക്കുവിന്‍.64 രാജവിളംബരമനുസരിച്ച് ജോനാഥാന്‍ ബഹുമാനിതനാകുന്നതും അവന്‍ രാജവസ്ത്രം അണിഞ്ഞിരിക്കുന്നതും കണ്ടപ്പോള്‍, അവനെതിരേ കുറ്റമാരോപിച്ചിരുന്നവര്‍ പലായനം ചെയ്തു.65 ഇങ്ങനെ രാജാവ് അവനെ ബഹുമാനിച്ചു. തന്റെ മുഖ്യസുഹൃത്തുക്കളില്‍ ഒരാളായി അവനെ കണക്കാക്കി. അവനെ ഒരു സേനാധിപനും പ്രവിശ്യയുടെ ഭരണാധികാരിയുമായി നിയമിക്കുകയും ചെയ്തു.66 സമാധാനത്തോടും സന്തോഷത്തോടുംകൂടെ ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി.
ദമെത്രിയൂസിന്റെ മേല്‍ വിജയം
67 നൂറ്റിയറുപത്തഞ്ചാമാണ്ടില്‍ ദമെത്രിയൂസിന്റെ മകന്‍ ദമെത്രിയൂസ് ക്രേത്തില്‍നിന്നു തന്റെ പിതാക്കന്‍മാരുടെ നാട്ടിലേക്കുവന്നു.68 ഇതറിഞ്ഞ് അലക്‌സാണ്ടര്‍ രാജാവ് അതിയായി ദുഃഖിച്ച് അന്ത്യോക്യായിലേക്കു മടങ്ങി.69 ദമെത്രിയൂസ് ദക്ഷിണസിറിയായിലെ ഭരണാധിപനായിരുന്ന അപ്പൊളോണിയൂസിനെ തന്റെ സൈന്യാധിപനായി നിയമിച്ചു. വലിയ ഒരു സൈന്യവുമായി അവന്‍ ജാമ്‌നിയായ്‌ക്കെതിരേ പാളയമടിച്ചു. അനന്തരം, പ്രധാനപുരോഹിതനായ ജോനാഥാന് ഈ സന്‌ദേശമയച്ചു.70 നീ ഒരാള്‍ മാത്രമാണ് എനിക്കെതിരേ നിലകൊള്ളുന്നത്. തന്‍മൂലം, ഞാന്‍ നിന്ദ്യനും അപഹാസ്യനുമായിത്തീര്‍ന്നിരിക്കുന്നു. മലമ്പ്രദേശങ്ങളില്‍ ഞങ്ങള്‍ക്കെതിരായി എന്തുകൊണ്ടു നീ അധികാരം പ്രയോഗിക്കുന്നു?71 നിന്റെ സേനാബലത്തില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കില്‍ സമതലത്തിലേക്കു വരുക. അവിടെവച്ചു നമുക്ക് ബലപരീക്ഷണം നടത്താം. നഗരങ്ങളുടെ പിന്‍ബലം എനിക്കുണ്ട്.72 ഞാന്‍ ആരാണെന്നും എന്നെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്നും അന്വേഷിക്കുക. നിന്റെ പിതാക്കന്‍മാരെ രണ്ടു പ്രാവശ്യം പലായനം ചെയ്യിച്ച ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ നിനക്കു സാധിക്കയില്ലെന്ന് നീ അറിയും.73 കല്ലോ പാറയോ മറ്റു രക്ഷാമാര്‍ഗങ്ങളോ ഇല്ലാത്ത ഒരു സമതലപ്രദേശത്ത് എന്റെ അശ്വസൈന്യത്തെയും വലിയ കാലാള്‍പ്പടയെയും ചെറുത്തുനില്‍ക്കാന്‍ നിനക്കാവില്ല.74 അപ്പൊളോണിയൂസിന്റെ ഈ വാക്കുകള്‍ കേട്ട് ജോനാഥാന്‍ ഉത്തേജിതനായി. അവന്‍ പതിനായിരം ആളുകളെ തിരഞ്ഞെടുത്ത് ജറുസലെമില്‍ നിന്നു പുറപ്പെട്ടു. അവന്റെ സഹോദരന്‍ ശിമയോനും സഹായത്തിന് എത്തിച്ചേര്‍ന്നു.75 ജോപ്പായുടെ മുന്‍വശത്ത് അവന്‍ പാളയമടിച്ചു. അപ്പൊളോണിയൂസിന്റെ ഒരു സേനാവിഭാഗം പട്ടണത്തിലുണ്ടായിരുന്നതിനാല്‍ , നഗരവാസികള്‍ കവാടങ്ങള്‍ അടച്ചുകളഞ്ഞു.76 ജോനാഥാന്‍ അവര്‍ക്കെതിരേ പൊരുതി. സംഭീതരായ നഗരവാസികള്‍ കവാടങ്ങള്‍ തുറന്നുകൊടുത്തു. ജോനാഥാന്‍ അങ്ങനെ ജോപ്പാ കൈവ ശപ്പെടുത്തി.77 അപ്പൊളോണിയൂസ് ഇതറിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട മൂവായിരം കുതിരപ്പടയാളികളെയും വലിയൊരു കാലാള്‍പ്പടയെയും ശേഖരിച്ച് അസോത്തൂസ് കടന്നു പോകാനെന്നവണ്ണം അങ്ങോട്ടു ചെന്നു. അതേസമയം, അസംഖ്യമായ തന്റെ അശ്വസൈന്യത്തില്‍ വിശ്വാസമര്‍പ്പിച്ച് അവന്‍ സമതലത്തിലേക്കു മുന്നേറി.78 അവനെ പിന്തുടര്‍ന്ന് ജോനാഥാന്‍ അസോത്തൂസിലെത്തി. അവിടെവച്ച് സൈന്യങ്ങള്‍ ഏറ്റുമുട്ടി.79 എന്നാല്‍, അപ്പൊളോണിയൂസ് ആയിരം കുതിരപ്പടയാളികളെ അവര്‍ക്കു പിന്നില്‍ ഒളിപ്പിച്ചിരുന്നു.80 തനിക്കു പിന്നില്‍ ഒരു കെണിയുണ്ടെന്നു ജോനാഥാന്‍മനസ്‌സിലാക്കി. പതിയിരുന്നവര്‍ അവന്റെ സൈന്യത്തെ വളഞ്ഞു. പ്രഭാതംമുതല്‍ പ്രദോഷംവരെ ശര വര്‍ഷം നടത്തി.81 എങ്കിലും ജോനാഥാന്റെ ആജ്ഞയനുസരിച്ച് അവര്‍ അചഞ്ചലരായി നിലകൊണ്ടു. ഒടുവില്‍ ശത്രുവിന്റെ കുതിരകള്‍ തളര്‍ന്നു.82 തത്‌സമയം, ശിമയോന്‍ സൈന്യവുമായി മുന്നോട്ടുവന്നു കാലാള്‍പ്പടയെ ആക്രമിച്ചു. അശ്വസൈന്യം തളര്‍ന്നിരുന്നു. അവന്‍ അവരെ നിശ്‌ശേഷം തോല്‍പിച്ചോടിച്ചു.83 സമതലത്തില്‍ ചിതറിപ്പോയ അശ്വസൈന്യം, അസോത്തൂസിലേക്ക് ഓടി അവരുടെ വിഗ്രഹാലയമായ ബേത്ദാഗോണില്‍ അഭയംതേടി.84 ജോനാഥാന്‍ അസോത്തൂസും ചുറ്റുമുള്ള നഗരങ്ങളും അഗ്‌നിക്കിരയാക്കി, അവരെ കൊള്ളയടിച്ചു; ദാഗോണിന്റെ ക്‌ഷേത്രത്തെയും അതില്‍ അഭയം തേടിയിരുന്നവരെയും ചുട്ടുകരിച്ചു.85 വാളിനിരയായവരും തീയില്‍ വെന്തുമരിച്ചവരും കൂടി ഏകദേശം എണ്ണായിരംപേര്‍ വരും.86 ജോനാഥാന്‍ അവിടെനിന്നു പുറപ്പെട്ട് അസ്‌കലോണിനെതിരേ പാളയമടിച്ചു. നഗരവാസികള്‍ പുറത്തുവന്ന് അവനെ രാജോചിതമായി സ്വീകരിച്ചു.87 കൈയടക്കിയ സമ്പാദ്യങ്ങളുമായി ജോനാഥാനും കൂട്ടരും ജറുസലെമിലേക്കു മടങ്ങി.88 ഇതറിഞ്ഞപ്പോള്‍ അലക്‌സാണ്ടര്‍ രാജാവ് ജോനാഥാനെ പൂര്‍വാധികം ബഹുമാനിച്ചു.89 രാജകുടുംബാംഗങ്ങള്‍ക്കുമാത്രം നല്‍കാറുള്ള സ്വര്‍ണക്കൊളുത്ത് രാജാവ് അവന് അയച്ചുകൊടുത്തു. കൂടാതെ, എക്രോണും പരിസരപ്രദേശങ്ങളും അവനു വിട്ടുകൊടുത്തു.


Leave a comment