ശിമയോന്‍ നേതാവ്
1 യൂദാദേശം ആക്രമിച്ച് നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്ന് ശിമയോന്‍ അറിഞ്ഞു.2 ജനങ്ങള്‍ ഭയചകിതരും പരിഭ്രാന്തരുമാണെന്ന് അവന്‍ കണ്ടു.3 അതിനാല്‍, ജറുസലെമില്‍ ചെന്നു ജനത്തെ വിളിച്ചുകൂട്ടി, അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു കൊണ്ട് അവന്‍ പറഞ്ഞു: നിയമങ്ങള്‍ക്കും വിശുദ്ധസ്ഥലത്തിനും വേണ്ടി ഞാനും എന്റെ സഹോദരന്‍മാരും, പിതൃഭവനവും എത്ര മഹത്തായ കാര്യങ്ങളാണു ചെയ്തിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ നടത്തിയയുദ്ധങ്ങളും അനുഭവിച്ച ദുരിതങ്ങളും നിങ്ങള്‍ക്കറിയാം.4 ഇങ്ങനെ ഇസ്രായേലിനുവേണ്ടി എന്റെ സഹോദരന്‍മാരെല്ലാവരും ജീവന്‍ ഹോമിക്കുകയും ചെയ്തിരിക്കുന്നു; ഞാന്‍ മാത്രം അവശേഷിക്കുന്നു.5 ഒരു വിപദ്ഘട്ടത്തിലും ജീവരക്ഷാര്‍ത്ഥം ഞാന്‍ മാറിനില്‍ക്കുകയില്ല. എന്റെ സഹോദരന്‍മാരെക്കാള്‍ മേന്‍മ എനിക്കില്ലല്ലോ.6 എന്റെ ജനത്തിനും വിശുദ്ധ സ്ഥലത്തിനും നിങ്ങളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും വേണ്ടി ഞാന്‍ പ്രതികാരം ചെയ്യും. ജനതകളെല്ലാം നമ്മെ നശിപ്പിക്കുന്നതിനു വിദ്വേഷത്തോടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്.7 ഈ വാക്കുകള്‍ കേട്ടപ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി.8 അവര്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു: യൂദാസിന്റെയും നിന്റെ സഹോദരനായ ജോനാഥാന്റെയും സ്ഥാനത്ത് ഇനി നീതന്നെ ഞങ്ങളുടെ നേ താവ്.9 ഞങ്ങള്‍ക്കുവേണ്ടിയുദ്ധം ചെയ്താലും. നീ പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും.10 യോദ്ധാക്കളെ എല്ലാവരെയും അവന്‍ വിളിച്ചുകൂട്ടുകയും, ജറുസലെംമതിലിന്റെ പണി തിടുക്കത്തില്‍ പൂര്‍ത്തിയാക്കുകയും അതിനെ എല്ലാ വശങ്ങളിലും സുരക്ഷിതമാക്കുകയും ചെയ്തു.11 വലിയൊരു സൈന്യവുമായി അബ്‌സലോമിന്റെ മകന്‍ ജോനാഥാനെ അവന്‍ ജോപ്പായിലേക്ക് അയച്ചു; തദ്‌ദേശവാസികളെ തുരത്തി. അവര്‍ അവിടെ നിലയുറപ്പിച്ചു.
ജോനാഥാന്റെ മരണം
12 യൂദാദേശം ആക്രമിക്കുന്നതിനു വലിയൊരു സൈന്യവുമായി ട്രിഫൊ ടോളമായിസില്‍നിന്നു പുറപ്പെട്ടു. തടവിലാക്കപ്പെട്ട ജോനാഥാനും അവനോടൊത്തുണ്ടായിരുന്നു.13 സമതലത്തിനെതിരേയുള്ള അദിദായില്‍ ശിമയോന്‍ പാളയമടിച്ചു.14 സഹോദരനായ ജോനാഥാനു പകരം ശിമയോന്‍ നേതൃത്വമേറ്റെടുത്തുവെന്നും അവര്‍ തന്നോട് ഏറ്റുമുട്ടാന്‍ പോകുന്നുവെന്നും അറിഞ്ഞട്രിഫൊ ദൂതന്‍മാരെ അയച്ച് അവനോടു പറഞ്ഞു:15 താന്‍ അലങ്കരിച്ചിരുന്ന സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിന്റെ സഹോദരനായ ജോനാഥാന്‍ രാജകീയ ഭണ്‍ഡാരത്തിലേക്കു നല്‍കേണ്ട പണത്തിനുവേണ്ടിയാണ് ഞങ്ങള്‍ അവനെ തടഞ്ഞുവച്ചിരിക്കുന്നത്.16 വിമോചിതനാകുമ്പോള്‍ അവന്‍ ഞങ്ങള്‍ക്കെതിരേ വിപ്ലവമുണ്ടാക്കാതിരിക്കേണ്ടതിന് നൂറുതാലന്ത് വെള്ളിയും ആള്‍ജാമ്യമായി അവന്റെ രണ്ടു പുത്രന്‍മാരെയും തരുക. അപ്പോള്‍ ഞങ്ങള്‍ അവനെ വിട്ടുതരാം.17 ചതി നിറഞ്ഞതാണ് അവന്റെ വാക്കുകള്‍ എന്നറിഞ്ഞിട്ടും,18 പണവും പുത്രന്‍മാരെയും കൊണ്ടുവരാന്‍ ശിമയോന്‍ ആളയച്ചു. അങ്ങനെ താന്‍ ചെയ്യാതിരുന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഉഗ്രമായ വിദ്വേഷത്തിനു പാത്രമാകുമെന്നും, ശിമയോന്‍ പണവും പുത്രന്‍മാരെയും അയച്ചു കൊടുക്കാതിരുന്നതിനാലാണ് അവന്‍ മരിക്കാനിടയായതെന്ന് അവര്‍ കുറ്റപ്പെടുത്തുമെന്നും അവന്‍ ഭയപ്പെട്ടു.19 പുത്രന്‍മാരെയും നൂറു താലന്തും അവന്‍ കൊടുത്തുവിട്ടു, എങ്കിലും ട്രിഫൊ വാക്കു പാലിച്ചില്ല. ജോനാഥാനെ വിട്ടയച്ചതുമില്ല.20 രാജ്യം ആക്രമിച്ചു നശിപ്പിക്കുക എന്ന ഉദ്‌ദേശ്യത്തോടെ ട്രിഫൊ അദോരയിലേക്കുള്ള മാര്‍ഗത്തിലൂടെ ചുറ്റിവന്നു. എന്നാല്‍, അവര്‍ ചെന്നിടങ്ങളിലെല്ലാം ശിമയോനും സൈന്യവും അവര്‍ക്കെതിരേ മുന്നേറിക്കൊണ്ടിരുന്നു.21 മരുഭൂമിയിലൂടെ വരണമെന്നും തങ്ങള്‍ക്കു ഭക്ഷണം എത്തിച്ചുതരണമെന്നും ആവ ശ്യപ്പെട്ടുകൊണ്ട് കോട്ടയിലുണ്ടായിരുന്നവര്‍ ട്രിഫൊയുടെ അടുക്കല്‍ ദൂതന്‍മാരെ അയച്ചു കൊണ്ടിരുന്നു.22 തന്റെ അശ്വസൈന്യത്തോടെ പുറപ്പെടാന്‍ ട്രിഫൊ തയ്യാറായി. എന്നാല്‍, ആ രാത്രിയില്‍ കനത്ത ഹിമപാത മുണ്ടായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഗിലയാദ് ദേശത്തേക്കു കടന്നു.23 ബാസ്‌ക്കാമായുടെ സമീപമെത്തിയപ്പോള്‍ അവന്‍ ജോനാഥാനെ വധിച്ച് അവിടെ സംസ്‌കരിച്ചു.24 ട്രിഫൊ തിരിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങി.25 ശിമയോന്‍ തന്റെ സഹോദരനായ ജോനാഥാന്റെ അസ്ഥികള്‍ എടുപ്പിച്ച്, പിതാക്കന്‍മാരുടെ നഗരമായ മൊദെയിനില്‍ സംസ്‌കരിച്ചു.26 ഇസ്രായേല്‍ മുഴുവന്‍ അതിയായ ദുഃഖത്തോടെ അവനെച്ചൊല്ലി വിലപിച്ചു; അനേകദിവസം അവര്‍ ദുഃഖം ആചരിച്ചു.27 ശിമയോന്‍, തന്റെ പിതാവിന്റെയും സഹോദരന്‍മാരുടെയും ശവകുടീരങ്ങള്‍ക്കുമേല്‍ ഒരു സ്മാരകം പണിതു. എല്ലാവര്‍ക്കും കാണത്തക്കവിധം മിനുക്കിയ കല്ലുകള്‍കൊണ്ട് അതിന്റെ മുന്‍പിന്‍ഭാഗങ്ങള്‍ ഉയര്‍ത്തിപ്പണിതു.28 പിതാവിനും മാതാവിനും നാലു സഹോദരര്‍ക്കുമായി, പരസ്പരാഭിമുഖമായ ഏഴു പിരമിഡുകള്‍ അവന്‍ സംവിധാനം ചെയ്തു.29 ചുറ്റും സ്തംഭങ്ങള്‍ നാട്ടുകയും സ്തംഭങ്ങളിന്‍മേല്‍ ശാശ്വതസ്മാരകമായി ആയുധസാമഗ്രികളുടെ മാതൃക കൊത്തിവയ്ക്കുകയും ചെയ്തു. അവയോടുചേര്‍ന്ന്, സമുദ്രസഞ്ചാരികള്‍ക്കു കാണത്തക്കവിധം കപ്പലുകളുടെ മാതൃകയും കൊത്തിവച്ചു.30 മൊദെയിനില്‍ അവന്‍ പണികഴിപ്പിച്ച, ഈ ശവകുടീരം ഇന്നും നിലനില്‍ക്കുന്നു.
ദമെത്രിയൂസുമായി സഖ്യം
31 യുവരാജാവായ അന്തിയോക്കസിനെ ട്രിഫൊ ചതിച്ചുകൊന്നു.32 അവന്റെ സ്ഥാനത്ത് ഏഷ്യയുടെ കിരീടമണിഞ്ഞ് അവന്‍ രാജാവായി; ദേശത്തു വലിയ വിപത്തു വരുത്തിവച്ചു.33 എന്നാല്‍, ശിമയോന്‍യൂദയായിലെ ശക്തിദുര്‍ഗങ്ങള്‍ പുനരുദ്ധരിക്കുകയും ചുറ്റും ഉയര്‍ന്ന ഗോപുരങ്ങളും വന്‍മതിലുകളും നിര്‍മിക്കുകയും വാതിലുകള്‍ക്ക് ഓടാമ്പലുകള്‍ പിടിപ്പിക്കുകയും ചെയ്ത്, അവയെ സുരക്ഷിതമാക്കി. ശക്തിദുര്‍ഗങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങളും സംഭരിച്ചു.34 അവന്‍ ഏതാനും പേരെ തിരഞ്ഞെടുത്ത് ദുരിതാ ശ്വാസ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ദമെത്രിയൂസിന്റെ അടുത്തേക്ക് അയച്ചു. എന്തുകൊണ്ടെന്നാല്‍, രാജ്യം കൊള്ളയടിക്കുക മാത്രമേ ട്രിഫൊ ചെയ്തുള്ളു.35 അവരുടെ അഭ്യര്‍ഥനയ്ക്കു ദമെത്രിയൂസ് രാജാവ് അനുകൂലമായ മറുപടി നല്‍കി. കത്ത് ഇപ്രകാരമായിരുന്നു:36 പ്രധാന പുരോഹിതനും രാജാക്കന്‍മാരുടെ മിത്രവുമായ ശിമയോനും ശ്രേഷ്ഠന്‍മാര്‍ക്കും യഹൂദജനത്തിനും ദമെത്രിയൂസ്‌രാജാവിന്റെ അഭിവാദനം!37 നിങ്ങള്‍ കൊടുത്തയച്ച സ്വര്‍ണക്കിരീടവും ഈന്തപ്പനക്കൊമ്പും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുമായി ശാശ്വതസമാധാനം സ്ഥാപിക്കാന്‍വേണ്ടി, കപ്പത്തില്‍നിന്നു നിങ്ങള്‍ക്ക് ഇളവു നല്‍കേണ്ടതിന് ഞങ്ങളുടെ സേവകര്‍ക്ക് എഴുതാന്‍ ഞങ്ങള്‍ തയ്യാറാണ്.38 നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളൊക്കെ പ്രാബല്യത്തില്‍ തുടരും; നിങ്ങള്‍ നിര്‍മിച്ച ശക്തിദുര്‍ഗങ്ങള്‍ നിങ്ങളുടെ അധീനതയില്‍ത്തന്നെ ഇരിക്കും.39 ഇന്നോളമുണ്ടായിട്ടുള്ള വീഴ്ചകളും അതിക്രമങ്ങളും ഞങ്ങള്‍ ക്ഷമിക്കുന്നു. നിങ്ങള്‍ നല്‍കേണ്ട കിരീടനികുതി ഞങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നു. ജറുസലെമില്‍നിന്നു പിരിച്ചിരുന്ന മറ്റു നികുതികള്‍ ഇനി പിരിക്കുന്നതല്ല.40 എന്റെ അംഗരക്ഷകരാകാന്‍ യോഗ്യതയുള്ളവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവരെ നിയമിക്കുന്നതാണ്. നാം തമ്മില്‍ സമാധാനം നിലനില്‍ക്കട്ടെ.41 നൂറ്റിയെഴുപ താമാണ്ടില്‍ വിജാതീയരുടെ നുകം ഇസ്രായേലില്‍നിന്നു നീക്കം ചെയ്യപ്പെട്ടു.42 സമുന്നതനായ പ്രധാനപുരോഹിതനും യഹൂദരുടെ സേനാധിപനും നേതാവുമായ ശിമയോന്റെ ഒന്നാംഭരണവര്‍ഷം എന്ന്, അന്നുമുതല്‍ തങ്ങളുടെ പ്രമാണങ്ങളിലും കരാറുകളിലും അവര്‍ എഴുതാന്‍ തുടങ്ങി.
ഇസ്രായേലിനു സ്വാതന്ത്ര്യം
43 ശിമയോന്‍ ഗസറായ്‌ക്കെതിരേ പാളയമടിച്ച് അതിനെ വളഞ്ഞു.യന്ത്രമുട്ടിയുണ്ടാക്കി നഗരത്തിന്റെ മതിലുകള്‍ ഇടിച്ചുപൊളിച്ച് ഒരു ഗോപുരം കൈവശപ്പെടുത്തി.44 യന്ത്രമുട്ടിയോടൊപ്പമുണ്ടായിരുന്നവര്‍ നഗ രത്തില്‍ കടന്നു. അവിടെ വലിയ സംഭ്രാന്തി ഉളവായി.45 നഗരവാസികള്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം മതിലിന്‍മേല്‍ കയറി, വസ്ത്രങ്ങള്‍ കീറി അത്യുച്ചത്തില്‍ നിലവിളിച്ച് ശിമയോനോട് സമാധാനത്തിന് അപേക്ഷിച്ചു.46 ഞങ്ങളുടെ അകൃത്യങ്ങള്‍ക്കനുസൃതമായല്ല, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോടു പെരുമാറണമേ എന്ന് അഭ്യര്‍ഥിച്ചു.47 ശിമയോന്‍ അവരുമായി ഒരു കരാറുണ്ടാക്കുകയുംയുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, നഗരത്തില്‍നിന്ന് അവന്‍ അവരെ പുറത്താക്കുകയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന ഭവനങ്ങള്‍ ശുദ്ധീകരിക്കുകയും സ്തുതിഗീതങ്ങള്‍ ആല പിച്ചുകൊണ്ട് അതില്‍ പ്രവേശിക്കുകയും ചെയ്തു.48 അവന്‍ അതിലെ അശുദ്ധികളൊക്കെ നീക്കി, നിയമം പാലിക്കുന്നവരെ അവിടെ വസിപ്പിച്ചു. അതിന്റെ കോട്ടകള്‍ ബലപ്പെടുത്തുകയും തനിക്കായി അവിടെ ഒരു ഭവനം പണിയുകയും ചെയ്തു.49 ജറുസലെമിലെ കോട്ടയിലുള്ളവര്‍ ക്രയ വിക്രയത്തിനു പുറത്തുപോകുന്നതോ അകത്തുകടക്കുന്നതോ നിരോധിച്ചിരുന്നു. തന്‍മൂലം, അവര്‍ വിശന്നുവലഞ്ഞു. അനേകര്‍ പട്ടിണിമൂലം മരണമടഞ്ഞു.50 സമാധാനത്തിനായി ശിമയോനോട് അവര്‍ കേണപേക്ഷിച്ചു. അവന്‍ അപ്രകാരം ചെയ്തു. എങ്കിലും അവിടെനിന്ന് അവരെ ബഹിഷ്‌കരിക്കുകയും മാലിന്യങ്ങളില്‍നിന്ന് കോട്ടയെ ശുദ്ധമാക്കുകയും ചെയ്തു.51 നൂറ്റിയെഴുപത്തൊന്നാമാണ്ട് രണ്ടാംമാസം ഇരുപത്തിമൂന്നാം ദിവസം യഹൂദര്‍ സ്തുതിഗീതങ്ങളാലപിച്ച്, ഈ ന്തപ്പനക്കൊമ്പുകളേന്തി, വീണ, കൈത്താളം, തന്ത്രിവാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അതില്‍ പ്രവേശിച്ചു. ഇസ്രായേലിന്റെ ഒരു മഹാശത്രു തകര്‍ക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തതുകൊണ്ടുതന്നെ.52 എല്ലാ വര്‍ഷവും ആദിവസം ആഹ്ലാദപൂര്‍വം ആഘോഷിക്കണമെന്ന് ശിമയോന്‍ കല്‍പിച്ചു. കോട്ടയ്‌ക്കെതിരേയുള്ള ദേവാലയഗിരിയുടെ മതിലുകള്‍ ബലപ്പെടുത്തി. അവനും സൈന്യവും അവിടെ താമസമാക്കി.53 തന്റെ മകന്‍ യോഹന്നാനു പ്രായപൂര്‍ത്തിയായി എന്നു കണ്ട്, ശിമയോന്‍ അവനെ സര്‍വസൈന്യാധിപനാക്കി. അവന്‍ ഗസറായില്‍ വാസമുറപ്പിച്ചു.


Leave a comment