1 Maccabees, Chapter 14 | 1 മക്കബായർ, അദ്ധ്യായം 14 | Malayalam Bible | POC Translation

ശിമയോന്റെ മഹത്വം

1 നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേയുദ്ധം ചെയ്യാനാവശ്യമായ സഹായം ഉറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.2 ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നു കേട്ട്, പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ അര്‍സാക്കസ് അവനെ ജീവനോടെ പിടികൂടാന്‍, തന്റെ സൈന്യാധിപന്‍മാരില്‍ ഒരുവനെ അയച്ചു.3 അവന്‍ പോയി ദമെത്രിയൂസിന്റെ സൈന്യത്തെ തോല്‍പിച്ച് അവനെ ബന്ധ നസ്ഥനാക്കി; അര്‍സാക്കസിന്റെ അടുക്കല്‍ കൊണ്ടുവന്നു. അര്‍സാക്കസ് അവനെ തടവിലാക്കി.4 ശിമയോന്റെ നാളുകളില്‍ ദേശത്ത് ശാന്തിയുണ്ടായിരുന്നു. ജനക്‌ഷേമമാണ് അവന്‍ തേടിയിരുന്നത്. അവന്റെ ഭരണം അവരെ സംപ്രീതരാക്കി. അവന്റെ ജീവിത കാലം മുഴുവന്‍ അവര്‍ അവനോട് ആദരം പ്രകടിപ്പിച്ചു.5 ജോപ്പായെ തുറമുഖമാക്കുകയും ദ്വീപുകളിലേക്കു മാര്‍ഗം തുറക്കുകയും ചെയ്തുകൊണ്ട് അവന്‍ തന്റെ മഹത്വത്തിനു മകുടം ചാര്‍ത്തി.6 അവന്‍ രാജ്യാതിര്‍ത്തികള്‍ വിസ്തൃതമാക്കുകയും രാജ്യം പൂര്‍ണനിയന്ത്രണത്തില്‍ വരുത്തുകയും ചെയ്തു.7 അവന്‍ അസംഖ്യം തടവുകാരെ സമ്പാദിച്ചു. ഗസറായും ബേത്‌സൂറും കോട്ടയും അവന്‍ തന്റെ ഭരണത്തിന്‍ കീഴിലാക്കുകയും, അവിടെനിന്നു മ്ലേച്ഛതകള്‍ നീക്കിക്കളയുകയും ചെയ്തു.8 അവനെ എതിര്‍ക്കാന്‍ ആരും ഉണ്ടായില്ല. സമാധാനത്തോടെ അവര്‍ നിലം ഉഴുതു. ഭൂമി ധാരാളം വിളവു നല്‍കി; സമ തലത്തിലെ വൃക്ഷങ്ങള്‍ അവയുടെ ഫലങ്ങളും.9 വൃദ്ധന്‍മാര്‍ നിരത്തുകളില്‍ കൂടിയിരുന്നു തങ്ങള്‍ക്കു ലഭിച്ച നന്‍മകളെക്കുറിച്ചു സംസാരിച്ചു.യുവാക്കള്‍ പ്രൗഢവുംയുദ്‌ധോചിതവുമായ വസ്ത്രങ്ങളണിഞ്ഞു.10 നഗരങ്ങളെ അവന്‍ പ്രതിരോധസജ്ജമാക്കുകയും അവയില്‍ ആഹാരം വിതരണം ചെയ്യുകയും ചെയ്തു. അവന്റെ ഖ്യാതി ഭൂമിയുടെ അതിര്‍ത്തികളോളം വ്യാപിച്ചു.11 അവന്‍ ദേശത്തു സമാധാനം സ്ഥാപിച്ചതിനാല്‍ ഇസ്രായേല്‍ അത്യധികം ആഹ്ലാദിച്ചു.12 ഓരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരങ്ങളുടെ ചുവട്ടിലും ഇരുന്നു. അവരെ ഭയപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല.13 അവര്‍ക്കെതിരേ പടവെ ട്ടാന്‍ ദേശത്താരും അവശേഷിച്ചില്ല. അന്നാളുകളില്‍ രാജാക്കന്‍മാര്‍ തകര്‍ക്കപ്പെട്ടിരുന്നു.14 അവന്‍ ജനത്തിലെ എളിയവര്‍ക്കു സംര ക്ഷണം നല്‍കി. നിയമപാലനത്തില്‍ ശ്രദ്ധിക്കുകയും നിയമനിഷേധകരെയും ദുഷ്ടന്‍മാരെയും നശിപ്പിക്കുകയും ചെയ്തു.15 അവന്‍ ദേവാലയത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കുകയും വിശുദ്ധ സ്ഥലത്തെ പാത്രങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.

സ്പാര്‍ത്തായും റോമായുമായി സഖ്യം പുതുക്കുന്നു.

16 ജോനാഥാന്റെ മരണവാര്‍ത്ത റോമായിലും സ്പാര്‍ത്തായിലും എത്തി. അവര്‍ അഗാധമായി ദുഃഖിച്ചു.17 ജോനാഥാന്റെ സ്ഥാനത്ത് അവന്റെ സഹോദരന്‍ ശിമയോന്‍ പ്രധാനപുരോഹിതനായി എന്നും രാജ്യവും അതിലെ നഗരങ്ങളും അവന്റെ അധീനതയിലാണെന്നും അവരറിഞ്ഞു.18 അവന്റെ സഹോദരന്‍മാരായ യൂദാസും ജോനാഥാനുമായി ഉണ്ടായിരുന്ന സൗഹൃദവും സഖ്യവും ശിമയോനുമായി പുതുക്കിക്കൊണ്ട് അവര്‍ പിച്ചളഫലകത്തില്‍ അവനെഴുതി.19 ഇത് ജറുസലെമിലെ സമൂഹത്തിന്റെ മുന്‍പാകെ വായിക്കപ്പെട്ടു.20 സ്പാര്‍ത്താക്കാരയച്ച കത്തിന്റെ പകര്‍പ്പാണിത്: പ്രധാനപുരോഹിതനായ ശിമയോനും ശ്രേഷ്ഠന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും ഞങ്ങളുടെ സഹോദരരായ മറ്റു യഹൂദര്‍ക്കും സ്പാര്‍ത്താ നഗരത്തിന്റെയും അധിപന്‍മാരുടെയും അഭിവാദനം!21 ഞങ്ങളുടെ അടുക്കലേക്കയച്ച ദൂതന്‍മാര്‍ നിങ്ങളുടെ മഹിമപ്രതാപങ്ങളെക്കുറിച്ചു ഞങ്ങളോടു വിവരിച്ചു പറഞ്ഞു. അവരുടെ ആഗമനം ഞങ്ങളില്‍ സന്തുഷ്ടി ഉളവാക്കി.22 അവര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ പൊതുയോഗക്കുറിപ്പുകളുടെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: യഹൂദദൂതന്‍മാരായ അന്തിയോക്കസിന്റെ മകന്‍ നുമേനിയൂസും, ജാസന്റെ മകന്‍ അന്തിപ്പാത്തറും ഞങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നതിന് ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു.23 അവരെ ബഹുമാനപുര സ്‌സരം സ്വീകരിക്കാന്‍ ഞങ്ങളുടെ ജനം താത്പര്യം കാണിച്ചു. അവരുടെ സന്‌ദേശത്തിന്റെ ഒരു പകര്‍പ്പ്, സ്പാര്‍ത്താക്കാര്‍ക്ക് പിന്നീടു പരിശോധിക്കുന്നതിന്, പൊതുരേ ഖാശേഖരശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോന് അവര്‍ അയച്ചു കൊടുത്തു.24 അ നന്തരം, റോമാക്കാരുമായുള്ള സഖ്യം ഉറപ്പിക്കുന്നതിന്, ആയിരം മീന തൂക്കമുള്ള വലിയൊരു സുവര്‍ണപരിചയുമായി നുമേനിയൂസിനെ ശിമയോന്‍ റോമായിലേക്കയച്ചു.

ശിമയോനു ബഹുമതി

25 ഇതുകേട്ടു ജനം പറഞ്ഞു: ശിമയോനോടും പുത്രന്‍മാരോടും നാം എങ്ങനെ നന്ദി പ്രകാശിപ്പിക്കും?26 അവനും അവന്റെ സഹോദരന്‍മാരും പിതൃഭവനവും ഉറച്ചുനില്‍ക്കുകയും, ഇസ്രായേലിന്റെ ശത്രുവിനെതിരെ പൊരുതി, അവരെ തുരത്തുകയും രാജ്യത്തില്‍ സ്വാതന്ത്ര്യം സുസ്ഥാപിതമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അവര്‍ പിത്തളഫലകത്തില്‍ രേഖപ്പെടുത്തി, സീയോന്‍മലയില്‍ സ്തംഭങ്ങളില്‍ സ്ഥാപിച്ചു.27 അവര്‍ എഴുതിയിരുന്നതിന്റെ പകര്‍പ്പ് ഇതാണ്: നൂറ്റിയെഴുപത്തിരണ്ടാമാണ്ട്, അതായത്, സമുന്നതനായ പ്രധാനപുരോഹിതന്‍ ശിമയോന്റെ മൂന്നാംഭരണവര്‍ഷം, എലൂള്‍മാസം പതിനെട്ടാം ദിവസം28 അസരമേലില്‍, പുരോഹിതന്‍മാരുടെയും ജനത്തിന്റെയും ഭരണാധിപന്‍മാരുടെയും ശ്രേഷ്ഠന്‍മാരുടെയും മഹാസഭയില്‍, ഈ വിളംബരം പുറപ്പെടുവിച്ചു:29 രാജ്യം തുടരെത്തുടരെയുദ്ധത്തിനടിപ്പെട്ടുകൊണ്ടിരിക്കേ, യൊയാറിബിന്റെ വംശത്തില്‍പ്പെട്ട പുരോഹിതനായ മത്താത്തിയാസിന്റെ മകന്‍ ശിമയോനും സഹോദരന്‍മാരും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട്, വിശുദ്ധമന്ദിരവും നിയമവും കാത്തുരക്ഷിക്കുന്നതിനായി, രാജ്യത്തിന്റെ ശത്രുക്കളോട് എതിരിട്ടു. അവര്‍ രാജ്യത്തിനു പ്രതാപംനേടിത്തന്നു.30 ജോനാഥാന്‍ ജനത്തിനു കെട്ടുറപ്പു നല്‍കുകയും പ്രധാന പുരോഹിതനാവുകയും ചെയ്തു. അവസാനം അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.31 രാജ്യത്തെ ആക്രമിക്കുന്നതിനും വിശുദ്ധസ്ഥലം പിടിച്ചടക്കുന്നതിനും ശത്രുക്കള്‍ ശ്രമിച്ചപ്പോള്‍32 ശിമയോന്‍ തന്റെ രാജ്യത്തിനുവേണ്ടി പൊരുതി. രാജ്യത്തിന്റെ സേനകള്‍ക്ക് ആയുധവും വേതനവും നല്‍കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നു വലിയ സംഖ്യ ചെലവഴിച്ചു.33 യൂദായിലെ നഗരങ്ങളും, അതിന്റെ അതിര്‍ത്തിയിലുള്ളതും മുന്‍പു ശത്രുക്കള്‍ ആയുധം ശേഖരിച്ചു സൂക്ഷിച്ചിരുന്നതുമായ ബേത്ത്‌സൂറും സുരക്ഷിതമാക്കുകയും, അവിടെ യഹൂദകാവല്‍സൈന്യത്തെനിയോഗിക്കുകയും ചെയ്തു.34 അവന്‍ കടല്‍തീരത്തുള്ള ജോപ്പായും അസോത്തൂസിന്റെ അതിര്‍ത്തിയിലുള്ളതും മുന്‍പു ശത്രുക്കള്‍ അധിവസിച്ചിരുന്നതുമായ ഗസറായും സുരക്ഷിതമാക്കി. അവിടെ യഹൂദരെ പാര്‍പ്പിക്കുകയും നഗരങ്ങളുടെ പുനരുദ്ധാരണത്തിനാവശ്യമായതെല്ലാം അവര്‍ക്കു നല്‍കുകയും ചെയ്തു.35 ശിമയോന്റെ വിശ്വസ്തതയും രാജ്യത്തിന് അവന്‍ നേടിക്കൊടുക്കാനുറച്ച പ്രതാപവും ജനം മനസ്‌സിലാക്കി. അവന്റെ ചെയ്തികളും അവന്‍ ജനത്തോടു പുലര്‍ത്തിയ നീതിയും വിശ്വസ്തതയും കണക്കിലെടുത്തും, എല്ലാവിധത്തിലും ജനത്തെ പ്രതാപത്തിലേക്കു നയിക്കുന്നതിന് അവന്‍ നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചും അവര്‍ അവനെ തങ്ങളുടെ നേതാവും പുരോഹിതനുമാക്കി.36 അവന്റെ നേതൃത്വത്തില്‍ ജനത്തിന് ഉത്കര്‍ഷമുണ്ടായി. അവന്‍ വിജാതീയരെ രാജ്യത്തുനിന്നു തുരത്തി. അതുപോലെ, ജറുസലെമില്‍ ദാവീദിന്റെ നഗരത്തില്‍ തങ്ങള്‍ക്കായി കോട്ടകെട്ടുകയും, അതില്‍നിന്നു പുറത്തുവന്ന്, വിശുദ്ധസ്ഥലത്തിന്റെ പരിസരങ്ങള്‍ അശുദ്ധമാക്കുകയും അതിന്റെ വിശുദ്ധിക്കു ഭംഗം വരുത്തുകയും ചെയ്തിരുന്നവരെ അവന്‍ ഓടിച്ചു.37 അവന്‍ അവിടെ യഹൂദരെ പാര്‍പ്പിക്കുകയും രാജ്യത്തിന്റെയും നഗരത്തിന്റെയും സുരക്ഷിതത്വത്തിനുവേണ്ടി അതിനെ സുശക്തമാക്കുകയും ജറുസലെമിന്റെ മതിലുകള്‍ക്ക് ഉയരം കൂട്ടുകയും ചെയ്തു.38 ഇതിന്റെ വെളിച്ചത്തില്‍ ദമെത്രിയൂസ്‌രാജാവ് അവനെ പ്രധാനപുരോഹിതനായി സ്ഥിരപ്പെടുത്തി.39 അവനെ രാജമിത്രങ്ങളിലൊരുവനാക്കുകയും അവനു വലിയ ബഹുമതികള്‍ നല്‍കുകയും ചെയ്തു.40 എന്തുകൊണ്ടെന്നാല്‍, റോമാക്കാര്‍ യഹൂദരെ സുഹൃത്തുക്കളും സഖ്യകക്ഷികളും സഹോദരരുമായി പരിഗണിച്ചിരുന്നുവെന്നും ശിമയോന്റെ ദൂതന്‍മാരെ അവര്‍ ബഹുമാനപുരസ്‌സരം സ്വീകരിച്ചുവെന്നും അവന്‍ കേട്ടിരുന്നു.41 വിശ്വസനീയമായ ഒരു പ്രവാചകന്റെ ആവിര്‍ഭാവംവരെ, ശിമയോന്‍ നേതാവും പ്രധാനപുരോഹിതനും ആയിരിക്കട്ടെയെന്നു യഹൂദരും പുരോഹിതരും തീരുമാനിച്ചു.42 അവന്‍ അവരുടെ ഭരണാധികാരിയായിരിക്കുകയും വിശുദ്ധസ്ഥലത്തിന്റെ ചുമതല വഹിക്കുകയും ചെയ്യേണ്ടിയിരുന്നു. അതിലെ ശുശ്രൂഷകള്‍ക്കും രാജ്യത്തിന്റെയും ആയുധങ്ങളുടെയും ശക്തിദുര്‍ഗങ്ങളുടെയും മേല്‍നോട്ടത്തിനും ആളുകളെ നിയമിക്കേണ്ടതും അവനായിരുന്നു.43 സകലരും അവനെ അനുസരിക്കണം. രാജ്യത്ത് എഴുതപ്പെടുന്ന കരാറുകളെല്ലാം അവന്റെ നാമത്തിലായിരിക്കണം. അവന്‍ രാജകീയവസ്ത്രം ധരിക്കുകയും സ്വര്‍ണാഭരണം അണിയുകയും വേണം.44 ജനങ്ങളിലോ പുരോഹിതന്‍മാരിലോ ആരും ഈ തീരുമാനങ്ങളിലൊന്നും അസാധുവാക്കുകയോ, അവന്റെ വാക്കുകള്‍ ധിക്കരിക്കുകയോ, അവന്റെ അനുവാദംകൂടാതെ രാജ്യത്ത് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയോ രാജകീയവസ്ത്രം ധരിക്കുകയോ സ്വര്‍ണക്കൊളുത്ത് അണിയുകയോ ചെയ്യാന്‍ പാ ടില്ല.45 ഈ തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കുകയോ അവയിലേതെങ്കിലുമൊന്ന് അസാധുവാക്കുകയോ ചെയ്യുന്നവന്‍ ശിക്ഷാര്‍ഹനായിരിക്കും.46 ഈ തീരുമാനങ്ങള്‍ക്കനുസൃതമായിപ്രവര്‍ത്തിക്കാനുള്ള അവകാശം ശിമയോനു നല്‍കുന്നതിനു ജനം സമ്മതിച്ചു.47 പ്രധാന പുരോഹിതനും യഹൂദജനത്തിന്റെയും പുരോഹിതന്‍മാരുടെയും അധിപനും സംര ക്ഷകനുമായിരിക്കാമെന്ന് ശിമയോന്‍ ഏറ്റു.48 ഈ കല്‍പന പിത്തളത്തകിടില്‍ ആലേ ഖനം ചെയ്ത്, ദേവാലയത്തിന്റെ പരിസ രത്ത് ശ്രദ്‌ധേയമായ ഒരു സ്ഥലത്ത് സ്ഥാപിക്കാന്‍ അവര്‍ നിര്‍ദ്‌ദേശം നല്‍കി.49 ശിമയോനും പുത്രന്‍മാര്‍ക്കും ലഭ്യമാകേണ്ടതിന് അതിന്റെ ഒരു പകര്‍പ്പ് ഭണ്‍ഡാരത്തില്‍ സൂക്ഷിക്കാന്‍ അവര്‍ ആജ്ഞാപിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment