സെന്തെബേയൂസിന്റെ മേല്‍ വിജയം
1 യോഹന്നാന്‍ ഗസറായില്‍നിന്നു തന്റെ പിതാവ് ശിമയോന്റെ അടുക്കലെത്തി, സെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയും അറിയിച്ചു.2 ശിമയോന്‍ തന്റെ മൂത്തപുത്രന്‍മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പംമുതല്‍ ഈ ദിവസംവരെ ഞാനും എന്റെ സഹോദരന്‍മാരും പിതൃഭവനവും ഇസ്രായേലിനുവേണ്ടിയുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ഞങ്ങള്‍ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു.3 ഇപ്പോള്‍ എനിക്കു വയസ്‌സായി, ദൈവകൃപയാല്‍ നിങ്ങള്‍ക്കു പ്രായപൂര്‍ത്തി വന്നിരിക്കുന്നു. അതിനാല്‍, എന്റെയും എന്റെ സഹോദരന്‍മാരുടെയും സ്ഥാനം ഏറ്റെടുത്ത് നമ്മുടെ രാജ്യത്തിനുവേണ്ടി പൊരുതുക. സ്വര്‍ഗത്തില്‍നിന്നുള്ള സഹായം നിങ്ങള്‍ക്കുണ്ടാകട്ടെ!4 യോഹന്നാന്‍ രാജ്യത്തുനിന്ന് ഇരുപതിനായിരം യോദ്ധാക്കളെയും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്ത് സെന്തെബേയൂസിനെതിരേ മുന്നേറി, രാത്രി മൊദെയിനില്‍ പാളയമടിച്ചു.5 അവര്‍ അതിരാവിലെ എഴുന്നേറ്റ് സമ തലത്തിലേക്കു പുറപ്പെട്ടു. അപ്പോള്‍ ഭടന്‍മാരും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യം തങ്ങള്‍ക്കെതിരേ വരുന്നതു കണ്ടു. ഇരുവര്‍ക്കുമിടയില്‍ ഒരരുവി ഒഴുകിയിരുന്നു.6 അവനും സൈന്യവും ശത്രുവിനെതിരേ അണിനിരന്നു. അരുവികടക്കാന്‍ ഭടന്‍മാര്‍ ഭയപ്പെടുന്നതു കണ്ട് അവന്‍ ആദ്യം അതുകടന്നു. അതുകണ്ട് പിന്നാലെ അവരും അരുവികടന്നു.7 തന്റെ സേനയെ വിഭജിച്ച്, കുതിരപ്പടയാളികളെ അവന്‍ കാലാള്‍പ്പടയ്ക്കു മധ്യേ നിര്‍ത്തി. കാരണം, ശത്രുവിന്റെ കുതിരപ്പടയാളികള്‍ അസംഖ്യമായിരുന്നു.8 അവര്‍ കാഹളം മുഴക്കി. സെന്തെബേയൂസും സൈന്യവും പലായനം ചെയ്തു. അവരില്‍ പലരും മുറിവേറ്റുവീണു. അവശേഷിച്ചവര്‍ കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.9 യോഹന്നാന്റെ സഹോദരന്‍ യൂദാസിനു മുറിവേറ്റു. എന്നാല്‍, യോഹന്നാന്‍ സെന്തെബേയൂസിനെ അവന്‍ പണികഴിപ്പിച്ച കെദ്രോന്‍ കോട്ടവരെ പിന്തുടര്‍ന്നു.10 അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവര്‍ അഭയംപ്രാപിച്ചു. യോഹന്നാന്‍ അത് അഗ്‌നിക്കിരയാക്കി. ഏകദേശം രണ്ടായിരംപേര്‍ മരിച്ചുവീണു. യോഹന്നാന്‍ സുരക്ഷിതനായിയൂദയായിലേക്കു മടങ്ങി.
ശിമയോന്റെ മരണം
11 അബൂബുസിന്റെ മകന്‍ ടോളമി, ജറീക്കോസമതലത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. അവനു ധാരാളം സ്വര്‍ണവും വെ ള്ളിയും ഉണ്ടായിരുന്നു.12 പ്രധാനപുരോഹിതന്റെ ജാമാതാവായിരുന്നു അവന്‍ .13 അഹങ്കാരം പൂണ്ട് രാജ്യം കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു. ശിമയോനെയും പുത്രന്‍മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി.14 അപ്പോള്‍ ശിമയോന്‍ രാജ്യത്തെനഗരങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ആവശ്യങ്ങളില്‍ ശ്രദ്ധ പതിച്ചുകൊണ്ടിരുന്നു. നൂറ്റിയെഴുപത്തേഴാമാണ്ടു പതിനൊന്നാം മാസമായ ഷേബാത്തില്‍ അവന്‍ പുത്രന്‍മാരായ മത്താത്തിയാസും യൂദാസുമൊത്തു ജറീക്കോയിലേക്കു പോയി.15 അബൂബുസിന്റെ പുത്രന്‍ താന്‍ നിര്‍മിച്ച ദോക്ക് എന്ന ചെറിയ കോട്ടയില്‍ അവരെ വഞ്ചനാപൂര്‍വം സ്വീകരിച്ചു. അവര്‍ക്കു വലിയൊരു വിരുന്നു നല്‍കി. തന്റെ ആള്‍ക്കാരെ അവന്‍ അവിടെ ഒളിപ്പിച്ചുനിര്‍ത്തിയിരുന്നു.16 ശിമയോനും പുത്രന്‍മാരും കുടിച്ചുന്‍മത്തരായപ്പോള്‍, ടോളമിയും അവന്റെ ആള്‍ക്കാരും ആയുധങ്ങളുമായി അടുത്ത്, വിരുന്നുശാലയില്‍വച്ച് ശിമയോനെയും ഇരുപുത്രന്‍മാരെയും ഏതാനും സേവകരെയും വധിച്ചു.17 അങ്ങനെ അവന്‍ വന്‍ചതി കാണിക്കുകയും നന്‍മയ്ക്കു പകരം തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്തു.18 ഈ വിവരങ്ങളെല്ലാം കാണിച്ച് ടോളമി, രാജാവിന് എഴുതി. തന്റെ സഹായത്തിനായി സൈന്യങ്ങളെ അയയ്ക്കണമെന്നും നഗരങ്ങളും രാജ്യവും തനിക്ക് ഏല്‍പിച്ചുതരണമെന്നും അവന്‍ അഭ്യര്‍ഥിച്ചു.19 യോഹന്നാനെ നിഗ്രഹിക്കാന്‍ ഗസറായിലേക്ക് അവന്‍ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വര്‍ണവും,വെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാന്‍ വരണമെന്നഭ്യര്‍ഥിച്ചുകൊണ്ട് അവന്‍ സേനാധിപന്‍മാര്‍ക്കു കത്തുകളയച്ചു.20 മറ്റൊരു വിഭാഗത്തെ ജറുസലെമും ദേവാലയഗിരിയും അധീനമാക്കാന്‍ അയച്ചു.21 ഗസറായിലുള്ള യോഹന്നാന്റെ അടുത്തേക്ക് ആരോ ഓടിച്ചെന്ന്, അവന്റെ പിതാവും സഹോദരന്‍മാരും കൊല്ലപ്പെട്ടുവെന്നും, അവനെയും വധിക്കാന്‍ ടോളമി ആളയച്ചിരിക്കുന്നു എന്നും അറിയിച്ചു.22 ഇതുകേട്ട് അവന്‍ സ്തബ്ധനായി. തന്നെ നശിപ്പിക്കാന്‍ വന്നവരെ അവന്‍ പിടികൂടി വധിച്ചു. തന്നെ വധിക്കാനാണ് അവര്‍ വന്നിരുന്നതെന്ന് അവന് അറിവു കിട്ടിയിരുന്നല്ലോ.23 യോഹന്നാന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ യുദ്ധങ്ങളും ധീരകൃത്യങ്ങളും മതില്‍നിര്‍മാണവുമെല്ലാം24 പിതാവിന്റെ മരണത്തിനുശേഷം അവന്‍ പുരോഹിതനായ നാള്‍മുതലുള്ള പ്രധാന പൗരോഹിത്യത്തിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


Leave a comment