ഗോര്‍ജിയാസിന്റെ മേല്‍ വിജയം
1 യഹൂദരുടെ പാളയത്തില്‍ മിന്നലാക്ര മണം നടത്തുന്നതിനു ഗോര്‍ജിയാസ് അയ്യായിരം ഭടന്‍മാരെയും2 മികച്ച ആയിരം കുതിരപ്പടയാളികളെയും കൂട്ടി രാത്രിയില്‍ പുറപ്പെട്ടു. കോട്ടയില്‍ താമസിച്ചിരുന്നവരാണ് അവനു വഴികാട്ടിയത്.3 യൂദാസ് ഇതറിഞ്ഞ് തന്റെ ശക്തരായ സഹചരന്‍മാരോടുകൂടി എമ്മാവൂസിലുള്ള രാജസൈന്യത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു.4 സൈന്യം അപ്പോള്‍ പാളയത്തില്‍ ഉണ്ടായിരുന്നില്ല.5 ഗോര്‍ജിയാസ് രാത്രി യൂദാസിന്റെ പാളയത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. അവര്‍ ഓടി രക്ഷപെടുകയാണ് എന്നുപറഞ്ഞ് അവന്‍ അവരെ തെരഞ്ഞു മലകളിലേക്കു പോയി.6 പ്രഭാതമായപ്പോള്‍ യൂദാസ് മൂവായിരം പേരോടുകൂടി സമതലത്തിലെത്തി. ആവശ്യത്തിനു വാളും പരിചയും അവര്‍ക്ക് ഉണ്ടായിരുന്നില്ല.7 വിജാതീയരുടെ പാളയം കോട്ടകളാല്‍ സുരക്ഷിതവും കുതിരപ്പടയാല്‍ വലയിതവുമാണെന്ന് അവര്‍ കണ്ടു. പടയാളികള്‍യുദ്ധപരിശീലനം നേടിയവരുമായിരുന്നു.8 യൂദാസ് അനുചരന്‍മാരോടു പറഞ്ഞു: അവരുടെ എണ്ണം കണ്ട് പരിഭ്രമിക്കേണ്ടാ. അവര്‍ ആക്രമിക്കുമ്പോള്‍ ഭയപ്പെടുകയുമരുത്.9 സൈന്യസമേതം അനുധാവനം ചെയ്ത ഫറവോയില്‍നിന്നു ചെങ്കടലില്‍വച്ചു നമ്മുടെ പിതാക്കന്‍മാര്‍ രക്ഷിക്കപ്പെട്ടതെങ്ങനെയെന്ന് ഓര്‍ക്കുവിന്‍.10 അവിടുന്ന് നമ്മില്‍ പ്രസാദിച്ച്, നമ്മുടെ പിതാക്കന്‍മാരോടു ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും നമ്മെ ആക്രമിക്കുന്ന ഈ സൈന്യത്തെ ഇന്നു നശിപ്പിക്കുകയും ചെയ്യേണ്ടതിന് നമുക്കു ദൈവത്തെ വിളിച്ചപേക്ഷിക്കാം.11 ഇസ്രായേലിനെ രക്ഷിക്കുന്ന ഒരു വിമോചകനുണ്ടെന്നു വിജാതീയര്‍ അപ്പോള്‍ അറിയും.12 വിദേശീയര്‍ തലഉയര്‍ത്തിനോക്കിയപ്പോള്‍ യഹൂദസൈന്യം എതിരേ വരുന്നതു കണ്ടു.13 അവര്‍യുദ്ധസന്നദ്ധരായി പാള യത്തില്‍നിന്നു പുറത്തുവന്നു. യൂദാസിന്റെ ആളുകള്‍ കാഹളം മുഴക്കി14 യുദ്ധം ആരംഭിച്ചു. വിജാതീയര്‍ പരാജിതരായി സമതലത്തിലേക്കു പലായനം ചെയ്തു.15 പിന്‍നിരയിലുണ്ടായിരുന്നവരെ വാളിനിരയാക്കിക്കൊണ്ടു യൂദാസൈന്യം ശത്രുക്കളെ ഗസാറ, ഇദുമയാസമതലം, അസോത്തൂസ്,യമ്‌നിയാ എന്നിവിടങ്ങള്‍വരെ പിന്തുടര്‍ന്നു മൂവായിരത്തോളം പേരെ വധിച്ചു.16 അനന്തരം, യൂദാസും പടയാളികളും മടങ്ങിപ്പോന്നു.17 യൂദാസ് ജനത്തോടു പറഞ്ഞു: നിങ്ങള്‍ കൊള്ള വസ്തുക്കളെ മോഹിക്കരുത്. നമുക്ക് ഇനിയുംയുദ്ധം ചെയ്യാനുണ്ട്.18 ഗോര്‍ജിയാസും സൈന്യവും മലകളില്‍ അടുത്തുതന്നെയുണ്ട്. ഇപ്പോള്‍ ശത്രുക്കളെ ചെറുത്തുതോല്‍പിക്കുവിന്‍. പിന്നീടു കൊള്ളമുതല്‍യഥേഷ്ടം കൈക്കലാക്കാം.19 യൂദാസ് ഇതു പറഞ്ഞുതീരുന്നതിനു മുന്‍പുതന്നെ മല കളില്‍നിന്ന് ഒരു പടനീക്കം കാണാറായി.20 തങ്ങളുടെ സൈന്യത്തെ യഹൂദര്‍ തുരത്തിയെന്നും പാളയത്തിനു തീവച്ചുവെന്നും അവര്‍ മനസ്‌സിലാക്കി. ഉയര്‍ന്നുകൊണ്ടിരുന്ന പുക ഇതിനു തെളിവായിരുന്നു.21 സംഭവം മനസ്‌സിലാക്കിയപ്പോള്‍ ഭയവിഹ്വലരായ അവര്‍ യൂദാസിന്റെ സൈന്യം സമ തലത്തില്‍യുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നതുകണ്ട്22 ഫിലിസ്ത്യരുടെ നാട്ടിലേക്ക് ഓടി രക്ഷപെട്ടു.23 അനന്തരം, യൂദാസും കൂട്ടരും ശത്രുപാളയം കൊള്ളയടിക്കാന്‍മടങ്ങിവന്നു. ധാരാളം സ്വര്‍ണവും വെള്ളിയും നീലധൂമ്രവര്‍ണങ്ങളിലുള്ള വസ്ത്രങ്ങളും വിലയേറിയ മറ്റു സാധനങ്ങളും അവര്‍ക്കു ലഭിച്ചു.24 മടങ്ങിപ്പോരുംവഴി അവര്‍ ദൈവത്തിനു സ്തുതികളും കീര്‍ത്തനങ്ങളുംപാടി: അവിടുത്തെ കാരുണ്യം ശാശ്വതമാണ്. 25 അങ്ങനെ ഇസ്രായേലിന് അന്നു വലിയൊരു വിമോചനം കൈവന്നു.
ലിസിയാസിന്റെ ആക്രമണം
26 വിദേശീയരില്‍ രക്ഷപെട്ടവര്‍ ലിസിയാസിന്റെ അടുക്കല്‍ ചെന്നു സംഭവിച്ചതെല്ലാം അറിയിച്ചു.27 അവന്‍ പരിഭ്രാന്തനും നഷ്ടധൈര്യനുമായി; കാരണം, താന്‍ ഉദ്‌ദേശിച്ചതുപോലെ ഇസ്രായേലിനെ തോല്‍പിക്കുന്നതിനോ രാജാവു തന്നോടു കല്‍പിച്ചപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനോ അവനു സാധിച്ചില്ല.28 എന്നാല്‍, അടുത്തവര്‍ഷം യഹൂദരെ കീഴ്‌പെടുത്താന്‍ അറുപതിനായിരം ധീരയോദ്ധാക്കളെയും അയ്യായിരം കുതിരപ്പടയാളികളെയും അവന്‍ സജ്ജമാക്കി.29 അവര്‍ ഇദുമെയായിലെ ബത്‌സൂറില്‍ എത്തി പാളയമടിച്ചു. യൂദാസ് പതിനായിരം പേരോടുകൂടി അവരെ നേരിട്ടു.30 ശത്രുസൈന്യം ശക്തമാണെന്നുകണ്ട് അവന്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ രക്ഷകാ, അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു. അങ്ങയുടെ ദാസനായ ദാവീദിന്റെ കരത്താല്‍ ശക്തനായ പോരാളിയുടെ ആക്രമണം തകര്‍ക്കുകയും സാവൂളിന്റെ പുത്രനായ ജോനാഥാന്റെയും അവന്റെ ആയുധവാഹകന്റെയും കരങ്ങളില്‍ അങ്ങ് ഫിലിസ്ത്യരുടെ പാളയം ഏല്‍പിച്ചുകൊടുക്കുകയും ചെയ്തല്ലോ.31 അതുപോലെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ കൈകളില്‍ ഈ സൈന്യത്തെ ഏല്‍പിച്ചു തരണമേ! അവര്‍ തങ്ങളുടെ പട്ടാളത്തെയും കുതിരപ്പടയെയുംകുറിച്ചു ലജ്ജിതരാകട്ടെ! ഭീരുത്വംകൊണ്ട് അവരെ നിറയ്ക്കണമേ!32 അവരുടെ ആത്മധൈര്യത്തെ കെടുത്തിക്കളയണമേ! തങ്ങളുടെ നാശത്തെയോര്‍ത്ത് അവര്‍ വിറകൊള്ളട്ടെ!33 അങ്ങയെ സ്‌നേഹിക്കുന്നവരുടെ വാളിന് അവരെ ഇരയാക്കണമേ. അങ്ങയുടെ നാമം അറിയുന്നവര്‍ അങ്ങയെ പാടിപ്പുകഴ്ത്തട്ടെ! തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.34 ലിസിയാസിന്റെ സൈന്യത്തില്‍ അയ്യായിരംപേര്‍ കൊല്ലപ്പെട്ടു.35 തന്റെ പട്ടാളത്തിന്റെ പതനവും ധീരമായി ജീവിക്കുകയോ മരിക്കുകയോ ചെയ്യാനുള്ള യഹൂദസൈന്യത്തിന്റെ സന്നദ്ധതയും കണ്ട് ലിസിയാസ് മുന്‍പത്തെക്കാള്‍ വലിയൊരു സൈന്യത്തോടുകൂടിയൂദയാ ആക്ര മിക്കാന്‍ തീരുമാനിച്ചു. അവര്‍ അന്ത്യോക്യായില്‍ ചെന്ന് ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ചു.
ദേവാലയശുദ്ധീകരണം
36 യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം.37 സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍മലയില്‍ കയറിച്ചെന്നു.38 അവിടെ പരിത്യക്തമായ വിശുദ്ധമന്ദിരവും അശുദ്ധമാക്കപ്പെട്ട ബലിപീഠവും അഗ്‌നിക്കിരയായ വാതിലുകളും അവര്‍ കണ്ടു. മലകളിലോകാടുകളിലോ എന്നപോലെ അങ്കണങ്ങളില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നുനിന്നിരുന്നു. പുരോഹിതന്‍മാരുടെ മുറികള്‍ തകര്‍ന്നുകിടക്കുന്നു.39 അവര്‍ വസ്ത്രംകീറി ഉച്ചത്തില്‍ വിലപിക്കുകയും ചാരംപൂശുകയും ചെയ്തു. അവര്‍ കമിഴ്ന്നുവീണു.40 സൂചകകാഹളം മുഴക്കുകയും ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തു.41 അനന്തരം, താന്‍ വിശുദ്ധസ്ഥലം വിശുദ്ധീകരിക്കുന്നതുവരെ കോട്ടയിലുള്ളവര്‍ക്കെതിരേയുദ്ധംചെയ്യാന്‍ യൂദാസ് കുറെപ്പേരെ നിയോഗിച്ചു.42 നിഷ്‌കളങ്കരും നിയമത്തോടു കൂറുള്ളവരുമായ പുരോഹിതന്‍മാരെ അവന്‍ തിരഞ്ഞെടുത്തു.43 അവന്‍ വിശുദ്ധസ്ഥലം വിശുദ്ധീകരിക്കുകയും അശുദ്ധമാക്കപ്പെട്ട കല്ലുകള്‍ ശുദ്ധ മല്ലാത്ത ഒരു സ്ഥലത്തു മാറ്റിവയ്ക്കുകയും ചെയ്തു.44 അശുദ്ധമാക്കപ്പെട്ട ദഹനബലിപീഠം എന്തുചെയ്യണമെന്ന് അവര്‍ ആലോചിച്ചു.45 വിജാതീയര്‍ അശുദ്ധമാക്കിയ ബലിപീഠം തങ്ങള്‍ക്ക് ആക്‌ഷേപകരമായിത്തീരാതിരിക്കേണ്ടതിന് അതു നശിപ്പിച്ചു കളയുക തന്നെയാണു വേണ്ടതെന്ന് അവര്‍ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ അതു തച്ചുടയ്ക്കുകയും,46 അതിന്റെ കല്ലുകള്‍ എന്തുചെയ്യണമെന്ന് ഒരു പ്രവാചകന്‍ വന്നു നിര്‍ദേശിക്കുന്നതുവരെ, അവ ദേവാലയം സ്ഥിതിചെയ്യുന്ന കുന്നില്‍ത്തന്നെ സൗകര്യപ്രദമായ ഒരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്തു.47 പിന്നീട്, അവര്‍, നിയമം നിര്‍ദേശിക്കുന്നപ്രകാരം ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടു മുന്‍പത്തേതുപോലെ ഒരു ബലിപീഠം നിര്‍മിച്ചു.48 വിശുദ്ധസ്ഥലവും ദേവാലയാന്തര്‍ഭാഗവും വീണ്ടും നിര്‍മിക്കുകയും അങ്കണങ്ങള്‍ വിശുദ്ധീകരിക്കുകയും ചെയ്തു.49 അവര്‍ വിശുദ്ധപാത്രങ്ങള്‍ പുതുതായി ഉണ്ടാക്കി. വിളക്കുകാലും ധൂപപീഠ വും മേശയും ദേവാലയത്തിലേക്കു കൊണ്ടുവന്നു.50 അവര്‍ പീഠത്തില്‍ ധൂപമര്‍പ്പിക്കുകയും വിളക്കുകാലിലെ ദീപങ്ങള്‍ തെളിക്കുകയും ചെയ്തു. ദേവാലയത്തിനുള്ളില്‍ പ്രകാശം പരന്നു.51 അവര്‍ അപ്പം മേശമേല്‍ വച്ചു; തിരശ്ശീല ഇടുകയും ചെയ്തു. അങ്ങനെ, തുടങ്ങിയ പ്രവൃത്തികളെല്ലാം അവര്‍ പൂര്‍ത്തിയാക്കി.52 നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം53 ഒന്‍പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാംദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹന ബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു.54 വിജാതീയര്‍ ബലിപീഠം അശുദ്ധമാക്കിയതിന്റെ വാര്‍ഷികദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടുംകൂടി അവര്‍ അതിന്റെ പുനഃപ്രതിഷ്ഠനടത്തി.55 തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.56 എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠആഘോഷിച്ചു; ആഹ്ലാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്റെയും സ്തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു.57 ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിച കളുംകൊണ്ട് അലങ്കരിച്ചു; വാതിലുകള്‍ പുനരുദ്ധരിക്കുകയും പുരോഹിതന്‍മാരുടെ മുറികള്‍ നന്നാക്കി അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു.58 ജനങ്ങളില്‍ ആഹ്ലാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു.59 ആണ്ടുതോറും കിസ്‌ലേവ്മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക് ആനന്ദത്തോടും ആഹ്ലാദത്തോടുംകൂടെ ബലിപീഠപ്രതിഷ്ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും സഹോദരന്‍മാരും ഇസ്രായേല്‍ സമൂഹവുംകൂടി തീരുമാനിച്ചു.60 വിജാതീയര്‍ വീണ്ടും വന്നു തകര്‍ത്തുകളയാതിരിക്കത്തക്കവിധം സീയോന്‍മലയുടെ ചുറ്റും ഉയര്‍ന്ന മതിലുകളും ബലമേറിയ ഗോപുരങ്ങളും പണിത്, അവര്‍ അതിനെ സുരക്ഷിതമാക്കി.61 അവന്‍ ഒരു കാവല്‍ സൈന്യത്തെനിയോഗിച്ചു. ഇദുമെയായുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ ജനങ്ങള്‍ക്ക് ഒരു ശക്തിദുര്‍ഗമായി ബേത്‌സൂറിനെ കോട്ടകളാല്‍ ബ ലപ്പെടുത്തുകയും ചെയ്തു.


Leave a comment