ലിസിയാസിന്റെ പരാജയം
1 ഈ സംഭവങ്ങള്‍ രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും ഭരണച്ചുമതല വഹിച്ചിരുന്നവനുമായ ലിസിയാസിനെ അമര്‍ഷംകൊള്ളിച്ചു.2 അവന്‍ ഉടനെ എണ്‍പതിനായിരം പടയാളികളെയും കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദര്‍ക്കെതിരേ നീങ്ങി. നഗരത്തെ ഗ്രീക്ക് അധിനിവേശസ്ഥല മാക്കുകയായിരുന്നു അവന്റെ ലക്ഷ്യം.3 മറ്റു ജനതകളുടെ ക്‌ഷേത്രങ്ങള്‍ക്കെന്നപോലെ അവരുടെ ദേവാലയത്തിനും നികുതി ചുമത്താനും പ്രധാന പുരോഹിതസ്ഥാനം ആണ്ടുതോറും വില്‍പനയ്ക്കു വയ്ക്കാനും അവന്‍ ഉദ്‌ദേശിച്ചു.4 ലിസിയാസ് ദൈവശക്തിയെ തൃണവദ്ഗണിച്ചെന്ന് മാത്രമല്ല, പതിനായിരക്കണക്കിനുള്ള കാലാള്‍പ്പടയാളികളുടെയും ആയിരക്കണക്കിനുള്ള കുതിരപ്പടയാളികളുടെയും എണ്‍പത് ആനകളുടെയും ബലത്തില്‍ പൂര്‍ണമായി വിശ്വസിച്ച് അഹങ്കരിക്കുകയും ചെയ്തു.5 അവന്‍ യൂദയായില്‍ കടന്ന്, ജറുസലെമില്‍നിന്ന് ഏകദേശം ഇരുപതുമൈല്‍ അകലെ സ്ഥിതിചെയ്യുന്നതും കോട്ടയാല്‍ ബലിഷ്ഠവുമായ ബേത് സൂറിലെത്തി അതിനെ ശക്തമായി ആക്രമിച്ചു.6 ലിസിയാസ് കോട്ടകള്‍ ആക്രമിക്കുന്നതായി മക്കബേയൂസിനും അനുയായികള്‍ക്കും അറിവുകിട്ടി. ഉടനെ അവരും ജനവും ഒരുമിച്ച് ഇസ്രായേലിനെ രക്ഷിക്കാന്‍ ഒരു ഉത്തമദൂതനെ അയച്ചുതരണമേ എന്ന് കണ്ണീരോടും വിലാപത്തോടും കൂടെ കര്‍ത്താവിനോടപേക്ഷിച്ചു.7 ആദ്യം ആയുധമെടുത്ത തു മക്കബേയൂസാണ്.8 സഹോദരന്‍മാരെ സഹായിക്കാന്‍വേണ്ടി, തന്നോടൊത്ത് ജീവന്‍ പണയംവച്ചു പോരാടാന്‍ അവന്‍ മറ്റുള്ളവരെ പ്രോത്‌സാഹിപ്പിച്ചു. പിന്നെ അവര്‍ ഒറ്റക്കെട്ടായി കുതിച്ചുപാഞ്ഞു. ജറുസലെ മില്‍നിന്ന് അകലുന്നതിനു മുന്‍പ് ധവള വസ്ത്രധാരിയായ ഒരു അശ്വാരൂഢന്‍ സ്വര്‍ണായുധങ്ങള്‍ ചുഴറ്റിക്കൊണ്ട് തങ്ങളുടെ മുന്‍പേ നീങ്ങുന്നത് അവര്‍ കണ്ടു.9 അവര്‍ കൃപാലുവായ ദൈവത്തെ ഏകസ്വരത്തില്‍ സ്തുതിച്ചു. മനുഷ്യരെ മാത്രമല്ല ഘോരമൃഗങ്ങളെയും ഉരുക്കുകോട്ടകളെയും ആക്രമിക്കാന്‍തക്ക മനോധൈര്യം അവര്‍ക്കു ലഭിച്ചു.10 കര്‍ത്താവിന്റെ കൃപാകടാക്ഷമുണ്ടായിരുന്നതിനാല്‍ , സ്വര്‍ഗീയസഹായകനോടൊപ്പംയുദ്ധസജ്ജരായി അവര്‍ മുന്നേറി.11 ശത്രുക്കളുടെമേല്‍ സിംഹങ്ങളെപ്പോലെ ചാടിവീണ്, പതിനോരായിരം കാലാള്‍പ്പടയാളികളെയും ആയിരത്തിയറുനൂറു കുതിരപ്പടയാളികളെയും അവര്‍ വധിച്ചു; അവശേഷിച്ചവരെ പലായനം ചെയ്യിച്ചു.12 അധികംപേരും നിരായുധരും മുറിവേറ്റവരുമായിട്ടാണ് ഓടിപ്പോയത്. ലിസിയാസുതന്നെയും അപഹാസ്യമായി പലായനം ചെയ്താണ് രക്ഷപെ ട്ടത്.
സമാധാന ഉടമ്പടി
13 എന്നാല്‍ ലിസിയാസ് ബുദ്ധിഹീനനല്ലായിരുന്നു.14 തനിക്കു നേരിട്ട പരാജയത്തെക്കുറിച്ച് അവന്‍ ആലോചിച്ചു, സര്‍വ ശക്തനായ ദൈവം ഹെബ്രായപക്ഷത്ത് പോരാടിയതിനാലാണ് തനിക്ക് അവരെ തോല്‍പിക്കാന്‍ കഴിയാഞ്ഞതെന്ന് അവന്‍ മനസ്‌സിലാക്കി. തുടര്‍ന്ന്, അവന്‍ ഹെബ്രായര്‍ക്ക് രാജാവിന്റെ മൈത്രി നേടിക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് നീതിപൂര്‍വകമായ വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിനു തയ്യാറാകാന്‍ ഒരു സന്‌ദേശമയച്ച് അവരെ പ്രേരിപ്പിച്ചു.15 മക്കബേയൂസ് യഹൂദര്‍ക്കുണ്ടേി ലിസിയാസിനു രേഖാമൂലം സമര്‍പ്പിച്ച അഭ്യര്‍ഥനകള്‍ ഓരോന്നും രാജാവ് അനുവദിച്ചു.16 ലിസിയാസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ മക്കബേയൂസ് പൊതുനന്‍മയിലുളള താത്പര്യം നിമിത്തം സമ്മതിച്ചു. ലിസിയാസ് യഹൂദര്‍ക്ക് ഇപ്രകാരം ഒരു കത്തെഴുതി:17 യഹൂദജനതയ്ക്കു ലിസിയാസിന്റെ അഭിവാദനങ്ങള്‍! നിങ്ങള്‍ അയച്ച യോഹന്നാനും അബ്‌സലോമും നിങ്ങള്‍ ഒപ്പിട്ട കത്ത് ഞങ്ങളെ ഏല്‍പിക്കുകയും അതില്‍പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുകയും ചെയ്തു.18 രാജാവിനെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം ഞാന്‍ അറിയിച്ചു. സാധ്യമായതെല്ലാം രാജാവ് അനുവദിക്കുകയും ചെയ്തിരിക്കുന്നു.19 നിങ്ങള്‍ ഭരണകൂടത്തോടു കൂറുപുലര്‍ത്തിയാല്‍ ഭാവിയില്‍ നിങ്ങളുടെ ക്‌ഷേ മത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കാം.20 ഈ കാര്യങ്ങളെക്കുറിച്ചും അവയുടെ വിശദാംശങ്ങളെക്കുറിച്ചും നിങ്ങളോടു കൂടിയാലോചന നടത്താന്‍ ഇവരോടും എന്റെ പ്രതിനിധികളോടും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.21 നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ! നൂറ്റിനാല്‍പത്തിയെ ട്ടാമാണ്ട് ദിയോസ്‌ക്കൊറിന്തിയൂസ് ഇരുപത്തിനാലാം ദിവസം.22 രാജാവിന്റെ കത്ത് ഇപ്രകാരമായിരുന്നു: അന്തിയോക്കസ് രാജാവില്‍നിന്നു തന്റെ സഹോദരന്‍ ലിസിയാസിനു മംഗളാശംസകള്‍!23 നമ്മുടെ പിതാവ് ദേവന്‍മാരുടെ അടുത്തേക്കു പൊയ്ക്കഴിഞ്ഞു. പ്രജകള്‍ നിര്‍വിഘ്‌നം ജീവിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.24 ഗ്രീക്കാചാരങ്ങള്‍ അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ട് നമ്മുടെ പിതാവ് യഹൂദര്‍ക്കു നല്‍കിയ കല്‍പന അവര്‍ക്കു സ്വീകാര്യമല്ലെന്നും, സ്വന്തം ജീവിതസമ്പ്രദായങ്ങള്‍ അവര്‍ ഇഷ്ടപ്പെടുന്നെന്നും അവ പിന്തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും നാം കേട്ടിരിക്കുന്നു.25 ഈ ജനതയും പ്രതിബന്ധങ്ങളില്‍നിന്ന് ഒഴിഞ്ഞു ജീവിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. അതിനാല്‍, അവരുടെ ദേവാലയം തിരിച്ചേല്‍പിക്കണമെന്നും പൂര്‍വികാചാരങ്ങളനുസരിച്ചു ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും നാം ആജ്ഞാപിക്കുന്നു.26 അവര്‍ നമ്മുടെ നയം മനസ്‌സിലാക്കി സ്വകൃത്യങ്ങള്‍ സന്തുഷ്ടിയോടെ അനുഷ്ഠിക്കേണ്ടതിന് നീ അവരെ ഈ സൗഹൃദവാഗ്ദാനങ്ങള്‍ അറിയിക്കുന്നത് ഉചിതമായിരിക്കും.27 രാജ്യവാസികളെല്ലാവര്‍ക്കുമായി രാജാവെഴുതിയ കത്ത് ഇപ്രകാരമായിരുന്നു: യഹൂദരുടെ ആലോചനാസഭയ്ക്കും മറ്റ് യഹൂദര്‍ക്കും അന്തിയോക്കസ് രാജാവിന്റെ അഭിവാദനങ്ങള്‍!28 നിങ്ങള്‍ക്കു സുഖമാണെങ്കില്‍ നാം കൃതാര്‍ഥനാണ്. നമുക്കു ക്‌ഷേമം തന്നെ.29 വീടുകളിലേക്കു മടങ്ങാനും സത്കൃത്യങ്ങളില്‍ വ്യാപൃതരാകാനും നിങ്ങള്‍ ഇച്ഛിക്കുന്നെന്ന് മെനെലാവൂസ് നമ്മെ അറിയിച്ചിരിക്കുന്നു.30 ക്‌സാന്തിക്കൂസിന്റെ മുപ്പതാംദിനത്തിനുമുന്‍പ്31 വീട്ടിലേക്കു തിരിച്ചു പോകുന്നവര്‍ക്കെല്ലാം നമ്മുടെ മൈത്രി ഉണ്ടായിരിക്കും. തങ്ങളുടെ ഭക്ഷണ രീതിയും നിയമങ്ങളും തുടര്‍ന്നും പാലിക്കാന്‍ യഹൂദര്‍ക്കു പൂര്‍ണാനുവാദം നല്‍കിയിരിക്കുന്നു. അറിയാതെ ചെയ്ത തെറ്റിന് ആരെയും അലട്ടുന്നതല്ല.32 നിങ്ങള്‍ക്കു ധൈര്യം പകരാന്‍ മെനെലാവൂസിനെ അങ്ങോട്ട് അയ ച്ചിരിക്കുന്നു.33 മംഗളം ഭവിക്കട്ടെ! നൂറ്റിനാല്‍പത്തെട്ടാമാണ്ട് ക്‌സാന്തിക്കൂസ് പതിനഞ്ചാംദിനം.34 റോമാക്കാരും യഹൂദര്‍ക്ക് ഒരു കത്ത യച്ചു: റോമാക്കാരുടെ പ്രതിനിധികളായ ക്വിന്തൂസ്‌മെമ്മിയൂസ്, തിത്തൂസ്മാനിയൂസ് എന്നിവരില്‍ നിന്ന് യഹൂദജനതയ്ക്ക് അഭിവാദനങ്ങള്‍!35 രാജബന്ധുവായ ലിസിയാസ് നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ ഞങ്ങളും അംഗീകരിക്കുന്നു.36 എന്നാല്‍, ചില കാര്യങ്ങള്‍ അവന്‍ രാജാവിന്റെ തീരുമാനത്തിനു വിട്ടിട്ടുണ്ടല്ലോ; അവയെക്കുറിച്ച് അവധാനപൂര്‍വം ആലോചിച്ച്, എത്രയും വേഗം ഒരു ദൂതനെ അയച്ചു വിവരം ഞങ്ങളെ അറിയിച്ചാല്‍, നിങ്ങള്‍ക്കു യോജിച്ച നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്കു കഴിയും. ഞങ്ങള്‍ അന്ത്യോക്യായിലേക്കു പുറപ്പെടുകയാണ്.37 അതിനാല്‍, നിങ്ങളുടെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് ദൂതന്‍മുഖേന ഉടനെ അറിയിക്കുവിന്‍.38 മംഗളം ഭവിക്കട്ടെ! നൂറ്റിനാല്‍പത്തെട്ടാമാണ്ട് ക്‌സാന്തിക്കൂസ് പതിനഞ്ചാംദിനം.


Leave a comment