അല്‍ക്കിമൂസിന്റെ തന്ത്രം
1 മൂന്നുകൊല്ലത്തിനു ശേഷം, സെല്യൂക്കസിന്റെ പുത്രന്‍ ദമെത്രിയൂസ് കടല്‍മാര്‍ഗം സുശക്തമായ ഒരു സേനയോടും കപ്പല്‍പ്പടയോടും കൂടെ ത്രിപ്പോളിസ് തുറമുഖത്തെത്തിയിരിക്കുന്നു എന്ന് യൂദാസും അനുചരന്‍മാരും കേട്ടു.2 അവന്‍ അന്തിയോക്കസിനെയും അവന്റെ രക്ഷാകര്‍ത്താവായ ലിസിയാസിനെയും നിഗ്രഹിച്ച് രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവര്‍ അറിഞ്ഞു.3 പ്രധാനപുരോഹിതനായിരുന്നെങ്കിലും പിന്നീട് ഛിദ്രത്തിന്റെ കാലത്ത് സ്വമനസാ മലിനനായിത്തീര്‍ന്ന അല്‍ക്കിമൂസ് എന്നൊരുവന്‍ തനിക്കു നിര്‍ബാധം ജീവിക്കാനോ വീണ്ടും ബലിപീഠത്തില്‍ ശുശ്രൂഷിക്കാനോ മാര്‍ഗമില്ലെന്നു മനസ്‌സിലാക്കി.4 അവന്‍ നൂറ്റിയന്‍പത്തൊന്നാമാണ്ട് ദമെത്രിയൂസ് രാജാവിന്റെ അടുത്തെത്തി ആചാരമനുസരിച്ച് ഒരു സ്വര്‍ണമകുടവും ഈന്തപ്പനകൈയും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ഏതാനും ഒലിവുശാഖകളും സമ്മാനിച്ചു. അന്നേദിവസം അവന്‍ ഒന്നും സംസാരിച്ചില്ല.5 എന്നാല്‍ ദമെത്രിയൂസ് അവനെ കാര്യാലോചനാസംഘത്തിലേക്കു ക്ഷണിക്കുകയും യഹൂദരുടെ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയുംകുറിച്ച് ആരായുകയും ചെയ്തപ്പോള്‍ അവനു തന്റെ ഭ്രാന്തലക്ഷ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചു. അവന്‍ പറഞ്ഞു:6 യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ ഹസിദേയര്‍ എന്നു വിളിക്കപ്പെടുന്ന ഒരു യഹൂദസമൂഹം ഉണ്ട്. അവരാണ്‌യുദ്ധവും കലാപവും വളര്‍ത്തുന്നത്; രാജ്യത്തു ശാന്തി കൈവരാന്‍ അവര്‍ സമ്മതിക്കുകയില്ല.7 അതിനാലാണ് എനിക്കു പൈതൃകമായി ലഭിച്ചിട്ടുള്ള പദവി- പ്രധാനപുരോഹിതസ്ഥാനം – ഉപേക്ഷിച്ചു ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.8 എനിക്കു രാജാവിന്റെ കാര്യങ്ങളിലുള്ള ആത്മാര്‍ഥമായ താത്പര്യമാണ് എന്നെ ഇങ്ങോട്ടു നയിച്ച ഒന്നാമത്തെ കാരണം; രണ്ടാമത്തേത്, സഹപൗരന്‍മാരെക്കുറിച്ചുള്ള ശ്രദ്ധ. ഞാന്‍ മുന്‍പു സൂചിപ്പിച്ച കൂട്ടരുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍നിമിത്തം ഞങ്ങളുടെ രാജ്യം മുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്നു.9 കാര്യങ്ങള്‍ അങ്ങ്, സൂക്ഷ്മമായി അറിഞ്ഞിരിക്കുന്നതിനാല്‍ മഹാരാജാവേ, അങ്ങേക്ക് എല്ലാവരോടുമുള്ള ദയാവായ്പ് ഞങ്ങളോടും ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ ജനത്തോടും ഉണ്ടായിരിക്കണമേ!10 യൂദാസ് ജീവിച്ചിരിക്കുന്നിടത്തോളംകാലം രാജ്യത്ത് സമാധാനം ഉണ്ടാവുകയില്ല.11 അല്‍ക്കിമൂസ് പറഞ്ഞുനിര്‍ത്തിയപ്പോള്‍, യൂദാസിന്റെ വൈരികളായരാജ സുഹൃത്തുക്കള്‍ ദമെത്രിയൂസിന്റെ കോപാഗ്‌നിയെ ആളിക്കത്തിച്ചു.12 യൂദാസിനെ വധിച്ച്, അവന്റെ അനുയായികളെ ചിതറിക്കാനും13 മഹത്തായ ദേവാലയത്തിന്റെ പ്രധാനപുരോഹിതനായി അല്‍ക്കിമൂസിനെ പ്രതിഷ്ഠിക്കാനും വേണ്ടി ഗജസേനയുടെ നായകനായ നിക്കാനോറിനെ ദമെത്രിയൂസ്‌യൂദയായുടെ ഭരണകര്‍ത്താവായി നിയമിച്ച യച്ചു.14 യൂദാസിനെ ഭയന്ന് ഓടിപ്പോയയൂദയായിലെങ്ങുമുള്ള വിജാതീയര്‍ യഹൂദര്‍ക്കു ഭവിക്കുന്ന അനര്‍ഥങ്ങളും ആപത്തുകളും തങ്ങള്‍ക്കു ശ്രേയസ്‌സു വരുത്തുമെന്നു വിചാരിച്ച് നിക്കാനോറിന്റെ പക്ഷംചേര്‍ന്നു.
നിക്കാനോറും യൂദാസും മിത്രങ്ങള്‍
15 നിക്കാനോറിന്റെ വരവും വിജാതീയരുടെ ഒരുമിച്ചുകൂടലും അറിഞ്ഞ യഹൂദജനം ശിരസ്‌സില്‍ പൂഴി വിതറുകയും, തന്റെ ജനത്തെ എന്നേക്കുമായി സ്ഥാപിച്ചവനും തന്റെ അവകാശമായ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തി സദാ തുണയ്ക്കുന്നവനും ആയ കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്തു.16 നേതാവിന്റെ കല്‍പനയനുസരിച്ച് അവര്‍ വേഗം പുറപ്പെട്ട് ദസ്‌സാവു എന്ന ഗ്രാമത്തിലെത്തി ശത്രുക്കളുമായി ഏറ്റുമുട്ടി.17 യൂദാസിന്റെ സഹോദരന്‍ ശിമയോന്‍ നിക്കാനോറിനെ നേരിട്ടുവെങ്കിലും, ശത്രുവിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം അവനെ അമ്പരിപ്പിച്ച് തത്കാലത്തേക്ക് തടഞ്ഞുനിര്‍ത്തി.18 യൂദാസിന്റെയും അനുചരന്‍മാരുടെയും ധീരതയും തങ്ങളുടെ നാടിനുവേണ്ടിയുള്ളയുദ്ധത്തില്‍പ്രകടിപ്പിക്കുന്ന വീര്യവും അറിഞ്ഞനിക്കാനോര്‍ രക്തച്ചൊരിച്ചിലിലൂടെ കാര്യത്തിനു തീരുമാനമുണ്ടാക്കാന്‍മടിച്ചു.19 സൗഹൃദഉടമ്പടിക്കായി അവന്‍ , പൊസിദോനിയൂസ്, തെയോദോത്തൂസ്, മത്താത്തിയാസ് എന്നിവരെ അവരുടെ അടുക്കലേക്ക് അയച്ചു.20 വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്തതിനുശേഷം നേതാവ് സൈന്യത്തെ വിവരം ധരിപ്പിച്ചു. എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നതിനാല്‍ ഉടമ്പടിക്കു സമ്മതം നല്‍കി.21 അനന്തരം, നേതൃസമ്മേളനത്തിനു ദിവസം നിശ്ചയിച്ചു. ഇരുസൈന്യത്തിലും നിന്ന് ഓരോ രഥം മുന്‍പോട്ടു വന്നു. പദവിക്കൊത്ത ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു.22 ശത്രുപക്ഷത്തുനിന്ന് അപ്രതീക്ഷിതമായി വരാവുന്ന ചതിപ്രയോഗങ്ങളെ തടയാന്‍മര്‍മസ്ഥാനങ്ങളില്‍ യൂദാസ് ആയുധധാരികളെ നിര്‍ത്തിയിരുന്നു. സമ്മേളനംയഥോചിതം നടന്നു.23 നിക്കാനോര്‍ ജറുസലെമില്‍ താമസം തുടര്‍ന്നു, അവന്‍ അനുചിതമായി ഒന്നും പ്രവര്‍ത്തിച്ചില്ല. മാത്രമല്ല, തന്റെ പക്ഷത്തു ചേര്‍ന്നിരുന്ന ജനങ്ങളെ പിരിച്ചുവിടുകയും ചെയ്തു.24 അവന്‍ യൂദാസിനെ വിട്ടുപിരിയാതെ നിന്ന് അവനോടു ഗാഢമായ സൗഹൃദംപുലര്‍ത്തി.25 വിവാഹം ചെയ്യാന്‍ യൂദാസിനെ അവന്‍ നിര്‍ബ്ബന്ധിക്കുകയും അവനു സന്താനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂദാസ് വിവാഹിതനായി; മറ്റുള്ളവരോടൊപ്പം സ്വസ്ഥജീവിതം നയിച്ചു.
ദേവാലയത്തിനെതിരേ ഭീഷണി
26 എന്നാല്‍, അവരുടെ സൗഹൃദം കണ്ട അല്‍ക്കിമൂസ് ഉടമ്പടിപ്പത്രികയുംകൊണ്ട് ദമെത്രിയൂസിന്റെ അടുത്തെത്തി; നിക്കാനോര്‍ രാജദ്രോഹിയായ യൂദാസിനെ തന്റെ പിന്‍ഗാമിയായി നിയമിച്ച് രാജാവിനോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു എന്നു പറഞ്ഞു.27 ആ നീചന്റെ വ്യാജമായ കുറ്റാരോപണങ്ങളാല്‍ രാജാവ് ക്ഷുബ്ധനും കോപാക്രാന്തനുമായി. ഉടമ്പടിയില്‍ താന്‍ അ സന്തുഷ്ടനാണെന്നും ഉടനടി മക്കബേയൂസിനെ ബന്ധനസ്ഥനാക്കി അന്ത്യോക്യായിലേക്ക് അയയ്ക്കണമെന്നും നിക്കാനോറിനു കല്‍പന അയച്ചു.28 സന്‌ദേശം ലഭിച്ച നിക്കാനോര്‍, യൂദാസ് ഒരു തെറ്റും ചെയ്യാതിരിക്കെ ഉടമ്പടി അസാധുവാക്കേണ്ടിവരുന്നതോര്‍ത്ത് അസ്വസ്ഥനായി.29 രാജാവിനെ എതിര്‍ക്കുക അസാധ്യമായതിനാല്‍ തന്ത്ര പൂര്‍വം രാജകല്‍പന നിര്‍വഹിക്കാന്‍ അവന്‍ അവസരം കാത്തു.30 നിക്കാനോര്‍ തന്നോടു കൂടുതല്‍ പരുഷമായി പെരുമാറുന്നുവെന്നും അവന്റെ സന്ദര്‍ശനങ്ങള്‍ അസാധാരണമായ കാര്‍ക്കശ്യത്തോടുകൂടിയതാണെന്നും മക്കബേയൂസ് കണ്ടു. അതു ദുരുദ്‌ദേശപരമെന്നു മനസ്‌സിലാക്കി അവന്‍ തന്റെ അനുയായികളില്‍ ഒട്ടേറെപ്പേരോടുകൂടെ ഒളിവില്‍ പോയി.31 യൂദാസ് തന്നെ സമര്‍ഥമായി കബളിപ്പിച്ചിരിക്കുന്നുവെന്നു നിക്കാനോര്‍ കണ്ടു. അവന്‍ വിശുദ്ധവും മഹത്തരവുമായ ദേവാലയത്തിലെത്തി; അവിടെ പതിവനുസരിച്ചു ബലികള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന പുരോഹിതന്‍മാരോട് അവനെ പിടിച്ചേല്‍പിക്കാന്‍ ആജ്ഞാപിച്ചു.32 അവന്‍ അന്വേഷിക്കുന്ന ആള്‍ എവിടെ എന്നറിയില്ലെന്ന് അവര്‍ ആണയിട്ടു പറഞ്ഞപ്പോള്‍,33 അവന്‍ ശ്രീകോവിലിനുനേരേ കൈചൂണ്ടിക്കൊണ്ട് ശപഥ പൂര്‍വം ആക്രോശിച്ചു: യൂദാസിനെ ബന്ധ നസ്ഥനാക്കി ഏല്‍പിച്ചില്ലെങ്കില്‍ ഈ ദേവാലയം നശിപ്പിച്ച് ബലിപീഠം ഞാന്‍ തകര്‍ക്കും. തത്‌സ്ഥാനത്ത് ദിയൊനീസൂസിന് ഒരു മഹാക്‌ഷേത്രം ഞാന്‍ പണിയും.34 ഇതു പറഞ്ഞിട്ട് അവന്‍ അവിടെനിന്നു പോയി. അപ്പോള്‍ പുരോഹിതന്‍മാര്‍ സ്വര്‍ഗത്തിലേക്കു കൈ കള്‍ ഉയര്‍ത്തി തങ്ങളെ എന്നും രക്ഷിക്കുന്നവനെ വിളിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു:35 സക ലത്തിന്റെയും നാഥാ, ഒന്നിന്റെയും ആവശ്യം അങ്ങേക്കില്ല. എങ്കിലും ഞങ്ങളുടെയിടയില്‍ വസിക്കാന്‍ ഒരാലയം ഉണ്ടാകാന്‍ അങ്ങ് മനസ്‌സായി.36 സര്‍വപരിശുദ്ധിയുടെയും ഉടയവനായ കര്‍ത്താവേ, ഈയിടെ ശുദ്ധീകരണം കഴിഞ്ഞഈ ആലയത്തെ എന്നേക്കും അതിന്റെ പരിശുദ്ധിയില്‍ സംരക്ഷിക്കണമേ!
റാസിസിന്റെ മരണം
37 ജറുസലെമിലെ ശ്രേഷ്ഠന്‍മാരിലൊരുവനും ജനസ്‌നേഹിയും ജനസമ്മതനും യഹൂദരുടെ പിതാവെന്നു വിളിക്കപ്പെടുന്നവനുമായ റാസിസിനെക്കുറിച്ചു ശത്രുക്കള്‍ നിക്കാനോറിന്റെ മുന്‍പാകെ കുറ്റാരോപണം നടത്തി.38 വിജാതീയരുമായി ഒരു സംസര്‍ഗവുമില്ലാതിരുന്ന കഴിഞ്ഞകാലത്ത് യഹൂദവിശ്വാസത്തിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുകയും യഹൂദവിശ്വാസത്തിനുവേണ്ടി തീക്ഷണതാപൂര്‍വം ശരീരവും ജീവനും അപകടത്തിലാക്കുകയും ചെയ്തവനാണ് റാസിസ്.39 നിക്കാനോര്‍ തനിക്കു യഹൂദരോടുള്ള വെറുപ്പു തെളിയിക്കാന്‍ ഇച്ഛിച്ച് അഞ്ഞൂറിലധികം പടയാളികളെ അയച്ച് റാസിസിനെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ചു.40 യഹൂദര്‍ക്ക് അത് ആഘാതമാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു.41 പടയാളികള്‍ ഗോപുരം പിടിച്ചടക്കുമെന്നുള്ള ഘട്ടത്തിലായി, അവര്‍ അങ്കണ കവാടത്തോടടുത്തു; വാതിലുകള്‍ തീ വയ്ക്കാന്‍ ഉത്തരവും നല്‍കപ്പെട്ടു. അപകടസ്ഥിതി മനസ്‌സിലാക്കിയ റാസിസ് പെട്ടെന്ന് സ്വന്തം വാളിന്‍മേല്‍ വീണു.42 പാപികളുടെ കരങ്ങളില്‍ പതിച്ചു തന്റെ കുലീനജന്‍മത്തിനു യോഗ്യമല്ലാത്ത അതിക്രമങ്ങള്‍ സഹിക്കുന്നതിനെക്കാള്‍ മാന്യമായി മരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു.43 എന്നാല്‍, ഉത്കണ്ഠയും തിടുക്കവും മൂലം വീഴ്ച ലക്ഷ്യം തെറ്റി. സൈന്യം വാതിലുകളിലൂടെ തള്ളിക്കയറിക്കൊണ്ടിരുന്നു. അവന്‍ ധീരതയോടെ ഓടി മതിലില്‍ കയറി പടയാളികളുടെ മധ്യത്തിലേക്ക് വീരോചിതമായി ചാടി.44 പടയാളികള്‍ തിടുക്കത്തില്‍ പിന്‍വാങ്ങി. അങ്ങനെ ഒഴിഞ്ഞുകിട്ടിയ സ്ഥലത്ത് അവന്‍ വീണു.45 അവന്‍ എന്നിട്ടും മരിച്ചില്ല. കോപം ജ്വലിച്ച്, അവന്‍ എഴുന്നേറ്റു; കഠിനമായ മുറിവുകളില്‍നിന്ന് രക്തം കുതിച്ചൊഴുകി, സൈ ന്യത്തിനിടയിലൂടെ അവന്‍ പാഞ്ഞുചെന്ന് കുത്തനെയുള്ള ഒരു പാറയില്‍ കയറി.46 രക്തം മുഴുവന്‍ വാര്‍ന്നു കഴിഞ്ഞു; ഇരുകൈകള്‍കൊണ്ടും തന്റെ കുടലുകള്‍ പറിച്ചെടുത്ത്, അവ തനിക്കു തിരിച്ചു തരണമെന്ന് ജീവന്റെയും ചേതനയുടെയും കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ട് അവന്‍ ആ പടയാളികളുടെ മധ്യത്തിലേക്കു വലിച്ചെറിഞ്ഞു. ഈ വിധമായിരുന്നു അവന്റെ മരണം.


Leave a comment