2 Maccabees, Chapter 15 | 2 മക്കബായർ, അദ്ധ്യായം 15 | Malayalam Bible | POC Translation

നിക്കാനോറിന്റെ ദൈവദൂഷണം

1 യൂദാസും അനുചരന്‍മാരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു. ഏറ്റവും സുരക്ഷിതമായി വിശ്രമനാളില്‍ അവരെ ആക്രമിക്കാന്‍ അവന്‍ പരിപാടി തയ്യാറാക്കി.2 അവനെ അനുഗമിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന യഹൂദര്‍ അവനോടു പറഞ്ഞു: ക്രൂരവും കിരാതവുമായ ഇത്തരം നശീകരണം തുടരരുത്. സര്‍വദര്‍ശിയായവന്‍മറ്റു ദിനങ്ങള്‍ക്കുപരി ആദരിച്ചു ശുദ്ധീകരിച്ച ദിവസത്തെനീ പൂജ്യമായി കരുതേണ്ടതാണ്;3 അപ്പോള്‍ ആ അഭിശപ്തന്‍ അവരോട് സാബത്തുദിനം ആചരിക്കാന്‍ കല്‍പിച്ചിട്ടുള്ള ഒരു രാജാവ് സ്വര്‍ഗത്തിലുണ്ടോ എന്നു ചോദിച്ചു.4 അവര്‍ പ്രഖ്യാപിച്ചു: ജീവിക്കുന്ന കര്‍ത്താവായ സ്വര്‍ഗീയരാജാവാണ് ഏഴാംദിവസം ആചരിക്കണമെന്നു കല്‍പിച്ചിട്ടുള്ളത്.5 അവന്‍ പ്രതിവചിച്ചു: ഞാനും ഭൂമിയില്‍ ഒരു രാജാവാണ്, ആയുധമേന്തി രാജശാസനം അനുവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു. എങ്കിലും അവന്റെ നീചതാത്പര്യങ്ങള്‍ സഫലമാക്കാന്‍ അവനു കഴിഞ്ഞില്ല.6 ഗര്‍വിഷ്ഠനും ധിക്കാരിയുമായി നിക്കാനോര്‍ യൂദാസിനെയും അനുചരന്‍മാരെയും കീഴടക്കി വിജയത്തിന്റെ പരസ്യസ്മാരകം സ്ഥാപിക്കാന്‍ നിശ്ചയിച്ചു.

യൂദാസ് ധൈര്യം പകരുന്നു

7 മക്കബേയൂസ് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു.8 വിജാതീയരുടെ ആക്രമണത്തെ പേടിക്കരുതെന്നും സ്വര്‍ഗസ്ഥനായ സര്‍വ ശക്തനില്‍നിന്നു മുന്‍പു ലഭിച്ചിട്ടുള്ള സഹായം അനുസ്മരിച്ച് വിജയം പ്രതീക്ഷിക്കണ മെന്നും തന്റെ അനുചരന്‍മാരെ അവന്‍ ഉദ്‌ബോധിപ്പിച്ചു.9 നിയമത്തില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും വാക്യങ്ങള്‍ ഉദ്ധരിച്ച് അവന്‍ അവര്‍ക്കു ധൈര്യം പകര്‍ന്നു. തങ്ങള്‍ വിജയം വരിച്ചയുദ്ധങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് അവരെ പൂര്‍വാധികം ഉത്തേജിപ്പിച്ചു.10 അവരില്‍ വീര്യമുണര്‍ത്തുകയും വിജാതീയരുടെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘ നവും ചൂണ്ടിക്കാട്ടുകയും ചെയ്തതിനുശേഷം അവന്‍ അവര്‍ക്കു സമുചിതമായ നിര്‍ദേശങ്ങള്‍ നല്‍കി.11 പരിചകളും കുന്തങ്ങളും നല്‍കിയ ശുഭപ്രതീക്ഷകൊണ്ടെന്നതിനെക്കാള്‍ അവന്‍ തന്റെ ധീരവും ഉത്തേജകവുമായ വാക്കുകള്‍കൊണ്ട് അവരോരോരുത്തരെയും ആയുധമണിയിച്ചു. വിശ്വാസ്യമായ ഒരു സ്വപ്നം അഥവാ ദര്‍ശനം വിവരിച്ച് അവന്‍ അവര്‍ക്ക് ഉന്‍മേഷം പകര്‍ന്നു.12 ഇതായിരുന്നു ദര്‍ശനം: കുലീനനും ഗുണ വാനും വിനീതനും സൗമ്യനും ഉചിതഭാഷിയും ബാല്യം മുതലേ സത്കര്‍മനിരതനും മുന്‍പു പ്രധാനപുരോഹിതപദവി അലങ്കരിച്ചവനും ആയ ഓനിയാസ് കൈകള്‍ ഉയര്‍ത്തി യഹൂദജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു.13 അതേസമയം മറ്റൊരാള്‍, നരചൂടിയ, അന്തസ്‌സുറ്റ, പ്രൗഢിയും ആജ്ഞാ ശക്തിയും തികഞ്ഞഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു.14 അപ്പോള്‍ ഓനിയാസ് പറഞ്ഞു: സഹോദരരെ സ്‌നേഹിക്കുകയും ജനത്തിനും നഗരത്തിനും വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവന്‍- ദൈവത്തിന്റെ പ്രവാചകനായ ജറെമിയാ – ആണിത്.15 ജറെ മിയാ വലത്തുകരം നീട്ടി യൂദാസിന് ഒരു സുവര്‍ണഖഡ്ഗം നല്‍കികൊണ്ടു പറഞ്ഞു:16 ഈ വിശുദ്ധഖഡ്ഗം സ്വീകരിക്കുക, ദൈവത്തില്‍നിന്നുള്ള സമ്മാനമാണിത്, ഇതുകൊണ്ട് നീ എതിരാളികളെ നിഗ്രഹിക്കും.

നിക്കാനോറിന്റെ പതനം

17 വീര്യവും പൗരുഷവും പകരുന്ന യൂദാസിന്റെ ശ്രേഷ്ഠമായ വാക്കുകളാല്‍ ഉത്തേജിതരായയുവാക്കള്‍, പാളയമടിച്ചുകിടക്കാതെ, എതിരാളികളെ നേരിടാനും കാര്യത്തിനു തീരുമാനമുണ്ടാക്കാനും ഉറച്ചു. എന്തെന്നാല്‍, നഗരവും ശ്രീകോവിലും ദേവാലയവും അപ കടസ്ഥിതിയിലായിരുന്നു.18 അവരുടെ പ്രഥമവും പ്രധാനവുമായ ഉത്കണ്ഠ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തെക്കുറിച്ചായിരുന്നു. തങ്ങളുടെ ഭാര്യമാര്‍, കുട്ടികള്‍, സഹോദരര്‍, ബന്ധുജനങ്ങള്‍ എന്നിവരെക്കുറിച്ച് അവര്‍ അത്രയ്ക്ക് ഉത്കണ്ഠിതരായിരുന്നില്ല.19 നഗരത്തില്‍ത്തന്നെ കഴിയാന്‍ നിര്‍ബന്ധിതരായവര്‍ക്കു തുറന്ന സ്ഥലത്തുവച്ചുയുദ്ധം ചെയ്യുന്നവരെക്കുറിച്ചുണ്ടായിരുന്ന ആകുലത ഒട്ടും കുറവായിരുന്നില്ല.20 എല്ലാവരും നിര്‍ണായകനിമിഷം കാത്തിരിക്കവേ ശത്രുസൈന്യംയുദ്ധസന്നദ്ധമായി സമീപത്തെത്തിക്കഴിഞ്ഞു. തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ആനകളെയും പാര്‍ശ്വങ്ങളില്‍ കുതിരപ്പടയെയും അവര്‍ നിര്‍ത്തി.21 ആ സേനാവ്യൂഹവും വിവിധതരത്തിലുള്ള ആയുധങ്ങളും ആനകളുടെ ഭീകരതയും ദര്‍ശിച്ച മക്കബേയൂസ് സ്വര്‍ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്തെന്നാല്‍, കര്‍ത്താവ് ആയുധങ്ങളാലല്ല സ്വന്തം നിശ്ചയപ്രകാരമാണ്, അര്‍ഹിക്കുന്നവര്‍ക്കു വിജയം നേടിക്കൊടുക്കുന്നതെന്ന് അവന്‍ അറിഞ്ഞിരുന്നു.22 അവിടുത്തെ വിളിച്ച് അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, യൂദാരാജാവായിരുന്ന ഹെസെക്കിയായുടെ കാലത്ത് അങ്ങ് ദൂതനെ അയയ്ക്കുകയും സെന്നാക്കെരീബിന്റെ പാളയത്തില്‍ അവന്‍ ഒരുലക്ഷത്തിയെണ്‍പത്തയ്യായിരത്തോളം പേരെ സംഹരിക്കുകയും ചെയ്തു.23 സ്വര്‍ഗാധിനാഥാ, ഞങ്ങള്‍ക്കു മുന്നോടിയായി ഭയവും സംഭ്രാന്തിയും പരത്താന്‍ ഒരു ഉത്തമദൂതനെ ഇപ്പോള്‍ അയയ്ക്കണമേ!24 അവിടുത്തെ വിശുദ്ധജനത്തിന് എതിരായി വരുന്ന ഈ ദൈവദൂഷകരെ അങ്ങയുടെ ഭുജബലത്താല്‍ തകര്‍ക്കണമേ! ഈ വാക്കുകളോടെ യൂദാസ് പ്രാര്‍ഥന അവസാനിപ്പിച്ചു.25 നിക്കാനോറും കൂട്ടരും കാഹളങ്ങളോടും പോര്‍വിളികളോടുംകൂടെ മുന്നേറി.26 യൂദാസും അനുചരന്‍മാരും ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടു ശത്രുവിനെ നേരിട്ടു.27 കൈകള്‍കൊണ്ടുയുദ്ധം ചെയ്യുകയും ഹൃദയംകൊണ്ടു ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് മുപ്പത്തയ്യായിരത്തില്‍ കുറയാത്ത ആളുകളെ അവര്‍ കൊന്നൊടുക്കി. ദൈവത്തിന്റെ ഈ പ്രത്യക്ഷസഹായം അവരെ ആഹ്ലാദഭരിതരാക്കി.28 അവര്‍യുദ്ധം കഴിഞ്ഞ് ആനന്ദത്തോടെ മടങ്ങിപ്പോകുമ്പോള്‍, നിക്കാനോര്‍ പടച്ചട്ടയോടുകൂടി മരിച്ചുകിടക്കുന്നതു കണ്ടു.29 ഉടനെ അട്ടഹാസവും ആരവവും ഉയര്‍ന്നു, സകലത്തിന്റെയും അധിപനായ കര്‍ത്താവിനെ സ്വന്തം ഭാഷയില്‍ അവര്‍ വാഴ്ത്തി സ്തുതിച്ചു.30 ശരീരവും ആത്മാവും സഹോദരരുടെ സംരക്ഷണത്തിനുവേണ്ടി ഉഴിഞ്ഞുവച്ച, തന്റെ നാട്ടുകാരോട് സവിശേഷമായ സൗഹൃദം പുലര്‍ത്തിയിരുന്ന യൂദാസ്, നിക്കാനോറിന്റെ ശിരസ്‌സും കൈയും ഛേദിച്ച് ജറുസലെമിലേക്കു കൊണ്ടുപോകാന്‍ അവരോട് ആജ്ഞാപിച്ചു.31 അവന്‍ അവിടെയെത്തി ജനത്തെ വിളിച്ചുകൂട്ടി; പുരോഹിതന്‍മാരെ ബലിപീഠത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നു; കോട്ടയിലായിരുന്നവരെ ആളയച്ചുവരുത്തി.32 നീചനായ നിക്കാനോറിന്റെ തലയും സര്‍വശക്തന്റെ ഭവനത്തിനെതിരേ ആ ദൈവദൂഷകന്‍ ഗര്‍വോടെ നീട്ടിയ കരവും അവന്‍ അവരെ കാണിച്ചു.33 അവന്‍ ദുഷ്ടനായ നിക്കാനോറിന്റെ നാവു ഛേദിച്ചു. അതു കഷണങ്ങളാക്കി പക്ഷിക്കള്‍ക്ക് ഇട്ടുകൊടുക്കുമെന്നും അവന്റെ ഭോഷത്തത്തിന്റെ പ്രതിഫലങ്ങള്‍ ദേവാലയത്തിന്റെ മുന്‍പില്‍ കെട്ടിത്തൂക്കുമെന്നും യൂദാസ് പറഞ്ഞു.34 അവരെല്ലാവരും സ്വര്‍ഗത്തിലേക്കു നോക്കി; തങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയ കര്‍ത്താവിനെ സ്തുതിച്ചു പറഞ്ഞു: സ്വന്തം ഭവനം അശുദ്ധമാകാതെ കാത്തു സൂക്ഷിച്ചവന്‍ വാഴ്ത്തപ്പെടട്ടെ!35 കര്‍ത്താവില്‍ നിന്നു ലഭിച്ച സഹായങ്ങളുടെ പ്രത്യക്ഷ തെളിവായി യൂദാസ് നിക്കാനോറിന്റെ ശിരസ്‌സ് കോട്ടയുടെ മുകളില്‍ തൂക്കി.36 ഈ ദിനം ഒരിക്കലും വിസ്മൃതിയിലാണ്ടുപോകരുതെന്നും സുറിയാനിഭാഷയില്‍ ആദാര്‍ എന്നു വിളിക്കപ്പെടുന്ന പന്ത്രണ്ടാംമാസത്തിലെ മൊര്‍ദെക്കായ്ദിനത്തിന്റെ തലേനാളായ പതിമൂന്നാംദിനം ആഘോഷപൂര്‍വം കൊണ്ടാടണമെന്നും പൊതുസമ്മതപ്രകാരം അവര്‍ നിശ്ചയിച്ചു.

ഉപസംഹാരം

37 ഇങ്ങനെ നിക്കാനോറിന്റെ കഥ അവ സാനിച്ചു. അന്നുമുതല്‍ നഗരം ഹെബ്രായരുടെ കൈവശമാണ്. ഞാനും കഥ ഇവിടെ അവസാനിപ്പിക്കുന്നു.38 അതു നന്നായി, കാര്യമാത്ര പ്രസക്തമായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ കൃതാര്‍ഥനാണ്; അവതരണം അവിദഗ്ധമോ ഇടത്തരമോ ആയിപ്പോയെങ്കില്‍ ഇത്രയേ എനിക്കു പരമാവധി ചെയ്യാന്‍ കഴിഞ്ഞുള്ളു.39 വെള്ളം ചേര്‍ക്കാത്ത വീഞ്ഞോ വെള്ളം മാത്രമോ കുടിക്കുക ഉപദ്രവകരമാണ്. വെള്ളം ചേര്‍ത്ത വീഞ്ഞ്, മധുരവും സ്വാദേറിയതുമാണ്. ആനന്ദദായകമാണ്. അതുപോലെയാണു കഥാകഥനരീതി വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതും. ഞാന്‍ ഉപസംഹരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment