2 Maccabees, Chapter 2 | 2 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation

1 മുന്‍പു പറഞ്ഞതുപോലെ, നാടു കടത്തപ്പെട്ടവരോടു ജറെമിയാപ്രവാചകന്‍ അല്‍പം അഗ്‌നി എടുത്തു സൂക്ഷിക്കാന്‍ ആജ്ഞാപിച്ചു.2 നിയമം നല്‍കിയതിനുശേഷം അവരോടു കര്‍ത്താവിന്റെ കല്‍പന വിസ്മരിക്കരുതെന്നും സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള വിഗ്രഹങ്ങളും അവയുടെ അലങ്കാരങ്ങളും കണ്ടു വഴിതെറ്റിപ്പോകരുതെന്നും3 അവരുടെ ഹൃദയത്തില്‍നിന്നു നിയമം വെടിയരുതെന്നും അവന്‍ ഉപദേശിച്ചു. ഇതെല്ലാം രേഖകളില്‍ കാണുന്നുണ്ട്.4 രേഖയില്‍ ഇങ്ങനെയും കാണുന്നു: ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് കൂടാരവും പേടകവും തന്റെ പിന്നാലെകൊണ്ടുവരാന്‍ പ്രവാചകന്‍ കല്‍പിച്ചു. ദൈവം നല്‍കുന്ന അവകാശഭൂമി കാണാന്‍ മോശ കയറിയ മലയിലേക്ക് അവന്‍ പോയി.5 അവിടെ ജറെമിയാ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതില്‍വച്ച്, പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി.6 അനുയായികളില്‍ ചിലര്‍ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താന്‍ മുതിര്‍ന്നെങ്കിലും വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.7 ജറെമിയാ ഇതറിഞ്ഞ് ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അ ജ്ഞാതമായിരിക്കും. അന്ന് കര്‍ത്താവ് ഇതു വെളിപ്പെടുത്തും.8 മോശയുടെ കാര്യത്തിലും, സ്ഥലത്തെ പവിത്രീകരിക്കണമെന്നു പ്രാര്‍ഥിച്ച സോളമന്റെ കാര്യത്തിലും സംഭവിച്ചതുപോലെ, കര്‍ത്താവിന്റെ മഹത്വവും മേഘവും അന്നും പ്രത്യക്ഷപ്പെടും.9 ജ്ഞാനിയായ സോളമന്‍ ദേവാലയ പൂര്‍ത്തീകരണത്തിന്റെയും പ്രതിഷ്ഠയുടെയും ബലി അര്‍പ്പിച്ചു എന്നു വ്യക്തമാണ്.10 മോശ കര്‍ത്താവിനോടു പ്രാര്‍ഥിച്ചപ്പോള്‍ ആകാശത്തുനിന്ന് അഗ്‌നിയിറങ്ങി ബലിവസ്തുക്കള്‍ ദഹിപ്പിച്ചതുപോലെ സോളമന്‍ പ്രാര്‍ഥിച്ചപ്പോഴും സംഭവിച്ചു.11 പാപപരിഹാരബലിയായി അര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കാന്‍ പാടില്ലാത്തതിനാലാണ് അവ ദഹിപ്പിക്കപ്പെട്ടത് എന്നു മോശ പറഞ്ഞു.12 സോളമന്‍ എട്ടു ദിവസം ഇതുപോലെ തിരുനാള്‍ ആഘോഷിച്ചു.13 ഇക്കാര്യങ്ങള്‍ രേഖകളിലും നെഹെമിയായുടെ സ്മരണകളിലും എഴുതപ്പെട്ടിട്ടുണ്ട്. നെഹെമിയാ ഒരു ഗ്രന്ഥശാല സ്ഥാപിച്ചെന്നും രാജാക്കന്‍മാരെയും പ്രവാചകന്‍മാരെയും കുറിച്ചുള്ള ഗ്രന്ഥങ്ങളും ദാവീദിന്റെ കൃതികളും സ്വാഭീഷ്ടക്കാഴ്ചകളെക്കുറിച്ചുള്ള രാജാക്കന്‍മാരുടെ ശാസനങ്ങളും അതില്‍ സംഭരിച്ചെന്നും അവയില്‍ കാണുന്നു.14 കൂടാതെ,യുദ്ധത്തില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ ഗ്രന്ഥങ്ങളും യൂദാസ് സംഭരിച്ചു. അവ ഞങ്ങളുടെ കൈവ ശമുണ്ട്.15 നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ആളയയ്ക്കുക, കൊടുത്തുവിടാം.16 ഞങ്ങള്‍ ശുദ്ധീകരണത്തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങുകയാണ് എന്ന് അറിയിക്കാനാണ് നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നത്. നിങ്ങളും ഈ തിരുനാള്‍ ആചരിക്കുമല്ലോ.17 നിയമംവഴി വാഗ്ദാനം ചെയ്തിരുന്നതുപോലെ18 ദൈവം തന്റെ ജനത്തെ രക്ഷിക്കുകയും അവര്‍ക്ക് അവകാശം തിരിയെക്കൊടുക്കുകയും രാജത്വവും പൗരോഹിത്യവും വിശുദ്ധീകരണവും പുനഃസ്ഥാപിക്കുകയും ചെയ്തു. ദൈവം നമ്മുടെമേല്‍ താമസിയാതെ കരുണകാണിക്കുമെന്നും, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നിന്ന് നമ്മെ തന്റെ വിശുദ്ധ സ്ഥലത്ത് ഒരുമിച്ചു കൂട്ടുമെന്നും ഞങ്ങള്‍ക്കു പ്രത്യാശയുണ്ട്. കാരണം, അവിടുന്ന് നമ്മെ വലിയ അനര്‍ഥങ്ങളില്‍നിന്നു രക്ഷിക്കുകയും തന്റെ സ്ഥലം ശുദ്ധീകരിക്കുകയും ചെയ്തു.

ഗ്രന്ഥകാരന്റെ മുഖവുര

19 യൂദാസ് മക്കബേയൂസിന്റെയും സഹോദരന്‍മാരുടെയും ചെയ്തികള്‍, ദേവാലയ ശുദ്ധീകരണം, ബലിപീഠപ്രതിഷ്ഠ,20 അന്തിയോക്കസ് എപ്പിഫാനസിനും പുത്രന്‍യൂപ്പാത്തോറിനും എതിരേ നടന്നയുദ്ധങ്ങള്‍,21 യഹൂദവിശ്വാസത്തെ സംരക്ഷിക്കാന്‍ തീക്ഷണതയോടെ പ്രവര്‍ത്തിച്ചവര്‍ക്കു സ്വര്‍ഗത്തില്‍നിന്നു ലഭിച്ച ദര്‍ശനം, സംഖ്യയില്‍ ചെറുതെങ്കിലും കര്‍ത്താവ് ദയാവായ്‌പോടെ തങ്ങളില്‍ പ്രസാദിച്ചതിനാല്‍ അവര്‍ നാടു മുഴുവന്‍ പിടിച്ചടക്കിയത്, ആ കിരാതവര്‍ഗങ്ങളെ അനുധാവനം ചെയ്തത്,22 ലോകപ്രസിദ്ധിയാര്‍ജിച്ച ദേവാലയം വീണ്ടെടുക്കുകയും നഗരത്തെ സ്വതന്ത്രമാക്കുകയും അസാധുവാക്കാനിരുന്ന നിയമങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തത്23 ഇവയുടെ വിവരണം കിരേനെക്കാരന്‍ ജാസന്‍ അഞ്ചു വാല്യങ്ങളായി തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു പുസ്തകത്തില്‍ സംക്‌ഷേപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം.24 ഇതിലുള്ള സംഖ്യകളുടെ പെരുപ്പവും, ചരിത്രവൃത്താന്തങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വസ്തുത കളുടെ ബാഹുല്യംമൂലം ഉളവാകുന്ന പ്രയാസവും ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്.25 വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആസ്വാദ്യവും മനഃപാഠമാക്കാനിച്ഛിക്കുന്നവര്‍ക്കു സുകരവും എല്ലാ വായനക്കാര്‍ക്കും ഉപകാരപ്രദവും ആക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.26 മറ്റുള്ളവരെ സംതൃപ്തരാക്കാന്‍ തക്കവിധം വിരുന്നൊരുക്കുക എളുപ്പമല്ലാത്തതുപോലെ,27 ഗ്രന്ഥസംക്‌ഷേപണം ഏറ്റെടുത്തിരിക്കുന്ന ഞങ്ങള്‍ക്ക് അതു സുസാധ്യമല്ല; വിയര്‍പ്പൊഴുക്കലും ഉറക്കമിളപ്പും അത് ആവശ്യപ്പെടുന്നു. എങ്കിലും, ഏറെപ്പേരെ സംതൃപ്ത രാക്കാന്‍വേണ്ടി ക്ലേശകരമായ ഈ ജോലി ഞങ്ങള്‍ സന്തോഷത്തോടെ നിര്‍വഹിക്കുന്നു.28 വസ്തുതകള്‍ സംക്‌ഷേപിച്ച് രൂപരേഖ തയ്യാറാക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളത്. സൂക്ഷമമായ വിശദാംശങ്ങള്‍ മൂലഗ്രന്ഥകാരനു ഞങ്ങള്‍ വിട്ടിരിക്കുന്നു.29 പുതിയ വീടു പണിയുന്ന ശില്‍പി കെട്ടിടത്തിന്റെ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധിക്കണം. എന്നാല്‍, ചിത്രമെഴുത്തും അലങ്കാരപ്പണിയും ചെയ്യുന്നയാള്‍ അതിന്റെ മോടിമാത്രം ശ്രദ്ധിച്ചാല്‍ മതി. എന്റെ അഭിപ്രായത്തില്‍ ഞങ്ങളുടെ കാര്യവും ഇതുപോലെയാണ്.30 വിഷയം എല്ലാവശത്തും നിന്നു പരിശോധിച്ചറിയുകയും വിശദാംശങ്ങള്‍ സൂക്ഷ്മമായി ക്രോഡീകരിക്കുകയുമാണ് മൂലചരിത്രകാരന്റെ ധര്‍മം.31 വിവരണം പുന രാഖ്യാനം ചെയ്യുന്നവന് ആവിഷ്‌കരണത്തിന്റെ സംക്ഷിപ്തതയില്‍ ശ്രദ്ധിച്ച് സമ്പൂര്‍ണവര്‍ണന ഉപേക്ഷിക്കാന്‍ അവകാശമുണ്ട്.32 ഈ അടിസ്ഥാനത്തില്‍ ഇനി ഏറെയൊന്നും പറയാതെ നമ്മുടെ പ്രതിപാദനം ആരംഭിക്കാം. ചരിത്രംതന്നെ വെട്ടിച്ചുരുക്കുമ്പോള്‍ മുഖവുര ദീര്‍ഘിപ്പിക്കുന്നത് ഉചിതമല്ലല്ലോ.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment